ചൈനീസ് യാത്ര : ഓര്‍മ്മക്കുറിപ്പുകള്‍ - 10

രാവിലെ തന്നെ ഉറക്കമുണര്‍ന്നു, പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു തയ്യാറായി. എന്റെ സഹമുറിയന്‍ അപ്പോഴും ഉറക്കത്തിലാണ്. ഇന്നലെ രാത്രിയില്‍ എപ്പോഴോ അയാള്‍ വന്നു വാതിലില്‍ തട്ടിയത് മാത്രം ഓര്‍മ്മയുണ്ട്. വാതില്‍ തുറന്നു കൊടുത്തു ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് കൂപ്പു കുത്തി. 

എട്ടുമണിക്ക് യാത്ര ആരംഭിക്കേണ്ടതാണ്. ഏഴര മണിക്കാണ്  പ്രഭാതഭക്ഷണം. ഞാന്‍ അയാളെ തട്ടി വിളിച്ചു. അയാള്‍ ചാടിയെണീറ്റെന്നെ തുറിച്ചു നോക്കി. മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്തുനിന്നുമുള്ള നാടക നടന്‍ ആണ് ഇസ്താഖ് ആരിഫ് ഖാന്‍.  മുഖം കഴുകി അയാള്‍ സെറ്റിയില്‍ ഇരുന്നു. പിന്നീടയാള്‍ വാഷ് റൂമില്‍ കയറുമ്പോള്‍ ധരിക്കാനായി തൂക്കിയിട്ടിരിക്കുന്ന ഗൗണുകളില്‍ ഒന്നെടുത്തു ധരിച്ചു. മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്താന്‍ തുടങ്ങി. ബാലെകളിലൊക്കെ കാണുന്ന രാജാപ്പാര്‍ട്ട് വേഷം പോലെ തോന്നി അയാളെ കണ്ടപ്പോള്‍. ചെറിയൊരു ഡിജിറ്റല്‍  ക്യാമറ ബാഗില്‍ നിന്നും എടുത്തു തന്നിട്ട് കുറച്ചു ഫോട്ടോകള്‍ എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. കട്ടിലിലും സോഫയിലും മറ്റും ഇരുന്നും കിടന്നുമൊക്കെ അയാള്‍ പോസ് ചെയ്തു. ഞാന്‍ കുറെ ഫോട്ടോകള്‍ എടുത്തു. 

നാടകനടനാണെങ്കിലും  അയാള്‍ തികച്ചും അരസികനായി എനിക്ക് തോന്നി. ഞങ്ങള്‍ തമ്മിലൊരു സൗഹൃദം ഉടലെടുത്തില്ല. പിന്നീട്  ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആരിഫ് ഖാനെ ഞാന്‍ ഖജൂരാഹോയില്‍ വച്ച് കണ്ടു മുട്ടി. വിദ്യാര്‍ത്ഥികളുമായി സ്റ്റഡി ടൂര്‍ പോയതായിരുന്നു ഞാന്‍. ഒരു പകല്‍ മുഴുവന്‍ പ്രശസ്തമായ ക്ഷേത്രങ്ങള്‍ കണ്ടതിനു ശേഷം സുവനീര്‍ ഷോപ്പുകളില്‍ നിന്നും ഏതാനും കൗതുകവസ്തുക്കളും വാങ്ങി സഹപ്രവര്‍ത്തകരായ  സുനിലിനും പ്രീതിക്കുമൊപ്പം ഒരു ചായയും കുടിച്ചു നില്‍ക്കുമ്പോള്‍ അരേ ഭായ് സാബ് എന്ന് വിളിച്ചുകൊണ്ടു ഒരാള്‍ തോളത്ത് തട്ടി. തിരിഞ്ഞു നോക്കിയ  ഞാന്‍ അയാളെ കണ്ടു ആശ്ചര്യഭരിതനായി. ഞങ്ങള്‍ രണ്ടു പേരും സന്തോഷഭരിതരായി. 

ആരിഫ് ഖാന്‍ വരുന്നതും കാത്തിരിക്കാതെ  ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ഞാന്‍ പോയി. തീന്‍ മേശയില്‍ എല്ലാവരുമുണ്ട്. തലേദിവസത്തെ അനുഭവങ്ങള്‍ എല്ലാവരും പങ്കു വെയ്ക്കുന്നു. ചിലര്‍ എന്തൊക്കെയോ ചില കുശുകുശുപ്പുകളും നടത്തുന്നു. എന്താണെന്ന്  മനസിലായില്ല. രാത്രിയില്‍ കറങ്ങാന്‍ പോയതിന്റെ അനുഭവങ്ങള്‍ ആയിരിക്കും. ജേക്കബ് ഇന്നലെ രാത്രിയില്‍ പുറത്തൊന്നും പോയില്ലേ എന്ന് ചിലര്‍ ചോദിച്ചു. ഇല്ല എന്ന് പറഞ്ഞുകൊണ്ട് ഞാനൊരു ടേബിളില്‍ ഇടം കണ്ടെത്തി. റെസ്റ്റോറന്റിലെ വനിതാ പരിചാരിക എനിക്ക് ഭക്ഷണം എടുത്തു തന്നു. ചൂട് കാപ്പിയും ബ്രെഡും മുട്ട പുഴുങ്ങിയതും പഴങ്ങളും പലതരം ഡ്രൈ ഫ്രൂട്ട്‌സും എല്ലാമടങ്ങിയ ഗംഭീര പ്രഭാത ഭക്ഷണം.

China University 2
യൂണിവേഴ്സിറ്റിയുടെ മുന്നിൽ

എട്ടുമണിക്ക് തന്നെ മിക്കവാറും എല്ലാവരും തന്നെ ബസിനുള്ളില്‍ പ്രവേശിച്ചു. ചിലര്‍ വരാന്‍ താമസിച്ചപ്പോള്‍ ചൈനീസ് ഗൈഡുകള്‍ അക്ഷമരാവുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്തു. അവരെ സംബന്ധിച്ച് സമയക്ലിപ്തത വളരെ പ്രാധാന്യമുള്ളതാണെങ്കിലും  നമുക്കതില്ലല്ലോ. 

ഞങ്ങളുടെ ആദ്യത്തെ യാത്ര ബീജിങ്ങിലെ പ്രശസ്തമായ റ്റ്സിംഗ്ഹ്വ യുണിവേഴ്‌സിറ്റിയിലേക്കായിരുന്നു. ബീജിങ്ങിന് വടക്ക് പടിഞ്ഞാറായി ക്വിങ് ഡൈനാസ്റ്റിയിലെ ഇമ്പീരിയല്‍ ഗാര്‍ഡന്‍ നിലനിന്നിരുന്ന സ്ഥലത്താണ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. യൂണിവേഴ്സിറ്റിക്ക് ചുറ്റും പൗരാണിക ചരിത്ര നിര്‍മ്മിതികള്‍ ചിതറിക്കിടക്കുന്നു. വളരെ മനോഹരവും വിശാലവും വൃത്തിയുമുള്ള ക്യാമ്പസ്. പുരാതനവും ആധുനികവുമായ  വാസ്തുശില്പങ്ങള്‍ ക്യാമ്പസില്‍ നിരന്നു നില്‍ക്കുന്നു. 1911 ലാണ് റ്റ്സിംഗ്ഹ്വ യൂണിവേഴ്‌സിറ്റിയുടെ തുടക്കം. അന്നതൊരു പ്രിപ്പറേറ്ററി സ്‌കൂള്‍ മാത്രമായിരുന്നു. 1925 ലാണ് ബിരുദ കോഴ്സുകള്‍ ആരംഭിച്ച് യൂണിവേഴ്‌സിറ്റിക്ക് തുടക്കമാകുന്നത്. 1952 മുതല്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസം നല്‍കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റിയായി റ്റ്സിംഗ്ഹ്വ മാറി. സയന്‍സ്, എന്‍ജിനീയറിങ്, ഹ്യൂമാനിറ്റീസ്, നിയമം, മെഡിസിന്‍, ചരിത്രം, തത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, മാനേജ്‌മെന്റ്, കല തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ നല്‍കുന്ന  തലസ്ഥാനനഗരിയിലെ വളരെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയാണ് റ്റ്‌സിംഗ്ഹ്വ.

China University 2
സംഘാംഗങ്ങൾ യൂണിവേഴ്സിറ്റിയിൽ

അവിടെ വിദ്യാര്‍ത്ഥികളും അധ്യാപരും ഞങ്ങളെ സ്വീകരിച്ചു. അവര്‍ ഞങ്ങളെ പല ഡിപ്പാര്‍ട്‌മെന്റുകളും കൊണ്ടുനടന്നു കാണിച്ചു. പക്ഷെ എല്ലാം പുറത്തു നിന്നു മാത്രം. എന്തുകൊണ്ടാണ് ഞങ്ങളെ ഡിപ്പാര്‍ട്‌മെന്റിനുള്ളില്‍ പ്രവേശിപ്പിക്കാഞ്ഞതെന്ന് എനിക്ക് മനസിലായില്ല. അതുപോലെ ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റ് കാണാന്‍ സാധിച്ചില്ല. പലരോടും ഫൈന്‍ ആര്‍ട്‌സിനെക്കുറിച്ചു ചോദിച്ചെങ്കിലും ആരുമൊന്നും പറഞ്ഞില്ല. അതെന്നില്‍  നേരിയ ഇച്ഛാഭംഗം ഉളവാക്കി. 

യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുന്നതിനിടയില്‍ ഞങ്ങളുടെ കൂടെയുള്ള സെക്രട്ടറിമാരിലൊരാള്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ സംഭവിച്ചൊരു കാര്യം പറഞ്ഞു. വിദ്യാര്‍ത്ഥികളെയും കൂട്ടി ഇന്ത്യയിലെ ഏതോ യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാന്‍ പോയ അവര്‍ അപ്രതീക്ഷിതമായുണ്ടായ വിദ്യാര്‍ത്ഥി സമരത്തില്‍ പെട്ടുപോയി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സമരം കണ്ട ചൈനക്കാര്‍ അത്ഭുതപ്പെട്ടു പോയി. കമ്മ്യൂണിസ്റ്റ് ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമരത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ഭയാനകമായ അനുഭവമാണ്. 

മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ പഠിച്ച ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റും ലൈബ്രറിയും സന്ദര്‍ശിച്ചു. പതിനാലും പതിനഞ്ചും നിലകളുള്ള കോളേജ് കെട്ടിടങ്ങള്‍. അത്രത്തോളം വലിയ ഹോസ്റ്റലുകള്‍. മനോഹരമായ പുല്‍ത്തകിടികള്‍. വൃത്തിയുള്ള ക്യാമ്പസ്. മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന നമ്മുടെ പല ക്യാമ്പസുകളും എന്റെ ഓര്‍മ്മയില്‍ എത്തി. യൂണിവേഴ്‌സിറ്റിയിലെ ഞങ്ങളുടെ ഗൈഡ് അവിടുത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയ ച്വ ആയിരുന്നു. പലതും കാണിക്കുന്ന കൂട്ടത്തില്‍ അവന്‍ ഞങ്ങളെ പ്രത്യേകമായൊരു സ്ഥലം കാണിച്ചു. പുല്‍ത്തകിടികളും പൂക്കളും മരങ്ങളുമെല്ലാം നിറഞ്ഞ മനോഹരമായൊരു സ്ഥലം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുട്ടിയുരുമ്മിയും കെട്ടിപ്പിടിച്ചും കിന്നാരം പറഞ്ഞും അവിടെ ഇരിപ്പുണ്ടായിരുന്നു. അവന്‍ തെല്ലൊരു നാണത്തോടും സന്തോഷത്തോടും കൂടി പറഞ്ഞു, ഇതാണ് ഞങ്ങളുടെ ലവേഴ്‌സ് കോര്‍ണര്‍. അത് പറയുമ്പോള്‍ അവന്റെ ചിമ്മിയ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. കാരണം അവനൊരു കാമുകി ഉണ്ടായിരുന്നു. ആ കള്ളക്കാമുകന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷമായി മാറി.

യൂണിവേഴ്‌സിറ്റിയിലും പുറത്തുമുള്ള യുവതീയുവാക്കളുടെ വസ്ത്രധാരണം ഞാന്‍ ശ്രദ്ധിച്ചു.  ആണ്‍കുട്ടികള്‍ ത്രീഫോര്‍ത്തും ജീന്‍സുമാണ് ധരിച്ചിരിക്കുന്നത്. മിക്കവാറും പെണ്‍കുട്ടികളെല്ലാം ധരിച്ചിരിക്കുന്നത് മിനി സ്‌കര്‍ട്ടും നിക്കറുമാണെന്നുള്ളത് എന്നില്‍ കൗതുകമുളവാക്കി. ഞാനൊരു മലയാളിയായതുകൊണ്ട് മാത്രമാണ് അത്തരം കാഴ്ചകള്‍ എന്നില്‍ കൗതുകമുളവാക്കിയത്. കേരളത്തില്‍ അത്തരം വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ ധരിച്ചാലുള്ള അവസ്ഥയെക്കുറിച്ച് ഞാനാലോചിച്ചുപോയി. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ജീന്‍സ് പോലും ധരിക്കാന്‍ എത്രകാലമെടുത്തു. എന്തിനേറെ പറയുന്നു, ഉത്തരേന്ത്യന്‍ വേഷമായ ചുരിദാര്‍ പോലും ആദ്യം കേരളത്തില്‍ എത്തിയപ്പോള്‍ യാഥാസ്ഥിതിക മനോഭാവത്തോടും ഈര്‍ഷ്യയോടും കൂടി കണ്ട എത്രയോ മലയാളികള്‍ ഉണ്ടായിരുന്നു. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ പൊതു ബോധം തികച്ചും യാഥാസ്ഥിതികമാണെന്നും നമ്മള്‍ കാലം കുറെ പിന്നിലാണെന്നും പറയേണ്ടി വരും. സ്ത്രീശരീരത്തോടുള്ള മലയാളി ആണ്‍നോട്ടങ്ങള്‍ക്ക് ഇപ്പോഴും വല്ല്യ മാറ്റമൊന്നുമില്ല.

China University 3
ഞാൻ യൂണിവേഴ്സിറ്റിയുടെ മുന്നിൽ

ഉച്ചഭക്ഷണത്തിനായി യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് പോയി. റെസ്റ്റോറന്റ് ഒരു വലിയ അക്വേറിയം പോലെ തോന്നിച്ചു. പല നിറത്തിലും തരത്തിലും വലുപ്പത്തിലുമുള്ള മീനുകള്‍ തുള്ളിക്കളിക്കുന്ന വലിയ കണ്ണാടി ബോക്‌സുകള്‍ നിരന്നിരിക്കുന്നു. അക്വേറിയം ഒന്ന് ചുറ്റി നടന്നു കണ്ടതിന് ശേഷം ഭക്ഷണം കഴിക്കാനായി ഇരുന്നു. അപ്പോള്‍ ചില ചൈനക്കാര്‍ വന്നു അക്വേറിയം ചുറ്റിനടന്ന് കാണുകയും റെസ്റ്റോറന്റിലെ ജീവനക്കാര്‍ക്ക്  ചില മീനുകളെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. അവര്‍ അതിനെ കോരുവലയിട്ട് പിടിച്ചോണ്ട് പോവുന്നതും കണ്ടു. അപ്പോഴാണ് സംഭവം പിടികിട്ടിയത്. നമുക്ക് ആവശ്യമുള്ള മീനിനെ കാണിച്ചു കൊടുത്താല്‍  അപ്പോള്‍ തന്നെ അതിനെ പിടിച്ചു കറിവച്ച്  ആവശ്യക്കാര്‍ക്ക് കൊടുക്കും. ചൈനയിലെ മിക്ക റെസ്റ്റോറന്റുകളിലും അതാണ് രീതി.

ഓ, അല്ലെങ്കില്‍ തന്നെ എന്ത് മീന്‍ കറി. കഴിഞ്ഞ ദിവസത്തെ മീന്‍ എന്റെ ഓര്‍മ്മയില്‍ തെകട്ടിവന്നു. മണ്‍ചട്ടിയില്‍, മുളകരച്ച് കുടംപുളിയിട്ട് വെച്ച് വെളുത്തുള്ളിയും കറിവേപ്പിലയുമൊക്കെ ഇട്ട് പച്ച വെളിച്ചെണ്ണയില്‍ താളിച്ചെടുക്കുന്ന കോട്ടയംകാരുടെ കല്യാണ മീന്‍ കറിയ്ക്ക് മുന്നില്‍ ചൈനാക്കാരന്റെ പുഴുങ്ങിയ മീന്‍ എവിടെ കിടക്കുന്നു. 

ഹല്ല, പിന്നെ !

(തുടരും )

മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: China Travel, China Travel Experience Of An Artist, Part 10, China Tourism