രു അലമ്പു പ്രിന്‍സിപ്പലും അതിലേറെ അലമ്പു പിള്ളേരുമുള്ള (പ്രിന്‍സിപ്പല്‍ ആയിരുന്നോ കൂടുതല്‍ അലമ്പു) ഒരു ടൂര്‍ ആലോചിച്ചു നോക്കു. അതില്‍ കുറഞ്ഞൊരു വിശേഷണം ഞങ്ങളുടെ ചിക്കമംഗ്ലൂര്‍ യാത്രക്കു നല്‍കാനില്ല. പെണ്‍കൂട്ടങ്ങളെ യാത്രാ ചിറകിലേറ്റി പാറിപ്പറപ്പിക്കുന്ന അപ്പൂപ്പന്‍താടിയുടെ കൂടെയായിരുന്നുവെന്നു യാത്രയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തവണ അത് കഫേ കോഫി ഡേയുടെ ജന്മ നാടായ ചിക്കമംഗ്ലൂരിലേക്കാണ്. കര്‍ണാടകയിലെ മംഗലാപുരത്തു നിന്ന് 170 കി.മീ മാറി സ്ഥിതി ചെയുന്ന പച്ചപ്പും ഹരിതാഭയും വേണ്ടുവോളമുള്ള കുഞ്ഞു നഗരം. ടൂറിസത്തിന്റെ അതിപ്രസരം വന്നു തുടങ്ങിയിട്ടില്ലാത്തതു കാരണം ആ പേരും ആദ്യം അല്‍പ്പം നവ്യമായി തോന്നി. കോട മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന മുല്ല്യനഗിരി, 360 ഡിഗ്രിയില്‍ കാഴ്ചകള്‍ കാണാന്‍ പറ്റുന്ന കവിക്കല്‍ ഗണ്ടി, ഹിന്ദു-ഇസ്ലാം മത വിശ്വാസികള്‍ക്ക് പകുത്തു നല്‍കിയ ഭൂമിക്കടിയില്‍ ആയുള്ള ദത്ത പീഡ, ദത്ത പീഡയില്‍ നിന്നും 4 കിലോ മീറ്റര്‍ ഉള്ള ഗള്ളികേരി അങ്ങനെ മഞ്ഞും മനസ്സും നിറക്കുന്ന സ്ഥലങ്ങള്‍.

Chikmagalur 1

ഓരോ യാത്രക്കും പൂര്‍ണത നല്‍കുന്നതു നമ്മുടെ സഹയാത്രക്കാരിലൂടെയാന്നെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. അവരിലൂടെയാണ് ഞാന്‍ എന്റെ യാത്രകള്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നത്. തുടക്കം തന്നെ പാളുന്ന രീതിയില്‍ ആയിരുന്നു, രാത്രി എട്ടേ അഞ്ചിന്റെ ട്രെയിന്‍ പിടിക്കാനായി സ്റ്റേഷനില്‍ എത്തിയതു എട്ടേ മൂന്നിന്. അതിന്റെ കഥ കുറച്ചു നീണ്ടതായതു കൊണ്ടു, ഇവിടെ അവതരിപ്പിക്കുന്നില്ല. എങ്കിലും

അതിനിടയാക്കിയ സുഹൃത്തിനെ പ്രത്യേകം സ്മരിച്ചു കൊണ്ടു തുടങ്ങാം. മംഗലാപുരം (ഞങ്ങളുടെ മീറ്റിംഗ് പോയിന്റ്) എത്തിയപ്പോള്‍ തന്നെ എന്തോ മുജ്ജന്മ ബന്ധം പോലെ എല്ലാം കൂടി അളിഞ്ഞു കേറാന്‍ തുടങ്ങിയിരുന്നു, പല്ലു പോലും തേച്ചിട്ടില്ലെന്ന നഗ്‌ന സത്യം ഏവരും മറന്നു പോയിരുന്നു. ഞങ്ങള്‍ ചിക്കമംഗ്ലൂര്‍ക്കു പോകാനുള്ള ബസിനായി സ്റ്റേഷനില്‍ കാത്തുനിന്നു. ഇതിനകം തന്നെ ഞങ്ങള്‍ പരസ്പരം ജനിക്കാതെ പോയ ആരൊക്കെയോ ഓരോരുത്തര്‍ക്കു ആയി എന്ന മട്ടിലായിരുന്നു. ബന്ധം മുറുക്കുന്നിതിനിടയില്‍ അതാ പ്രിന്‍സിപ്പലിന്റെ മാസ്സ് എന്‍ട്രി. ബസ് സ്ലോ ചെയ്തപ്പോളെ ചാടി ഇറങ്ങി, കയറാനായി ഞങ്ങളോടു വിരലുകൊണ്ടു ആക്ഷന്‍ കാണിച്ചു. രജനികാന്തിനൊക്കെ പോയി ചത്തൂടെ എന്നു ആരെങ്കിലും വിചാരിച്ചോ എന്തോ?

Chikmagalur 2

ഇനി ഞാന്‍ സഹയാത്രികരിലെ പ്രധാന വേഷങ്ങളെക്കുറിച്ചു പറയാം, സ്ഥലപരിധിമൂലം എല്ലാവരെയും ഇതില്‍ കയറ്റുന്നില്, അതായതു ചിക്കമംഗ്ലൂര് സിസിലേഴ്‌സ് ഡിഷിലെ പ്രധാന ചേരുവകള്‍

പ്രിന്‍സിപ്പല്‍ (ലിസ)  ഇതിലും വല്യ വേനക്കു അപ്പാപ്പന്‍ കുട പിടിച്ചിട്ടില്ല എന്നതാണ് സ്ഥായി ഭാവം.
റേച്ചല്‍ - വിശേഷണാതീതം, ലൈവ് വിറ്റിന്റെ റാണി 
ശ്രീദേവി /ജിന്‍സി - ചിരിച്ചു ചിരിച്ചു രണ്ടു കണ്ണില്‍ നിന്നും പൈപ്പ് തുറക്കുന്നപോലെ പ്രവാഹം.
കൃഷ്ണ/ശരണ്യ - അമ്മ മുളകും, മകള്‍ കാന്താരി മുളകും.
പാര്‍വതി/ ദിവ്യ - മാന്യരെന്നു തോന്നിക്കുന്ന രണ്ടു അധ്യാപികമാര്‍
ദീപ/നിമിഷ/അരുണ/വീണ - കൂട്ടത്തില്‍ സ്വബോധമുള്ളവര്‍, പക്ഷെ ദീപ ഇടയ്ക്കു ഇങ്ങോട്ടു ചാടും ഞങ്ങള്‍ ദുര്‍ബലരാവുമ്പോള്‍
കീര്‍ത്തന/ലിയാ - ഞങ്ങളുടെ ലവ്‌ലി ബേബീസ്
ശ്യാമ/ഗായത്രി - ഇവരും വേണം സിസിലര്‍ ടേസ്റ്റ് ബാലന്‍സിങ്ങിന്. പിന്നെ സദ്ഗുണ സമ്പന്നയും സര്‍വോപരി അതിവിനയ കുനയാന്വിതയുമായ ഈയുള്ളവളും. ഇതിലും അലിഞ്ഞുചേരുന്ന ഒരു ഗ്യാങ് സ്വപ്നത്തില്‍ മാത്രം.

Chikmagalur

ബേലൂര്‍ ചെന്നകേശവ ക്ഷേത്ര ദര്‍ശനത്തോടെ ഞങ്ങളുടെ ദ്വിദിന യാത്രയുടെ തുടക്കം കുറിച്ചു. ഹോയ്സാല ക്ഷേത്ര നിര്‍മിതിയുടെ പൂര്‍ണത, കണ്ണിലും, മനസ്സിലും കാഴ്ചയുടെ നിറവ് സമ്മാനിക്കും. കണ്ടു മതിവരാതെ ഞങ്ങള്‍ ഹാലേബീഡ് എന്ന ചരിത്ര ശേഷിപ്പു കാണാന്‍ തിരിച്ചു, കല്ലില്‍ കൊത്തിയ മറ്റൊരു മാസ്മരികത, ഒരു യാത്രകൊണ്ടു മനസ്സില്‍ അത് മുഴുവന്‍ ഒപ്പിയെടുക്കാനാവില്ല. 

അടുത്ത ദിവസം കര്‍ണാടകത്തിലെ ഏറ്റവും വല്യ പര്‍വതം, മുള്ളിയാനഗിരി കയറാനായി തിരിച്ചു, ജീപ്പില്‍ മലയുടെ താഴെ വരെ എത്തി. മഞ്ഞിന്റെ വെളുത്ത ഗൗണ്‍ അണിഞ്ഞു കാഴ്ചകളെ ഒളിപ്പിച്ചു, മുള്ളിയാനഗിരി നാണം അഭിനയിച്ചു നിന്നു, ഉയരത്തില്‍ എത്തി ഞങ്ങള്‍ അവളുടെ നാണം മാറ്റി. ഇറങ്ങിവന്നപ്പോള്‍ കഴിച്ച ചൂടു ബജിയുടെ രുചി ഇപ്പോഴും നാവില്‍ നൃത്തം വയ്ക്കുന്നുണ്ട്. ഓരോ പ്ലേറ്റ് ബജി വാങ്ങുമ്പോളും ഒരുപാടു കൈകള്‍ വന്നു നിമിഷ നേരത്തില്‍ അത് കാലിയായി. ചൂടാറാനായി കാത്തിരുന്നവര്‍ ശശിയുടെ മുതുമുത്തച്ഛന്മാരായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

Chikmagalur 4
 
ഇനി ഞങ്ങളുടെ ജീപ്പ് ഡ്രൈവര്‍, ആളൊരു കൊച്ചു പുലിയാണ്, ഒന്ന് രണ്ടു സാഹസികവിനോദ ക്ലബുകളുടെ പ്രസിഡന്റ്/ സെക്രട്ടറി പദവികള്‍ വഹിക്കുന്ന ആളാണു. പുള്ളി സ്വയം ഞങ്ങളുടെ ക്യാമറാമാന്‍ പദവി ഏറ്റെടുത്തു. ഓസിനു കിട്ടിയതല്ലേ ആവട്ടെയെന്നു ഞങ്ങളും വെച്ചു. ആരും സഞ്ചരിക്കാതെ വഴികളിലൂടെ നടന്നു കയറി ചേട്ടന്‍ തുരുതുരെ ഫോട്ടോ എടുത്തു. ഭാഗ്യത്തിനു ഒന്നുപോലും ഫോക്കസ് ഉള്ളത് ഉണ്ടായിരുന്നില്ല. ഇപ്പോഴും ഞങ്ങള്‍ ആ കൂട്ട് ആഘോഷിക്കുകയാണ് കൂട്ടുകാരെ, ഇതിനിടയില്‍ ഒരു ഗെറ്റ് ടുഗെതറും കൊണ്ടാടി. ഓരോ യാത്രകളും സൗഹൃദങ്ങളുടെ പുതിയ കണ്ണികളിലൂടെ നൂഴ്ന്നിറങ്ങി, അതിലൊന്നായി, പിന്നെ അവരെയും കൊണ്ടു ചേര്‍ന്നൊഴുകി, യാത്രയുടെ ഭൂമികകള്‍ തേടി പ്രയാണം തുടരുകയാണ്. 

കേരളത്തില്‍ നിന്ന് ഇത് പോലൊരു യാത്രക്ക് രണ്ടു ദിവസം ധാരാളം ആണ്. മംഗലാപുരത്തു എത്തുന്ന ഒത്തിരി ട്രെയിനുകളില്‍ ഏതെങ്കിലും ഒന്നില്‍ കയറി അവിടെ ഇറങ്ങി അവിടുന്ന് ബസ്സിന് നേരെ ചിക്കമംഗ്ലൂര്‍. അവിടെ നിന്നും ബേലൂര്‍-ഹാലേബീഡ് പോവാനും ഇഷ്ടം പോലെ ബസ്സുകള്‍ കിട്ടും.

Content Highlights: Chikmagalur, Women Travel, Appoppanthadi