മികച്ച എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന സഞ്ചാരി   മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം ലഭിച്ച യാത്രാ വിവരണം.

വെല്ലുവിളികളുമായി തലയുയര്‍ത്തി സമുദ്ര നിരപ്പില്‍ നിന്ന് പതിനയ്യായിരം അടി ഉയരത്തില്‍ നില്‍ക്കുന്ന ബുരണ്‍ ഘാട്ടി. സ്വപ്നസീമകളെ തൊട്ടുണര്‍ത്തി ആവേശമേറ്റുന്ന ബുരണ്‍ ഘാട്ടി. മഞ്ഞുറഞ്ഞ മലയിടുക്കുകളും കാത്തുവെച്ചുറങ്ങുന്ന ബുരണ്‍ ഘാട്ടി. ഒരിക്കലെങ്കിലും ആ മഞ്ഞുമലമുകളില്‍ പാദമൂന്നാന്‍ ഒരു കൊതിയായി ബുരണ്‍ ഘാട്ടി മനസ്സിലേറിയത് റുപിന്‍ പാസ് ട്രെക്കിനിടെ ആയിരുന്നു.

Buran Ghati 1

റുപിന്‍ പാസിന്റെ ഒരു ഇരട്ട സഹോദരിയെപ്പോലെ ആ പരിസരത്ത് തന്നെ പതിഞ്ഞിരിക്കുന്ന ബുരണ്‍ ഘാട്ടിയിലേക്കുള്ള യാത്ര ഷിംലയില്‍ നിന്ന് തുടങ്ങുന്നത് ബുധനാഴ്ചയാണ്. രാവിലെ 6 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. 150 കിലോമീറ്റര്‍ അകലെയുള്ള ജാംഗ്‌ലിക് ആണ് ലക്ഷ്യം. സുന്ദരമായ വഴികളിലൂടെയാണ് യാത്ര. ഹിമാചല്‍ ഗ്രാമങ്ങളുടെ സര്‍വ്വ വശ്യതയും നിറഞ്ഞ് നില്‍ക്കുന്ന വഴികള്‍. ഇന്ദ്രനീല വര്‍ണമാര്‍ന്ന് മനോമോഹിനിയായ് ഒഴുകുന്ന പബ്ബര്‍ നദിയുടെ കരയിലൂടെയാണ് ഏറെ ദൂരം യാത്ര. ചിലയിടങ്ങളില്‍ വഴി ഇല്ല. ഉരുളന്‍ കല്ലുകള്‍ക്കും ചെളിനിറഞ്ഞ ട്രാക്കുകള്‍ക്കും ഇടയിലൂടെ ആടിയുലഞ്ഞ് വണ്ടി മുന്നോട്ട് നീങ്ങി. എട്ട് മണിക്കൂര്‍ നീണ്ട യാത്ര. പിന്നെ കുറച്ച് ദൂരം കാല്‍നട. ജംഗ്‌ലിക്കില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടി. ഇന്നിവിടെ തങ്ങി നാളെ രാവിലെ ബുരണ്‍ ഘാട്ടി ട്രെക്ക് തുടങ്ങണം. അഭിഷേക്, മൊഹിയിദ്ദിന്‍, മൊഹിയിദ്ദിന്റെ ഭാര്യ നിലോഫര്‍, നിലോഫറിന്റെ സഹോദരന്‍ ഖുതുബ്, രഞ്ജന്‍, മനോജ്, മനോജിന്റെ സഹോദരി അപര്‍ണ എന്നിവരായിരുന്നു സഹയാത്രികര്‍.

Buran Ghati 2

റുപിന്‍ പാസ് ട്രെക്കിലെ ഗൈഡായിരുന്ന പവന്‍ തന്നെയാണ് ഇക്കുറിയും കൂടെ. ഒപ്പം സഹായികളായി അന്നുണ്ടായിരുന്ന ചന്ദ്രുവും രണ്‍ബീറും. സ്‌നേഹം നിറഞ്ഞ ഒരാലിംഗനത്തിലൂടെ അവരുമായുള്ള ചങ്ങാത്തം പുതുക്കി ഞങ്ങള്‍ യാത്ര തുടങ്ങി. ഇനി ആറേഴ് ദിവസം മലകളില്‍ തന്നെയാണ്. കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ദിവസങ്ങള്‍. ടെന്റിനുള്ളിലെ രാത്രികളും മഞ്ഞുറഞ്ഞ പ്രഭാതങ്ങളും കാത്തിരിപ്പുണ്ട്. മഞ്ഞുമലകളിലേക്ക് നടക്കുമ്പോള്‍ ഹൃദയത്തിലുണരുന്ന ആ എക്‌സ്ട്രാ ബീറ്റ് കൃത്യമായി ഇന്നും ഉണരുന്നുണ്ട്. കൂടുതല്‍ കരുത്തോടെ മുന്നോട്ട് നീങ്ങാന്‍ പ്രേരിപ്പിക്കുന്ന എക്‌സ്ട്രാ ബീറ്റ്. ഒന്‍പതിനായിരം അടി ഉയരെയുള്ള ജാംഗ്‌ലികില്‍ നിന്ന് പതിനൊന്നായിരം അടി ഉയരെയുള്ള ലിതം താച്ചിലേക്കാണ് നടപ്പ്. ഏറെയും നിരന്ന വഴികളിലൂടെയുള്ള യാത്ര പതിയെ കയറ്റങ്ങളിലേക്ക് പടര്‍ന്നു. പിന്നെ കുന്നിറക്കം. പിന്നെയും സമനിരപ്പിലൂടെ യാത്ര. വീണ്ടും കയറ്റം. അങ്ങനെ കയറിയും ഇറങ്ങിയും മുന്നോട്ട്.

Buran Ghati 3

ഇടയ്ക്ക് കുഞ്ഞരുവികളില്‍ എത്തും. മലകളില്‍ പിറന്ന് പുഴ തേടിയൊഴുകുന്ന കന്യകമാരായ അരുവികള്‍. അവയിലെ തെളിനീരൊഴുക്കില്‍ കൈകള്‍ ഇറക്കി കുമ്പിള്‍ കോരി തണുത്ത വെള്ളം ആവോളം കോരിക്കുടിച്ചു. ജീവനുള്ള വെള്ളം. ശുദ്ധമായ തെളിഞ്ഞ ജീവജലം. അത് പകരുന്ന കരുത്തും സുഖവും വളരെയേറെയാണ്. വഴിയിലെ ഓരോ കയറ്റവും ഇറക്കവും വളവും നിരപ്പും കാഴ്ചകളുടെ നിറവസന്തങ്ങളാണ് മുന്നിലൊരുക്കുന്നത്. പുല്‍മേടുകള്‍. പൈന്‍ മരക്കാടുകള്‍. അരുവികള്‍. കുഞ്ഞ് വെള്ളച്ചാട്ടങ്ങള്‍. ഇടയന്മാരുടെ കല്ലുവഴികള്‍. മേഞ്ഞ് നടക്കുന്ന ആട്ടിന്‍ കൂട്ടങ്ങള്‍. മേഘങ്ങളോട് സല്ലപിച്ച് നില്‍ക്കുന്ന കുന്നിന്‍ നെറുകകള്‍. ഇടക്കിടെ കാറ്റിനൊപ്പം പറന്നെത്തുന്ന മൂടല്‍മഞ്ഞു പാളികള്‍. അവയ്ക്കിടയിലൂടെ ഒളിഞ്ഞെത്തുന്ന സൂര്യ രശ്മികള്‍. ആ രശ്മികളേറ്റ് വെട്ടിത്തിളങ്ങി നില്‍ക്കുന്ന പുല്‍ക്കൊടിത്തലപ്പിലെ മഞ്ഞു തുള്ളികള്‍. അങ്ങനെ നൂറു നൂറായിരം കാഴ്ചപ്പൂരങ്ങള്‍ നിറഞ്ഞ വഴികള്‍. ഇടക്ക് വഴിയുടെ ഒരു ഭാഗം വലിയൊരു പുല്‍മേടും മറുഭാഗം ഇടതൂര്‍ന്ന പൈന്‍ മരക്കാടുമായി മാറി. ഇത്ര സുന്ദരമായ ഒരു വഴിയിലൂടെ ഇന്നോളം നടന്നിട്ടില്ല. സൗന്ദര്യത്തിന്റെ സര്‍വ്വ ഭാവങ്ങളും ഒരുമിച്ച് ചാലിച്ച് തിടമ്പേറ്റി നില്‍ക്കുന്നു ഭൂമി. അതിന്റെ ഭൗമമല്ലാത്ത നിരുപമ ഭംഗിയില്‍ മതിമറന്ന് പോകുന്ന നിമിഷങ്ങള്‍...

Buran Ghati 4

ദയാര താച്ച് എത്തിയപ്പോള്‍ പൊതിഞ്ഞെടുത്ത ഉച്ച ഭക്ഷണം കഴിച്ചു. ദാലും റൊട്ടിയും അച്ചാറും ബൈന്‍ഗന്‍ ബര്‍ത്തയും ചേര്‍ന്ന നല്ല രുചിയുള്ള ലഞ്ച്. മരത്തണലില്‍ അല്‍പനേരം കിടന്ന് പിന്നെയും നടപ്പ് തുടങ്ങി. ഇനിയും മൂന്നു മണിക്കൂറിലധികമുണ്ട് ക്യാമ്പിലെത്താന്‍. ദയാരയുടെ തുളുമ്പി നില്‍ക്കുന്ന പുല്‍മേടുകളില്‍ നിന്ന് ഇരുട്ട് വീണ് കിടക്കുന്ന കാട്ടിലേക്ക് കയറി നടവഴി. വലിയ കയറ്റമില്ല. അനായാസം നടന്ന് നീങ്ങാം. ഇലകള്‍ വീണ് അഴുകി രൂപപ്പെട്ട പതുപതുത്ത ഹ്യൂമസ് മെത്തയില്‍ ചവിട്ടി നടക്കാന്‍ നല്ല സുഖം. നട്ടുച്ചയായിട്ടും വെയിലിനെ അകത്തേക്ക് കടത്താത്ത കട്ടിയുള്ള മരമേലാപ്പിനടിയിലൂടെയുള്ള നടത്തം ഏറെ ആസ്വാദ്യം. ചെറിയ കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ തുള്ളിക്കുത്തിച്ചൊഴുകുന്ന കാട്ടാറിലേക്കിറങ്ങി വഴി. തെളിമയുടെ കാര്യത്തില്‍ ഇന്നോളം കണ്ട സകല നദികളെയും കവച്ചു വെക്കും ഈ അരുവിയിലെ വെള്ളം. അതും കടന്ന് അല്‍പദൂരം നടന്നപ്പോള്‍ വീണ്ടും കാട്ടില്‍ നിന്നിറങ്ങി പുല്‍മേട്ടിലേക്ക് അലിഞ്ഞു വഴി. പലതരം പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന മേട്. മഞ്ഞ നിറമുള്ള, നാലുമണിപ്പൂ പോലെ തോന്നിക്കുന്ന ഒരുതരം പൂക്കള്‍ കിലോമീറ്ററുകളോളം ദൂരം പൂത്തുലഞ്ഞ് കിടക്കുന്നു.

Buran Ghati 5

അല്‍പം മുന്നോട്ട് നീങ്ങി ഒരു വളവ് തിരിഞ്ഞെത്തിയത്, അകലെ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന മഞ്ഞുതൊപ്പിയണിഞ്ഞ ധൗലാ ധാര്‍ മലനിരകളുടെ ഗംഭീര കാഴ്ചയിലേക്കായിരുന്നു. ഗാംഭീര്യം നിറഞ്ഞ നില്‍പ്പ്. ആരെയും കൂസാതെ ഉയരങ്ങള്‍ക്ക് മുകളിലേക്ക് ഉയരാന്‍ വേണ്ടി കാത്ത് നില്‍ക്കുന്ന രാജകീയ പ്രൗഢിയുള്ള മലനിരകള്‍. അവയുടെ ഗംഭീരദൃശ്യം അല്‍പനേരം അവിടെയിരുന്ന് ആസ്വദിച്ച് വീണ്ടും മുന്നോട്ട്. വഴി സില്‍വര്‍ ബിര്‍ച്ച് കാടുകളിലേക്ക് കയറി. വെള്ളി നിറമുള്ള അടര്‍ന്ന് നില്‍ക്കുന്ന തൊലിയോട് കൂടിയ ബിര്‍ച്ച് മരങ്ങള്‍. അവയുടെ മരമേലാപ്പിനു കട്ടി കുറവാണ്. വെയില്‍ ചുവടേക്ക് പതിക്കും. അതുകൊണ്ട് തന്നെ ധാരാളം കുറ്റിച്ചെടികള്‍ പൂത്ത് നില്‍പ്പുണ്ട് ചുവട്ടില്‍. അവയുടെ ഇടയിലൂടെ ഇളം തെന്നലേറ്റുള്ള നടപ്പ് അവിസ്മരണീയം. ബിര്‍ച്ച് മരക്കാട്ടിനുള്ളില്‍ നിന്ന് വഴി ചന്ദര്‍ നഹാന്‍ അരുവിയിലേക്ക് ഇറങ്ങി. അരുവി കടന്ന് മുന്നോട്ട്. പുല്‍മേടും അതിലൂടെ ഒഴുകുന്ന ഒട്ടനേകം കുഞ്ഞരുവികളും നിറഞ്ഞ ലിതം അതാ കണ്മുന്നില്‍. ഇന്ന് ഇവിടെ തങ്ങണം.

Buran Ghati 6

മാസ്മര ഭാവമുള്ള കാഴ്ചകളുടെ സംഗമ ഭൂമിയാണ് ലിതം. 11700 അടി ഉയരെ കാഴ്ചകളുടെ സാമ്രാജ്യമൊരുക്കി അതിന്റെ തമ്പുരാട്ടിയായി വാഴുന്ന ലിതം. ഒരു ഭാഗത്ത് ചന്ദര്‍ നഹാന്‍ വെള്ളച്ചാട്ടം കാണാം. അതിനു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട് ചന്ദര്‍ നഹാന്‍ തടാകം. മറുഭാഗത്ത് അവിടവിടെ മഞ്ഞണിഞ്ഞ് നില്‍ക്കുന്ന മലകള്‍. അവയുടെ പിന്നിലാണ് റുപിന്‍ വാലി. ഇനിയൊരുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മഞ്ഞ് മൂടിയ വന്‍ മലകള്‍ കാണാം. അവയുടെ പിന്നിലാണ് ബുരണ്‍ ഘാട്ടി. അങ്ങനെ ഒട്ടനേകം മായിക കാഴ്ചകളെ മതില്‍കെട്ടി മറച്ച് നിര്‍ത്തുന്ന ലിതം എന്ന സ്വപ്നസുന്ദര ഭൂമിയിലാണ് ഇപ്പോഴുള്ളത്. തെളിമയോടെ ഒഴുകുന്ന ഒരു കുഞ്ഞരുവിയുടെ ഓരം ചേര്‍ന്ന് ടെന്റുകളൊരുങ്ങി. അത്താഴം തയ്യാറാവുന്നു. ലിതം ഒരുക്കി നിര്‍ത്തിയ അതിസുന്ദര ദൃശ്യങ്ങള്‍ നിറഞ്ഞ പുല്‍മേട്ടിലൂടെ ഒറ്റക്ക് നടന്നു. അസ്തമയം കഴിഞ്ഞ് രാവ് വീഴും മുന്‍പുള്ള ചെറുവെട്ടത്തില്‍ മാദകഭംഗി തൂകി കിടപ്പാണ് ലിതം.

Buran Ghati 7

കൃത്രിമത്തം ഒട്ടുമില്ലാത്ത, ലളിതമായ സൗന്ദര്യമാണ് ചുറ്റിലും. സപ്ത നാഢികളിലേക്കും നേരിട്ട് പ്രവഹിക്കുന്ന സൗന്ദര്യം. അമ്മയുടെ വിരല്‍ത്തുമ്പ് പോലെ മൃദുലമായ സൗന്ദര്യം. പൈക്കിടാവിന്റെ നാസാഗ്രത്തിലെ പാല്‍ മണക്കുന്ന വിയര്‍പ്പ് തുള്ളിപോലെ സുന്ദരം. തഴുകിയുറക്കാന്‍ വെമ്പുന്ന കാറ്റുണ്ട് കൂട്ടിന്. മനസ്സ് നിറയും ഈ സൗന്ദര്യം കണ്ട് ആദ്യം. പിന്നെ അല്‍പ്പനേരം കഴിയുമ്പോള്‍ ആ സൗന്ദര്യം ഒഴികെ, മറ്റ് എല്ലാം ഒഴിഞ്ഞ് ലളിതമാവും മനസ്. ഹൃദയം നേരിട്ട് പ്രകൃതിയോട് സംവദിക്കുന്ന നിമിഷങ്ങള്‍. മറകളില്ലാതെ, മറവുകളില്ലാതെ എല്ലാം തുറന്നറിയുന്ന നിമിഷങ്ങള്‍. ആത്മനിര്‍വൃതിയുടെ അഭൗമ തലങ്ങളിലേക്ക് സ്വയമുയരുന്ന നിമിഷങ്ങള്‍. നിര്‍മ്മമമായ ലളിത സൗന്ദര്യത്തിനു കീഴടങ്ങി സ്വയം മറന്ന് നില്‍ക്കുന്ന നിമിഷങ്ങള്‍. പതിയെ പതിയെ നിമിഷങ്ങളുടെ അളവര്‍ത്ഥങ്ങള്‍ മറന്ന് പോകും. മറഞ്ഞ് പോകും. നിത്യമായ ഒരു ശാന്തിയുടെ അനുഭവ സാക്ഷ്യമായി സ്വയമലിഞ്ഞ് നിന്ന് പോവും. ശ്വാസവേഗം മന്ദഗതിയിലാവും. ഹൃദയ മിടിപ്പ് സംഗീത ശ്രുതിയാവും. ആ സുന്ദര സംഗീതത്തില്‍ എല്ലാം മറന്ന് മുഴുകി നില്‍ക്കും. എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ഉള്ളില്‍ കെട്ടിനിന്നിരുന്ന അഹന്തയും ക്രൗര്യവും ഉരുകി ഒഴുകിയകലുന്നതാവാം. തീര്‍ത്തും നിര്‍മലമായ ഹൃദയത്തോടെ തിരികെ ക്യാമ്പിലേക്ക് നടന്നു.

Buran Ghati 8

ചപ്പാത്തിയും, നിറയെ ജീരകം വറുത്തിട്ട് നെയ്യൊഴിച്ച് രുചിയേറ്റിയ ദാലും, സൂപ്പും, കിച്ചടിയും ചേര്‍ന്ന രസികന്‍ അത്താഴം. കഴിച്ച് കഴിഞ്ഞ് പ്ലേറ്റ് വടിച്ച് നക്കാന്‍ തോന്നിപ്പിക്കുന്നത്ര രുചിയുണ്ട് രണ്‍ബീറിന്റെയും ചന്ദ്രുവിന്റെയും പാചകത്തിന്. ഹൃദ്യമായ അത്താഴം കഴിഞ്ഞ് ടെന്റിലേക്ക് നൂണ്ടു കയറി. രാവിലെ എഴുന്നേറ്റ് ചന്ദര്‍ നഹാന്‍ തടാകത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മടങ്ങിയെത്തി ക്യാമ്പില്‍ കിടന്ന് ഉറക്കമായി. (ബുരണ്‍ ഘാട്ടി പാതയില്‍നിന്നല്‍പ്പം മാറിയുള്ള യാത്ര ആയതിനാല്‍ ചന്ദര്‍ നഹാനിനെക്കുറിച്ച് പിന്നീടൊരിക്കല്‍ പറയാം). യാത്രയുടെ നാലാം ദിവസമായ ഇന്ന് 13300 അടി ഉയരെയുള്ള ധുന്‍ഡയിലേക്കാണ് ട്രെക്കിംഗ്. ബുരണ്‍ ഘാട്ടിയുടെ യഥാര്‍ത്ഥ ബേസാണ് ധുന്‍ഡ എന്ന് പറയാം. വഴി കഠിനമല്ല. ലിതം എന്ന മാസ്മരിക വര്‍ണ്ണാഭ ഭൂമിയില്‍ നിന്ന് കറുപ്പും വെളുപ്പും ഇടകലര്‍ന്ന് കിടക്കുന്ന മഞ്ഞുമലനിരകളിലേക്കായി യാത്ര. ആട്ടിടയന്മാരുടെ കാട്ടുവഴിയാണ് പാത. ചരലും ഉരുളന്‍ കല്ലുകളും നിറഞ്ഞ പരുക്കന്‍ വഴി. അതിനു സമാന്തരമായി ഒഴുകുന്നുണ്ട് അരുവി. ഇന്നത്തെ യാത്രയിലുടനീളം കുതിച്ചൊഴുകുന്ന ഈ അരുവി കൂടെത്തന്നെയുണ്ട്.

Buran Ghati 9

ഇപ്പോള്‍ കുത്തനെയാണ് കയറ്റം. ചങ്ക് ഉയര്‍ന്ന് വന്ന് വായില്‍ മുട്ടുന്നത് പോലെ കിതച്ച് പോവുന്ന കയറ്റം. കാല്‍ മസിലുകള്‍ വല്ലാതെ പിടയുന്നുണ്ട്. ഇടയ്‌ക്കൊന്ന് നിലത്ത് അമര്‍ന്നിരുന്ന് തുടകള്‍ക്ക് പിന്നില്‍ മസാജ് ചെയ്താല്‍ സുഖമാകും. പക്ഷേ ഇരിക്കാന്‍ പോയിട്ട് കാല്‍ ശരിക്ക് അമര്‍ത്തി ചവിട്ടാന്‍ പോലും ഇടം കിട്ടാത്ത അത്രയും ചെങ്കുത്താണ് കയറ്റം. ഇടയന്മാരുടെ പാത ഇവിടെ ഇല്ല. കഴിഞ്ഞ മഴയില്‍ അത് ഒലിച്ചു പോയി. അതാണ് കയറ്റം ഇത്ര കഠിനമാകാന്‍ കാരണം. മുന്നോട്ട് നീങ്ങാന്‍ ഒരു വഴിയുമില്ല. ഇടക്ക് നിലോഫര്‍ കാല്‍തെറ്റി താഴേക്ക് വീണു. പവനും ഞാനും ചേര്‍ന്ന് കൈകള്‍ കോര്‍ത്ത് നിലത്ത് അമര്‍ന്ന് കിടന്ന് അവളെ പിടിച്ചില്ലായിരുന്നുവെങ്കില്‍ അവള്‍ താഴേക്ക് വീണു പോയേനെ. ഈ അപകടം കണ്ടതോടെ ചന്ദ്രുവും രണ്‍ബീറും കയറുമായി മുകളിലേക്ക് കയറി. അവര്‍ ഞാത്തിയിട്ട കയറില്‍ തൂങ്ങി ഓരോരുത്തരായി മുകളിലേക്ക് വലിഞ്ഞ് കയറി. നേരത്തേ വീണ നിലോഫറിനെ പവന്‍ കയര്‍ കൊണ്ട് വരിഞ്ഞ് കൂടെ അണച്ച് ചേര്‍ത്ത് അതിസാഹസികമായി മുകളിലേക്ക് കയറുന്നത് കണ്ടപ്പോള്‍ ഒരു വേള ശ്വാസം നിലച്ചു പോയി. അവര്‍ മുകളിലെത്തിയ ശേഷം താഴെ കാത്തു നിന്ന ഞാനും മുകളിലേക്ക് കയറി.

Buran Ghati 10

കിഴുക്കാംതൂക്കായി നില്‍പ്പാണ് മല. അതിന്റെ പള്ളയില്‍ അല്‍പം ഉള്ളിലേക്ക് ചെരിഞ്ഞെന്നവണ്ണം കിടക്കുന്ന കുത്തനെയുള്ള കയറ്റത്തിലൂടെയാണ് കയറുന്നത്. കാല്‍മുട്ട് നിലത്തുരഞ്ഞ് പാന്റ് കീറി തൊലി ഉരഞ്ഞ് പോവുന്നതിന്റെ മുകളിലേക്ക് വിയര്‍പ്പ് ഇറ്റി നീറ്റുന്ന നീറ്റലറിഞ്ഞു. മുകളിലെത്തി നിലത്ത് അമര്‍ന്നിരുന്ന് പിടയ്ക്കുന്ന മസിലുകളെ ഒന്നാശ്വസിപ്പിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. എല്ലാവരും തളര്‍ന്നിരുന്നു. ചന്ദ്രു പെട്ടെന്നൊരു സൂപ്പ് റെഡിയാക്കി തന്നു. അതും ബിസ്‌ക്കറ്റും കഴിച്ച് അല്‍പ്പ നേരത്തെ വിശ്രമം കഴിഞ്ഞ് വീണ്ടും മുകളിലേക്ക്. ഇപ്പോള്‍ ഇടയപാതയിലൂടെയാണ് നടപ്പ്. 'റ' ആകൃതിയില്‍ കിടക്കുന്ന ഒരു താഴ്‌വരയിലാണ് ഇപ്പോള്‍. ഇവിടെ നിന്ന് അല്‍പ്പമകലെ കാണുന്ന ബുരണ്‍ ഘാട്ടി പവന്‍ ചൂണ്ടിക്കാണിച്ചു തന്നു. അതിസുന്ദരം ഈ ദൂരക്കാഴ്ച. ബുരണ്‍ ഘാട്ടിയുടെ മുകളില്‍ കയറി നില്‍ക്കുന്ന രംഗം മനസ്സിലോര്‍ത്ത് വീണ്ടും മുകളിലേക്ക്.

Buran Ghati 11

കയറ്റം തന്നെയാണ് വഴി മുഴുവനും. കയറില്‍ തൂങ്ങിയുള്ള അഭ്യാസം നല്ലൊരു പങ്ക് ഊര്‍ജവും എരിച്ച് തീര്‍ത്തിരുന്നു. എങ്കിലും പരസ്പരം ഊര്‍ജം പകര്‍ന്ന് ഞങ്ങള്‍ മുന്നോട്ട്, മുകളിലേക്ക് നീങ്ങി. ഇത്തരം ട്രെക്കിംഗുകളുടെ മാസ്മരിക ശക്തിയും ഈ സൗഹൃദം തന്നെയാണ്. സംഘാംഗങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് പരസ്പരം ധൈര്യം പകര്‍ന്നും ആശ്വസിപ്പിച്ചും മുന്നോട്ട് നീങ്ങുന്ന സൗഹൃദത്തിന്റെ ആഘോഷമാണ് ഓരോ ഹിമാലയന്‍ ട്രെക്കിംഗും. അവിടെ ആഘോഷിക്കപ്പെടുന്ന അത്ര തീവ്രമായി സൗഹൃദം അനുഭവപ്പെടുന്ന മറ്റ് വേളകള്‍ അധികം പരിചയമില്ല. ആറു മണിക്കൂറിലധികം നീണ്ട ഏറെ ശ്രമകരമായ ട്രെക്കിംഗിനൊടുവില്‍ ഞങ്ങള്‍ ധുന്‍ഡയില്‍ എത്തി. മനോഹരമായ ഒരു റിഡ്ജ്. ഇവിടെ നിന്ന് നോക്കിയാല്‍ മൂന്നു ചുറ്റിലും മാനം മുട്ടേ നില്‍ക്കുന്ന മഞ്ഞുമലകള്‍ കാണാം. ഒരു ഭാഗത്ത് ഞങ്ങള്‍ കയറി വന്ന ചെങ്കുത്തായ വഴിയാണ്. അകലെ നില്‍ക്കുന്ന ബുരണ്‍ ഘാട്ടിയും വ്യക്തമായി കാണാം. ഏറെ ക്ഷീണിപ്പിച്ച ഒരു പകലിനൊടുവില്‍ രുചിയേറിയ അത്താഴവും കഴിച്ച് ഞങ്ങള്‍ നേരത്തേ ഉറങ്ങി.

Buran Ghati 12

രാവിലെ നേരത്തേ യാത്ര തുടങ്ങി. ഇന്ന് മലകയറി 15000 അടി ഉയരെയുള്ള ബുരണ്‍ ഘാട്ടിയില്‍ എത്തണം. എന്നിട്ട് മറുവശത്ത് 11500 അടി ഉയരെയുള്ള റിവര്‍ ക്യാമ്പിലേക്ക് ഇറങ്ങണം. പത്ത് മണിക്കൂറിലധികം നീളും ഇന്നത്തെ ട്രെക്കിംഗ്. ഉരുളന്‍ കല്ലുകള്‍ക്ക് മീതെക്കൂടിയാണ് നടപ്പ്. ഇടയ്‌ക്കൊക്കെ തെന്നിപ്പോവുന്നുണ്ട്. എങ്കിലും വലിയ ആയാസമില്ലാതെ നടന്നു നീങ്ങാം. ഒരു മണിക്കൂറോളം നേരം അതേ നടപ്പ് തുടര്‍ന്നു. ഇപ്പോള്‍ മഞ്ഞ് വീണുറഞ്ഞ മലയിലൂടെ കുത്തനെ കയറുകയാണ്. മഴുകൊണ്ട് ചന്ദ്രു വെട്ടിക്കയറുന്ന പടികളില്‍ ചവിട്ടിയാണ് കയറ്റം. കഠിനമാണ് പാത. നല്ല തണുപ്പും. ഗ്ലൗസിനുള്ളിലൂടെ അരിച്ച് കയറുന്ന തണുപ്പില്‍ കൈകള്‍ മരവിക്കുന്നു. ഇടക്ക് വീശിയടിച്ചെത്തുന്ന മഞ്ഞുകാറ്റില്‍ മഞ്ഞു പടികളിലെ ചവിട്ട് ഇളകിപ്പോവുന്നുണ്ട്. ഓരോ ചുവടായി മുകളിലേക്ക് കയറി. പാത കഠിനമാണെങ്കിലും മുകളില്‍ കാത്തു നില്‍ക്കുന്ന ബുരണ്‍ ഘാട്ടി സുന്ദരമാണെന്ന ചിന്തയില്‍ തളര്‍ച്ചയറിയാതെ കയറ്റം തുടര്‍ന്നു.

Buran Ghati 13

ഒടുവില്‍ ഒന്നര മണിക്കൂറോളം നീണ്ട മഞ്ഞുമല കയറ്റം കഴിഞ്ഞ് ഞങ്ങളെത്തി. ബുരണ്‍ ഘാട്ടിയുടെ മാസ്മരിക പ്രതലത്തിലേക്ക്. മഞ്ഞുറഞ്ഞ് കിടക്കുന്ന ബുരണ്‍ ഘാട്ടിയിലേക്ക്. 15000 അടി ഉയരത്തില്‍ കിടക്കുന്ന ഈ ഹിമാലയന്‍ പാസ് നല്‍കുന്ന അനുഭൂതി ഏറെ മഹത്തരമായതാണ്. ചുറ്റിലും മഞ്ഞ് മാത്രം കാണാം. വിശാലമായ മഞ്ഞു പാതകള്‍. അവയുടെ അറ്റത്ത് തലയെടുപ്പോടെ നില്‍ക്കുന്ന മഞ്ഞു മലകള്‍. വെളുപ്പിന്റെ മാത്രം ലോകം. വെള്ള നിറമുള്ള മഞ്ഞിന്റെ മാത്രം ലോകം. കണ്ണെത്തുന്നിടത്തെല്ലാം മഞ്ഞ് മാത്രം. അതില്‍ പതിക്കുന്ന സൂര്യ രശ്മികള്‍ പ്രതിഫലിച്ച് തീര്‍ക്കുന്ന പ്രഭാപൂരം. ഇടയ്ക്കുള്ള ഉയര്‍ച്ച താഴ്ചകളില്‍ മഞ്ഞു കുന്നുകളുടെ നിഴലുകള്‍ വീണ് തീര്‍ക്കുന്ന നിറഭേദങ്ങള്‍. വെളുപ്പ് നിറത്തിന് ഇത്രയധികം വര്‍ണ്ണഭേദങ്ങള്‍ കാണാന്‍ കഴിയുക അപൂര്‍വ്വം.

Buran Ghati 14

അപാരമായ ഈ വശ്യഭംഗിയില്‍ മുഴുകി നില്‍ക്കുമ്പോള്‍ വിനയാന്വിതമാകും മനസ്സ്. സര്‍വ്വ അഹന്തകളും നീങ്ങി സ്വത്വം എത്ര ചെറുതാണെന്നറിയുന്ന നിമിഷം. അഹന്തകളില്ലാത്ത ലോകം എത്ര മികവേറിയതാണെന്ന് സ്വയമറിയുന്ന സുഖം. ആ സുഖം പകരുന്ന നിര്‍വൃതിയില്‍ ലയിച്ച് നില്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. ശരീരത്തിന്റെ ഓരോ അണുവിലും ഊര്‍ജം നിറയ്ക്കാന്‍ പര്യാപ്തമായ ആനന്ദം. പ്രപഞ്ചത്തെ ശുഭ്രമായ ഒരു പാളി മാത്രമായി മുന്നില്‍ക്കണ്ട്, അതില്‍ നിറഞ്ഞ്, സ്വയമലിഞ്ഞ്, എല്ലാം മറന്ന് നിന്ന നിമിഷങ്ങള്‍. അല്ലലുകളും അഴലുകളുമില്ലാതെ അപ്പൂപ്പന്‍ താടി പോലെ ഒഴുകി മേഘങ്ങളുടെ ചിറകിലേറിയ നിമിഷങ്ങള്‍. ഇവിടം ശാന്തമാണ്. ആ ശാന്തി നമ്മിലേക്ക് പകരാന്‍ അപാരമായ കരുത്തുള്ള ശാന്തഭൂമി.

Buran Ghati 15

ഇനി മടക്ക യാത്ര. ചെങ്കുത്തായ മഞ്ഞ് നിറഞ്ഞ് മൂടിയ ഒരിറക്കമാണാദ്യം. ഏകദേശം നാനൂറ് മീറ്ററോളം താഴ്ചയിലേക്ക് കയറു കെട്ടിയിറങ്ങി. തൂങ്ങിയിറങ്ങുമ്പോള്‍ മുന്നില്‍ അഗാധമായ ആഴങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്ന മഞ്ഞു ഗര്‍ത്തങ്ങള്‍ മാത്രം കാണാം. ചങ്കിടിപ്പ് ഒരു നിമിഷം നിന്നു പോവുന്ന കാഴ്ച. ഭീതിയോടെ തൂങ്ങിയിറങ്ങി താഴെയെത്തി. ഇനിയുള്ള ഇറക്കം നടന്നിറങ്ങാനാവില്ല. മഞ്ഞിലേക്ക് ഒന്നമര്‍ന്നിരുന്ന് നിരങ്ങി ഇറങ്ങണം. ഏറെ രസകരമാണീ നിരങ്ങിയിറങ്ങല്‍. ഉള്ളിന്റെയുള്ളില്‍ നിന്ന് പൊട്ടിമുളച്ച് പുറത്തിറങ്ങി മനസ്സും ശരീരവും നൂറു ശതമാനവും ആസ്വദിക്കുന്ന പൊട്ടിച്ചിരികളുയരും ഈ നിരങ്ങിയിറങ്ങലില്‍. ഒരു കുഞ്ഞു സ്മിതമായി മൊട്ടിട്ട് പയ്യെ ആര്‍ത്തട്ടഹാസമായി വിടര്‍ന്ന് പടരുന്ന ചിരി. ആ ചിരിയാണ് സഞ്ചാരിക്ക് കിട്ടുന്ന സമ്മാനം. നിരങ്ങലും നടന്നിറങ്ങലുമൊക്കെയായി അഞ്ച് മണിക്കൂര്‍ കൊണ്ട് റിവര്‍ ക്യാമ്പിലെത്തി. ഇന്നിവിടെ ഉറക്കം.

Buran Ghati 16

ക്യാമ്പ് ഫയറിനു ചുറ്റുമിരുന്ന് ക്യാമ്പ് അവലോകനം. അതിനിടെ നിലോഫര്‍ അവളെ വീഴ്ചക്കിടെ പിടിച്ച് രക്ഷപ്പെടുത്തിയതിന് പവനും എനിക്കും കരഞ്ഞുകൊണ്ട് നന്ദി പറഞ്ഞ് നിലത്ത് നമസ്‌കരിച്ചത് വല്ലാതെ വൈകാരികമാക്കി മാറ്റി ആ രാത്രിയെ. കുറഞ്ഞ നാളുകള്‍ കൊണ്ട് വല്ലാത്ത അടുപ്പം സഹയാത്രികരില്‍ വളര്‍ത്താന്‍ സഞ്ചാരത്തിനല്ലാതെ മറ്റ് എന്തിനാണ് കഴിയുക. രാവിലെ ബറുവയിലേക്ക് നടത്തം. ആപ്പിള്‍ മരത്തോട്ടങ്ങളുടെ തണലിലൂടെ, ഹിമാചല്‍ ഗ്രാമങ്ങളിലൂടെ ആസ്വദിച്ചുള്ള മലയിറക്കം. ആറ് മണിക്കൂര്‍ കഴിഞ്ഞ് പന്ത്രണ്ട് മണിയോടെ ബറുവയിലെത്തി. ഇനി ഷിംലയിലേക്ക്. ഹൃദ്യമായ അനുഭൂതികളും എളിമ പഠിപ്പിക്കുന്ന പാഠങ്ങളും ഒരു കൈപ്പിടി നിറയെ സൗഹൃദങ്ങളുമായി പോയതിനേക്കാള്‍ പലമടങ്ങ് അനുഭവങ്ങളാല്‍ ധന്യനായി മടക്കം.