ലകളും താഴ്‌വരകളും നിറഞ്ഞൊരു നാട്ടിലേക്ക് ഒരു യാത്ര പോണം. പ്രകൃതിയെ അറിഞ്ഞ്, കാഴ്ചകള്‍ നുകര്‍ന്ന് ഒരു ബൈക്ക് റൈഡ്. യാത്രയെയും ഫോട്ടോഗ്രാഫിയെയും സ്‌നേഹിക്കുന്ന ആറ് കൂട്ടുകാര്‍ ചേര്‍ന്ന് അങ്ങനെയൊരു യാത്ര പോയി. പച്ചവിരിച്ച താഴ്‌വരകളും മഞ്ഞു പുതച്ച മലകളും ബുദ്ധവിഹാരങ്ങളും കണ്ടുകൊണ്ട് അവരുടെ ബുള്ളറ്റ് പറന്നത് ഭൂട്ടാനിലേക്കാണ്. 

അസമിലെ ' ആവേ ' റൈഡില്‍ നിന്ന് വാടകയ്‌ക്കെടുത്ത ബുള്ളറ്റ് ബൈക്കുകളില്‍' സന്തോഷത്തിന്റെ നാട് ' എന്ന വിശേഷണവുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഭൂട്ടാനില്‍ ഇവര്‍ ഏഴ് ദിവസം സഞ്ചരിച്ചു.

ആദ്യം യാത്രികരെ പരിചയപ്പെടുത്താം - കോഴിക്കോട് സ്വദേശികളായ ആറ് യാത്രികര്‍. ഫോട്ടോഗ്രാഫറായ ഷാജു എടത്തൊടി, ഐ.ടി. ജീവനക്കാരായ സി. സുമേഷ്, ലിനോയ് സേവ്യര്‍, ആദിത്ത് മോഹന്‍, അരുണ്‍ കെ. വേണുഗോപാല്‍, നിഖില്‍ കെ. മോഹന്‍. 

Bhutan

ഷാജുവും സുമേഷും ബെംഗളൂരുവില്‍ നിന്നും മറ്റുള്ളവര്‍ നെടുമ്പാശ്ശേരിയില്‍ നിന്നും അസ്സമിലെ ഗുവാഹട്ടിയിലേക്ക് വിമാനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്ന് നാല് ബുള്ളറ്റ് ക്ലാസിക് ബൈക്കുകള്‍ വാടകയ്‌ക്കെടുത്തു. നേരത്തെ തന്നെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിരുന്നു. ലഗേജ് കെട്ടിവെയ്ക്കാനുള്ള സൗകര്യം കൂടി നോക്കിയാണ് ബൈക്കുകളുടെ എണ്ണം നാലാക്കിയത്. ഉച്ചക്ക് 12.30-ന് തുടങ്ങിയ യാത്ര രാത്രി ബോംഗായി ഗോണിലാണ് നിര്‍ത്തിയത്. രാവിലെ പശ്ചിമബംഗാള്‍ വഴി ജയ്‌ഗോണിലേക്കും അവിടെ നിന്ന് ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയായ പുന്‍ഷോലിനിലേക്കും തിരിച്ചു.

Bhutan

പുന്‍ഷോലിനിലെ എംബസി ഓഫീസില്‍ നിന്നാണ് ഭൂട്ടാനിലേക്കുള്ള പാസ് ലഭിക്കുക. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് നല്‍കി സൗജന്യമായി പാസ് കരസ്ഥമാക്കാം. വാഹനത്തിന് മാത്രം പണം നല്‍കി പെര്‍മിറ്റെടുക്കണം. ബൈക്കിന് ഒരു ദിവസത്തേക്ക് നൂറ് രൂപയാണ് ഈടാക്കുക. ഇന്ത്യന്‍ മൊബൈല്‍ സിമ്മുകള്‍ ഭൂട്ടാനില്‍ പ്രവര്‍ത്തിക്കില്ല. യാത്രാരേഖകള്‍ കാണിച്ച് രണ്ട് സിം കാര്‍ഡുകള്‍ അവിടെ നിന്ന് തന്നെ ഇവര്‍ സംഘടിപ്പിച്ചു. ' പാറോ 'യിലേക്കായിരുന്നു പിന്നീടുള്ള യാത്ര. രാത്രി ഹോട്ടലില്‍ തങ്ങി. ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണവും പച്ചക്കറി, മാംസ വിഭവങ്ങളുമെല്ലാം ഇവിടത്തെ ഹോട്ടലുകളില്‍ കിട്ടും. 

ടൈഗര്‍ നെസ്റ്റ്

ഭൂട്ടാനിലേക്ക് ബുദ്ധമതം എത്തിച്ചതെന്നു കരുതുന്ന ഗുരു റിംപോച്ചെ (ഗുരു പദ്മസംഭവ) ധ്യാനമിരുന്ന ഗുഹയാണ് പിന്നീട് മലമുകളിലെ ബുദ്ധക്ഷേത്രമായ ടൈഗര്‍ നെസ്റ്റായത്. പ്രാദേശിക നാമം തക്‌സാങ് എന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് പതിനായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പൗരാണിക ദേവാലയത്തിലേക്കെത്താന്‍ മൂന്നര മണിക്കൂറോളം മലകയറണം. കുന്നുകള്‍ കയറിയും ഇറങ്ങിയും അടുത്തെത്തുമ്പോള്‍ കടുവ മുഖമുള്ള മലയിലെ ക്ഷേത്രം കാണാനാകും. ഭൂട്ടാനില്‍ ബുദ്ധമതത്തിന്റെ ഉദയം മുതലുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഗൈഡ് കൂടെയുണ്ടായിരുന്നു. മലയിറങ്ങി ഹോട്ടലില്‍ ചെന്ന ശേഷം പിന്നെ നേരെ തിംബുവിലേക്ക് തിരിച്ചു. 

തിംബു

ഭൂട്ടാന്റെ തലസ്ഥാന നഗരിയാണ് തിംബു. തിംബുവിലെ നോര്‍ലെങ് ഹോട്ടലിലാണ് മുറിയെടുത്തത്. രാത്രിയില്‍ ഇവിടുത്തെ താപനില നാല് ഡിഗ്രിയായിരുന്നു. ബുദ്ധ പോയന്റാണ് ഇവിടുത്തെ മനോഹരമായ കഴ്ച. സ്വര്‍ണവര്‍ണത്തില്‍ മലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പദ്മാസനസ്ഥനായ ബുദ്ധന്‍. 167 അടി ഉയരമുള്ള പ്രതിമ ആ പരിസരത്തെവിടെ നിന്ന് നോക്കിയാലും കാണാനാകും. ക്ഷേത്രത്തിന്റെ ചുവരുകള്‍ക്കും ജാലകച്ചില്ലുകള്‍ക്ക് പോലും സ്വര്‍ണവര്‍ണമാണ്. 

പുനാക്കയിലെ ബുദ്ധക്ഷേത്രം

മലകളെ ചുറ്റിക്കയറി എത്തുന്ന മറ്റൊരു സ്ഥലമാണ് പുനാക്ക. രാവിലെ 11 മണി മുതലാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. ചുവരുകളില്‍ നിറയെ ചിത്രങ്ങളാണ്. എല്ലായിടത്തും ക്ഷേത്രങ്ങളിലേക്കുള്ള വഴികളില്‍ മന്ത്രങ്ങളെഴുതിയ ചെറിയ വര്‍ണക്കൊടികളുണ്ടാകും. ക്ഷേത്ര ചരിത്രത്തെക്കുറിച്ച് വിവരിക്കാന്‍ ബുദ്ധസന്യാസിമാര്‍ സന്തോഷത്തോടെ യാത്രക്കാര്‍ക്കൊപ്പം കൂടും. പരിസരത്ത് തന്നെ യാത്രക്കാരെ ആകര്‍ഷിക്കുന്ന ഒരു തൂക്കുപാലവുമുണ്ട്. 

Bhutan

ഡോചുല പാസ്

തിംബുവിനും പുനാക്കയ്ക്കും ഇടയിലുള്ള ചുരമാണ് ഡോചുല പാസ്. ചുരത്തിന് സമീപത്തെ മലമുകളില്‍ പല തട്ടുകളിലായി തീര്‍ത്ത ക്ഷേത്ര സ്തൂപങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം.  

Bhutan

Bhutan

ഭൂട്ടാനില്‍ പൂട്ട് വേണ്ട

' സോങ് ' (dzong|) എന്നുകൂടി പേരുള്ള ബുദ്ധക്ഷേത്രങ്ങളില്‍ കയറുമ്പോള്‍ കാമറയോ മറ്റ് സാധനങ്ങളോ കൈയില്‍ കരുതാന്‍ പാടില്ല. ഇവയൊക്കെ സൂക്ഷിക്കാന്‍ പുറത്ത് തുറന്നു കിടക്കുന്ന പെട്ടികളുണ്ട്. പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഹോട്ടലുകളില്‍ ധൈര്യമായി ഉറങ്ങാം. ഒന്നും നഷ്ടമാകില്ല. വീണു കിട്ടുന്ന സാധനങ്ങള്‍ അത് പഴ്‌സോ തിരിച്ചറിയല്‍ കാര്‍ഡോ ബാഗോ എന്തുമാകാം, അവ സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലമുണ്ട്. അതിര്‍ത്തിയായ പുന്‍ഷോലിനില്‍ ഇങ്ങനെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ മാത്രമൊരിടമുണ്ടെന്ന് ഷാജു പറഞ്ഞു. 

Bhutan

റോഡില്‍ ഹോണടിയില്ല

തെരുവിലൂടെ വണ്ടിയോടിക്കുമ്പോള്‍ എത്ര തിരക്കുണ്ടായാലും ഹോണടി കേള്‍ക്കില്ല. ആരും വണ്ടിയുമായി മറികടക്കുകയുമില്ല. ഹോണടിക്കേണ്ട സ്ഥലങ്ങളില്‍ പ്രത്യേകം ബോര്‍ഡ്് വെച്ചിട്ടുണ്ട്. അത് നിയമമാണ്. ജനങ്ങള്‍ അത് കൃത്യമായി പാലിക്കുന്നു. ആരെങ്കിലും ഇത് ലംഘിച്ചാല്‍ അവരെ കൈകാണിച്ച് നിര്‍ത്തി പോലീസ് നിയമബോധവത്കരണം നടത്തും. റോഡ് വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണ്. കാല്‍നടക്കാര്‍ക്ക് പ്രത്യേകം നടപ്പാതയുണ്ട്. റോഡില്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ നിര്‍ത്തിയിടാവൂ. കാറിനും ബൈക്കിനുമെല്ലാം പ്രത്യേകം സ്ഥലമുണ്ട്. പതിനഞ്ച് മിനിറ്റലധികം നിര്‍ത്തിയാല്‍ മാത്രം പാര്‍ക്കിങ് ഫീസ് നല്‍കണം. ഇവിടെയൊന്നും ഓട്ടോറിക്ഷകളില്ല. കാല്‍ നടയാത്രക്കാര്‍ കൈ കാണിച്ചാല്‍ കാറും ബൈക്കുമെല്ലാം നിര്‍ത്തും. പോകുന്ന വഴിയ്‌ക്കെവിടെ വേണമെങ്കിലും ഇറങ്ങാം. യാത്ര സൗജന്യമാണ്. 

Bhutan

ടൂറിസ്റ്റുകളോട് പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ളവരോട് ഏറെ ഇഷ്ടത്തോടെയാണ് ഭൂട്ടാന്‍കാര്‍ പെരുമാറുക. വാഹനങ്ങള്‍, ഇന്ധനം, മറ്റ് ഭൂരിഭാഗം അവശ്യ വസ്തുക്കളും എത്തുന്ന രാജ്യത്തിലെ ജനങ്ങളായതാകാം കാരണം. സ്ഥിരം വിനോദസഞ്ചാര മേഖലയിലെ ചൂഷണങ്ങളൊന്നും ഇവിടെയില്ല. ഇവിടെ നിര്‍മിക്കുന്ന തനത് കരകൗശല വസ്തുക്കള്‍ക്ക് അല്പം വിലക്കൂടുതലുണ്ടെന്നതൊഴിച്ചാല്‍ ഭൂട്ടാന്‍ സന്തോഷത്തിന്റെ നാട് തന്നെയാണെന്ന് ഷാജുവും കൂട്ടുകാരും പറയുന്നു.