സിനിമയില്‍ പാട്ടിനു ബാക്ക്ഗ്രൗണ്ട് ആയി വരാറുള്ള പിങ്ക് നിറമുള്ള പക്ഷികള്‍..  അതായിരുന്നു ഫ്‌ളെമിംഗോകളെ പറ്റിയുള്ള ആകെയുള്ള അറിവ്. ഈ ദേശാടന പക്ഷികള്‍ ഡിസംബര്‍ മാസമാവുമ്പോഴേക്കും ഇന്ത്യയിലെത്തും. പൂനെയുള്ള ബിഗ്വാന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ചെന്നാല്‍ അവയെ കാണാം എന്ന് കുറെ ദിവസങ്ങളായി രഞ്ജിത്ത് പറഞ്ഞു കൊണ്ടിരിക്കുന്നു.

Flamingos

അങ്ങനെ ജനുവരിയില്‍  ഞങ്ങള്‍ ഫ്‌ളെമിംഗോകളേയും തിരഞ്ഞിറങ്ങി. പൂനെയില്‍  നിന്ന്  കാറും  വാടകക്ക്  എടുത്തു  രാവിലെ 5 .15 നു പുറപ്പെട്ടു. 110 കി.മീ. യാത്രയുണ്ട് ബിഗ്വാന്‍ എത്താന്‍. ഗൂഗിള്‍  മാപ്പിന്റെ  സഹായത്തോടു കൂടി  പൂനെ - സോലപ്പൂർ ഹൈവേ ഹൈവേയിലൂടെ 100 കിലോമീറ്റര്‍  സ്പീഡില്‍ ആറേ നാല്‍പ്പത്തഞ്ചോടു കൂടി ബിഗ്വാന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ എത്തി. അവിടെ നിന്നും കുറെ കുഞ്ഞു വഴികളിലൂടെ മാപ്പിന്റെ വാക്കും കേട്ട് പോയിക്കൊണ്ടിരുന്നു. അവസാനം ഒരു വിജനമായ സ്ഥലത്ത് എത്തി..  റോഡുകള്‍ ഇല്ല..  ചുറ്റും വ്യാപിച്ചു കിടക്കുന്ന ഉണങ്ങിയതും ഇടയ്ക്കു മാത്രം പച്ചപ്പ് കാണാവുന്നതുമായ വേപ്പ് മരങ്ങള്‍...  ഉണങ്ങി പിടിച്ചു കിടക്കുന്ന സ്ഥലം.. മരച്ചില്ലയില്‍ നിറയെ പരുന്തുകള്‍.  ഇത്രയും പരുന്തുകളെ മുന്‍പ് ഒരുമിച്ചു കണ്ടിട്ടില്ല.

വഴി തെറ്റിയോ എന്നുള്ള ആലോചനയിലും  മുന്‍പേ പോയ വണ്ടിയുടെ അടയാളത്തിലൂടെ മുമ്പോട്ട്  പോയ്‌കൊണ്ടിരുന്നു.  മുന്‍പ് ബിഗ്വാനില്‍ പോയ രഞ്ജിത്തിന് ഏകദേശം ഉറപ്പായി കഴിഞ്ഞ തവണ വന്നത് ഈ വഴിയെ അല്ലാന്ന്. പക്ഷേ ഗൂഗിള്‍ പറഞ്ഞത് അച്ചട്ട് ആയിരുന്നു...  വണ്ടി നേരെ ഒരു പുഴയുടെ വക്കില്‍ ചെന്ന് നിന്നു. അവിടെയെങ്ങും ഒരു മനുഷ്യരുമില്ല. പൊടുന്നനെ  ഒരു ബൈക്കില്‍ രണ്ടു പേര്‍ ഞങ്ങളുടെ ഒപ്പം എത്തി.  വഴി ചോദിച്ചിട്ട് വരാം എന്ന് പറഞ്ഞ രഞ്ജിത്ത് വന്നത് ബോട്ടിങ്ങിന്റെ കാശും ഉറപ്പിച്ചോണ്ടായിരുന്നു. ആ വന്നവര്‍ ഗൈഡുകള്‍ ആയിരുന്നു. അന്നത്തെ ആദ്യത്തെ അതിഥികള്‍ ഞങ്ങളും. 800 രൂപക്ക് ഒന്നര മണിക്കൂര്‍ കറക്കം..  അതില്‍ പക്ഷികളെ എല്ലാം പറഞ്ഞും തരും.

Eagles

തണുപ്പ് കൊണ്ട് കൈകാലുകള്‍ അനങ്ങുന്നില്ല എന്നൊരു തോന്നല്‍. സംസാരിക്കുമ്പോള്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ഒക്കെ പുക പോകുന്നു. നടന്നു പുഴക്കരികില്‍  ചെന്നു. അപ്പോള്‍ തന്നെ മനസ് ഒന്ന് കുളിര്‍ത്തു. കൃഷ്ണ നദിയുടെ കൈവരിയായ് ഭീമ നദിക്കു കുറുകെ കെട്ടിയ ഉജ്ജയിനി ഡാമിന്റെ ഒരു ചെറിയ പ്രദേശത്താണ് മിനി ഭരത്പൂര്‍ എന്നും അറിയപ്പെടുന്ന ബിഗ്വാന്‍ സ്ഥിതി ചെയുന്നത്. ഇവിടെ ധാരാളം പക്ഷി നിരീക്ഷണ മുനമ്പുകള്‍ ഉണ്ടെങ്കിലും കാംബോര്‍ഗണും ഡിസ്‌കലും (Kumbhargaon and Diksal) ആണ് അറിയപ്പെടുന്ന രണ്ടു പോയിന്റുകള്‍. ഞങ്ങള്‍ ഡിസ്‌കലിന് അടുത്തുള്ള ഒരു സ്ഥലത്താണ് എത്തിയത്. കരയോട് ചേര്‍ന്ന് ചില പക്ഷികള്‍ ചേര്‍ന്ന് ഇര തേടുന്നു. നമ്മുടെ ഗൈഡ് സുഭാഷ് ബോട്ടുമായി വന്നു. യന്ത്ര ബോട്ട് വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞത് കൊണ്ട് തുഴഞ്ഞായിരുന്നു പോക്ക്. പിന്നീടുള്ള ഒന്നര മണിക്കൂര്‍ ആ കായലിനോട് അലിഞ്ഞു പോയിരുന്നു.

Boat

വിവിധ തരത്തിലുള്ള പക്ഷികള്‍ക്കൊപ്പം മഞ്ഞു കാലത്ത് വിരുന്നു വരുന്ന ഫ്‌ളെമിംഗോകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. നീളന്‍ കാലുകള്‍, നീണ്ട കഴുത്ത്, വെള്ളയും തീ നാളത്തിന്റെയും നിറമുള്ള ശരീരം, കൂട്ടമായ ജീവിത രീതി,  എല്ലാം കൂടി ഒരു കിടുക്കാച്ചി പക്ഷി.... ഈയിടെ  കേരളത്തിലും വിരുന്നു വന്നിരുന്നു ഈ സുന്ദര പക്ഷികള്‍.

Flamingos 2

വഞ്ചി തുഴഞ്ഞു നീങ്ങുതോറും വിവിധങ്ങളായ പക്ഷികളെ കാണാന്‍ തുടങ്ങി. ഓരോ പക്ഷിക്കടുത്തെത്തുമ്പോളും സുഭാഷ് പേര് പറഞ്ഞു തരും. കുഞ്ഞു കിളികള്‍ തൊട്ട് കൂറ്റന്‍ കൊക്കുകള്‍ വരെ. പേര് ഒറ്റയടിക്ക് പറഞ്ഞു തന്നു കൊണ്ട് സുഭാഷ് എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ചുറ്റിനും പച്ചപ്പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന പ്രദേശം. കാണാന്‍ നല്ല രസം. ഈ തണുപ്പ് കാലാവസ്ഥയും കായലും ആണ് ഫ്‌ളെമിംഗോകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഓരോ പക്ഷി വരുമ്പോളും സുഭാഷ്  പേര് പറഞ്ഞു തരുന്നത് കേട്ട് അതിന്റെ ഫോട്ടോ എടുക്കാന്‍ നോക്കുന്ന വൈല്‍ഡ് ലൈഫ്  ഫോട്ടോഗ്രാഫര്‍ അല്ലാത്ത രഞ്ജിത്ത്. മാത്രമല്ല നമ്മുടെ കയ്യില്‍ മൊബൈല്‍ ക്യാമറ മാത്രമേ ഉള്ളു.. അതില്‍ ദൂരെയുള്ള പക്ഷികളുടെ നല്ല പടങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഒരു കൂട്ടുകാരന്‍ ( നിജിന്‍ അശോക് ) എടുത്ത ചിത്രങ്ങളാണ് ഇവിടെ  കൊടുത്തിരിക്കുന്നത്.

Birds 1

ഇവറ്റകളുടെ ഫോട്ടോ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഞാന്‍ പക്ഷിക്കൂട്ടങ്ങളെ നോക്കുന്നതില്‍ മാത്രം ശ്രദ്ധ വച്ചു. വെള്ളത്തില്‍ നിറയെ പുള്ളിച്ചുണ്ടന്‍ താറാവ് എന്ന് വിളിക്കുന്ന Indian spot-billed duck. ദൂരെ ചിറകു വിടര്‍ത്തി നില്കുന്ന ഭീമാകാരനായ ചാരമുണ്ടി കൊക്കുകള്‍ എന്ന Grey Heron. കറുപ്പ് നിറത്തിലുള്ള നീര്‍കാക്കകള്‍ Indian Cormorant. വിവിധങ്ങളായ കൊക്കുകള്‍, പരുന്തുകള്‍, ഗോഡ്വിറ്റുകള്‍, തുടങ്ങി പേര് കേട്ടാല്‍ മനസിലാവാത്ത കുറേയിനം പക്ഷികള്‍...

Birds 2

ഇടക്ക് മീന്‍ കൊത്താനായി വെള്ളത്തില്‍ താഴ്ന്നിറങ്ങുന്ന പക്ഷികളെ കാണുമ്പോള്‍ സുഭാഷ് പേര് പറഞ്ഞു തന്നു കൊണ്ടേ ഇരുന്നു. അങ്ങ് ദൂരെ കൂട്ടമായി നടന്നു നീങ്ങുന്ന ഫ്‌ളെമിംഗോകളെ അത്യാവശ്യം നന്നായി കണ്ടു തുടങ്ങി. കൂട്ടം കൂട്ടമായി ഇരിക്കുകയും പറക്കുകയും ചെയുന്ന ദേശാടന കിളികള്‍. സുഭാഷ് പറഞ്ഞു തുടങ്ങി... സൈബീരിയയില്‍ നിന്നു വന്നതാണിവ...  കൂട്ടമായേ ഇരിക്കു...  ' നോക്കു ആ കൂട്ടം ഇപ്പൊ പറക്കും ' ...  സുഭാഷ് പറഞ്ഞു തീര്‍ന്നതും അവ പറന്നു..  ഒരു നേതാവിന്റെ പുറകെ ബാക്കിയെല്ലാം അണിനിരന്നു...  ഓരോ അഞ്ചു മിനിറ്റിലും നേതാവ് മാറുമത്രേ...  ഹാ...  ഓരോ പ്രത്യേക രൂപത്തില്‍ പറക്കുന്ന ഫ്‌ളെമിംഗോകള്‍ ശരിക്കും ഒരു അതിശയം തന്നെ ആയിരുന്നു...  നീണ്ടകഴുത്തുകള്‍ പൊങ്ങി പറന്നാലും നന്നായി കാണാം...

Flamingos

അതാ സൂര്യന്റെ ചുവന്ന ശരീരം കണ്ടു തുടങ്ങി..  അതൊരു ഗംഭിര കാഴ്ചയായിരുന്നു...  അതിനു ഇപ്പുറം ഫ്‌ളെമിംഗോകള്‍ നൃത്തച്ചുവടുകള്‍ വച്ച് നീങ്ങുന്നു ...  സൂര്യന്റെ കിരണങ്ങള്‍ പുഴയെ ചുവപ്പിക്കാന്‍ തുടങ്ങി..... അപ്പോളേക്കും നമ്മള്‍ പക്ഷിക്കൂട്ടങ്ങളുടെ അടുത്തെത്തി...  അത്രയേ പോവാന്‍ പറ്റൂ..  ഇനി ചെന്നാല്‍ അവ പറന്നു പോകും..  ഫോട്ടോ എടുത്തോളൂ..  സുഭാഷ് പറഞ്ഞു...  ചന്നം പിന്നം ഫ്‌ളെമിംഗോകളുടേയും അവിടെ കണ്ട പക്ഷിക്കൂട്ടങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്തി...  സൂര്യന്‍ കുറച്ചു കൂടി മുകളിലേക്ക് എത്തി..  സൂര്യന് മുന്നില്‍ നില്‍ക്കുന്ന ഫ്‌ളെമിംഗോകളുടെ മൊഞ്ച് കൂടിക്കൂടി വന്നു.

Flamingos 3

ഞങ്ങളുടെ ഫോണുകള്‍ ആവുന്ന വിധത്തില്‍ ഫോട്ടോകള്‍  എടുത്തു. തലക്ക് മുകളിലൂടെയെല്ലാം ഫ്‌ളെമിംഗോകള്‍ കൂട്ടങ്ങള്‍ പറന്നു കൊണ്ടിരുന്നു....  ദൂരെ നിന്നും ഓരോ കൂട്ടങ്ങളായി അവറ്റകള്‍ വന്നു കൊണ്ടിരിക്കുന്നു....  ഫെബ്രുവരി അവസാനം വരെ ഉണ്ടാവുമത്രേ ഇവിടെ...  കഴിഞ്ഞ ആഴ്ച 20000 എണ്ണം വരെ ഉണ്ടായിരുന്നു ഇവിടെ. വെള്ളം പാടത്തേക്ക് തുറന്നു വിട്ടപ്പോള്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതുകൊണ്ട് എല്ലാം പോയി. സുഭാഷ് തള്ളിയതാണോ എന്നറിയില്ലെങ്കിലും 20000 ഫ്‌ളെമിംഗോകള്‍ ഇവിടെ നിക്കുന്ന ചിത്രം അവിടെ ഇരുന്നു ഞാന്‍ സങ്കല്പിച്ചു. ശ്ശെ കഴിഞ്ഞ ആഴ്ച വരേണ്ടതായിരുന്നു.

Flamingos 4

ഒരിനം ആല്‍ഗകള്‍ കഴിക്കുന്നത് കൊണ്ടാണത്രേ ഫ്‌ളെമിംഗോകള്‍ക്ക് ഈ പിങ്ക് നിറം വരുന്നത്. കുഞ്ഞു ഫ്‌ളെമിംഗോകള്‍ക്ക് ചാരനിറമാണ് ഉള്ളത് .. കുഞ്ഞുങ്ങളെ സംരക്ഷിച്ചു കൊണ്ട് വലിയ പക്ഷികള്‍ എപ്പോളും കൂടെ ഉണ്ട്. അതിനിടക്ക് ഒരു കൂട്ടം കുഞ്ഞി പക്ഷികള്‍ പറന്നു വന്നു. ഒരെണ്ണം  മീന്‍ കൊത്തികൊണ്ട് ഒരൊറ്റ പോക്ക. അതിന്റെ ഒപ്പം ബഹളം വച്ച് കൊണ്ട് ആ കൂട്ടം പറന്നു പോയി. ഒരു ഫോട്ടോക്ക് പോലും നിന്നു തന്നില്ല. എന്നാലും രഞ്ജിത്ത് ഫോട്ടോകള്‍ എടുത്തോണ്ട് നിന്നു. ഇത് കണ്ടു സുഭാഷ് എടുത്ത ഫോട്ടോസ് ഞങ്ങളെ കാണിച്ചു തന്നു...  എല്ലാം നല്ല കിടിലന്‍ ഫോട്ടോകള്‍.. സൂര്യന്‍ അത്യാവശ്യം മുകളില്‍ എത്തി... ബോട്ട് തിരിച്ചു തുടങ്ങിയെങ്കിലും ഓരോ പക്ഷിയെ കാണുമ്പോളും സുഭാഷ് പേര് പറഞ്ഞു കൊണ്ടിരുന്നു... ആ പേരുകള്‍ എല്ലാം എഴുതി വച്ച് തിരിച്ചു വരുന്ന വഴിക്ക് ഗൂഗിള്‍ ചെയ്തു പഠിച്ചാണ് ഇവറ്റകളുടെ പേരുകള്‍ ഒന്ന് വശത്തായത് ..

Birds 3

http://www.birdsofbhigwan.com/

ഈ വെബ്സൈറ്റില്‍ ബിഗ്വാനിലെ പക്ഷികളെ പറ്റി നന്നായി പറയുന്നുണ്ട്. നേരം നന്നായി വെളുത്തു. തെര്‍മോക്കോള്‍ വഞ്ചികളില്‍ ചേച്ചിമാര്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നു. ഒരാള്‍ക്കു ഇരിക്കാന്‍ പറ്റിയ  വഞ്ചിയിലിരുന്നു അവര്‍ മീന്‍ പിടിക്കുന്നത് ഞാന്‍ അതിശയത്തോടെ നോക്കിയിരുന്നു. പെണ്‍കരുത്തുകള്‍. നേരം വെളുത്തു തുടങ്ങിയതോടെ ധാരാളം ആള്‍ക്കാര്‍ എത്തി തുടങ്ങി. ബോട്ടിനു തിരക്കായും തുടങ്ങി. ഇവിടെ വരുമ്പോള്‍ സൂര്യോദയം നഷ്ടപ്പെടുത്തരുത്. സൂര്യന്റെ ചുവ്വന്ന രശ്മികളും വെള്ളത്തിന്റെ ചുവപ്പും.... അതിലൂടെ പറന്നുല്ലസിക്കുന്ന പക്ഷിക്കൂട്ടങ്ങളും  കണ്ണിനു നല്ലൊരു കാഴ്ച സമ്മാനിക്കും. ഓരോ വര്‍ഷവും ഫ്‌ളെമിംഗോകളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് പ്രദേശവാസി കൂടെയായ സുഭാഷ് പറയുന്നത്... കുറഞ്ഞില്ലെങ്കിലേ അതിശയിക്കാനുള്ളു ... ഈ കൊച്ചു ഗ്രാമം ഇങ്ങനെ തന്നെ നില്കട്ടെ എന്ന് ആശിച്ചു പോവുന്നു...  ഓരോ വര്‍ഷവും വിരുന്നു വരുന്ന സുന്ദരന്മാരായ പക്ഷികള്‍ക്കായി..  പിന്നെ അവയെ സ്വീരിക്കാന്‍ കാത്തു നില്‍ക്കുന്ന ബിഗവാന്റെ സ്വന്തം പക്ഷികള്‍ക്കായും...

Birds 3

ഇവിടേയ്ക്ക് വരുന്നവര്‍ സൂര്യോദയത്തിനു മുന്നേ എത്താന്‍ ശ്രമിക്കുക. ബഹളം വയ്ക്കാതെ മെല്ലെ ചെന്ന് പക്ഷികളെ നിരീക്ഷിക്കുക. കഴിയുമെങ്കില്‍ മോട്ടോര്‍ ബോട്ട് തിരഞ്ഞെടുക്കാതെയും ശ്രദ്ധിക്കുക. 
ബിഗ്വാനില്‍  നിന്ന്  പൂനെക്ക്  പോകുന്ന വഴിയേ മയൂരേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലും കേറാം. ഏക്കറുകളോളം പരന്നു കിടക്കുന്ന കാടിനുള്ളില്‍ (മൊത്തം വേപ്പിന്‍ മരങ്ങളും പിന്നെ കുറെ ഉണങ്ങിയ പുല്ലുകളും) മാന്‍ കൂട്ടങ്ങളെ കാണാം എന്ന പ്രതീക്ഷയില്‍ ഫോറസ്റ്റോഫീസില്‍ നിന്ന് ടിക്കറ്റ് എടുത്തു കാടിനുള്ളില്‍ കയറി. വണ്ടി ഓടിക്കാം എന്നതാണ് ആകെ ഒരാശ്വാസം. പരന്നങ്ങനെ കിടക്കുകയാണ് ഈ വരണ്ടുണങ്ങിയ പ്രദേശം. വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണമാവണം മരങ്ങളെല്ലാം ഉണങ്ങി നില്‍ക്കുന്നു. അങ്ങിങ്ങു കുറച്ചു മാനുകളെ കണ്ടതല്ലാതെ ഞങ്ങള്‍ക്ക് കൂട്ടങ്ങളെ ഒന്നും കാണാന്‍ പറ്റിയില്ല. എന്നാലും വിജനമായ പ്രദേശത്തുകൂടി ഉള്ള ഡ്രൈവിംഗ് നല്ല രസമായിരുന്നു. ആ സമയത്തു അവിടെ എത്തിയത് ഞങ്ങള്‍ മാത്രമായിരുന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങള്‍ തിരിച്ചു.

Flamingos 4

പോകുന്ന വഴിയേ എല്ലാം മഹാരാഷ്ട്രയുടെ മുഖമുദ്രയായ കരിമ്പു പാടങ്ങള്‍... അവിടെ നിന്നും നല്ല കരിമ്പു ജൂസും കുടിച്ചു. സ്വയം മറന്ന ഒരു പ്രഭാതം സമ്മാനിച്ച ചിത്രങ്ങള്‍ കണ്ണില്‍ നിന്ന് എടുത്ത് മനസ്സില്‍ വച്ച് പൂനയിലേക്കു തിരിച്ചു  പിടിച്ചു. അടുത്ത വര്‍ഷവും വരും... നൃത്തം ചെയ്യുന്ന താളത്തില്‍ നടക്കുന്ന തീനാളത്തിന്റെ നിറമുള്ള പക്ഷികളെ കാണാന്‍....

Content Highlights: Bharathpur Travel, Flamingo Birds, Women Travel