പാറി വീഴുന്ന മഴത്തുള്ളികള്‍ പറ്റിപ്പിടിച്ച ചില്ല് ജനാലകളിലൂടെ, മഴ മേഘങ്ങള്‍ ഇറങ്ങി വരുന്ന, തടാകക്കരയിലെ പച്ച പുതച്ച ഗ്രാമങ്ങള്‍ കാണാറായി. ചെങ്കുത്തായ മലഞ്ചെരുവുകള്‍ തടാകങ്ങളോട് ഉരുമ്മി നില്‍ക്കുന്നു. ചാരനിരമാര്‍ന്ന ആകാശം തണുപ്പില്‍ ഉറച്ച് പോയ തടാകത്തില്‍ കണ്ണാടി നോക്കുന്ന കാഴ്ച്ച. മലമടക്കുകളിലും താഴ്‌വാരങ്ങളിലുമായി വിവിധ നിറത്തിലുള്ള, മരം കൊണ്ട് തീര്‍ത്ത ചെറു വീടുകള്‍ ചിന്നിചിതറി കിടക്കുന്നത് പല കാല്പനിക രൂപഭംഗിയുടെയും ഓര്‍മ്മയുണര്‍ത്തി. ട്രെയിന്‍ ഹാന്‍ഫോസിനെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയായിരുന്നു...

Bergen Norway

ശൈത്യകാലത്തിന്റെ മഞ്ഞു തൊപ്പി നീങ്ങിയ താഴ്‌വാരങ്ങള്‍ പതിയെ പച്ച പുതച്ച് വരുന്നു. കൃഷിയിടങ്ങള്‍ ഉഴുത് മറിച്ചു കഴിഞ്ഞു. നോര്‍വേയില്‍ വര്‍ഷത്തില്‍ ചുരുങ്ങിയ സമയമേ കൃഷി ചെയ്യാന്‍ സാധിക്കു. സൂര്യപ്രകാശം തീര്‍ന്ന് പോകാത്ത ശരത്കാല ദിനങ്ങളിലെ കൃഷി നടക്കൂ. ഒരു ആഴ്ചകൂടി കഴിഞ്ഞാണ് യാത്ര നടത്തിയിരുന്നത് എങ്കില്‍, ഈ താഴ്‌വാരങ്ങള്‍ക്ക് കൂടുതല്‍ പച്ച നിറം കൈ വന്നേനേ എന്നു തോന്നി.

റെയില്‍വേ ലെയിനിനു സമാന്തരമായി, റോഡുകള്‍ വന്നു പോയ്‌ക്കോണ്ടിരുന്നു. പലപ്പോഴും അവ ട്രെയിനിനൊപ്പം, മലയുടെ പള്ളയിലേക്ക് തുരങ്കങ്ങളിലൂടെ ഓടിക്കയറുകയും പുറത്തിറങ്ങി വരികയും ചെയ്തു.

'നിങ്ങള്‍, ഈ നാട്ടുകാരന്‍ ആണോ?' ഒരു സംഭാഷണം ആരംഭിച്ചു. 'ഞാന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റാണ്. നിങ്ങള്‍ എന്ത് ചെയ്യുന്നു?' അവള്‍, ചിന്തയില്‍ മുഴുകുന്നത് ഞാന്‍ ശ്രദ്ധിച്ചു. വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ നന്നേ ബുദ്ധിമുട്ടുന്നതായി തോന്നി. ഒരുപാട് നേരത്തെ ആലോചനയ്ക്കു ശേഷം പറഞ്ഞു. 'ഞാന്‍ ടീച്ചറാണ്. കുട്ടികളെ പഠിപ്പിക്കുന്നു. എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല.' അവള്‍ അത് പറഞ്ഞു കഴിഞ്ഞപ്പോള്‍, മുഴുവന്‍ വിടരാത്ത ആ കണ്ണുകളില്‍ കാര്യം പറഞ്ഞൊപ്പിക്കാന്‍ സാധിച്ചതിലെ ആശ്വാസം തെളിഞ്ഞു.

Bergen Norway

ജിമിന്‍ മൂണ്‍, കൊറിയക്കാരി ആണ്. നോര്‍വേയുടെ പ്രകൃതി ഭംഗിയിലേക്ക് ആഴ്ന്നിറങ്ങി അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ വന്ന ഒരു പെണ്‍കൊടി. 21 ദിവസമായി അവള്‍ ഈ പറുദീസയില്‍ ചിലവഴിക്കുകയാണ്.

സംസാരം അധികം ദീര്‍ഘിപ്പിച്ചില്ല. ഇംഗ്ലീഷിലെ പ്രാവീണ്യക്കുറവ്, അവളെ ജാപ്പനീസ് അക്ഷരങ്ങളില്‍ എഴുതിയ ഒരു പുസ്തകത്തിലേക്കും, എന്നെ പുറത്തെ കാഴ്ചകളിലേക്കും ഗതി തിരിച്ചു. ഞാന്‍ ട്രെയിനിലൂടെ നടന്നു. മനോഹരമായ കംപാര്‍ട്ട്‌മെന്റുകള്‍. ചുവന്ന നിറത്തിലുള്ള ഇന്റീരിയര്‍ ആകര്‍ഷകമാണ്. അടുത്ത സ്റ്റോപ്പും വേഗവും റെസ്റ്റ്‌റൂം അവെയ്‌ലബിലിറ്റിയും ഒക്കെ കാണിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകള്‍. 

Bergen Norway

ഇടക്ക് ഒരു കമ്പാര്‍ട്ട്‌മെന്റില്‍ കഫെറ്റേരിയയും സുന്ദരിയായ ഒരു വെയിറ്റ്‌റെസും ഉണ്ട്. എട്ട് ബോഗികളിലായി നീണ്ട് കിടന്ന ട്രെയിനിലെ ആളുകള്‍ അധികവും ടൂറിസ്റ്റുകള്‍ ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഈ ട്രെയിന്‍ റൂട്ട്, ലോക സഞ്ചാരികളുടെ ബക്കറ്റ്‌ലിസ്റ്റില്‍ ഏറ്റവും ആദ്യമുള്ള യാത്രകളില്‍ ഒന്നാണ്.

നോര്‍വെയിലെ ഏറ്റവും വലിയ നഗരങ്ങളായ ഓസ്ലോയെയും ബെര്‍ഗനെയും റെയില്‍ വഴി ബന്ധിപ്പിക്കുക എന്ന ആശയമുദിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ഓസ്ലോ നഗരം, നോര്‍വേയുടെ തെക്ക് കിഴക്കും ബെര്‍ഗന്‍, കുറച്ച് വടക്കുമാറി പടിഞ്ഞാറന്‍ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. 

Bergen Norway

തലസ്ഥാനമായ ഓസ്ലോ കഴിഞ്ഞാല്‍ നോര്‍വെയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരമാണ് ബെര്‍ഗന്‍. ഈ ആശയം ദീര്‍ഘവീക്ഷണത്തോടെയുള്ള ഒന്നായിരുന്നെങ്കിലും റെയില്‍റോഡ് എഞ്ചിനീയര്‍മാരെ വെല്ലുവിളിച്ച് വന്യവും ഗൂഢവും പര്‍വ്വതനിരകള്‍ നിറഞ്ഞതുമായ പ്രകൃതി കിഴക്കുമുതല്‍ പടിഞ്ഞാറ് വരെ നീണ്ട് കിടന്നു. റെയില്‍ റോഡ് കടന്ന് പോകുന്നത് ജൈവവൈവിധ്യം നിറഞ്ഞ ഹാഡെങ്കര്‍വിദ നാഷണല്‍ പാര്‍ക്കിലൂടെയാണ്.

Bergen Norway

ബര്‍ഗെനില്‍ നിന്ന് വോസ് വരെയുള്ള നാരോഗേജ് ഘട്ടമാണ് ആദ്യം നിര്‍മിച്ചത്. എട്ടു വര്‍ഷം കൊണ്ട് ആ പണി പൂര്‍ത്തിയാക്കുകയും പിന്നീട് അതിനെ ഹാന്‍ഫോസുമായി ബന്ധിപ്പിക്കുകയുമാണുണ്ടായത്. വോസ്സില്‍ നിന്ന് ഹാന്‍ഫോസ്സിലെക്കുള്ള ദൂരം വെല്ലുവിളി നിറഞ്ഞതായിരുന്നു. ചെങ്കുത്തായ പര്‍വ്വതനിരകള്‍ക്കും അഗാധമായ താഴ്‌വാരങ്ങള്‍ക്കും ഇടയിലൂടെ റെയില്‍പാത നിര്‍മിക്കുക എന്നതുതന്നെ കാരണം. 

Bergen Norway

നോര്‍വേയുടെ ശൈത്യകാലം ഇരുമ്പ്പാളങ്ങളെ ചുരുക്കുകയും വേനല്‍ക്കാലം അവയെ ചൂടുപിടിപ്പിക്കുകയും മഞ്ഞുകാലത്ത് ശക്തമായ ഹിമപാതം നേരിടുകയും ഒക്കെ ചെയ്യുമെന്നത് ആ ജോലി കഠിനമാക്കി. ഈ പാതയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം, സമുദ്രനിരപ്പില്‍ നിന്ന് 1237 മീറ്ററില്‍ സ്ഥിതി ചെയ്യുന്നു, ട്രെയിന്‍ കടന്ന് പോകുന്ന വഴി ഒരു സ്റ്റേഷന്റെ നെയിം ബോര്‍ഡില്‍ അത് എഴുതി വച്ചിരിക്കുന്നത് കാണാം.

ഹാന്‍ഫോസില്‍ എത്തിയ ട്രെയിന്‍ 10 മിനിറ്റ് നിര്‍ത്തി. ഞാനും എന്റെ സുഹൃത്ത് അനൂപേട്ടനും പുറത്തിറങ്ങി. അദ്ദേഹമാണ് ഈ യാത്രക്ക് എന്നേയും ക്ഷണിച്ചത്. ഹാന്‍ഫോസ് സ്റ്റേഷന്‍ വിജനമായിരുന്നു. ബെര്‍ഗന്‍ ലെയിന്‍ സിംഗിള്‍ ട്രാക്ക് ആയതുകൊണ്ട്, എതിരെ വരുന്ന ട്രെയിന്‍ കടന്ന് പോകാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നു.

Bergen Norway

ഹാന്‍ഫോസില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിന്‍ സാവധാനം മലകയറ്റം ആരംഭിച്ചു. എണ്ണമറ്റ ടണലുകളും ചെറുപാലങ്ങളും നിറഞ്ഞതാണ് പാത. ഇരുവശങ്ങളിലും ആകാശത്തുനിന്ന് വന്നിറങ്ങുന്ന ഗ്രാമഭംഗി. 

അവിചാരിതമായാണ് 'ഏലി സ്‌ട്രോസിനെ' പരിചയപ്പെട്ടത്. അന്‍പതിനോടടുത്ത് പ്രായം വരുന്ന അവര്‍ സാധാരണ നോര്‍വീജിയന്‍സില്‍ നിന്നും വ്യത്യസ്തയായിരുന്നു. വളരെയധികം ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന ഒരു സ്‌കൂള്‍ ടീച്ചര്‍. അവര്‍ സ്‌കൂളില്‍ കണക്ക് പഠിപ്പിക്കുന്നതിനൊപ്പം ഹെല്‍ത്തി ന്യൂട്രീഷനും പാചകവും പഠിപ്പിക്കുന്നു. ഇവിടുത്തെ സ്‌കൂളുകളില്‍ കുട്ടികളെ മത്സരിക്കാനല്ല, സ്വയം പര്യാപ്തമാക്കാനാണ് ശ്രമിക്കുന്നത്.

Bergen Norway

ജങ്ക്ഫുഡ് സംസ്‌കാരത്തില്‍ കടുത്ത ആശങ്കയുള്ള ആ സ്ത്രീ, മൂന്നു ദിവസം നീളുന്ന ക്രോസ് കണ്‍ട്രി സ്‌കീയിങ്ങിനു വേണ്ടിയാണ് പോകുന്നത്. ഫിന്‍സെ എന്ന മഞ്ഞ് മൂടിയ പര്‍വ്വതാഗ്രത്തിലെ സ്റ്റേഷനില്‍ നിന്ന് യാത്രയാരംഭിച്ച് രണ്ടു ദിവസംകൊണ്ട് 60 കിലോമീറ്ററോളം മഞ്ഞ് മലകളിലൂടെ സ്‌കീ ചെയ്യുകയാണ് ലക്ഷ്യം. ട്രെയിനിന്‍ യാത്രികരില്‍ നിരവധി പേര്‍ സ്‌കീ ചെയ്യാന്‍ വേണ്ടി ഫിന്‍സെയിലേക്ക് പോകുന്നവരായിരുന്നു.

ഇരുഭാഗത്തും കാഴ്ചകള്‍ക്ക് കുറവുണ്ടായിരുന്നില്ല. സീറ്റില്‍ ഇരുന്നാല്‍ ഒരു വശം മാത്രമേ കാണാന്‍ സാധിക്കൂ എന്നതുകൊണ്ട്, അടഞ്ഞുകിടന്ന ചില്ലുജാലകമുള്ള എക്‌സിറ്റ് ഡോറിനടുത്തായിരുന്നു ഞാന്‍ നിന്നത്.

Bergen Norway

നീലത്തടാകങ്ങള്‍ക്കും സ്‌കാന്‍ഡിനേവിയന്‍ ഗ്രാമങ്ങള്‍ക്കും ഇടയിലൂടെ ട്രെയിന്‍ നീങ്ങി. എല്ലാ ജനാലകളിലും ക്യാമറകള്‍ തിങ്ങിനിറഞ്ഞിരുന്നു. കാഴ്ചകളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് എല്ലാവരും നിശബ്ദരായി ഇരുന്നു.

മഞ്ഞണിഞ്ഞ പര്‍വ്വതരേഖകളിലും താഴെ ഒഴുകുന്ന നദിക്കരയിലും പച്ചപുതച്ച താഴ് വാരങ്ങളിലും കണ്ണുനട്ടിരിക്കുമ്പോള്‍ എപ്പോഴോ ഉറക്കം കയറി വന്നത് ഞാന്‍ അറിഞ്ഞില്ല. ഇത്രയും മനോഹരമായ കാഴ്ചകളില്‍ മോഹാലസ്യപ്പെട്ട് പോയതാണോ എന്നു പിന്നീട് ഞാന്‍ ചിന്തിച്ചു.

Bergen Norway

10 മിനിറ്റിന് ശേഷം കണ്ണ് തുറന്നപ്പോഴേക്കും കാഴ്ചകള്‍ മാറി മറിഞ്ഞിരുന്നു. ഉറക്കം എന്നെ ഏതോ സ്ഥലകാല മാനങ്ങള്‍ക്കപ്പുറത്തേയ്ക്ക് എത്തിച്ച പോലെ അനുഭവപ്പെട്ടു. നദികളും തടാകങ്ങളും അപ്രത്യക്ഷമായിരുന്നു. ട്രെയിന്‍ ഓടിക്കൊണ്ടിരുന്നത് ഏതോ ധ്രുവപ്രദേശത്ത് കൂടിയാണെന്ന് തോന്നി. പ്രകൃതി  പൂര്‍ണമായും മാറിയിരുന്നു.  നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഹിമസാഗരം മാത്രം.

ഞങ്ങള്‍ പാതി വഴിയില്‍ മിര്‍ദാല്‍ എന്ന സ്റ്റേഷനില്‍ ഇറങ്ങി. അവിടെ നിന്ന് വേറൊരു ട്രെയിന്‍ യാത്ര ആരംഭിക്കുകയാണ്. ഈ ട്രെയിന്‍ ബെര്‍ഗനിലെക്കുള്ളതാണെങ്കിലും ഞങ്ങള്‍ മിര്‍ദാലില്‍ നിന്ന് ഫ്‌ലാം വില്ലേജിലേക്കുള്ള മൗണ്ടെന്‍ ട്രെയിനിലാണ് പോകുന്നത്. ഫ്‌ലാം വില്ലേജ് ലോകപ്രശസ്തമാകുന്നത് തന്നെ, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ റെയില്‍റൂട്ട് കാരണമാണ്. മഞ്ഞുമലകളിലൂടെ ആയിരത്തോളം മീറ്റര്‍ താഴേക്കിറങ്ങുന്ന ട്രെയിന്‍, ഫ്‌ലാം എന്ന അതിമനോഹരമായ നോര്‍വീജിയന്‍ ഗ്രാമത്തിലെത്തും.

Bergen Norway

പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കോച്ചുകള്‍. എല്ലാവരും ടൂറിസ്റ്റുകളാണ്. ഫ്‌ലാം റെയില്‍  നിര്‍മിക്കുന്നതും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്. ഒറ്റപ്പെട്ട് കിടക്കുന്ന ഫ്‌ലാം വില്ലേജിനെ ബെര്‍ഗന്‍ ഓസ്ലോ റെയില്‍ റൂട്ടുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ചെങ്കുത്തായ മലനിരകളിലൂടെ മൂന്നാം റെയില്‍ ഇല്ലാതെ ഓടുന്ന ഈ ട്രെയിന്‍ ഒരു എന്‍ജിനീയറിംഗ് വിസ്മയമാണ്. ഒരുപാട് തവണ ശുപാര്‍ശ ചെയ്യുകയും തള്ളിപ്പോവുകയും ചെയ്ത ഈ റെയില്‍ പാത, ആദ്യം റോഡായും പിന്നീട് റെയിലായും പരിണമിച്ചതാണ്. 866 മീറ്റര്‍ ഉയരത്തില്‍ നിന്ന് രണ്ടു മീറ്റര്‍ ഉയരത്തിലേക്ക്  ഇറങ്ങുന്ന ഈ റെയിലിന്റെ മാക്‌സിമം ഗ്രെഡിയന്റ് 5.5 ശതമാനമാണ് (ചെരിവ് ).

Bergen Norway

മഞ്ഞു പുതച്ച മിര്‍ദാലില്‍ നിന്ന് ട്രെയിന്‍ സാവധാനം ചുരമിറങ്ങാന്‍ തുടങ്ങി. ചെങ്കുത്തായ പര്‍വതത്തിന്റെ ചെരിവിലൂടെയുള്ള യാത്ര ഒരു വിസ്മയമാണ്. വളരെ പതുക്കെയാണ് ട്രെയിന്‍ യാത്ര. അന്‍പത് മിനിറ്റ് സമയം കൊണ്ടാണ് ഈ ട്രെയിന്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ച് ഫ്‌ലാം വില്ലേജില്‍ എത്തുക. ഇടയ്ക്ക് നിരവധി തുരങ്കങ്ങള്‍ വന്നുംകടന്നും പോയി. ഒരു ടണലിന്റെ തുടക്കത്തിലായി വണ്ടി നിന്നു. 

Bergen Norway

ഞങ്ങള്‍ പുറത്തിറങ്ങി. മഞ്ഞില്‍ ഉറച്ചുപോയ ഒരു വെള്ളച്ചാട്ടം അതിന്റെ പശ്ചാത്തലത്തില്‍, താഴേക്ക് നീണ്ടുപോകുന്ന മലനിരകള്‍. അവിടെയിവിടെ പച്ചപ്പ് കാണാം. ട്രെയിനില്‍ വലിയ എല്‍.സി.ഡി. ഡിസ്‌പ്ലേ ഉണ്ട്. അതില്‍ ഈ റെയില്‍വേ ലൈനിന്റെ വിശേഷങ്ങള്‍ അറിയാം. നോര്‍വീജിയനിലും ഇംഗ്ലീഷിലും പുറമേ ചൈനീസിലും അറിയിപ്പ് വന്നിരുന്നു. നോര്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുന്ന വിദേശ സഞ്ചാരികള്‍ ചൈനക്കാരാണെന്നു തോന്നി.

Bergen Norway

180 ഡിഗ്രി വളവുള്ള ഒരു ടണലിലൂടെ ട്രെയിന്‍ കടന്നുപോയി. അതിലൂടെ ദിശ തിരിഞ്ഞാല്‍, അങ്ങ് മലമുകളില്‍ നിന്നും താഴേക്ക് ട്രെയിന്‍ ഇറങ്ങി വന്ന വഴി കാണാം. ഇടത് വശത്തായി ചെറിയ ഒരു മണ്‍പാതയുണ്ട്. അത് ചെങ്കുത്തായ  പര്‍വതങ്ങളിലൂടെ കുത്തനെ താഴേയ്ക്കിറങ്ങുന്നു. സമ്മറില്‍ നോര്‍വീജിയന്‍സിന്റെ ഇഷ്ടപ്പെട്ട സൈക്കിളിങ് റൂട്ടാണത്രേ ആ കുത്തനെയുള്ള മലമ്പാത! ജീവിതത്തില്‍ ചെയ്ത് തീര്‍ക്കേണ്ട ഒരു സൈക്കിള്‍ യാത്ര തന്നെ ആവണം അത്.

താഴ്‌വാരത്തോട് ചേര്‍ന്നു ട്രെയിന്‍ എത്തുമ്പോഴേയ്ക്കും ആകാശത്തുനിന്ന് ഉത്ഭവിക്കുന്ന തരത്തിലുള്ള വെള്ളച്ചാട്ടങ്ങള്‍ കാണാം. മലയിടുക്കുകളിള്‍ ഒരു പഴയ പള്ളിയും, അഞ്ചെട്ടുവീടുകളും കണ്ടു. ട്രെയിന്‍ ഫ്‌ലാം വില്ലേജില്‍ എത്തിയതും യാത്ര അവസാനിച്ചതും ഞങ്ങള്‍ ആരും അറിഞ്ഞില്ല.

ഫ്‌ലാമില്‍ ഒരു റെയില്‍ മ്യൂസിയമുണ്ട്. ഞാനും സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും മകനും ഒക്കെ ചരിത്ര പ്രേമികള്‍ ആയതുകൊണ്ട് മ്യൂസിയത്തിലേക്ക് പോയി. അവിടെ ഫ്‌ലാം റെയിലിന്റെ ചരിത്രവും സാങ്കേതികതയും അതിന്റെ  പൂര്‍ണരൂപത്തിന്റെ സ്‌കേല്‍ഡ് മോഡലുകളും പഴയ ലോക്കോമോട്ടീവുകളും ഒക്കെ കാണാം.

ഞാന്‍ ഫ്‌ലാമിലൂടെ ചുറ്റിനടന്നു. ആകാശത്തിലെ സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് താഴ്ന്നിറങ്ങി വരുന്ന മലകള്‍ക്കിടയിലെ ചെറിയൊരു ഗ്രാമം. ദൈവം മുകളിലെ ഭംഗി കണ്ട് മടുക്കുമ്പോള്‍, വിശ്രമിക്കാന്‍ താഴേക്ക് വരുന്ന ഇടക്കാല സ്വര്‍ഗം. മലമുകളിലെ മഞ്ഞില്‍ സൂര്യപ്രകാശം തട്ടി താഴെ നീലത്തടാകത്തില്‍ സ്വര്‍ണ്ണവര്‍ണ്ണം നിറയുന്ന പോലെ! ഉയര്‍ന്നു നില്‍ക്കുന്ന മലയിടക്കുകളില്‍ വെള്ളം നിറഞ്ഞ് തടാകങ്ങളായി രൂപാന്തരം പ്രാപിച്ചവയെ, ഫ്യോര്‍ഡുകള്‍ എന്നാണു വിളിക്കുക. നോര്‍വേ പാതിരാസൂര്യന്റെ മാത്രമല്ല, ഫ്യോര്‍ഡുകളുടെയും നാടാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട പ്രക്രിയയിലൂടെ ഏതോ ഒരു സൃഷ്ടാവ് വാര്‍ത്തെടുത്ത ശില്പമാണ് ഫ്യോര്‍ഡുകള്‍.

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലോരിടം എന്ന പേര് ചാര്‍ത്തിക്കിട്ടിയ നാടാണ് ഫ്‌ലാം. നോര്‍വേ തേടി വരുന്ന സഞ്ചാരികളുടെ സ്വര്‍ഗം. ഫ്‌ലാമില്‍ നിന്ന് ഗുദ്വാഗെന്‍ എന്ന സ്ഥലത്തേക്ക് ഫ്യോര്‍ഡിലൂടെ ഫെറിയിലാണ് അടുത്തയാത്ര. ഫ്‌ലാമിന്റെ ഒരറ്റത്തേക്ക് ഞാന്‍ നടന്നു. അവിടെ നിന്ന് നോക്കിയാല്‍ അങ്ങ് മലമുകളില്‍ നിന്നും താഴേക്ക് ഇറങ്ങുന്ന  റെയില്‍പ്പാത കാണാം. മറുവശത്തേക്ക് നോക്കിയാല്‍ പര്‍വ്വതങ്ങള്‍ക്കിടയിലെ കടല്‍ പോലെ കിടക്കുന്ന ജലാശയവും.

Bergen Norway

തെളിഞ്ഞ കാലവസ്ഥയായിരുന്നു. സൂര്യന്‍ ജ്വലിച്ച് നിന്നിരുന്നെങ്കിലും ഫെറിയുടെ മുകള്‍ ഡെക്കില്‍ നല്ല തണുപ്പായിരുന്നു. ഫെറിക്ക് പിന്നില്‍ ആല്‍ബര്‍ട്ടോസ് പക്ഷികള്‍ കൂട്ടമായി പറന്ന് വന്നു. ആളുകള്‍ ബിസ്‌കെറ്റ് കഷ്ണങ്ങള്‍ അവക്ക് എറിഞ്ഞു കൊടുത്തിരുന്നു. വെളത്തില്‍ വീഴുന്നതിനു മുന്‍പേ അവ അത് പറന്ന് കൊക്കിനകത്താക്കുന്ന കാഴ്ച രസകരമാണ്.

Bergen Norway

ഇരുവശങ്ങളിലും ചെങ്കുത്തായ പര്‍വതങ്ങളും അവയ്ക്കു നടുവില്‍, നീലാകാശത്തേക്കാള്‍ നീലിമയാര്‍ന്ന തെളിഞ്ഞ വെള്ളവും. മലമുകളില്‍ ഇപ്പോഴും മഞ്ഞുണ്ട്. ഫെറി സാവധാനമാണ് മുന്നോട്ടു പോകുന്നതെങ്കിലും, അസഹനീയമായ തണുപ്പായിരുന്നു. ഞാന്‍ കയ്യുറയും തൊപ്പിയും മഫ്‌ലറും ഒക്കെ ധരിച്ചിരുന്നെങ്കിലും കാറ്റിനഭിമുഖമായി നില്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നി. പക്ഷേ, മനസ്സില്‍ ഉറങ്ങിക്കിടന്ന പ്രണയഭാവത്തെ വിളിച്ചുണര്‍ത്തുന്ന കാഴ്ചകളായിരുന്നു ചുറ്റും. 

Bergen Norway

ഉറക്കെ കൂവാനും പാട്ട് പാടാനും പുല്‍മേടുകളിലൂടെ ഓടിക്കളിക്കാനും പര്‍വ്വതത്തിന്റെ മുകളില്‍ മുഖം മറച്ചിരിക്കുന്ന, ഇതുവരെ കാണാത്ത 'അവളെ' തേടിയിറങ്ങാനും ഒക്കെ തോന്നി. അകലെ നിന്നും അടുത്തേക്ക് വന്നുകൊണ്ടിരുന്ന ഗ്രാമം ഏതോ ഒരു കലണ്ടര്‍ ചിത്രത്തെ ഓര്‍മ്മിപ്പിച്ചു.

കുട്ടിക്കാലത്ത് തറവാടിന്റെ ചുവരില്‍ തൂങ്ങിയ ഒരു കലണ്ടര്‍ എനിക്ക് ഓര്‍മ്മയില്‍ തെളിഞ്ഞു. ഓസ്ട്രിയയിലെ, സാല്‍സ്ബര്‍ഗ് മലഞ്ചെരുവുകളിലെവിടെയോ ഉള്ള ഒരു ഗ്രാമത്തിന്റെ കാഴ്ച. അന്ന് അത് നോക്കി ഒരുപാട് നേരം നിന്നിരുന്നു. വലുതാകുമ്പോള്‍ അങ്ങനെ ഒരിടത്ത് താമസിക്കണം എന്ന് ചിന്തിക്കാറുണ്ടായിരുന്നു. ആ വര്‍ഷം കടന്ന് പോയപ്പോള്‍, വല്യച്ഛന്‍ കൂട്ടി വെച്ച പഴയ പേപ്പറുകള്‍ക്കിടയില്‍ നിന്നും ആ കലണ്ടര്‍ എടുത്ത് 'എന്റെ ശാസ്ത്രപുസ്തകത്തിന്റെ' (നോട്ട്ബുക്ക്) ചട്ട പൊതിയാന്‍ ഉപയോഗിച്ചു. ഒരു പക്ഷെ, ഇപ്പോഴും പഴയ പുസ്തകക്കെട്ടുകള്‍ക്കിടയില്‍ 96-ലെ ആ കലണ്ടര്‍ ഓര്‍മകളുടെ പൊടിപിടിച്ച് ഇരിക്കുന്നുണ്ടാവും. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം അതിലും മനോഹരമായ കാഴ്ചകള്‍ കാണണം എന്ന് ഞാന്‍ അന്നേ തീരുമാനിച്ചിരുന്നോ എന്തോ? ഓര്‍മ്മ വരുന്നില്ല.

Bergen Norway

ഫെറി ചെറിയൊരു ഗ്രാമത്തില്‍ അടുത്തു. ആകാശത്തുനിന്നും ഒരു വിരുന്നുകാരന്‍ പാരച്യൂട്ടില്‍ ആ ഗ്രാമത്തില്‍ പറന്നിറങ്ങുന്നത് കാണാനുണ്ടായിരുന്നു. ഏതാനും ആളുകള്‍ അവിടെ നിന്നും കയറി. രണ്ട് മണിക്കൂര്‍ ദൂരമുണ്ട് ഈ ഫെറി യാത്ര. വളരെയധികം ഒറ്റപ്പെട്ട പ്രദേശം, ഇത്രയും ശുദ്ധമായ വായുവും, വെള്ളവും ജീവിതത്തില്‍ കണ്ടിട്ടുണ്ടാകില്ല. 

Norway is a nutshell. 

അതെ, ഇവിടുത്തെ ജനങ്ങള്‍ പ്രകൃതിയുടെ പുറംതോട് ചീന്തി നശിപ്പിച്ചിട്ടില്ല. വഴിയില്‍ പലസ്ഥലങ്ങളിലും വെറും നാലോ അഞ്ചോ വീടുകളുള്ള ഗ്രാമങ്ങള്‍ കണ്ടു. പലഗ്രാമങ്ങള്‍ക്കും ഹിമാലയന്‍ ഗ്രാമങ്ങളുടെ സാദൃശ്യം. അവിടെനിന്ന് അടുത്ത പട്ടണത്തിലേക്ക് ഒരുപക്ഷെ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാണും. എന്നാലും ആളുകള്‍ അവിടെ താമസിക്കുന്നു. നോര്‍വീജിയന്‍സ് പ്രകൃതിയില്‍ അലിഞ്ഞ് ജീവിക്കാന്‍ ഇഷ്ടപെടുന്നവരാണ്.

Bergen Norway

ചുറ്റുമുള, പര്‍വ്വതങ്ങളുടെ ആകാരം മാറിവരുന്നു. പല പര്‍വ്വതങ്ങളും സൂര്യനെ മറച്ചിരുന്നു. ആ നിഴലില്‍ എത്തുമ്പോള്‍ തണുപ്പ് ഇരട്ടിക്കും, ജലത്തിന്റെ നീല നിറം കടുക്കും. നിഴലില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ ആശ്വാസം തോന്നും. പലരും ക്ഷീണിതരായി കസേരകളില്‍ ഇരുന്നു കഴിഞ്ഞിരുന്നു. ക്യാമറകള്‍ വിശ്രമമില്ലാതെ ആ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. രണ്ട് മണിക്കൂറുകള്‍ രണ്ട് മിനിറ്റുപോലെ കഴിഞ്ഞു പോയി. 

ഫെറി ഗുദ്വാഗനില്‍ അടുത്തു. കൈകാലുകളൊക്കെ മരവിച്ച് കഴിഞ്ഞിരുന്നു എങ്കിലും എന്തോ താഴോട്ട് ഇറങ്ങാന്‍ തോന്നിയില്ല. തിരിഞ്ഞ് നോക്കി ഞാന്‍ നിന്നു. പിന്നിട്ടവഴികള്‍ പിറകില്‍ നീണ്ട് കിടക്കുന്നു. ഓളപ്പരപ്പില്‍ ഫെറിയുടെ പ്രൊപ്പല്ലറുകള്‍ ഉണ്ടാക്കിയ പാടുകള്‍ പതുക്കെ മാഞ്ഞു പോകുന്നു. പക്ഷെ ഓര്‍മകളില്‍ ഈ ദൃശ്യങ്ങള്‍ ഒരിക്കലും നിറം മങ്ങുകയോ മാഞ്ഞ് പോവുകയോ ഇല്ല എന്ന് എനിക്കുറപ്പായിരുന്നു.

Bergen Norway

അവിടെനിന്ന് 'വോസ്സി 'ലേക്ക് ബസ്സിലായിരുന്നു യാത്ര. മനോഹരമായ സ്‌കാന്റിനേവിയന്‍ ഗ്രാമങ്ങളിലൂടെ ഞാന്‍ ഒഴുകി നീങ്ങുന്നതായി തോന്നി. തളര്‍ന്ന് പൊയിരുന്നു. രണ്ട് മണിക്കൂര്‍ തണുപ്പില്‍ നിന്നത് കൊണ്ട് മാത്രമല്ല, പകൃതി ഭംഗി ഇതില്‍ക്കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കണ്ണൂകള്‍ക്കും അത് ആസ്വദിക്കാന്‍ മസ്തിഷ്‌കത്തിനും സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം! 

Bergen Norway

വോസ്സില്‍ നിന്ന് ബെര്‍ഗനിലേക്കുള്ള ട്രെയിന്‍, തടാകങ്ങളെ ചുറ്റിയും, തുരങ്കങ്ങളെ പിന്നിട്ടും ഓടി. നിറങ്ങളും നീലാകാശവും ഓളപ്പരപ്പും ചെങ്കുത്തായ പര്‍വ്വതങ്ങളും മഞ്ഞിന്റെ ധവളിമയും താഴ്‌നിറങ്ങുന്ന പച്ചപ്പും ഒക്കെയായി കണ്ണുകളില്‍ ഉറക്കം വന്നു നിറഞ്ഞു. ട്രെയിന്‍ ബെര്‍ഗനിലേക്ക് അടുത്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചിന്തകളുടെ ആഴങ്ങളില്‍ ബെര്‍ഗനിലെ കാഴ്ചകളെ ഉള്‍കൊള്ളാന്‍ സ്ഥലമുണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു...