രിമഹല്‍ വേദനിപ്പിക്കുന്നൊരു ചിത്രമാണ്. ചഷ്‌മെ ഷാഹി എന്ന ഉദ്യാനത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെയാണ് പീര്‍ മഹല്‍ എന്നു കൂടി അറിയപ്പെടുന്ന പരിമഹല്‍. അപ്‌സരസ്സുകളുടെ കൊട്ടാരം എന്നാണത് വിശേഷിപ്പിക്കപ്പെടുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തി  മകന്‍ ദാരാ ഷുക്കോയ്ക്കു വേണ്ടി 1632ല്‍ പണി കഴിപ്പിച്ചതാണ് ചഷ്‌മെ ഷാഹി എന്ന മുഗള്‍ ശൈലിയിലുള്ള ഉദ്യാനവും പരിമഹല്‍ എന്ന കൊച്ചു കൊട്ടാരവും. കാശ്മീരിലെ പ്രസിദ്ധമായ ഉദ്യാനങ്ങളില്‍ ഏറ്റവും ചെറുതാണിത്.

കാശ്മീരി പണ്ഡിറ്റുകളുടെ  സാഹിബി  പരമ്പരയില്‍പ്പെട്ട രൂപാഭവാനി എന്ന സിദ്ധവനിത കണ്ടെത്തിയ നീരുറവയെ കേന്ദ്രീകരിച്ചാണ് ചഷ്‌മെ ഷാഹി ( ദി റോയല്‍ സ്പ്രിങ്ങ്) ഉടലെടുത്തതെന്ന് പറയപ്പെടുന്നു.  ജഹാംഗീറിന്റെ ഗവര്‍ണറായ അലി മര്‍ദന്‍ ഖാനാണ് ഇത് നിര്‍മിച്ചത്.  ഉദ്യാനത്തിന്റെ മുകളില്‍ കാണപ്പെടുന്ന നീരുറവ ഔഷധഗുണത്തിന് പേരു കേട്ടതാണ്.  രാജ്ഭവന് സമീപമായാണിത് സ്ഥിതി ചെയ്യുന്നത്.

സകല രോഗങ്ങള്‍ക്കും ഔഷധമെന്നു പറയപ്പെടുന്ന ഇതിലെ ജലം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കുടിക്കാനായി ദിവസവും ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോയിരുന്നു എന്നത് കൗതുകമുള്ള വര്‍ത്തമാനമായിരുന്നു. പാത്തിയിലൂടെ താഴേക്ക് സമൃദ്ധമായി ഒഴുകുന്ന ജലം ടൂറിസ്റ്റുകള്‍  കോരിക്കുടിക്കുന്നു. ഞങ്ങളും നീരുറവയില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളം ശേഖരിച്ചു കുടിച്ചു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്, ശുദ്ധമായൊരു സ്വാദും.

chashme sahi
ചഷ്‌മെ ഷാഹി

സാമാന്യം തിരക്കുണ്ടായിരുന്നു ഉദ്യാനത്തില്‍. പക്ഷേ കോവിഡ് ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും പോയ ഞങ്ങളെ അത്ഭുതപ്പെടുത്തിയത് കാശ്മീരില്‍ കോവിഡിനോടുള്ള സമീപനമാണ്.  തികച്ചും ശാന്തമായിരുന്നു അവിടുത്തെ അന്തരീക്ഷം.  കോവിഡിനെ ആരും ഭയക്കുന്നതായി തോന്നിയില്ല.  രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്ന ആശുപത്രികളില്ല, കിടക്കകള്‍ക്കും ഓക്‌സിജനും കുത്തിവെപ്പിനും വേണ്ടിയുള്ള നെട്ടോട്ടമില്ല. അതിരു കവിഞ്ഞ ഉത്കണ്ഠയില്ല.  ഇവിടെ ഭയപ്പെടാന്‍ മാത്രം കോവിഡ് വ്യാപനമില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.  

പക്ഷേ മാസ്‌ക് ധരിപ്പിക്കാന്‍ പോലീസ് ഉത്സാഹിക്കുന്നുണ്ടായിരുന്നു. അനുസരിക്കാത്തവരെ കര്‍ശനമായി കൈകാര്യം ചെയ്യുന്നതും കണ്ടു. വാഹനങ്ങളെയാണ് പോലീസ് കൂടുതല്‍ നിരീക്ഷിച്ചിരുന്നത്. തദ്ദേശീയര്‍ക്ക് കോവിഡ് ചട്ടങ്ങളില്‍ ഇളവ് നല്‍കുന്നുണ്ട്.  സമീപത്തു തന്നെയാണ് പരിമഹല്‍.  ദാരാ ഷുക്കോയുടെ സ്മരണകളാല്‍ പരിമഹല്‍ വിഷാദം കൊള്ളുന്നതായി അനുഭവപ്പെടും.  ഷാജഹാന്റെ മക്കളില്‍ മതമൈത്രിയുടെ പതാകവാഹകനായി കണക്കാക്കപ്പെടുന്നയാളാണ് ദാരാ.

 Confluence of two seas എന്ന കൃതിയടക്കം നിരവധി ദാര്‍ശനികരചനകള്‍ നിര്‍വഹിച്ചിട്ടുള്ള  അദ്ദേഹം ഇസ്ലാമിനെയും ഹിന്ദുമതത്തിനെയും കൂട്ടിയിണക്കുന്ന  ആത്മീയതയുടെ ചരടുകള്‍ തേടി സഞ്ചരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. സംസ്‌കൃതത്തിലെ അമ്പത് ഉപനിഷത്തുകള്‍ ദാരാ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. ദാരാ ജ്യോതിശ്ശാസ്ത്രത്തിലും ജ്യോതിഷത്തിലും അറിവും താത്പര്യവുമുള്ളയാളായിരുന്നു.
 
ഈ വിഷയങ്ങളില്‍ മകന് കൂടുതല്‍ ഗവേഷണം നടത്താന്‍ സൗകര്യമുള്ള അന്തരീക്ഷമൊരുക്കാനാണ് ഷാജഹാന്‍ ഇത്ര ശാന്തമായ അന്തരീക്ഷത്തില്‍ പരിമഹല്‍  എന്ന കൊട്ടാരം തന്നെ പണിത് മകനു സമ്മാനിച്ചത് . പിന്നീട് കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ സഹോദരന്‍ ഔറംഗസേബിന്റെ കൈകളാല്‍ ദാരാ ഷുക്കോ അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.  കരിങ്കല്ലു കൊണ്ടുള്ള മതിലും പടിക്കെട്ടുകളും പ്രാചീനമായൊരു പശ്ചാത്തലം സൃഷ്ടിക്കുന്ന പരിമഹലിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ ശ്രീനഗര്‍ നഗരവും ദല്‍ തടാകവും മോഹനമായ കാഴ്ചകളായി ഇതള്‍ വിരിയുന്നത് കാണാം.
 
സന്ധ്യ രാത്രിയിലേക്ക് ചായുന്നത് കാശ്മീരില്‍ നമ്മള്‍ പതുക്കെയേ അറിയുകയുള്ളൂ. പകല്‍ വെളിച്ചം ഏറെ നേരം തങ്ങി നില്‍ക്കും. വൈകുന്നേരം ഏഴു മണിക്കും അഞ്ചു മണിയുടെ പ്രകാശം കാണാം.  പരിമഹലില്‍ നിന്നു മടങ്ങുമ്പോള്‍ മനസ്സിലൊരു കനം അനുഭവപ്പെട്ടു.  നക്ഷത്രലോകവും അക്ഷരങ്ങളും സൂഫി,വേദാന്ത ദര്‍ശനങ്ങളും ഭരിച്ച മനസ്സുമായി നടന്ന കാല്‍പികനായ ഒരു ചക്രവര്‍ത്തികുമാരന്റെ ദയനീയാന്ത്യത്തിന്റെ സ്മൃതികള്‍ കോട്ടയുടെ മിനാരങ്ങളില്‍ കണ്ണുനീര്‍ത്തുള്ളി പോലെ തുളുമ്പി നില്‍ക്കുന്നുണ്ടോ...

parimahal

പതിനെട്ടു കരങ്ങളുമായി ശാരികാദേവി

ഹരിപര്‍വത് എന്ന മലമുകളിലേക്കും അവിടെ സ്ഥിതി ചെയ്യുന്ന ദുറാനി കോട്ടയിലേക്കും ശാരികാദേവി ക്ഷേത്രത്തിലേക്കുമായിരുന്നു പിന്നീട് പോയത്. ഹരിപര്‍വതത്തിലേക്ക് പടവുകള്‍ കയറിയെത്തിയാല്‍ സി.ആര്‍.പി.എഫിന്റെ സംരക്ഷണത്തിലുള്ള ശാരികാദേവി ക്ഷേത്രത്തിലെത്താം.  പ്രദ്യുമ്‌നപീഠം എന്നും അറിയപ്പെടുന്ന ഇവിടെ കാശ്മീരി പണ്ഡിറ്റുകളുടെ പരമ്പരകളാണ് പൂജാദികള്‍ നിര്‍വഹിക്കുന്നത്.  അതിഗംഭീരമാണിവിടുത്തെ ജഗദംബയുടെ പ്രതിഷ്ഠ. പതിനെട്ടു കരങ്ങളുള്ള ദേവി ശ്രീചക്രത്തിലാണ് ആസനസ്ഥയായിരിക്കുന്നത്. 

പതിനഞ്ചടിയെങ്കിലും ഉയരമുള്ള വീതിയേറിയ കരിങ്കല്ലാണ് ദേവീസങ്കല്‍പം.  അതില്‍ത്തന്നെ ഗണപതിയും ഹനുമാനും സ്ഥിതി ചെയ്യുന്നു. പണ്ഡിറ്റ് ഞങ്ങളെ ധ്യാനിക്കാനിരുത്തി.  ജവാന്മാര്‍ ദീര്‍ഘനേരമിരുന്നു ധ്യാനിക്കുകയും ദേവീസ്‌തോത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നു.   അവിടെ നിന്ന് വീണ്ടും ഇടതുഭാഗത്തേക്ക് മല കയറിയാല്‍ ദുറാനി രാജവംശം പണിത കോട്ടയിലെത്തും.  ഹരിപര്‍വതത്തില്‍ ദേവീ ക്ഷേത്രം കൂടാതെ സൂഫിവര്യന്മാരായിരുന്ന ഹംസ മഖ്ദൂമിന്റെയും ഷാബദക്ഷിയുടെയും ആരാധനാലയങ്ങളും സിഖുകാരുടെ ഗുരുദ്വാരയും കണ്ടു വണങ്ങാം. 

പതിനാറാം നൂറ്റാണ്ടില്‍ ഗുരുനാനക്‌ദേവ് ഹരിപര്‍വത് സന്ദര്‍ശിച്ച് ശിഷ്യഗണങ്ങളുമായി ഇവിടെ തങ്ങി പ്രബോധനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.  ഗുരുഹര്‍ഗോവിന്ദും ഇവിടെ സന്ദര്‍ശിച്ചതായി രേഖകളുണ്ട്.  അദ്ദേഹമാണ് ഇവിടെ ഗുരുദ്വാര സ്ഥാപിച്ചതെന്നാണ് വിശ്വാസം. 1590ല്‍ അക്ബര്‍ ചക്രവര്‍ത്തിയാണ് കോട്ട നിര്‍മാണത്തിന് മുന്‍കൈയെടുത്തത്. 

കാശ്മീരിന്റെ ഭരണകേന്ദ്രമായി ഇവിടെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് പണിത കോട്ടയിലേക്ക് അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ക്കെട്ട് പണിതു.  ഭരണതലസ്ഥാനമാക്കാനുള്ള പദ്ധതി സഫലമായില്ല.  പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഗവര്‍ണര്‍ അട്ടാ മുഹമ്മദ് ഖാനാണ് ഇന്നു കാണുന്ന രീതിയില്‍ കോട്ട പൂര്‍ത്തിയാക്കിയത്.  കോട്ടയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ദല്‍ തടാകവും ശ്രീനഗര്‍ സിറ്റിയും ചുറ്റുപാടുകളും കാണാം. മനോഹരമായ കാഴ്ചയാണത്.  

(തുടരും........)

Content Highlights: beena govind kashmir diary part two