ങ്ങള്‍ പിന്നെ പോയത് ഇടയന്മാരുടെ താ​ഴ്‌വര എന്നറിയപ്പെടുന്ന പഹല്‍ഗാമിലേക്കാണ്. വഴി നീളെ ആപ്പിള്‍ തോട്ടങ്ങളും വാള്‍നട്ട് മരങ്ങളും കണ്ടു.ആപ്പിളുകള്‍ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ. സെപ്റ്റംബര്‍  ആപ്പിളിന്റെ വിളവെടുപ്പ് കാലമാണ്. താ​ഴ്‌വര നിറയെ ആപ്പിളുകള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ടാവും എന്ന് പത്തു ദിവസത്തെ യാത്രയിലുടനീളം ഞങ്ങളുടെ ഡ്രൈവറായിരുന്ന മുദാസിര്‍ പറഞ്ഞു. കാശ്മീരിന്റെ മാത്രമായി എട്ടു തരം ആപ്പിളുകളെങ്കിലുമുണ്ട്. ഇവ സീസണില്‍ ടണ്‍ കണക്കിന് കയറ്റുമതി ചെയ്യാറുണ്ട്. വഴിയില്‍  ആപ്പിള്‍ കൊണ്ടുണ്ടാക്കിയ അച്ചാറുകള്‍, ചട്ണി, ജാം തുടങ്ങിയവ വില്‍ക്കുന്നതു കാണാം. രുചിച്ചപ്പോള്‍ ഇളം മധുരം. ഞങ്ങളും വാങ്ങി. 

വാള്‍നട്ട് മരങ്ങള്‍ ആദ്യമായി ഞങ്ങള്‍ കാശ്മീരിലാണ് കണ്ടത്. വാള്‍നട്ട് തടികള്‍ കൊണ്ടുള്ള ഫര്‍ണിച്ചറും കൗതുകവസ്തുക്കളും കാശ്മീര്‍ സന്ദര്‍ശിക്കുന്നവര്‍ ധാരാളം വാങ്ങിക്കൊണ്ടു പോകുന്നു. കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുള്ളവ കടക്കാര്‍ തന്നെ നമ്മുടെ നാടുകളിലേക്കയച്ചു തരും. കാശ്മീരി ഷാളുകള്‍ മുതല്‍ കാര്‍പറ്റുകളും മേശയും കട്ടിലും വരെ ഇവ്വിധം എത്തിച്ചു തരാന്‍ കച്ചവടക്കാര്‍ സന്നദ്ധരായതിനാല്‍ ധാരാളമാളുകള്‍ ഇവ വാങ്ങാനും തയ്യാറാവുന്നു. വഴിമധ്യേ കാശ്മീരി വില്ലോമരം കൊണ്ടുണ്ടാക്കുന്ന പ്രശസ്തമായ ക്രിക്കറ്റ് ബാറ്റുകളുടെ നിര്‍മാണകേന്ദ്രങ്ങള്‍ ധാരാളമുണ്ട്. കുടില്‍ വ്യവസായം പോലെയാണവയും. വീടുകളുടെ വരാന്തകളിലൊക്കെ ബാറ്റുകള്‍ കെട്ടുകളായി ചാരിവച്ചിരുന്നു. കാശ്മീരിന്റെ തനതു പാഷ്മിന സില്‍ക്ക് വില്‍ക്കുന്നയിടങ്ങളും കണ്ടു. ഭീമമായ വിലയാണവയ്ക്ക്. 

കണ്ടാസ്വദിക്കാമെന്നല്ലാതെ പാഷ്മിന ഷാളുകളും മറ്റും വാങ്ങാന്‍ സാധാരണക്കാര്‍ക്കാവില്ല. കാശ്മീരിന്റെ സുവനീര്‍ ഷോപ്പുകളില്‍ കാണുന്ന മറ്റൊരു പ്രധാന ഐറ്റം പേപ്പര്‍ മാഷേ കൊണ്ടുള്ള കൗതുകവസ്തുക്കളാണ്. പേപ്പറും ഒരു തരം പശയും ഉപയോഗിച്ച് വിവിധരൂപങ്ങളുണ്ടാക്കി അവയ്ക്ക് ആകര്‍ഷകമായ നിറങ്ങള്‍ കൊടുത്ത് ഷോകേസുകളില്‍ നിരത്തി വച്ചിരിക്കുന്നത് കണ്ടാല്‍ കണ്ണഞ്ചും. 150 രൂപ മുതല്‍ ആയിരങ്ങള്‍ വരെ വിലമതിക്കുന്ന ഉപഹാരങ്ങള്‍ നമുക്കതില്‍നിന്നു തിരഞ്ഞെടുക്കാം. കാശ്മീരില്‍ പേപ്പര്‍ മാഷേ വസ്തുക്കള്‍ നിര്‍മിക്കുന്നത് കുടില്‍വ്യവസായമാണ്. യാത്രയില്‍ പലയിടത്തും ഇവയൊക്കെ വില്‍ക്കുന്ന ധാരാളം കടകള്‍ കാണാം.

ചോരപ്പാടുകളില്‍ പുല്‍വാമ

പഹല്‍ഗാമിലേക്കുള്ള യാത്രക്കിടെ ഞങ്ങള്‍ പുല്‍വാമയും കണ്ടു. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ നടുക്കിയ ചാവേര്‍ ആക്രമണം. ജമ്മുവില്‍  നിന്ന് ശ്രീനഗറിലേക്ക് ദേശീയപാത 44 വഴി 78 വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്ന സി.ആര്‍.പി.എഫ് അംഗങ്ങള്‍ക്കു നേരെയാണ് അനന്തപുരക്കടുത്ത് ലെത്തപ്പോര എന്ന സ്ഥലത്തു വച്ച് ചാവേര്‍ ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനികവാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തല്‍ക്ഷണം 40 സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.മുദാസിര്‍ അവിടെ കാര്‍ നിര്‍ത്തി. 

ദാരുണമായ സ്ഫോടനം നടന്ന റോഡിന്റെ ഭാഗത്തേക്കു ചൂണ്ടിപ്പറഞ്ഞു, 'ഇവിടെയാണ്... ഞാനും വന്നിരുന്നു. ശരീരങ്ങള്‍ ചിതറിക്കിടന്നിരുന്നു. ചോരക്കളമായിരുന്നു..'(സൈനികവിഭാഗത്തില്‍ മുദാസിര്‍ ജോലി ചെയ്തിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തടക്കം സൈനികര്‍ക്കു വേണ്ടി ചരക്കുവാഹനങ്ങളുമായി  പോയ  അനുഭവങ്ങളുണ്ട്).മനസ്സില്‍ കനല്‍ കോരിയൊഴിച്ചതു പോലെ ആ സ്ഥലവും അതിന്റെ കേട്ടറിവുകളും ഓര്‍മകളും ഞങ്ങളെ പൊള്ളിച്ചു.

കുങ്കുമപ്പാടങ്ങള്‍ക്കു നടുവിലൂടെ

പഹല്‍ഗാം വരെ റോഡിനോടു ചേര്‍ന്ന് ലിഡ്ഡര്‍ നദി വളഞ്ഞുപുളഞ്ഞൊഴുകുന്നതു കാണാന്‍ നല്ല ഭംഗിയുണ്ട്. മുദാസിര്‍ കാശ്മീരിന്റെ സൗന്ദര്യം വര്‍ണിക്കുന്ന പാട്ടുകള്‍ ഞങ്ങള്‍ക്കായി വെച്ചുതന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു കവിത തന്നെയാണ് കാശ്മീര്‍. സ്വര്‍ഗീയമായ കവിത.
വഴിയില്‍ കുങ്കുമപ്പൂ പാടങ്ങള്‍. കുങ്കുമപ്പൂ കാശ്മീരിന്റെ സ്വന്തമാണ്. ടണ്‍ കണക്കിനാണ് ഇവ ഇവിടെ നിന്നു കയറ്റി അയക്കുന്നത്. പാംപോര്‍ എന്ന പ്രദേശമാണ് കുങ്കുമപ്പാടങ്ങള്‍ക്ക് പ്രശസ്തം. ഓഗസ്റ്റില്‍ കൃഷി തുടങ്ങും. ഒക്ടോബറിലാണ് വിളവെടുപ്പ്. 

അന്നേരം പാടങ്ങള്‍ മുഴുവന്‍ വയലറ്റ് നിറമുള്ള  ചെടികള്‍ കൊണ്ട് കാര്‍പ്പറ്റ് വിരിച്ചതു പോലുണ്ടാവും. ഈ പൂക്കളുടെ കേസരിയാണ് കുങ്കുമപ്പൂ. കുങ്കുമപ്പാടങ്ങള്‍ പൂത്തു നില്‍ക്കുന്നതിന്റെ സൗന്ദര്യം കണ്ടാസ്വദിക്കാന്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഇവിടം സന്ദര്‍ശിക്കുമായിരുന്നുവത്രേ.  കാശ്മീരികളുടെ സൗന്ദര്യത്തിന്റെ പ്രധാനഘടകം കുങ്കുമപ്പൂക്കളാണെന്നു പറയാം. സൗന്ദര്യലേപനമായും ഭക്ഷ്യവസ്തുക്കളില്‍ ചേരുവയായും ഇവര്‍ ഇത് യഥേഷ്ടം ഉപയോഗിക്കാറുണ്ട്.പഹല്‍ഗാമെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞു. എങ്കിലും നല്ല തണുപ്പ്.

സി.ആര്‍.പി.എഫ് ക്യാമ്പിലായിരുന്നു ഭക്ഷണം. തണുപ്പിനെ തടുക്കാന്‍ അവര്‍ ഞങ്ങള്‍ക്കായി ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു. ഞങ്ങള്‍ അതിനു ചുറ്റും കൈകള്‍ കൂട്ടിത്തിരുമ്മിയിരുപ്പായി. നല്ല ചൂടുള്ള ചോറും ചപ്പാത്തിയും പരിപ്പുകറിയും പനീര്‍ കൊണ്ടുള്ള വിഭവവും  മേശയില്‍ നിരന്നു. കാശ്മീരില്‍ എല്ലായിടത്തും പൊതുവായി ഇതു തന്നെയായിരുന്നു ഭക്ഷണം.ആലുപറാത്ത, റോട്ടി, ചോറ്, രാജ്മാ,പനീര്‍,പരിപ്പ് വിഭവങ്ങള്‍...ശ്രീനഗറിലൊരിടത്തു മാത്രമാണ് മസാലദോശയും തൈരുവടയുമടക്കം നമ്മള്‍ക്ക് പ്രിയപ്പെട്ട ആഹാരം കിട്ടിയത്.

Content Highlights: beena govind kashmir diary part six