ന്നു ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു താമസം. ഹോട്ടലില്‍ ലഗ്ഗേജ് വച്ച ശേഷം ചന്ദന്‍വാഡിയിലേക്കു തിരിച്ചു. പഹല്‍ഗാം പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരെയാണ് ചന്ദന്‍വാഡി. അവിടേക്കുള്ള അര മണിക്കൂര്‍ യാത്രക്കിടെയാണ് പ്രശസ്തമായ ബേതാബ് വാലി. ഹേഗന്‍ വാലിയെന്നു യഥാര്‍ത്ഥ പേരുള്ള ഇവിടെ സണ്ണി ഡിയോളും അമൃത സിങ്ങും അഭിനയിച്ച 'ബേതാബ്' എന്ന ഹിന്ദി സിനിമ ചിത്രീകരിച്ചതിനു ശേഷമാണ്(1983) ബേതാബ് വാലി എന്ന പേരില്‍ പ്രശസ്തമായത്. അതിന്റെ സൗന്ദര്യം കാണാന്‍ ഞങ്ങള്‍ അല്‍പ്പനേരം വാഹനം നിര്‍ത്തി. താഴെ പച്ചപ്പു നിറഞ്ഞ താഴ്‌വര. ചിനാര്‍, പൈന്‍ മരങ്ങളും പോപ്ലാര്‍ വൃക്ഷങ്ങളും അരുവികളും ചേര്‍ന്ന അതിമനോഹരമായ ഒരിടം.

പതുക്കെ മഞ്ഞു പെയ്യാന്‍ തുടങ്ങി. ക്രമേണ ശക്തി കൂടി ദേഹത്ത് വന്നു പതിച്ച മഞ്ഞിന്‍ശകലങ്ങളില്‍ മൂടി ഞങ്ങള്‍ക്ക് കണ്ണു കാണാതായി.  മേലാസകലം കുളിര്‍ന്നു വിറച്ചു.ചന്ദന്‍വാഡിയെത്തിയപ്പോള്‍ മുദാസിര്‍ പറഞ്ഞു, നിങ്ങള്‍ ഭാഗ്യവാന്മാരാണ്. നോക്കൂ, മഞ്ഞു പെയ്യുന്നു... ഒരുപാട് സഞ്ചാരികള്‍ മഞ്ഞുവീഴ്ച കാണാന്‍ മാത്രമായി ഇവിടെയെത്താറുണ്ട്. അടുത്ത ദിവസങ്ങളില്‍ ഞാന്‍ കൊണ്ടുവന്നവര്‍ക്കൊന്നും ഇതു കാണാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ ആവേശത്തോടെ കാറില്‍ നിന്നിറങ്ങി മഞ്ഞുമലകള്‍ക്കു നേരെയോടി. മഞ്ഞ് മുടിനാരിഴകള്‍ പോലെ പെയ്തുതുടങ്ങി ക്രമേണ കനത്തു വന്നു. 

മുടിയിലും മുഖത്തും വസ്ത്രങ്ങളിലുമൊക്കെ നനവ് പെയ്യുന്നു. ആകാശം മുട്ടെ ഉയര്‍ന്നു കാണുന്ന വെളുത്ത മലകള്‍ക്കിടയിലൂടെ അതിസാഹസികരായ സഞ്ചാരികള്‍ മഞ്ഞിന്‍പാളികളിലൂടെ ഊര്‍ന്നിറങ്ങി വരുന്ന കാഴ്ച. കാണുന്നിടം മുഴുവന്‍ തൂവെള്ള മഞ്ഞ്. നിലയ്ക്കാതെ പെയ്യുക തന്നെ. മറ്റേതോ ലോകത്താണെന്നു തോന്നി. മടങ്ങാന്‍ തോന്നിയില്ല. തണുപ്പ് അസ്ഥിയില്‍ പിടിക്കുകയാണ്.ഹിമാനികള്‍ ലിഡ്ഡര്‍ നദിയില്‍ ലയിച്ചു ചേരുന്നു. ചന്ദന്‍വാഡിയില്‍ നിന്നാണ് അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള  കഠിനമായ 32 കിലോമീറ്റര്‍ കയറ്റം തുടങ്ങുന്നത്. അമര്‍നാഥ് യാത്രയുടെ പ്രധാന തുടക്കവും ഇവിടെ നിന്നു തന്നെ. തണുത്തുറഞ്ഞ ദേഹം ചൂടു പിടിപ്പിക്കാന്‍ ഞങ്ങള്‍ അവിടുത്തെ ചായക്കടയില്‍ നിന്ന് ഓരോ രസികന്‍ കവ(kahwah)ചായ കുടിച്ചു.  

കാശ്മീരില്‍ ചെന്നിറങ്ങിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് കവയെ കുറിച്ച്. തേയിലയും കുങ്കുമപ്പൂവും കറുവാപ്പട്ടയും ഗ്രാമ്പൂവും ബദാമും വാള്‍നട്ടുമൊക്കെയിട്ട് തിളപ്പിക്കുന്ന ചായയുടെ രുചിയൊന്നു വേറെയാണ്. ചിലര്‍ ഈ പാനീയത്തില്‍  റോസ് വാട്ടറും തേനും ചേര്‍ക്കുന്നതു കാണാം. അതിന്റെ സുഗന്ധം അതീവഹൃദ്യമാണ്. കാശ്മീരിലെ കൊടുംശൈത്യത്തില്‍ ഈ പാനീയം കുടിക്കുന്നത് ശരീരത്തിന് ചൂടു മാത്രമല്ല, ആരോഗ്യവും നല്‍കും. രാത്രി ഹോട്ടലിലെത്തുമ്പോഴേക്കും തണുപ്പ്  മൂര്‍ധന്യത്തിലെത്തിയിരുന്നു. മുറിയിലെ കിടക്കയും പുതപ്പുമൊക്കെ  ഹീറ്റര്‍ വച്ചു ചൂടാക്കിത്തന്നത് ഉപകാരമായി. തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് താണു. ഉറക്കം വൈകാതെ കണ്‍പോളകളെ തഴുകി.
 
രാവിലെ നേരത്തേ എഴുന്നേല്‍ക്കേണ്ടി വന്നത് ആ തണുപ്പില്‍ വലിയ പീഡനമായാണ് തോന്നിയത്. പക്ഷേ കുതിരക്കാരന്മാര്‍ പുറത്ത് കാത്തുനില്‍പ്പാണ്. മിനി സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നു പ്രശസ്തമായ ബൈസറന്‍ വാലിയിലേക്കു ഞങ്ങളെ കൊണ്ടു പോകാന്‍. മഞ്ഞും ചെളിയും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതിനാല്‍ മുട്ടു വരെയുള്ള കട്ടിയുള്ള  ബൂട്ടുകള്‍ അവര്‍ ഞങ്ങളെ ധരിപ്പിച്ചു.  കുതിരപ്പുറത്ത് ആറു കിലോമീറ്റര്‍ സഞ്ചരിച്ചു വേണം ബൈസറന്‍ വാലിയിലെത്താന്‍. യാത്രയില്‍ ഏറ്റവും സാഹസികമായ ഇനം അതായിരുന്നു. തലേന്നു പെയ്ത മഴയില്‍ കുത്തനെയുള്ള കയറ്റങ്ങളും നട്ടെല്ലിളക്കുന്ന ഇറക്കങ്ങളും അത്യധികം അപകടകരമാക്കി മണ്ണും ചെളിയും പുതഞ്ഞു കിടന്നു. കുതിരകള്‍ക്ക് ഇടയ്ക്കിടെ കാല്‍ വഴുതി. വീഴാതിരിക്കാന്‍ ഞങ്ങള്‍ക്ക് സര്‍ക്കസ്സുകാരെ പോലെ  അവയുടെ പുറത്ത് മറിയുകയും അള്ളിപ്പിടിച്ചിരിക്കേണ്ടിയും വന്നു. 

പക്ഷേ സോനമാര്‍ഗിലെ കുതിരകളെ പോലെ പരിശീലനം കുറവുള്ള ക്ഷീണിതരായ കുതിരകളായിരുന്നില്ല , മറിച്ച് നല്ല വലിപ്പവും കരുത്തുമുള്ള ഒന്നാതരം അഭ്യാസിക്കുതിരകള്‍. അവ കിടങ്ങുകള്‍ പോലുള്ള അരുവികള്‍ നിമിഷാര്‍ധം കൊണ്ട് ചാടിക്കുതിച്ചു കടക്കുകയും നൂല്പാലം പോലുള്ള വഴികളിലൂടെ അസാധാരണ മെയ് വഴക്കത്തോടെ നടക്കുകയും ചെയ്തു.ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ പ്രാണഭയം കൊണ്ടു നിലവിളിച്ചു. എന്നാല്‍ മിടുക്കരായ കുതിരക്കാര്‍ അവയെ ശരിക്കും നിയന്ത്രിക്കുന്നുണ്ടായിരുന്നു. താഴെയിറങ്ങിയാല്‍ തങ്ങള്‍ക്ക് നല്ല ടിപ്പ് തരണമെന്നും കുതിരകള്‍ക്ക് തീറ്റ വാങ്ങിക്കൊടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

മാസത്തില്‍ വെറും മൂവായിരം രൂപ ശമ്പളത്തിനാണ് അവര്‍ ജോലി ചെയ്യുന്നത്.ഓഫ് സീസണില്‍ അതുമില്ല.  മുഷിഞ്ഞ വസ്ത്രങ്ങളും കീറിയ ബൂട്ടുകളും ശോഷിച്ച ശരീരവും അവരുടെ ഇല്ലായ്മകളെ തുറന്നു കാട്ടുന്നതായിരുന്നു. രാഷ്ട്രീയസാഹചര്യങ്ങളും കോവിഡ് കാലാവസ്ഥയും മാറ്റി മറിച്ച കാശ്മീരി ജീവിതങ്ങളെ കുറിച്ച് അവര്‍ വാതോരാതെ പറഞ്ഞു കൊണ്ടാണ് നടന്നത്.രണ്ടു മണിക്കൂറോളം കുതിരപ്പുറത്തിരുന്ന് ബൈസറന്‍ വാലിയിലെത്തുമ്പോളേക്കും ഞങ്ങളുടെ എല്ലുകളൊക്കെ സ്ഥാനം തെറ്റിയതു പോലായിരുന്നു. കുതിരപ്പുറത്തു നിന്നിറങ്ങിയപ്പോള്‍ ചൂടുചായയും ന്യൂഡില്‍സും കിട്ടി. ആ തണുപ്പത്ത് അതിന് ഭൂമിയില്‍ മറ്റെന്തിനെക്കാള്‍ സ്വാദുണ്ടെന്നു തോന്നി. 

അതിവിശാലമായ  പുല്‍മേട്ടിലാണ് ഞങ്ങളെത്തിയത്. പൊങ്ങിയും താണും കിടക്കുന്ന പച്ചപ്പുല്‍ത്തകിടികള്‍. ചുറ്റും പൈന്മരക്കാടുകള്‍. ടുലിയന്‍ ലേക്കിലേക്കു ട്രെക്കിങ്ങിനു പോകുന്നവരുടെ ക്യാമ്പ് സൈറ്റ് കൂടിയാണിവിടം. ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന രണ്ടു കാശ്മീരി യുവാക്കള്‍ ഓടി വന്നു. കാശ്മീരി വേഷത്തില്‍ ഫോട്ടോയെടുത്തു തരാമെന്ന പ്രലോഭനത്തില്‍ ഞാനും പാറുവും വീണു.അവര്‍ തന്നെ കടുംനിറത്തിലുള്ള കുപ്പായങ്ങളും ശിരോവസ്ത്രവും  പരന്ന വെള്ളിയാഭരണങ്ങളുമണിയിച്ചു. കൈയില്‍ കുടവും പൂക്കൂടയും പിടിപ്പിച്ചു.പോസ് ചെയ്യേണ്ടതെങ്ങനെയെന്നും കാണിച്ചു തന്നു. പൈസ ഇവിടെ കൊടുക്കണം. താഴെ പട്ടണത്തിലുള്ള സ്റ്റുഡിയോയില്‍ ചെന്ന് ഫോട്ടോ മേടിക്കണം. അതാണ് വ്യവസ്ഥ. കുറച്ചു നേരം മിനി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങള്‍ മടങ്ങി. വീണ്ടും രണ്ടു മണിക്കൂര്‍ കുതിരപ്പുറത്ത് അഭ്യാസം. തിരിച്ചെത്തിയപ്പോഴേക്കും ശരീരത്തിലെ സന്ധികളെല്ലാം വേദനിക്കുന്നുണ്ടായിരുന്നു.

(തുടരും......)

Content Highlights; beena govind kashmir diary part seven