പ്രില്‍ മാസത്തിലെ ഇളവെയില്‍ മഞ്ഞിലിടക്കലര്‍ന്ന് സുഖകരമായൊരു തണുപ്പു പടര്‍ത്തുന്ന നേരത്താണ്  ഞങ്ങള്‍ കാശ്മീരിലെത്തിയത്.  തലേന്ന് കര്‍ഫ്യൂവില്‍ നിശ്ശബ്ദമായ ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴും  മനസ്സില്‍ വേവലാതിയായിരുന്നു. കോവിഡ് കാലത്തെ വിനോദയാത്ര. അതും ഡല്‍ഹി വഴി.  പാലക്കാട്ടു നിന്ന് ഞങ്ങള്‍ യാത്ര പുറപ്പെടുമ്പോഴേ കുടുംബക്കാരും കൂട്ടുകാരും സന്ദേഹം പ്രകടിപ്പിച്ചിരുന്നു. വായുവിലും വെള്ളത്തിലും വഴികളിലുമൊക്കെ മാരകമായ രോഗാണുക്കള്‍ നിറഞ്ഞുപരക്കുന്ന കാലത്ത് എന്തു കൊണ്ടു കാശ്മീര്‍ എന്നു ചോദിച്ചാല്‍ സിനിമകളിലും കഥകളിലും കണ്ടും കേട്ടും മനസ്സിനെ മോഹിപ്പിച്ച പ്രകൃതിരമണീയത. ദക്ഷിണേന്ത്യക്കാരായ ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മഞ്ഞിന്റെ മാസ്മരികകാഴ്ച. കേട്ടു മാത്രം അനുഭവിച്ചിട്ടുള്ള ശൈത്യകാലത്തിന്റെ മരവിപ്പിക്കുന്ന സ്പര്‍ശം. ശൈത്യം പിന്നിട്ടപ്പോഴാണ് കാശ്മീരിലെത്തുന്നതെങ്കിലും ഞങ്ങളെ വരവേല്‍ക്കാന്‍ വസന്തഋതു തയ്യാറായിരിക്കും, തൊട്ടുമുമ്പേ മാത്രം കടന്നു പോയ മഞ്ഞുകാലത്തിന്റെ ശേഷിപ്പുകളും.

അതിനോടൊപ്പം എന്നും പാക്കിസ്താനോടൊപ്പം നമ്മള്‍ പേരു ചേര്‍ത്തു വായിച്ചിട്ടുള്ള, തീവ്രവാദഭീഷണിയില്‍ സെെ്വര്യ ജീവിതം തകര്‍ന്നു പോയ കാശ്മീരിന്റെ ചിത്രം, ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്ത ശേഷമുള്ള കാശ്മീരികളുടെ സാമൂഹികജീവിതം നേരിട്ടറിയാനുള്ള  ജിജ്ഞാസ,  നാലു വര്‍ഷം മുമ്പേ  കാശ്മീരിനെ കുറിച്ച് ആര്‍മിയിലുള്ള മകന്‍ പറഞ്ഞുകേട്ട വിവരണങ്ങള്‍ ഉള്ളിലുണര്‍ത്തിയ കൗതുകം, യാത്രക്ക് പ്രചോദനം തരാന്‍ ഇതൊക്കെ  ധാരാളമായിരുന്നു.

ഞങ്ങള്‍ ഏഴുപേരാണ് ജമ്മുകാശ്മീരിലേക്കുള്ള യാത്രയിലുണ്ടായിരുന്നത്. ഞാന്‍, ഭര്‍ത്താവ് ഗോവിന്ദ്  (ഉണ്ണി) മകന്‍ യോഗിന്‍ (കുഞ്ഞന്‍) ചെറിയച്ഛന്റെ മകള്‍ അഥീന, സുഹൃത്ത്  മനോജ്, ഭാര്യ  രജനി, മകള്‍ പാര്‍വതി (പാറു). പലവട്ടം ചര്‍ച്ച കഴിഞ്ഞ് ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനമെടുത്തു.  പോകുക തന്നെ. കാശ്മീര്‍ ദീര്‍ഘകാലത്തെ സ്വപ്നമാണ്. രണ്ടു മാസം മുമ്പ് യാത്രക്കു വേണ്ട തയ്യാറെടുപ്പെല്ലാം പൂര്‍ത്തിയാക്കിയതാണ്.  ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഇനിയില്ല.

ഞങ്ങള്‍ക്കു വേണ്ടി കാശ്മീരില്‍ എല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരിക്കുകയായിരുന്നു വിക്‌റ്റോറിയ കോളേജിലെ സഹപാഠിയും പാലക്കാട്ടുകാരനുമായ, ഇപ്പോള്‍ ജമ്മുവിലുള്ള  സുഹൃത്ത്, സി.ആര്‍.പി.എഫില്‍ കമാണ്ടന്റായ സുരേഷ്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 18-ന് ഡല്‍ഹിയിലേക്ക് വിമാനം കയറി. ഡല്‍ഹി എയര്‍പോര്‍ട്ടെത്തിയപ്പോഴേ കോവിഡ് ഭീതിയുടെ അലകള്‍ വായുവില്‍ തങ്ങിനില്‍ക്കുന്നത് തൊട്ടറിയുന്നുണ്ടായിരുന്നു. ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ അല്‍പം ആശ്വാസം തോന്നി.

ഒരു നാള്‍ അവിടെ മുറിയില്‍  അടച്ചുപൂട്ടിയിരിക്കുമ്പോഴും ടെലിവിഷനില്‍ വരുന്ന  കോവിഡ് ദുരന്തങ്ങളുടെ വാര്‍ത്തകള്‍ ഉള്ളില്‍ ഉത്കണ്ഠ പടര്‍ത്തിക്കൊണ്ടിരുന്നു. പുറത്തിറങ്ങാന്‍ അനുവാദമില്ല.  ചുറ്റുപാടും കനത്ത നിശ്ശബ്ദത. മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലെ അജിത്തേട്ടന്‍ ഇടയ്ക്ക് വിളിച്ചു. കാര്യമായിട്ടോ കളിയായിട്ടോ പറഞ്ഞു,'നിങ്ങള്‍ ഒരു സ്റ്റോറിയാപ്പാ..മനുഷ്യര് പേടിച്ച് വീട്ടിനകത്ത് അടച്ചിരിക്കുമ്പോള്‍ പത്തു ദിവസം ടൂറിന് ഇറങ്ങിത്തിരിച്ചതിന് സമ്മതിച്ചു. അതും ഡല്‍ഹി വഴി പോകാന്‍ എന്ത് ധൈര്യം വേണം. ടി.വിയൊക്കെ കാണുന്നുണ്ടല്ലോ..'ജാള്യം തോന്നിയെങ്കിലും ചിരിച്ചു കയിച്ചിലായി. പക്ഷേ മൂപ്പര് സീരിയസ്സായി മുന്നറിയിപ്പുകള്‍ തന്നു.

ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണണം. ആടെയീടെയൊന്നും തൊടരുത്. ആളുകളില്‍ നിന്ന് അകലം പാലിക്കണം. തിരിച്ച് കേരളമെത്തിയിട്ടേ മാസ്‌ക് അഴിക്കാവൂ. കാശ്മീരിലെത്തിയാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകളും തന്നു. വല്ലവിധേനയും നേരം വെളുപ്പിച്ചു. ഡല്‍ഹിയില്‍ നിന്നു രക്ഷപ്പെട്ടാലും പോരല്ലോ. ഇനിയൊരു പ്രധാന കടമ്പയുണ്ട്,  ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെ കോവിഡ് പരിശോധന.   അതുകൂടി കടന്നു കിട്ടിയാലേ ആശ്വസിക്കാന്‍ പറ്റൂ.

tulip garden

ഡല്‍ഹിയില്‍ നിന്ന്  ശ്രീനഗര്‍ വരെയുള്ള ഒന്നര മണിക്കൂര്‍ എങ്ങനെ കഴിച്ചുക്കൂട്ടിയെന്നറിയില്ല.. വിമാനത്തിലും സ്വസ്ഥതയില്ലാതെയാണിരുന്നത്.  പതിയെപ്പതിയെ കാശ്മീരിന്റെ സൗന്ദര്യം തലപൊക്കിത്തുടങ്ങി. ഇളംനീലമേഘമാലകള്‍. കടും നീലയണിഞ്ഞ് കണ്ണെത്താദൂരത്തോളം പരന്നു വിശാലമായി കാണപ്പെടുന്ന മലനിരകള്‍. അവയില്‍ വെള്ളി വാരി വിതറിയ പോലെ മഞ്ഞ്.  നോക്കുന്നിടം മുഴുവന്‍ നീലയും വെള്ളയും. വിമാനത്തിന്റെ വിന്‍ഡോ സീറ്റിലിരുന്ന മനോജും അഥീനയും  അത്ഭുതാതിരേകത്തോടെ മഞ്ഞുമലകളിലേക്കു കണ്ണിമയ്ക്കാതെ നോക്കുന്നു.

അവരുടെ മൊബൈല്‍ ക്യാമറയിലൂടെ ഞങ്ങളും മഞ്ഞിന്റെ ഭംഗി ആദ്യമായി കണ്ടതിശയിച്ചിരുന്നു.  വിമാനം പതിയെ നിലം തൊട്ടു. ശ്രീനഗര്‍ എയര്‍പോര്‍ട്ട് രാജ്യത്തേറ്റവും സുരക്ഷാഭീഷണി നേരിടുന്ന വിമാനത്താവളമാണ്. എല്ലായിടത്തും തലയ്ക്കു ചുറ്റും കണ്ണും കൈയില്‍ ആയുധങ്ങളുമായി കാവല്‍ നില്‍ക്കുന്നവര്‍.  ലഗ്ഗേജ് ശേഖരിച്ച്  ഞങ്ങളെ നേരെ വിളിച്ചു കൊണ്ടു പോയത്  കോവിഡ് പരിശോധനക്കുള്ള നടപടിക്രമങ്ങള്‍ക്കുള്ള ഡെസ്‌കിലേക്കാണ്.
അറിയാവുന്ന ദൈവങ്ങളെയെല്ലാം  ഉള്ളാലെ ഉറക്കെ വിളിച്ച് ഞങ്ങള്‍ മൂക്കുനീട്ടിക്കാണിച്ചു.

കുത്തുന്നതിന്റെ വേദനയറിഞ്ഞില്ല, പ്രാര്‍ത്ഥനയുടെ ശക്തിയില്‍. ഏഴു പേരില്‍ ആരെങ്കിലുമൊരാള്‍ പോസിറ്റീവായാല്‍....ചിന്തിക്കാനേ വയ്യ. പത്തു മിനിറ്റ് ആകാംക്ഷയോടെ കാത്തുനിന്നു. എല്ലാവരും പൊയ്‌ക്കൊള്ളാന്‍ അറിയിപ്പ് കിട്ടിയപ്പോള്‍ ഞങ്ങള്‍ വിശ്വാസം വരാതെ പരസ്പരം നോക്കി. കൈയില്‍ നുള്ളിനോക്കി. എല്ലാ കടമ്പയും കടന്നു ഞങ്ങളിതാ കാശ്മീരിലെത്തിയിരിക്കുന്നു. കൗമാരകാലം മുതല്‍ സ്വപ്നങ്ങളില്‍ മഞ്ഞു പെയ്യിച്ച കാശ്മീര്‍.

ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്, അതിതാണ് എന്ന ബുദ്ധിയുറച്ച കാലം തൊട്ടേ കേട്ട് കാണാന്‍ കാത്തിരുന്ന കാശ്മീര്‍.  പൂക്കളുടെയും തടാകങ്ങളുടെയും തണുപ്പിന്റെയും കാശ്മീര്‍.  തണുപ്പ് 18 ഡിഗ്രി സെല്‍ഷ്യസ്. സുഖമുള്ള കാലാവസ്ഥയായിരുന്നു. ശ്രീനഗര്‍ നഗരമധ്യത്തിലുള്ള ഹോട്ടല്‍ റോസ് പെറ്റലില്‍ എത്തിയപ്പോള്‍ സമയം പത്തായി . ഉച്ച വരെ വിശ്രമിക്കാം. മൂന്നു മണിക്ക് ടുളിപ്പ് ഗാര്‍ഡനില്‍ സന്ദര്‍ശനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.  
നഗരത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ ദൂരത്താണ്  ഗാര്‍ഡന്‍. ഭാഗ്യത്തിന് ഞങ്ങള്‍ പോയത് ഒരു മാസത്തെ ടുളിപ് ഫെസ്റ്റിവല്‍ നടക്കുന്ന സമയമായിരുന്നു.

മഴവില്‍ചാരുതയായി ടുളിപ് ഗാര്‍ഡന്‍

ഏഷ്യയിലേറ്റവും വലിയ ടുളിപ് ഉദ്യാനമാണ് ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ടുളിപ് ഗാര്‍ഡന്‍.  2007ലാണ് ഉദ്യാനം തുറന്നത്.  മുമ്പ് മോഡല്‍ ഫ്‌ലോറികള്‍ച്ചര്‍ സെന്റര്‍ എന്നായിരുന്നു പേര്.  സബര്‍വന്‍ റേഞ്ചിന്റെ കാലടികള്‍ പറ്റി മൂന്നു ഭാഗത്തും ദല്‍ (അങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്ന് അവിടെയുള്ളവര്‍ പറഞ്ഞുതന്നു) തടാകം, ചഷ്‌മെ ഷാഹി, നിഷാദ് ബാഗ് ഉദ്യാനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം വിവിധവര്‍ണത്തിലുള്ള പുഷ്പങ്ങളാല്‍ കണ്ണിനാനന്ദം പകരുന്നതാണ്.  15 ലക്ഷത്തോളം പൂക്കളാണിവിടെ പുഷ്പിച്ചു നില്‍ക്കുന്നതെന്ന് ഉദ്യാനപാലകര്‍ പറഞ്ഞു.

ഇവയില്‍ 65 ഓളം ഇനം ടുളിപ്പുകളും റോസ്, ഡാഫോഡില്‍, മസ്‌കാരിയ, ഐറിസ് തുടങ്ങി വിവിധയിനങ്ങളില്‍പ്പെട്ട പൂക്കളുമുണ്ട്. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, വയലറ്റ്, റോസ് തുടങ്ങി പല വര്‍ണങ്ങളിലും ഹൈബ്രിഡ് വിഭാഗത്തിലുമുള്‍പ്പെട്ട ടുളിപ്പുകള്‍ നിരന്നു പൂത്തു നില്‍ക്കുന്ന കാഴ്ച. തൊഴുകൈ പോലെയാണ്, ഇതളുകള്‍ കൂമ്പി നില്‍ക്കുന്ന ടുളിപ്പുകളുടെ ആകൃതി.   ഒറ്റത്തണ്ടില്‍ അധികം ഉയരമില്ലാത്ത ചെടികളില്‍ വീതിയുള്ള അരികു വളഞ്ഞ ഓരിലകള്‍ പൂവിനു ബലം നല്‍കി നിവര്‍ന്നു നില്‍ക്കുന്നു.  ഇലകളുടെ കാവലില്‍ പൂവൊരു രാജകുമാരിയെ പോലെയാണ് നില കൊള്ളുന്നത്. 

tulip garden

ഏഴു തട്ടുകളിലായാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഇടയ്ക്കിടെ ജലധാരകളും ഇരിപ്പിടങ്ങളും കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലാരംഭത്തിനു മുമ്പ് സെപ്റ്റംബറിലാണ് ടുളിപ്പ് തൈകള്‍ മുളപ്പിച്ചു തുടങ്ങുക. മാര്‍ച്ചോടെ പുഷ്പിക്കും. ഒരു മാസം വരെ കനത്ത മഴയും കടുത്ത വെയിലും അതിജീവിച്ച് വിടര്‍ന്നു നില്‍ക്കാന്‍  ഇവയ്ക്കാവും എന്നതാണ് പ്രത്യേകത.  ഒരു ദിവസം വേണമെങ്കിലും ഈ ഉദ്യാനഭംഗി ആസ്വദിച്ചു നടക്കാം.  വെയില്‍ ചാഞ്ഞുതുടങ്ങിയതിനാല്‍  ഞങ്ങള്‍ മടങ്ങാനൊരുങ്ങി.  അപ്പോള്‍ അപ്രതീക്ഷിതമായി മണ്ണിനെ ത്രസിപ്പിച്ചൊരു  മഴ പെയ്തിറങ്ങി.   ഞങ്ങള്‍ അടിമുടി നനഞ്ഞു. നനഞ്ഞു കൊണ്ടു തന്നെ വര്‍ണാഭമായ പരിസരം പശ്ചാത്തലമാക്കി കുറെ ഫോട്ടോകള്‍ കൂടിയെടുത്തു. പുല്‍ക്കൊടികള്‍ ജലകണങ്ങളില്‍ മുഖം നോക്കുന്നു.  അനേകായിരം പൂക്കള്‍ ജലസ്പര്‍ശത്താല്‍  ഇതളുകളെഴുന്നു നൃത്തം ചെയ്യുന്നു. കാശ്മീരില്‍ ഞങ്ങളുടെ ആദ്യത്തെ മഴ...

( തുടരും...... )

Content Highlights; beena govind kashmir diary part one