ഴിയില്‍ ബാരാമുള്ള ജില്ലയിലെ പട്ടന്‍ എന്ന പട്ടണത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ പരിഹാസപുരത്തിലേക്ക് തിരിഞ്ഞു.  ഏഴാം ശതകം മുതല്‍ ഒമ്പതാം ശതകം വരെ ഉത്തരേന്ത്യ ഭരിച്ച കാര്‍കോട രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാശ്മീര്‍.  കാര്‍കോടചക്രവര്‍ത്തി ലളിതാദിത്യമുക്തിപദയാണ് കാശ്മീരും പിന്നീട് ശ്രീനഗറിനു സമീപമുള്ള പരിഹാസപുരവും കാര്‍കോട സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കിയത്. ഇപ്പോള്‍ കല്‍ക്കൂമ്പാരങ്ങളും തകര്‍ന്നടിഞ്ഞ  രാജമന്ദിരങ്ങളും മാത്രമാണിവിടെ കാണാന്‍ കഴിയുക.
 
മതിയായ സംരക്ഷണമോ കാവലിനുള്ള സംവിധാനമോ ഏര്‍പ്പെടുത്താത്ത ഇപ്പോഴത്തെ പരിഹാസപുര ഒരു പരിത്യക്തഭൂമിയായി കാണപ്പെട്ടു. ഞങ്ങളെത്തുമ്പോള്‍ വൈകീട്ട് അഞ്ചു മണി കഴിഞ്ഞു. വെറുമൊരു ഇരുമ്പുചങ്ങല കൊണ്ട് വളച്ചുകെട്ടിയിട്ടിരിക്കുന്ന വലിയ ഗേറ്റ് കടന്നാല്‍ ഏക്കര്‍ കണക്കിന് ഭൂമി പച്ചപ്പുല്‍മേടുകള്‍ പോലെ നീണ്ടുകിടക്കുന്നു.  വാസ്തുവിദ്യയുടെയും ശില്‍പചാതുരിയുടെയും വിസ്മയനിര്‍മിതികളായിരുന്ന രാജസമുച്ചയങ്ങള്‍ വെറും  അവശിഷ്ടങ്ങളായി ചിതറിക്കിടക്കുന്നു. ചെറുപ്പക്കാര്‍ പന്തു കളിക്കുന്നതും മുതിര്‍ന്നയാളുകള്‍ അവിടിവിടെയായി സംസാരിച്ചിരിക്കുന്നതും കണ്ടു.
  
ഒരു കാലത്ത് രാജപ്രതാപത്തിന്റെ അടയാളമുദ്രകള്‍ പതിപ്പിച്ച ഇവിടെ മഹാവിഷ്ണു, പരമശിവന്‍, ബുദ്ധന്‍ തുടങ്ങിയ ദേവന്മാരുടെ ക്ഷേത്രങ്ങളുണ്ടായിരുന്നു. വിഗ്രഹങ്ങളൊക്കെ സ്വര്‍ണവും വെള്ളിയും  കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്. കാര്‍കോട രാജാക്കന്മാരുടെ ഭരണത്തില്‍  അതീവ സന്തുഷ്ടരും സംതൃപ്തരുമായിരുന്നതിനാല്‍ അവിടുത്തെ ജനങ്ങള്‍ എപ്പോഴും മന്ദഹസിച്ചു കൊണ്ടാണത്രേ കാണപ്പെട്ടിരുന്നത്. അതിനാലാണ് സ്ഥലത്തിനു പരിഹാസപുരം എന്നു പേരു വന്നതെന്നാണ് പറയപ്പെടുന്നത്.  
  
ലളിതാദിത്യമുക്തിപദയുടെ ഭരണകാലത്ത് കാശ്മീരില്‍ നിര്‍മിച്ച മാര്‍ത്താണ്ഡ സൂര്യക്ഷേത്രമാണ്  മറ്റൊരത്ഭുതസൃഷ്ടി.  ലോകത്തേതു മനോഹരക്ഷേത്രസമുച്ചയത്തോടും കിടപിടിക്കുന്നതായിരുന്നു ഈ ക്ഷേത്രസമുച്ചയം. ശ്രീനഗറില്‍ നിന്ന് 64 കിലോമീറ്റര്‍ ദൂരെയായി അനന്തനാഗ് ജില്ലയിലെ മട്ടന്നിലാണിത് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിലാണിത് നിര്‍മിച്ചത്. രഥത്തിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തിന് 24 ചക്രങ്ങളുമുണ്ട്. സൂര്യദേവനെ പൂജിച്ചിരുന്ന നടുക്കുള്ള പ്രധാനക്ഷേത്രത്തിനു ചുറ്റും 84 ചെറിയ ക്ഷേത്രങ്ങളും ഉണ്ടായിരുന്നു.  
 
ഹെലനിസ്റ്റിക് കാലഘട്ടത്തിലെ നിര്‍മിതികളോടു സാമ്യമുള്ള സ്തൂപങ്ങളും കമാനങ്ങളുമുള്ള ഈ ഗംഭീരക്ഷേത്രം ഗാന്ധാരം,ഗുപ്ത, ചൈനീസ്,റോമന്‍ തച്ചുശാസ്ത്രത്തിന്റെയും   കാശ്മീരി വാസ്തുവിദ്യയുടെയും ഒന്നാന്തരം മാതൃകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യനെ കൂടാതെ വിഷ്ണു, ശിവന്‍, നദീദേവതകളായ ഗംഗ, യമുന തുടങ്ങിയവരെയും  ഇവിടെ ആരാധിച്ചു പോന്നിരുന്നു. 15ാം ശതകത്തില്‍ കാശ്മീരിനെ കോളനിവത്കരിച്ച  സിക്കന്ദര്‍ ഷാ മിറിയാണ്(സിക്കന്ദര്‍ ബുട്ഷിക്കാന്‍ എന്നറിയപ്പെട്ടിരുന്നു. ബുട്ഷിക്കാന്‍ അഥവാ വിഗ്രഹഭഞ്ജകന്‍) ലോകോത്തരമായ മാര്‍ത്താണ്ഡ സൂര്യക്ഷേത്രത്തെയും പരിഹാസപുരത്തെയും തകര്‍ത്തു തരിപ്പണമാക്കിയത്.
   
ഒന്നിനാലും ഇളക്കാന്‍ പറ്റാത്തത്ര ബലമുള്ള നിര്‍മിതികളെ തച്ചുതകര്‍ക്കാന്‍ ഒരു വര്‍ഷത്തിലധികം അയാളുടെ പടയാളികള്‍ക്ക് വേണ്ടിവന്നു. ആനകളെ കൊണ്ടിടിപ്പിച്ചിട്ടും തകരാതെ വന്നപ്പോള്‍ ചുറ്റും കിടങ്ങു കുത്തി അതില്‍ പരിസരപ്രദേശങ്ങളിലുള്ള മരങ്ങളത്രയും കത്തിച്ച് ക്ഷേത്രസമുച്ചയത്തെ ദുര്‍ബലമാക്കി വീണ്ടും ആനകളെയും മനുഷ്യരെയും ഉപയോഗിച്ചാണവയൊക്കെയും  നാമാവശേഷമാക്കിയത്.ഞങ്ങളുടെ കൂടെ വന്ന കാശ്മീരി ഗൈഡ് ഇതൊക്കെയും വിവരിച്ചു.

parihaspura
പരിഹാസ്പുര

''കൊണാര്‍ക്കിലെ പ്രസിദ്ധമായ സൂര്യക്ഷേത്രം 13ാം നൂറ്റാണ്ടിലാണ് നിര്‍മിച്ചത്. അതിനും മുമ്പാണ് ഇവിടുത്തെ മാര്‍ത്താണ്ഡക്ഷേത്രം പണിതത്. അതിങ്ങനെ ഹീനമായി തകര്‍ക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കൊണാര്‍ക്കിനെക്കാള്‍ പ്രസിദ്ധമായേനെ ഇവിടം. മാത്രമല്ല ഇങ്ങനെ തകര്‍ന്ന നിലയില്‍ കൂടി   ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും  വാസ്തുവിദ്യാ,പുരാവസ്തു ഗവേഷകന്മാര്‍ക്കും ഇവിടം വലിയ പഠനകേന്ദ്രമാണ്. കാശ്മീര്‍ കാണാനെത്തുന്നവരുടെ ടൂറിസ്റ്റ് മാപ്പില്‍  പഹല്‍ഗാമും ദല്‍ തടാകവും ഗുല്‍മാര്‍ഗുമൊക്കെ പോലെ നിര്‍ബന്ധമായും ഈ സൂര്യക്ഷേത്രം ഉള്‍പ്പെടുത്തേണ്ടതാണ്''.
  
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ക്ഷേത്രപരിസരത്തേക്ക് അപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ജമ്മുവിലുള്ള സുഹൃത്തിന്റെ സഹായം കൊണ്ടാണ് മാര്‍ത്താണ്ഡ ക്ഷേത്രം എന്ന മഹാത്ഭുതം ഞങ്ങള്‍ക്ക് കാണാനായത്.തകര്‍ക്കപ്പെട്ട സൂര്യക്ഷേത്രത്തില്‍ നിന്നിറങ്ങി വരുമ്പോള്‍ താഴെയായി പുതിയ മാര്‍ത്താണ്ഡമന്ദിരവും  കണ്ടു. കാശ്മീരി പണ്ഡിറ്റുകളുടെ പരമ്പരകളാണിവിടെ പൂജ ചെയ്യുന്നത്. നന്നായി പരിപാലിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ശിവന്‍, ദേവി, സൂര്യന്‍, ഹനുമാന്‍, ശനീശ്വരന്‍,നാഗം തുടങ്ങിയ ദേവതകളുടെ പ്രതിഷ്ഠയുണ്ട്. ക്ഷേത്രസമുച്ചയത്തിന് നടുക്കായി സ്ഫടികം പോലെ തെളിഞ്ഞ ജലാശയം കണ്ടു. 

ചതുരാകൃതിയില്‍  പണിത കുളം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. അമര്‍നാഥില്‍ നിന്നുള്ള തീര്‍ത്ഥം ഇതില്‍ സമര്‍പ്പിക്കുന്നതിനാല്‍ വിശിഷ്ടമായ തീര്‍ത്ഥസ്ഥാനമായാണ് മട്ടനിലെ ഈ മാര്‍ത്താണ്ഡമന്ദിരം കണക്കാക്കപ്പെടുന്നത്. കുളത്തില്‍ ധാരാളം മീനുകളുണ്ട്. കൂട്ടംകൂട്ടമായി അവ ജലപ്പരപ്പില്‍ തുള്ളിക്കളിക്കുന്ന നയനാനന്ദകരമായ കാഴ്ച. ഭക്തന്മാര്‍ അവയ്ക്ക് തീറ്റ വാങ്ങിക്കൊടുക്കുന്നു. ഭഗവാന്റെ അരുമകളായ ഈ മീനുകളെ ഊട്ടുന്നത് പുണ്യമാണെന്നാണ് വിശ്വാസം. 

അമര്‍നാഥ് ക്ഷേത്രത്തിലെ പൂജകന്മാര്‍ താമസിക്കുന്ന ഇവിടെ നിന്നാണ് അമര്‍നാഥ് യാത്രക്കുള്ള പൂജാചടങ്ങുകള്‍  തുടങ്ങുന്നതെന്ന് പൂജാരി അജേഷ് ശര്‍മ പറഞ്ഞു.കുളപ്പടവുകളൊന്നില്‍ നാഗപ്രതിഷ്ഠയുണ്ട്. അഷ്ടനാഗജപം ഉരുക്കഴിച്ച് പ്രതിഷ്ഠയില്‍ ക്ഷീരധാരയും ജലധാരയും നടത്തി സര്‍പ്പദോഷത്തിന് പരിഹാരവും പ്രായശ്ചിത്തവും തേടുന്നവര്‍. ക്ഷേത്രത്തോടു ചേര്‍ന്നൊരു ഗുരുദ്വാരയുമുണ്ട്. സിഖ് മതസ്ഥരുടെ തീര്‍ത്ഥാടനകേന്ദ്രം കൂടിയാണിവിടം. ക്ഷേത്രത്തിനകത്തും പുറത്തും പ്രത്യേകമായൊരു ആത്മീയോര്‍ജം അനുഭവപ്പെട്ടു. കാശ്മീര്‍ കാണാനെത്തുന്നവരെല്ലാം ഇവിടെ എത്താറില്ലെന്നും എത്തേണ്ടതാണെന്നും കാഷ്മീരി പണ്ഡിറ്റുകളുടെ തലമുറയില്‍ പെട്ട അജേഷ് ശര്‍മ പറഞ്ഞു.

Content Highlights: beena govind  kashmir diary part five