ക്ഷിപ്ര കോപിയായ ബാണാസുരന്റെ കോട്ടയായിരുന്നു മനസ്സു നിറയെ. ഒറ്റ വാതിലുള്ള കരിങ്കല്‍ കോട്ടയില്‍ ശിരസ്സറ്റ ബാണാസുരന്‍ കാലത്തോട് പക തീര്‍ക്കാനായി ഇപ്പോഴും കാത്തിരിക്കുന്നു. കായിക ബലമുള്ള ഒരു ഉത്തമനെ കണ്ടാല്‍ കരിങ്കല്ലിന്റെ പാളികള്‍ തുറന്ന്, ആയിരം കൈകളുളള ബാണാസുരന്‍ ഉശിരുകാട്ടും. കുളവും കല്‍ത്തൂണുകളുമെല്ലാമുള്ള കോട്ട തേടി പോയവര്‍ അനേകമുണ്ട്. ഇതിലാര്‍ക്കുമുന്നിലും ബാണാസുരന്‍ വാതില്‍ തുറന്നു കൊടുത്തിട്ടില്ല. ഇനിയും ജീവന്‍ വെടിഞ്ഞിട്ടില്ലാത്ത അസുരന് കാവലായി ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്. അലോസരപ്പെടുത്താന്‍ മലകയറി വരുന്നവരെ ഈച്ചകള്‍ ആട്ടിപ്പായിക്കും. എന്നിട്ടും തിരികെ പോകാന്‍  മടിച്ചുനിന്നവരാരും പിന്നെ മടങ്ങിവന്നിട്ടില്ലന്നാണ് കേട്ടുകേള്‍വി...

സാഹസികരെ പോലും വെല്ലുവിളിച്ച് ആകാശം മുട്ടെ വളര്‍ന്നുനില്‍ക്കുന്ന വയനാട്ടിലെ ബാണാസുരമലയുടെ താഴ് വാരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ നാട്ടില്‍ പ്രചാരമുള്ള ഈ കഥയാണ് ഓര്‍മ്മ വന്നത്. ചെങ്കുത്തനെയുള്ള വന്‍മതിലുകള്‍ തീര്‍ത്ത്  കരിമ്പാറകള്‍. തെരുവപുല്ലകള്‍ തിരിമുടികെട്ടിയ അനേകം മലകള്‍ക്ക് മേലെ പിന്നെയും ഉയരങ്ങള്‍ ബാക്കി. സദാസമയം മേഘപാളികളെ പുണര്‍ന്നുനില്‍ക്കുന്ന ബാണാസുരന്റെ നെറുകയിലെത്തണം, മനസ്സില്‍ അടിയുറച്ച ഒരു നിശ്ചയവുമായാണ് സംഘത്തില്‍ ഒരോരുത്തരായി പങ്കുചേര്‍ന്നത്. ആവേശം വാനത്തോളം ഉയരത്തിലുണ്ടെങ്കിലും അസുരപര്‍വ്വതം എളുപ്പമൊന്നും തലകുനിച്ചു തരില്ലെന്ന് യാത്രയുടെ തുടക്കത്തിലെ മനസ്സിലായി.

ഗോത്ര മനുഷ്യര്‍ ശിലാലിഖിതങ്ങള്‍ കോറിയിട്ട അമ്പുകുത്തി മലനിരയുടെ നേരെ പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് ബാണാസുരന്റെ കോട്ട. സാങ്കല്‍പികമായ ഈ കോട്ടകൊത്തളങ്ങളുടെ പ്രൗഡിയിലാണ് ഈ ഗിരിപര്‍വ്വതം അറിയപ്പെടുന്നത്. വയനാടിന്റെ സായാഹ്നങ്ങളെ ചെമ്പട്ടുപുതപ്പിച്ച് സൂര്യന്‍ ഒളിച്ചുപോകുന്നത് ഈ കോട്ടയുടെ അകത്തളങ്ങളിലേക്കാണ്. ദൂരെ നിന്നുനോക്കുമ്പോള്‍ ശിരസ്സില്ലാത്ത ബാണാസുരനെ പോലെതന്നെയാണ് ഗിരിപര്‍വ്വതത്തിന്റെ കാഴ്ച. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ കാറ്റിനെ തടഞ്ഞുനിര്‍ത്തി ചെരിഞ്ഞുപെയ്യുന്ന മഴയെ പ്രണയിക്കുന്ന ഈ ഗിരിനിരകള്‍ വര്‍ഷത്തില്‍ ഓണക്കാലത്തിനുശേഷം ഏകദേശം ഒരുമാസക്കാലം മാത്രമാണ് പൂര്‍ണ്ണകായ കാഴ്ചകള്‍ നല്കുക. അതിനുശേഷം മേഘപാളികള്‍ക്കിടയില്‍ പാതിരൂപം ഒളിപ്പിച്ച് പുറം ലോകത്ത് നിന്നെല്ലാം ഒറ്റപ്പെട്ട് നില്‍ക്കാനാണ് ബാണാസുരന് ഇഷ്ടം.

മൊതക്കര എന്ന ചെറുപട്ടണമാണ് ബാണാസുരന്‍ മലയിലേക്കുള്ള യാത്രയില്‍ ഏവരെയും വരവേല്ക്കുക. തനിനാടന്‍ ജീവിത പശ്ചാത്തലമെഴുതിയ നാട്ടുവഴികളില്‍ നിന്ന് ഒത്ത ഉയരത്തില്‍ ബാലന്‍സ് ചെയ്തു നില്‍ക്കുന്ന മലയുടെ നിഴല്‍ പ്രദേശമാണിത്. നേരിട്ട് കാണുമ്പോള്‍ ഒറ്റ മലയെന്ന് തോന്നിയേക്കാം. നിരന്ന പ്രദേശത്ത് നിന്നും കുത്തെനെ ഒറ്റ തുടക്കം. വയല്‍വഴികളിലൂടെ നടന്ന് ആലക്കണ്ടിയിലെ കളിമണ്ണുകൊണ്ട് ജീവിതമെഴുതുന്ന കുംഭാരകുടിലുകള്‍ക്ക് അരികിലൂടെ വേണം മലകയറാന്‍. ഒരു കിലോ മീറ്ററോളം നടന്നാല്‍ കാട്ടരുവിയുടെ സ്പന്ദനം കേള്‍ക്കാം. മഴക്കാലത്ത് അലമുറയിട്ട് അലതല്ലി പിരിഞ്ഞുപോയ അരുവിക്ക് ഇപ്പോള്‍ ശാന്തഭാവമാണ്. 

Banasuran Kotta

Banasuran Kotta

Banasuran Kotta

ഇതാണ് കല്ലാന്‍തോട്. കൂട്ടത്തില്‍ ഈ കാട്ടരുവിയെ അടുത്തറിയുന്ന സുജേഷ് ഒരു സുഹൃത്തിനെ പോലെ പരിചയപ്പെടുത്തി. താഴ് വാരത്തിലേക്ക് പാറക്കെട്ടുകള്‍ ചാടി കുതിച്ചു പാഞ്ഞ അരുവിയില്‍ ഭീമന്‍ പാറകള്‍ പകുതിയും തേഞ്ഞുനില്‍ക്കുന്നു. കാട്ടരുവി തഴുകി മിനുക്കിയ ഉരുളന്‍ കല്ലുകള്‍ ഒഴുക്കിന്റെ കഥകള്‍ പറയുന്നു. വന്‍മരങ്ങള്‍ കുട ചൂടിനില്‍ക്കുന്ന കാട്ടരുവിയില്‍ കനത്ത കുളിര്. വിസ്മയങ്ങളുടെ തുടക്കം. മലമുളിലേക്കുള്ള യാത്ര തുടങ്ങുകയായി. കല്ലാന്‍ തോടിന്റെ കല്ലുകളില്‍ നിന്നു കല്ലുകളിലേക്ക് ചാടി ആദ്യം തന്നെ പിന്നിട്ടത് രണ്ടുകിലോമീറററോളം ദൂരം.

Banasuran Kotta

പുറത്ത് നല്ലവെയിലുണ്ടെങ്കിലും കാട്ടരുവി മരത്തണലിലൂടെയായതിനാല്‍ ക്ഷീണം അറിയുന്നേയില്ല. താഴ്‌വാരത്തില്‍ കടുത്ത ഈ വേനലിലും വെള്ളം തളം കെട്ടിനില്‍ക്കുന്നുണ്ടെങ്കിലും മുകളിലേക്ക് കയറും തോറും ഇവ കുറഞ്ഞുവരികയാണ്. ഇടയ്‌ക്കൊക്കെ വലിയ പാറകള്‍ വഴിമുടക്കി നിന്നു. കൂട്ടിക്കെട്ടിയ കാട്ടുവള്ളികളില്‍ പിടിച്ച് ഓരോരുത്തരായി മുകളിലേക്ക്. ഇരുട്ട് തളം കെട്ടിനില്‍ക്കുന്ന ഉറക്കം ചോലയെന്ന വനത്തിലേക്കാണ് കാട്ടരുവി വഴികാണിച്ചു കൊണ്ടുപോയത്. നിബിഡമായൊരു വനമായിരുന്നു അത്. ഉച്ച വെയിലിലും സുര്യരശ്മികള്‍ പതിക്കാത്ത അടിക്കാടുകള്‍. പച്ചപ്പന്തലൊരുക്കി ബാണസുര മലയില്‍ അവശേഷിക്കുന്ന ഒരേയൊരു സ്മൃതിവനം.

Banasuran Kotta
  
അടിക്കാടുകളില്‍ ഇനിയും പേരിട്ടിട്ടില്ലാത്ത അപൂര്‍വ്വ സസ്യങ്ങള്‍ തലനീട്ടി നില്‍ക്കുന്നു. പാറക്കൂറ്റന്‍മാരെ വലിഞ്ഞുമുറുക്കി പെരുമ്പാമ്പുകളെ പോലെ ഭീമന്‍ മരങ്ങളുടെ വേരുകള്‍. ദാഹം തീര്‍ക്കാന്‍ കാട് കനിഞ്ഞുനല്‍കിയ ഇത്തിരി ജലം. കൈക്കുമ്പിളില്‍ ഏറ്റുവാങ്ങി ചുണ്ടോടടുപ്പിച്ചപ്പോള്‍ ഭൂമിയിലേറ്റവും സ്വാദ് മറ്റെന്തിനാണെന്ന് തോന്നി. ഇത് പ്രകൃതിയുടെ അപാരതകളിലേക്കുള്ള യാത്ര കൂടിയായിരുന്നു. 

Banasuran Kotta

Banasuran Kotta

Banasuran Kotta

അന്‍പതടിയോളം പൊക്കത്തിലേക്ക് വളര്‍ന്നതായിരുന്നു ഉറക്കം ചോലയിലെ വനങ്ങള്‍.കണ്ണിചൂരലുകള്‍ പലമരങ്ങളെയും ചുറ്റിപടര്‍ന്നു നില്‍ക്കുന്നു. എളുപ്പമൊന്നും പുറമെ നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഈ വനമേഖലയില്‍ കാട്ടരുവികളുടെ ഓരം ചേര്‍ന്ന് അടുപ്പുകള്‍ കൂട്ടിയതു കാണാം. മരം മുറിച്ചുകടത്തുന്ന വനമാഫിയകളുടെ താവളമാണിതെന്ന് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാം. ചാരായ വാറ്റുകാരും ഒരു കാലത്ത് തമ്പടിച്ചിരുന്നതും ഈ കാടിന്റെ അകത്തളങ്ങളിലാണ്. സഞ്ചാരികളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിലാകാം ഈ കാടുകളില്‍ ആളനക്കമൊന്നുമില്ല. ചെറിയൊരു കരുതലോടെയായിരുന്നു ഈ കാടുകള്‍ പിന്നിട്ട് മുകളിലേക്കുള്ള കയറ്റം.

Banasuran Kotta

Banasuran Kotta

Banasuran Kotta

ഇനിയുള്ള വഴികള്‍ പഴയതുപോലെയല്ല.ഒരോ പാറകള്‍ക്കും പത്തും പതിനഞ്ചുമടി ഉയരമുണ്ട്. ഉരുളന്‍ കല്ലുകള്‍ അപ്രത്യക്ഷമായി തുടങ്ങി. താഴ് വാരത്തില്‍ നിന്നു ഏഴുകിലോ മീറ്റര്‍ പിന്നിട്ടപ്പോള്‍ കാട്ടരുവി നാലായി വഴിപിരിഞ്ഞുപോയി. ഗിരി പര്‍വ്വത നിരകളില്‍ ഏറ്റവും മുന്നില്‍ ഒരു കൂറ്റന്‍ മല തെളിഞ്ഞുവന്നു. അരുവികളും ചോലവനങ്ങളും പിന്നിട്ടതോടെ പുല്‍മേടുകളുടെ അനന്തമായ കാഴ്ച. അഞ്ഞൂറടിയോളം ഉയരത്തില്‍ ചെറിയൊരു ചായ്‌വുമായി ആദ്യകയറ്റം. ലഗേജുകളെല്ലാം പുറത്തുതൂക്കി കൈയ്യും കാലും കുത്തിവേണം മുകളിലേക്ക് കയറുവാന്‍. ഒരു മണിക്കൂറോാളം സമയം കൊണ്ട് യാത്രാ സംഘത്തിലൊരാള്‍ ഒന്നാം മലയുടെ മുകളിലെത്തി. മറ്റുള്ളവരും ഏറെ താമസിയാതെ പിന്നാലെയെത്തി. വയനാടിന്റെ പൂര്‍ണ്ണമായ കാഴ്ചകളിലേക്ക് വാതില്‍ തുറക്കുകയായി. തൊട്ടു താഴെ ഉറക്കം ചോലെയെന്ന ചോലവനം. അതിനും എത്രയോ താഴെ വയലുകളും കുന്നുകളും നിറഞ്ഞ വയനാടന്‍  സമതലം. അങ്ങ് ദൂരെ കുറമ്പാലക്കോട്ടയും ചെമ്പ്ര മലയുമെല്ലാം ചെറിയൊരു മണ്‍കൂനമാത്രമായി ഒതുങ്ങുന്നു.

Banasuran Kotta

Banasuran Kotta

Banasuran Kotta

Banasuran Kotta

തിരിഞ്ഞുനോക്കുമ്പോള്‍ തൊട്ടുപിന്നില്‍ കീഴടക്കാന്‍ ഇനിയും വലിയൊരു പര്‍വ്വതം ബാക്കി. സമയം നട്ടുച്ചയെങ്കിലും കാറ്റ് വെയിലിനെ പ്രതിരോധിക്കുന്നുണ്ട്. ഓരോ തുള്ളി ദാഹജലത്തിനും ജീവന്റെ വില. അങ്ങോട്ട് ഇനിയുള്ള യാത്രയില്‍ വെള്ളം കിട്ടാന്‍ ഒരു നേരിയ സാധ്യത പോലുമില്ല. അതുകൊണ്ടുതന്നെ ഒരാരുത്തരും കുപ്പികളില്‍ സംഭരിച്ചുവെച്ച വെള്ളത്തിന് പിശുക്കികാണിച്ചു തുടങ്ങി. ചെറിയൊരു കാട്ടുചോല കടന്നുവേണം ഇനി മുന്നോട്ട് പോകാന്‍. ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നു കാടിന്റെ തണലില്‍ വീണ്ടുമെത്തിയപ്പോള്‍ അത് കുളിരിന്റെ കൂടാരമായി. കാടുകടന്നപ്പോഴെക്കും വന്‍മതിലുകള്‍ വഴികളടച്ചുകൊണ്ടിരുന്നു. മുട്ടിന് തലമുട്ടുന്ന തരത്തില്‍ കയറ്റം കഠിനമായി. ഒന്നരയാള്‍ പൊക്കത്തില്‍ തെരുവ പുല്ലുകള്‍ കാറ്റില്‍ ആടിയുലഞ്ഞുകൊണ്ടിരുന്നു. കാറ്റിനൊപ്പം ഒരു ഇരമ്പമായി ഈച്ചകളുമെത്തി. സദാ തലയ്ക്കു ചുറ്റും വട്ടം കറങ്ങി മൂളുന്ന ഒരായിരം ഈച്ചകള്‍. ബാണാസുരന്‍  കോട്ടയുടെ വാതിലുകള്‍ തുറക്കാന്‍ സമയമായതുപോലെ.

ചൂട്ട് കത്തിച്ച് വീശുമ്പോള്‍ മാത്രമാണ് അല്‍പ്പം ആശ്വാസം. സാഹസികതയ്ക്കും അപ്പുറം ഈച്ചകളോടുളള യുദ്ധം മറ്റൊരുവെല്ലുവിളിയായി. തിരിഞ്ഞുനോക്കാനും താഴ് വാരത്തിലേക്ക് കണ്ണുപായിക്കാനും ആര്‍ക്കും ധൈര്യമില്ല. ബാണാസുരന്റെ നെറുകയില്‍ തൊട്ടുമാത്രം ഇനി വിശ്രമം. സമുദ്രനിരപ്പില്‍ നിന്നു 6088 അടി ഉയരത്തിലെത്താന്‍ ഇനി മിനുറ്റുകള്‍ മാത്രം. കഠിനമായ കയറ്റത്തെ പിന്നിലാക്കി മുകളിലോട്ട്. ക്ഷീണമകറ്റാന്‍ തെരുവപുല്ലുകളില്‍ പിടിച്ചുനിന്ന് അല്‍പ്പം വിശ്രമം. സമയം വൈകിട്ട് മൂന്നരയോളമായി.

യാത്ര തുടങ്ങി ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങള്‍ ബാണാസുരന്റെ നെറുകയില്‍ തൊട്ടു. മേഘപാളികള്‍ക്കിടയില്‍ ഒരു ആകാശ ഗോപുരം. കുള്ളന്‍മരങ്ങള്‍ തണല്‍ വിരിക്കുന്ന പാറയിടുക്കുകള്‍. കരിങ്കല്ലിന്റെ കൂര്‍ത്ത ശിഖരങ്ങള്‍ ആകാശത്തിലേക്ക് തലനീട്ടി നില്‍ക്കുന്നു. അല്‍പ്പം നിരന്നതെന്ന് തോന്നിയ ആകാശ നെറുകയില്‍ ജീവന്‍മാത്രം നിലനില്‍ക്കുന്ന ശരീരത്തെ ഞങ്ങള്‍ തളച്ചിട്ടു. വിശപ്പിന്റെ ആഴം കൂടിയതോടെ പകുതി ബോധം നഷ്ടപ്പെട്ടതുപോലെയായിരുന്നു പലരും. ആള്‍ട്ടിട്ട്യൂഡ് സിക്ക്‌നസ്സ് ശരീരത്തിന്റെ ബാലന്‍സ് അടിമുടി തെറ്റിച്ചു. എല്ലാവരും തളര്‍ന്നുറങ്ങിയ അരമണിക്കൂര്‍. സദാ വീശിയടിക്കുന്ന കാറ്റില്‍ ചുടൊക്കെ എവിടയോ പോയ്മറഞ്ഞു.

Banasuran Kotta
 
താഴ് വാരത്തില്‍ വയനാടിന്റെ ഹരിതഭൂപടം തെളിഞ്ഞുവന്നു. ബാണാസുരസാഗരറെന്ന ഇന്ത്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഡാം താഴെ ഒരു ചെറുതടാകമായി കാണാം. കണ്ണിന്റെ കാഴ്ചകളില്‍ ഏറ്റവും ദൂരത്തായി പുകയുടെ മൂടിപടമിട്ട് കര്‍ണ്ണാടകയുടെയും തമിഴ്‌നാടിന്റെയും ഭൂതലങ്ങള്‍ കാണാം. മൂന്നു സംസ്ഥാനങ്ങളെ കാഴ്ചകളിലേക്ക് പകര്‍ത്താന്‍ കഴിയുന്ന ഏറ്റവും ഉയരത്തിലുള്ള ഏക വ്യൂ പോയിന്റ്. ഇവിടെ എത്തിയവര്‍ അനേകമില്ല. സാഹസികതയെ ഒപ്പം കൂട്ടുന്നവര്‍ക്ക് മാത്രമാണ് ഈ കാഴ്ചകള്‍ കാത്തിരിക്കുക. ഒരുഭാഗത്തായി നീല വര്‍ണ്ണമണിഞ്ഞ് നീലഗിരിയുടെ മലനിരകള്‍. മറുഭാഗത്തെ കാഴ്ചകളായിരുന്നു ഏറെ വിസ്മയം കാത്തുവെച്ചത്. ഒരു കോടമഞ്ഞ് ഞങ്ങളെ കടന്നുപോയപ്പോള്‍ അഗാധമായ ഗര്‍ത്തമായിരുന്നു തൊട്ടുമുന്നില്‍ തുറന്നുവന്നത്. ആറായിരത്തില്‍പ്പരം അടി താഴ്ചയില്‍ ഒരു അത്ഭുത ലോകം. പച്ചപരവതാനി വിരിച്ചപോലെയായിരുന്നു കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ ഭൂപടം കാണാനായത്. നീളത്തില്‍ വെള്ളിപാത്രം പോലെ കടലെന്ന പാനപാത്രം.

സന്ധ്യയായതോടെ സൂര്യന്‍ തലയ്ക്ക് തൊട്ടു മുകളില്‍ നിന്നും അങ്ങ് താഴെ കടലിലേക്ക് വീണുപോയി. മാനത്തെ കൊട്ടരത്തില്‍ നിന്നു മേഘ പടലങ്ങള്‍ ഞങ്ങളുടെ മുകളിലേക്ക് അടര്‍ന്നുവീണു. താഴെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ മനുഷ്യസങ്കേതങ്ങള്‍ ഉണരുകയായി. ഇരുവശത്തും അഗാധമായ ഗര്‍ത്തം. ഇതിനു മതിലായി ഇനിയും വാതില്‍തുറക്കാത്ത ബാണാസുരന്റെ കോട്ട. ഇടിമിന്നലേറ്റ് നാലായി പിളര്‍ന്ന മലയുടെ ശിഖരത്തില്‍ ഇരുട്ടുപടര്‍ന്നതോടെ നക്ഷത്രങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്നു. ഈച്ചകള്‍ ഏതോ ഗുഹാപാളികളിലേക്ക് തിരികെ പോയി. അടുപ്പില്‍ അത്താഴത്തിന്  അരിവേവുന്നു. തിളച്ചിച്ചും തിളക്കാത്ത അടുപ്പിലെ പാത്രം ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചു. അന്തരീക്ഷ മര്‍ദ്ദത്തിന്റെ ഗുട്ടന്‍സുകള്‍ അന്നാണ് കൂടുതല്‍ പിടികിട്ടിയത്. ബോണ്‍സായി കാടുകളില്‍ നിന്ന് അകന്ന് വലിയൊരു പാറപ്പുറത്തായി ഞങ്ങളുടെ അന്തിയുറക്കം. ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ മനോഹരമായിരുന്നു മലമുകളിലെ ആ രാത്രി.

ബാണാസുരന്റെ പുത്രിയായ ഉഷയെ പ്രണയിച്ചത് സാക്ഷാല്‍ ശ്രീകൃഷ്ണന്റെ പൗത്രന്‍ അനിരുദ്ധനായിരുന്നു. പ്രണയ കഥയറിഞ്ഞ ബാണന്‍ കലിപൂണ്ടു നടന്നു. ഉഷയെ സ്വന്തമാക്കാന്‍ അനിരുദ്ധനാവട്ടെ കൃഷ്ണന്റെ സഹായം തേടി. നയപരമായി കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ എതിര്‍ത്തുനിന്ന ബാണാസുരന്റെ ശിരസ്സറുത്തുമാറ്റുകയായിരുന്നു കൃഷ്ണ ഭഗവാന്‍. ഉഷയെ അനിരുദ്ധനൊപ്പം യാത്രയാക്കി ശിരസ്സറുത്ത ഉടവാള്‍ കബനിക്കരയിലേക്ക് ഭഗവാന്‍ വലിച്ചെറികയായിരുന്നു എന്നാണ് ഐതിഹ്യം. ഇതിനു സാക്ഷ്യമായി വാളുമുക്കിയുടെ തീരത്ത് തൊടുവയില്‍ ഒരു അമ്പലവുമുണ്ട്. 

പുരാണങ്ങളിലെ ഐതീഹ്യങ്ങള്‍ രാത്രിയില്‍ ഒരു കൂട്ടായി. കാറ്റിന്റെ താരാട്ടുതൊട്ടിലില്‍ നക്ഷത്രങ്ങളോട് കഥപറഞ്ഞ് രാത്രി പോയതറിഞ്ഞില്ല. ഇന്നെലെ കടലില്‍ ഒളിച്ചുപോയ സൂര്യന്‍ കിഴക്കന്‍ പാളയത്തില്‍ പുനര്‍ജനിക്കുന്നു. സമതലം മുഴുവനും മഞ്ഞ വെയില്‍ പരക്കുകയായി. ക്ഷീണമകന്ന് എല്ലാവരും പുതിയ ഉന്മേഷത്തിലായി. മഞ്ഞുരുകുന്ന പ്രഭാതമായതോടെ ഉറുമ്പുകളെപ്പോലെ റോഡിന്റെ ഞരമ്പുകളില്‍ വാഹനങ്ങള്‍ ഇരമ്പുന്നതു കാണാം. പൂത്തുലഞ്ഞ് നിന്ന കുള്ളന്‍ മരങ്ങള്‍ക്കിടയിലൂടെ മലയുടെ നാനവശങ്ങളില്‍ നിന്നും താഴ് വാരത്തേക്ക് ഞങ്ങള്‍ കണ്ണുപായിച്ചു. മഹാസാഗരംപോലെ വിശാലമായ സമതലങ്ങള്‍ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഗിരിപര്‍വ്വതം ഇനി എത്രനാള്‍. താഴ് വാരങ്ങള്‍ നിറയെ കല്ലുകള്‍ കാര്‍ന്നു തിന്നുന്ന യന്ത്രങ്ങള്‍ മുരളുന്നു. പശ്ചിമഘട്ട സംരക്ഷണത്തില്‍ നിന്നു ഈ മലനിരകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഏതോ രാഷ്ട്രീയ തീരുമാനത്തില്‍ മാഫിയകള്‍ക്ക് തീറെഴുതിയിരിക്കുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകളെ ആരു സംരക്ഷിക്കും. ചോദ്യങ്ങളെല്ലാം ഇവിടെ ബാക്കിയാവുന്നു. ബാണാസുരന്‍ വാതിലുകള്‍ ഒരിക്കല്‍ തുറക്കും. പ്രകമ്പനകള്‍ അലമുറയിട്ട് അടങ്ങുമ്പോള്‍ താഴ് വാരങ്ങള്‍ നിശബ്ദമാകും. പിന്നെയൊരു ജീവിതം തളിരിടുമ്പോള്‍ ചരിത്രം ഇതു കൂടി എഴുതിചേര്‍ക്കും. യാത്ര പറഞ്ഞ് താഴ് വാരത്തില്‍ നിന്നു മടങ്ങുമ്പോള്‍ ശിരസ്സുയര്‍ത്തി ബാണാസുരന്‍ കാറ്റുമായി പൊരുതുന്നുണ്ടായിരുന്നു.