ലേന്നത്തെ രാവിൽ കാട് ശബ്ദമുഖരിതമായിരുന്നു. മുളം കാടുകൾക്കിടയിൽനിന്നും ആനകൾ ആരെയോ തുരത്തുന്ന ശബ്ദമായിരുന്നു നിറയെ. രണ്ടുദിവസമായി ഒരാനക്കൂട്ടം അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. സമൃദ്ധമായ മുളങ്കൂട്ടങ്ങളും കാട്ടരുവിയുമാണ് അവയെ അവിടെ തങ്ങുവാൻ പ്രേരിപ്പിച്ചതെന്നാണ് ഞാനാദ്യം കരുതിയത്. അടുത്ത ദിവസമാണ് കാര്യം വ്യക്തമായത്. അവിടെ ഒരാനക്കുഞ്ഞ് ജനിക്കുകയായിരുന്നു.

പുലരിവെയിൽ പരക്കുമ്പോൾ ആനക്കൂട്ടം പുഴയോരത്തേക്കു നീങ്ങി. അവയ്ക്ക് പിന്നാലെ ഞാനും. വലിയ പിടിയാനകളുടെ തൂണുപോലുള്ള കാലുകൾക്കിടയിൽ ആനക്കുഞ്ഞ്! ഏതാനും ചിത്രങ്ങൾ പകർത്തി ഞാൻ തിരികെ പോന്നു.

പിന്നീടും കുട്ടിയാനകളെ പിന്തുടരുകതന്നെ ചെയ്തു എന്റെ ക്യാമറ, ഫോണിൽ വരെ ക്യാമറയുള്ള ഇക്കാലത്ത് ആനച്ചിത്രങ്ങൾ എടുക്കാത്തവർ വിരളം. ചലിച്ചുകൊണ്ടിരിക്കുന്ന ഉറച്ച് പേശികളാൽ ദൃഢമായ വലിയ തൂണുകൾക്കും നീളമേറിയ തുമ്പിക്കൈകൾക്കുമിടയിൽ കുസൃതി ഒളിപ്പിച്ചുവെച്ച കണ്ണുകളും ഭാവങ്ങളുമായി കുട്ടി ഗണപതിമാർ!

Elephant 2

ഒരിക്കൽ മുളംചുവട്ടിൽ പാതി മറഞ്ഞും മറയാതെയും ക്യാമറയുമായി കുറച്ചപ്പുറമുള്ള പുൽപ്പരപ്പിൽ മേയുന്ന ആനക്കൂട്ടത്തെ നോക്കി യിരിക്കുമ്പോഴാണ് കൂട്ടത്തിൽനിന്നും ഒരു കുട്ടിക്കുറുമ്പൻ ഞാനിരിക്കുന്ന വശത്തേക്ക് ഓടി എത്തിയത്, ഞാനൊന്ന് പരിഭ്രമിച്ചോ? അതെന്റെ തൊട്ടുമുന്നിൽ വിടർത്തിപ്പിടിച്ച ചെവികളുമായി നിന്നു. പിന്നെ ആ കൊച്ചു തുമ്പിക്കൈ നീട്ടി ഗന്ധം പിടിച്ചു. അപ്പോഴേക്കും ആനക്കൂട്ട ത്തിൽനിന്നും ഒരു ശാസനരൂപത്തിൽ ശബ്ദം ഉയർന്നതും കുട്ടിയാന പിന്തിരിഞ്ഞു പാഞ്ഞതും ഒന്നിച്ചായിരുന്നു. ആനക്കൂട്ടം എന്നെ  ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിലവ വലിയ കോലാഹലമുണ്ടാക്കി വന്നേനെ.

ഇത്തരം കുട്ടിയാനകളെ കൂട്ടത്തിലുള്ള എല്ലാ ആനകളും ഓമനിക്കുന്നതും സംരക്ഷിക്കുന്നതും കാണാം. ഒരിക്കൽ ആനക്കൂട്ടം കാട്ടിലേക്കു പിന്തിരിയുകയാണ്. ഒരു കുട്ടിയാന മണ്ണിലങ്ങനെ എല്ലാം മറന്ന് കളിക്കുന്നു. വലിയ ആന ആദ്യം ചെറുശബ്ദത്താൽ അവനെ വിളിച്ചു. അവനത് കേൾക്കാതെ കളിയിൽ മുഴുകി. അപ്പോൾ ആനക്കൂട്ടത്തിലെ തലമുതിർന്ന പിടിയാന വന്നു അവനു നേരെ പിന്തിരിഞ്ഞു നിന്നിട്ട് വാലുവെച്ച് രണ്ട് തട്ട്. കുട്ടിയാന ഉടനെ കളി നിർത്തി ആനക്കൂട്ടത്തിനിടയിലേക്ക് ഓടി.

ചിലപ്പോൾ മുൻകാലുകൾകൊണ്ട് തട്ടിയും തുമ്പിക്കെകൊണ്ട് തോണ്ടിയുമൊക്കെ കുഞ്ഞുങ്ങളോട് വലിയ ആനകൾ സംവദിക്കുന്നതുകാണാം. ചെറിയ ശബ്ദങ്ങളിലെ വ്യത്യാസങ്ങൾ വാൽ ആട്ടുന്ന രീതികൾ ഒക്കെ ശ്രദ്ധിച്ചാൽ അത് തിരിച്ചറിയുവാനാകും.

Elephant 3

കടുവയുടെ സാന്നിധ്യം അറിയുമ്പോഴായിരിക്കും കുഞ്ഞുങ്ങൾക്ക് വലിയ ആനകളിൽനിന്നും ശാസനകൾ കൂടുതൽ കിട്ടുക. കുഞ്ഞുങ്ങൾക്കാണെങ്കിൽ അടങ്ങി നിൽക്കാനാകില്ല. അവ വഴിയിൽ കണ്ടതൊക്കെ തൊട്ടും മണത്തും പിടിച്ചുവലിച്ചും ഓടി നടക്കും. രാത്രികാലങ്ങളിൽ വലിയ ആനകൾ ചിഹ്നം വിളികളോടെ കടുവയെ തുരത്താൻ ശ്രമിക്കുന്നതു കേൾക്കാം, അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ വലിയ കൊമ്പന്മാർ ആനക്കൂട്ടത്തിനരികിലേക്ക് ചെല്ലുന്നതും കാണാം. അവ രണ്ടുമൂന്നുദിവസം കൂട്ടത്തോടൊപ്പം സശ്രദ്ധം നടക്കുന്നു. പിന്നെ കടുവയുടെ നിഴൽപോലും ആ ഭാഗത്ത് കാണില്ല.

മുതുമല വനാന്തരത്തിൽ താമസിച്ചിരുന്ന പ്രസിദ്ധ ഗവേഷകനും എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഇ.ആർ.സി. ദാവിദാർ എപ്പോൾ കാണുമ്പോഴും പറയുന്ന ഒരു ഓർമയുണ്ട്. “ചീതൾവാക്ക്' എന്ന ആ കാനനഗൃഹത്തിനു ചുറ്റും എല്ലായ്പ്പോഴും വന്യജീവികളാൽ സമ്പന്നമാണ്. ആനക്കൂട്ടങ്ങൾ സാധാരണവും.

Elephant 4അവിടെ എത്തുന്ന ഒരാനക്കൂട്ടത്തിൽനിന്നും ഒരു കുട്ടിക്കുറുമ്പൻ ചീതൾവാക്കിന്റെ വരാന്തയിലേക്ക് എല്ലായ്പ്പോഴും ഓടിക്കയറുമത്രേ. തുമ്പിക്കൈയിൽ കിട്ടുന്ന കസേരയും മറ്റും പുറത്തേക്ക് കൊണ്ടുപോയി കൂട്ടുകാർക്കൊപ്പം കളിക്കാൻ ഉപയോഗിക്കും. ഇത് എല്ലാ വരവിലും അവൻ തുടർന്നുകൊണ്ടേയിരുന്നു. അവന് അദ്ദേഹം ഒരു പേരും നൽകി “വരാന്തബോയ്''. അത് വലുതായപ്പോഴും അത്തരം രസകരമായ കളികൾ തുടർന്നു. ഇ.ആർ.സി. ദാവിദാറിന്റെ മകൻ മാർക്ക് ദാവിദാർ അവന് മറ്റൊരു പേരാണ് നൽകിയത്. പഴയ ബ്രസീലിയൻ ഫുട്ബോൾ ടീമിലെ “റോബർട്ടോ കാർലോസ്'. മാർക്ക് വിളിച്ചാൽ വരും. അവർ തമ്മിലുള്ള ആത്മബന്ധം നമ്മെ അദ്ഭുതപ്പെടുത്തുമായിരുന്നു. പിന്നീട് ആനയ്ക്ക് എങ്ങനെയോ മുൻപാദങ്ങളിൽ മുറിവുണ്ടായി. വെടിയേറ്റതാണെന്നും കേട്ടു. റോബർട്ടോ കാർലോസ് ചരിഞ്ഞു.

മനുഷ്യസാന്നിധ്യമുള്ള ഇടങ്ങളിലൂടെ ആനക്കൂട്ടം കടന്നുപോകുമ്പോൾ കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിതരായി കൊണ്ടുപോകുന്നതു കാണാം. അവയും ഭയന്നായിരിക്കും കടന്നുപോകുക. ഭൂമിയിലെ ഏറ്റവും വലിയ  സസ്തനിയുടെ ഏറ്റവും വലിയ ശത്രു എല്ലാക്കാലത്തും മനുഷ്യൻ തന്നെ.

Yathra Cover
യാത്ര വാങ്ങാം

കാനോൺ ക്യാമറയും 300mmf4, - 100mm. 100mm - 400mm ലെൻസുകളുമാണ് ഇത്തരം ചിത്രങ്ങൾക്കായി ഞാനുപയോഗിച്ചിരിക്കുന്നത്. എപ്പോഴും ആനക്കൂട്ടങ്ങളുടെ അരികിലേക്ക് നടന്നടുക്കുമ്പോൾ നാം തനിച്ചായിരിക്കുവാൻ ശ്രദ്ധിക്കുക. ഭയാലുക്കളുമായി അവയ്ക്കരികിലേക്ക് പോകാതിരിക്കുക.  കുഞ്ഞിനൊപ്പമുള്ള ഏതു ജീവിയും തികഞ്ഞ ജാഗ്രതയിലായിരിക്കും എന്ന് ഓർമിക്കുക. അവയുടെ മുന്നറിയിപ്പുകൾ തിരിച്ചറിയുക.

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Baby Elephants, Wildlife Photography, NA Naseer, Mathrubhumi Yathra