പുലരിമഞ്ഞു മൂടിയ പാഞ്ചാലിമേടിറങ്ങി വരുമ്പോഴാണ് അമ്മച്ചിക്കൊട്ടാരം കണ്ടുവരാമെന്നു കരുതിയത് . തലേ രാത്രി മലകയറി വന്നപ്പോള്‍ തണുത്ത രാത്രിയില്‍ ഒരു തണുതണുത്ത ജിഞ്ചര്‍ സോഡാ കഴിക്കാനായിറങ്ങിയത് സാബു ചേട്ടന്റെ കുഞ്ഞിക്കടയിലായിരുന്നു. അമ്മച്ചിക്കൊട്ടാരത്തെപ്പറ്റി ഒരു ചെറു സ്റ്റഡി ക്ലാസ്സെടുത്താണ് സാബുച്ചേട്ടന്‍ എന്നെ യാത്രയാക്കിയത്. പുള്ളി പറഞ്ഞതനുസരിച്ചു മറ്റൊരു കൊട്ടാരം കൂടി കുട്ടിക്കാനത്തുണ്ടെന്നും അതൊരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണെന്നും അറിയാന്‍ കഴിഞ്ഞു . ( ഈ സാബുചേട്ടനൊക്കെ എത്ര പാവമാണെന്നോ...' കൊച്ചീക്കാരാ അല്ലിയോ ..? കൊച്ചിന് വിശക്കുന്നില്ലിയോ ..'എന്നൊക്കെ ചോദിച്ചു നമ്മെ വീഴ്ത്തിക്കളയും).

Ammachikkottaram 4

ത്രിശങ്കു ഹില്‍സിലെ കോടമഞ്ഞുമൂടിയ കോട്ടേജില്‍ രാത്രിയുടെ നിശബ്ദസൗന്ദര്യം ആവോളം കണ്ടു, തണുത്ത പുലരിയില്‍ വെളിച്ചമെത്തും മുന്‍പേ ഒരു പാഞ്ചാലിമേട് യാത്ര !!കുന്നു കയറി പോകവേ അരുണരാശി പടര്‍ത്തി സൂര്യന്‍ ഉദിച്ചുയരുന്നു... 

'ജപ കുസുമ സങ്കാശം കാശ്യപേയം 
മഹാദ്യുതിം തമോരിം സര്‍വ്വ പാപഘ്‌നം 
പ്രണതോസ്മി ദിവാകരം..'

കശ്യപന്റെയും അദിതിയുടെയും പുത്രന്‍..ദിനരാത്രങ്ങളുടെ സൃഷ്ടാവ് പ്രപഞ്ചാധിപതിയായ സൂര്യന് പ്രണാമം ..മലമുകളില്‍ കാറ്റിന്റെ ഇന്ദ്രജാലം.. കുളിര്‍ന്നുപോകുന്ന കാറ്റേറ്റ് എത്ര നേരം നിന്നുവെന്നറിയില്ല.. നീലമലകളും പുല്‍മേടുകളും ചുറ്റിലും... ദൂരെ മഞ്ഞില്‍ ഒളിഞ്ഞു പൊന്നമ്പലമേട്..താഴ്‌വരയിലെ കുഞ്ഞിക്കടയില്‍ മണമുള്ള ..രുചിയുള്ള... കട്ടന്‍ കാപ്പി..ചില ദിവസങ്ങള്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ളവ.

ഇനിയാണ് അമ്മച്ചിക്കൊട്ടാരം തേടിയുള്ള യാത്ര ..കുട്ടിക്കാനം ജങ്ഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം . അമ്മച്ചിക്കൊട്ടാരം കണ്ടുപിടിക്കാന്‍ കുറച്ചു പാടുപെട്ടു .ഓരോ വഴിയിലൂടെയും കാടുകയറി ചെല്ലുമ്പോള്‍ കാര്‍ പോകാനുള്ള വഴി അവിടെ അവസാനിക്കുന്നു. നിറമുള്ള തൂവലുകളുള്ള ചിറകടിച്ചു കാട്ടുകോഴികള്‍ പറക്കുന്നതും കണ്ടു കുറെ നേരം നിന്നു. വഴിതെറ്റി വഴിതെറ്റി അവസാനം യുറേക്കാ...ഈ കാട്ടിനുള്ളില്‍ വിസ്മയമൊരുക്കി ഇങ്ങനെയൊന്നുണ്ടെന്നു ഞാന്‍ തീരെ കരുതിയില്ല .പായല്‍ പടര്‍ന്ന നിറം മങ്ങിയ ചുമരുകളും ചിമ്മിനികളും പൊളിഞ്ഞുപോയ പടവുകളും ഒക്കെയായി ഒരു പഴയ കൊട്ടാരം .

Ammachikkottaram 1

രാത്രിയില്‍ കണ്ടാല്‍ ശരിക്കും ഒരു ഹൊറര്‍ ബംഗ്ലാവ്. റൊമാനിയയിലെ കാര്‍പാത്യന്‍ മലനിരകളും വ്‌ലാദ്! ഡ്രാക്കുള മൂന്നാമനും കുതിരപ്പുറത്തു വരുന്ന ഓട്ടോമന്‍ തുര്‍ക്കുകളും എല്ലാം സ്ഥിരമായി വായിച്ചു ആരാധിച്ചിരുന്നത് കൊണ്ട് ചെറിയ ചങ്കിടിപ്പോടെയാണ് വരാന്ത കയറി ചെന്നത്. മങ്ങിപ്പോയ പ്രതാപകാലത്തിന്റെ അവശിഷ്ട സ്വപ്നം പോലെ ഒരു കൊട്ടാരം. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പഴയ പ്രതാപി ചിറകൊടിഞ്ഞു കിടപ്പാണ്. (കാര്‍ബണ്‍ മൂവിയില്‍ ഫഹദ് ഫാസിലിറങ്ങി വരുന്ന ആ മഞ്ഞു മൂടിയ വീട് ഇതന്നെ.)

വരാന്തകളിലൂടെ നടക്കുമ്പോള്‍ അകത്തെവിടെയോ വാതില്‍ തുറന്നടയുന്ന ശബ്ദം. ഓടാന്‍ തയ്യാറായാണ് നിന്നത്. 210 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ  ബംഗ്ലാവ് തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ പഴയ വേനല്‍ക്കാല വസതിയാണ്. ശ്രീ ചിത്തിരതിരുന്നാളും അമ്മ സേതുലക്ഷ്മിഭായിയും എല്ലാ വേനല്‍ക്കാലങ്ങളിലും ഇവിടെ താമസിക്കാറുണ്ടായിരുന്നത്രെ. 8 മാസം നാട്ടിലും ചൂടുള്ള 4 മാസം കുട്ടിക്കാനത്തു നിന്നുമുള്ള രാജഭരണം. സഹോദരിക്ക് റാണിപട്ടമുള്ള  തിരുവിതാംകൂര്‍ മാട്രിയാര്‍ക്കി സിസ്റ്റത്തില്‍ രാജപത്‌നി അമ്മച്ചിയെന്നറിയപ്പെടുന്നു .അടുത്തുതന്നെ സര്‍ സി.പി യുടെ കഥാവശേഷമായ വസതിയും കാണാം. 25 ഏക്കറില്‍ പരന്നു കിടക്കുന്ന കൊട്ടാരവളപ്പ്. കേരളീയ വാസ്തുവിദ്യയും വിക്ടോറിയന്‍ രീതികളും സമന്വയിച്ച വാസ്തുകല .ജോ മണ്‍റോ ആണിത് പണികഴിപ്പിച്ചിരിക്കുന്നത്.

Ammachikkottaram 2

വാതില്‍ മണിച്ചിത്രത്താഴ് മൂവി പോലെ തുറന്നു. ഉള്ളില്‍ നിന്നും എത്തിയ വൃദ്ധന്‍ ഞങ്ങളെ ഹാര്‍ദ്ദമായി സ്വീകരിച്ചു. ശ്രീ ചിത്തിരതിരുന്നാളിന്റെ സേവകനെന്നു അഭിമാനപൂര്‍വം സ്വയം പരിചയപ്പെടുത്തിയ ധര്‍മ്മലിംഗം വളരെ പെട്ടന്ന് ഞങ്ങളുടെ ഹൃദയം കവര്‍ന്നു. തമിഴ്‌നാട്ടിലെ കമ്പചുരുളിപ്പെട്ടി സ്വദേശിയായ ധര്‍മ്മലിംഗം തലമുറകളായി തിരുവിതാംകൂറിലെ കട്ടപ്പ ഫാമിലിയെന്നാണ് പുള്ളിയുടെ ഭാഷ്യം.. ശ്രീചിത്തിര തിരുന്നാള്‍ ആണ് പുള്ളിയുടെ ബാഹുബലി. വിശാലമായ അകത്തളങ്ങള്‍. സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്ന മഹാരാജാവിന്റെ മന്ത്രമണ്ഡപം, മണ്ണിന്റെ തണുത്ത ചുമരുകള്‍. 

Dharmalingam
ധര്‍മലിംഗം

ചൂട് തരുന്ന വുഡന്‍ പാനലിങ്ങിന്റെ മേല്‍ക്കൂരകള്‍. എല്ലാ മുറിയിലും ഫയര്‍ പ്ലേസുകള്‍. അതും കഴിഞ്ഞു കനകാംബരപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന നടുമുറ്റം. അതിനു ചുറ്റുമായി റാണിയുടേയും തോഴിമാരുടെയും മുറികള്‍... നാശോന്മുഖമായ, രാജപ്രൗഢി വെളിവാക്കുന്ന സാധന സാമഗ്രികള്‍ ..ഇറ്റാലിയന്‍ ടൈല്‍സും ബ്രിട്ടണില്‍ നിന്ന് ഇറക്കുമതി ചെയ്ത വസ്തുവകകളും ഒക്കെ ആവേശത്തോടെ ധര്‍മ്മലിംഗം കാണിച്ചു തന്നു. മൂവികളിലെ ട്രാന്‍സ്‌ഫോര്‍മേഷന്‍ രംഗം പോലെ ഗതകാലം തെളിഞ്ഞു വന്നു ..

രാജ്ഞി കുളികഴിഞ്ഞു മുടിയുണക്കുന്ന പുറംതളത്തിലിരുന്നു ഞങ്ങള്‍ കഥകള്‍ പറഞ്ഞു. എല്ലാ ജാതി പാമ്പുകളും ചുറ്റുമുണ്ടെന്നു സന്തോഷത്തോടെ ഇദ്ദേഹം പറയുന്നുണ്ട്. പുള്ളി നട്ടു വളര്‍ത്തിയ ഡാലിയപ്പൂക്കളാണ് അവിടം നിറയെ. ധര്‍മ്മലിംഗത്തിനു രണ്ടുമക്കള്‍. മകള്‍ കല്യാണം കഴിഞ്ഞു. മകന്‍ സ്‌പോര്‍ട്‌സ് താരമാണ്. ഭാര്യ പത്മയുമായി 52 വര്‍ഷമായി ഈ കൊടുംകാടിനുള്ളിലെ ബംഗ്ലാവില്‍ നിധി കാക്കുന്ന ഭൂതത്താനെപ്പോലെ കഴിയുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.

Ammachikkottaram 3

Ammachikkottaram 5പുറമെ നിന്ന് നോക്കിയപ്പോള്‍ ചെറുതെന്നു തോന്നിയ ഇതിനുള്ളില്‍ ഒത്തിരി വിസ്മയങ്ങളുണ്ട്. സുരക്ഷകാരണങ്ങളാല്‍ അടച്ചിട്ട ഭൂഗര്‍ഭ പാത. രാജാക്കന്മാരുടെ അരക്ഷിത ജീവിതത്തിന്റെ സ്ഥിരം ലോഗോ. ഈ തുരങ്കം പീരുമേട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം വരെ നീളുമത്രെ. ജീര്‍ണ്ണിച്ചു പോയ ഒരു കൊട്ടാരം. അതില്‍ പുരാവസ്തു പോലെ അതിന്റെ സൂക്ഷിപ്പുകാരന്‍. റാണിയുടെ ഉദ്യാനത്തിലെ തണല്‍മരങ്ങള്‍ ഇന്ന് ഇടതൂര്‍ന്ന കാടായിക്കഴിഞ്ഞു . പല പ്രേതപ്പടങ്ങളുടെയും ലൊക്കേഷന്‍ ആണിത്. ( ഇന്ദ്രിയം ഓര്‍മ്മയില്ലേ ?)

സൈപ്രസില്‍ നിന്നും കൊണ്ട് വന്ന മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത് കാട്ടി ധര്‍മ്മലിംഗം വാചാലനായി. വിറകു കത്തിച്ചാല്‍ സുഗന്ധപുക പരക്കുന്ന മരങ്ങള്‍. ആകാശത്തേക്ക് കൈയ്യുയര്‍ത്തി നില്‍ക്കുന്ന വന്മരങ്ങള്‍ .. ഇപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ ഒരു ഐ റ്റി കമ്പനിയുടെ ഉടമസ്ഥതയിലാണീ ബംഗ്ലാവ് . യാതൊരു പരിഗണനയും കൊടുക്കാതെ മൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്ര സ്മാരകം. പിരിയുമ്പോള്‍ പാവക്കുളത്തമ്പലത്തില്‍ ഉത്സവം കാണാന്‍ വരുമ്പോള്‍ ഓഫീസില്‍ വന്നു എന്നെക്കാണാമെന്നു വാക്കുതന്നു ധര്‍മ്മലിംഗം... 

കോട്ടയം -  കുമളി റോഡില്‍ കുട്ടിക്കാനത്തിന് സമീപത്താണ് ഈ കൊട്ടാരം. കാല്‍നടയായി  കെ.എ.പി. ബറ്റാലിയന് സമീപത്തുനിന്ന് കാട്ടിലൂടെ  ഇവിടെത്താം. അടുത്തു തന്നെ പാഞ്ചാലിമേടും പരുന്തുംപാറയും പീരുമേടുകുന്നുകളും സഞ്ചാരികളെക്കാത്തിരിപ്പുണ്ട് . മഴ കഴിഞ്ഞുള്ള കാലം തികച്ചും ഹരിതാഭം. പാഞ്ചാലിമേട്ടിലെ സൂര്യോദയവും പരുന്തുംപാറയിലെ അസ്തമയവും കണ്ടിരിക്കേണ്ടത് തന്നെ.