| Mathrubhumi - Sanchari POST OF THE WEEK |

 

മേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അലാസ്‌ക. എങ്കിലും ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ കൂടെയാണ് അലാസ്‌കയുടെ സ്ഥാനം. മെയിന്‍ലാന്റ്റിനു പുറത്തു (അത് കൊണ്ട് അവസാന അതിര്‍ത്തി -The Last Frontier എന്നാണ് ഇതിനെ വിളിക്കാറ് ) കാനഡക്കും റഷ്യക്കും ഇടയിലായാണ് ഈ സംസ്ഥാനം. 1860 ല്‍ റഷ്യയുടെ കയ്യില്‍ നിന്ന് അമേരിക്ക പണം കൊടുത്തു വാങ്ങിയതാണീ പ്രദേശം. ഒരു ഏക്കറിനു രണ്ട് സെന്റ് ആയിരുന്നു വില. മത്സ്യബന്ധനം, എണ്ണ, പ്രകൃതിവാതകം, ടൂറിസം എന്നിവയാണ് പ്രധാന വരുമാനം. ഒത്തിരി പ്രത്യേകതകളുള്ള അലാസ്‌കയിലേക്കു അതി ഭീകരന്മാരായ നാലു സഞ്ചാരികള്‍ (അനീഷ്, സലീഷ്, ബോബി പിന്നെ ഈ ഞാനും) നടത്തിയ ഒരു ഓട്ടപ്രദക്ഷിണത്തിന്റെ ഓര്‍മകളാണ് ഈ കുറിപ്പ്...

ഒരു മെമ്മോറിയല്‍ ഡേ (മെയ് മാസത്തെ അവസാനത്തെ തിങ്കളാഴ്ച്ച - മരിച്ച എല്ലാ സൈനികരെയും ഓര്‍ക്കാനുള്ള ദിവസം ) വീക്കെന്‍ഡ് ആയിരുന്നു ഞങ്ങള്‍ ഈ യാത്രക്കായി തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച്ച ഉച്ചയോടെ ഓഫീസില്‍ നിന്ന് ഇറങ്ങി രണ്ടു മണിയോടെ സാന്‍ ഹോസെ (San Jose ) എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചു. ആദ്യത്തെ ഫ്‌ലൈറ്റ് Seattle ലേക്ക് അവിടെന്നായിരുന്നു. ഞങ്ങള്‍ക്കു പോകേണ്ട സ്ഥലത്തേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റ്. മൂന്ന് മണിക്കൂറിനു മുകളിലുള്ള ആകാശയാത്രക്ക് ശേഷം ഞങ്ങളുടെ വിമാനം Anchorage -ല്‍ ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പുകളിലേക്ക്...

വിമാനം ലാന്‍ഡ് ചെയ്യാറായി എന്ന പൈലറ്റിന്റെ അറിയിപ്പ് വന്നു. കൂടെ അലാസ്‌കയെയും Anchorage നെയും കുറിച്ച് ഒരു ചെറു വിവരണവും. ലാന്‍ഡ് ചെയ്യാറായതു കൊണ്ട് വിമാനം വളരെ താഴ്ന്നാണ് പറന്നിരുന്നത്. എല്ലാവരും വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കാന്‍ പൈലറ്റ് നിര്‍ദേശിച്ചു. കണ്മുന്‍പില്‍ അലാസ്‌കയുടെ ആദ്യ ദൃശ്യം; മഞ്ഞു മൂടിയ സുന്ദരമായ മലനിരകളുടെ ആകാശദൃശ്യം... കണി കൊള്ളാം!

Alaska

ഏതാനും നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ വിമാനം ലാന്‍ഡ് ചെയ്തു. ഞങ്ങളുടെ ലക്ഷ്യം Seward എന്ന ടൗണ്‍ ആണ്. അവിടെയാണ് ഇന്ന് രാത്രി താമസം അറേഞ്ച് ചെയ്തിരിക്കുന്നത്. ഏകദേശം 125 മൈല്‍ (200 KM ) സൗത്ത് ആണ് ഈ സ്ഥലം. ആദ്യമേ പറഞ്ഞ പോലെ ഓട്ടപ്രദക്ഷിണം തുടങ്ങാറായി. ഏതാണ്ട് എല്ലാ bachelors trips ഉം ഇങ്ങനെ തന്നെ ആവും. ഉള്ള സമയം കൊണ്ട് മാക്‌സിമം കവര്‍ ചെയ്യുക.

നേരെ വാടക കാര്‍ ഏജന്‍സിയിലേക്ക്. എയര്‍പോര്‍ട്ടില്‍ തന്നെ കാര്‍ കിട്ടും. തിരികെ വരുമ്പോള്‍ അവിടെ തന്നെ ഡ്രോപ്പ് ചെയ്തു. വിമാനം കേറി പോരാം, വളരെ സിമ്പിള്‍ ആണ് കാര്യങ്ങള്‍. നേരത്തെ ബുക്ക് ചെയ്തിരുന്നതു കൊണ്ട് വണ്ടി റെഡി. പുതു പുത്തന്‍ ഷെവി ഇമ്പാല. നേരെ Seward ലേക്ക് വച്ചുപിടിച്ചു.

Alaska

ഭൂമധ്യരേഖയില്‍ നിന്ന് അകലെ കിടക്കുന്ന രാജ്യങ്ങളില്‍ രാത്രിയുടെയും പകലിന്റെയും നീളം സീസണ്‍ അനുസരിച്ചു മാറി മാറി വരും. അലാസ്‌ക നോര്‍ത്ത് പോളിനോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ട് (കുറേ ഭാഗം ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ ആണ് ). ഇവിടെ അതിന്റെ ഇമ്പാക്ട് വളരെ കൂടുതലാണ്. വേനല്‍ക്കാലത്ത് പോയത് കൊണ്ട് രാത്രി 11 വരെ സൂര്യപ്രകാശം ഉണ്ടായിരുന്നു. (മഞ്ഞുകാലത്ത് ആയിരുന്നേല്‍ മൂന്ന് മണിക്ക് തന്നെ സൂര്യന്‍ അസ്തമിച്ചേനെ). അത് കൊണ്ട് തന്നെ നമുക്ക് ഡേലൈറ് ധാരാളം കിട്ടി.

Seward -ല്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞു. ലേറ്റ് ആവും എന്ന് വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് റൂം കിട്ടി. ഒരു ഫാമിലി റണ്‍ മോഡല്‍. നല്ല സൗകര്യമുള്ളത്. കീ തരാന്‍ വേണ്ടി രാത്രി ഉറക്കം കളഞ്ഞ് ഞങ്ങളെ കാത്തിരുന്നതോ ഒരു കൊച്ചു പെണ്‍കുട്ടിയും.

ഒന്നാം ദിനം 

രാവിലെ എണീറ്റ് റെഡി ആയി. ആദ്യ ലക്ഷ്യം എക്‌സിറ്റ് ഗ്ലേസിയര്‍ ആണ്.  കെനായി ഫിയോര്‍ഡ് (Kenai Fjord) നാഷണല്‍ പാര്‍ക്കില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്ലേസിയറിന്റെ വലിപ്പം വര്‍ഷാവര്‍ഷം കുറയുന്നുണ്ടത്രേ. കാലാവസ്ഥ വ്യതിയാനത്തിന്റെ നേര്‍കാഴ്ചയാണ് ഇതിനെ പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ കാണുന്നത്.

Alaska

കാട്ടിലൂടെ അല്പം നടന്നു വേണം ഗ്ലേസിയറിന്റെ അടുത്തെത്താന്‍. അത് വരെയുള്ള യാത്രയും നടത്തവും ഗ്ലേസിയറിന്റെ കാഴ്ചയുമെല്ലാം മനോഹരം. അടുത്ത ലക്ഷ്യം ബോട്ടിങ് ആണ്. ലഞ്ച് ഉള്‍പ്പെടെയുള്ള പാക്കേജ് ആണ്. 12 മണിയോടെ ഞങ്ങള്‍ ബോട്ടില്‍ കയറി. വലിയ ഒരു ഇരുനില ബോട്ട്. ഭാഗ്യമുണ്ടങ്കില്‍ ഭീമാകാരന്മാരായ തിമിംഗലങ്ങളെ കാണാം. ബോട്ട് പുറപ്പെട്ടു. യാത്ര ആസ്വാദ്യകരമാക്കാന്‍ അല്പം സംഗീതം, ഭക്ഷണം പിന്നെ കടന്നു പോകുന്ന സ്ഥലങ്ങളെയും കാഴ്ചളെയും കുറിച്ച് അല്പം വിവരണവും. 

മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്ക്കിടെ മനോഹരങ്ങളായ പാറക്കെട്ടുകള്‍. നല്ല വെളുത്ത നിറമുള്ള മലയാടുകള്‍, പക്ഷികള്‍, അമേരിക്കന്‍ ഈഗിള്‍ (ഇതിന്റെ വിങ് സ്പാന്‍ 6 മുതല്‍ 7 അടി വരെയാണ് ). പിന്നെ ഒരു തിമിംഗലവും. വൈകിട്ടോടെ ബോട്ടില്‍ നിന്നിറങ്ങി അടുത്ത ലക്ഷ്യമായ Palmer ലേക്ക് പുറപ്പെട്ടു. രാത്രി അവിടെയാണ് തങ്ങുന്നത്.

Alaska

പലയിടത്തും നിര്‍ത്തി കാഴ്ചകളൊക്കെ ആസ്വദിച്ചാണ് പാല്‍മെറിലേക്കുള്ള യാത്ര. ഇടയ്ക്കു ഒരു വ്യത്യസ്തമായ കാഴ്ച; Whittier port . അവിടേക്കുള്ള വഴിക്കാണ് പ്രത്യേകത. ഒരു തുരങ്കം കടന്നു വേണം അവിടെ എത്താന്‍. ഏതാണ്ട് രണ്ടര മൈല്‍ നീളമുള്ള ഈ തുരങ്കത്തിലൂടെ ഒരു റെയില്‍വേ ട്രാക്കും ഉണ്ട്. ട്രാക്കിന്റെ മുകളിലൂടെ തന്നെയാണ് കാറും ഓടിക്കുന്നത്. ഒറ്റ വരി ഗതാഗതത്തിനുള്ള സൗകര്യമേ ഉള്ളൂ. ട്രെയിന്‍ വരുമ്പോള്‍ റോഡില്‍ നിന്നുള്ള എന്‍ട്രി ബ്ലോക്ക് ചെയ്യും. സിഗ്‌നല്‍ അവഗണിച്ചു കയറിയാല്‍...

Alaska

Whittier port-ല്‍ എത്തിയപ്പോള്‍ ഒരു വലിയ ക്രൂയിസ് ഷിപ്പ് ഉണ്ടായിരുന്നു. ക്രൂയിസ് ഷിപ്പില്‍ യാത്ര ചെയ്യുന്നവരുടെ ഒരു പ്രധാന ഡെസ്റ്റിനേഷന്‍ ആണ് അലാസ്‌ക. മനോഹരമായ ഒരു ഹോംസ്റ്റേയിലാണ് രാത്രി വാസം.

രണ്ടാം ദിനം - Denali National Park

Fairbanks ആണ് അടുത്ത ലക്ഷ്യം (320 മൈല്‍സ്). ഇടയ്ക്കുള്ള Denail National പാര്‍ക്കിലും കയറണം. സമയം കളയാനില്ല, ബ്രേക്ക്ഫാസ്റ്റും അകത്താക്കി പാല്‍മെറിനോടു വിടപറഞ്ഞു.

ധാരാളം കരടികള്‍ (ഗ്രിസ്ലി / ബ്ലാക്ക് ബെയര്‍ ) ഉള്ള സ്ഥലമാണ് Denali പാര്‍ക്ക്. പാര്‍ക്കിനുള്ളിലൂടെ ഒരു ബസ് യാത്രയുണ്ട്, ഭാഗ്യമുണ്ടെങ്കില്‍ ഈ യാത്രക്കിടയില്‍ കരടികളെ കാണാം. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് അവയെ കാണാന്‍ സാധിച്ചില്ല.

രാത്രിയോടെ ഫെയര്‍ബാങ്ക്‌സില്‍ എത്തി. റെന്റിന് എടുത്ത കാര്‍ ഉപേക്ഷിക്കാന്‍ സമയമായി. പിറ്റേ ദിവസത്തെ യാത്ര Coldfoot ലേക്കാണ്. അതിനു ഫോര്‍വീല്‍ ഡ്രൈവ് വണ്ടി വേണം. ഇതിനോടകം തന്നെ ജിപിഎസിന്‍െയും ഇന്റര്‍നെറ്റിന്റെയും ലിമിറ്റേഷന്‍സ് ഞങ്ങള്‍ നല്ലോണം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. നാളത്തെ യാത്രയില്‍ മൊബൈല്‍ കവറേജ് എന്നൊന്നില്ല. ആകെ കൂടി ഉള്ളത് ഒരു സാറ്റലൈറ്റ് റേഡിയോ മാത്രം!

Alaska

മൂന്നാം ദിനം - ആര്‍ട്ടിക് സര്‍ക്കിള്‍

ഫയര്‍ബാങ്ക്‌സില്‍ നിന്ന് Coldfoot 250 മൈല്‍സ് ദുര്‍ഘടമായ പാതയാണുള്ളത്. അന്ന് രാത്രിയിലെ ഫ്‌ലൈറ്റ് പിടിച്ചു വേണം ഞങ്ങള്‍ക്കു സാന്‍ ഹോസെയിലേക്ക് മടങ്ങാന്‍. മൊത്തം 500 മൈല്‍. ഏകദേശം 10-11 മണിക്കൂര്‍ സമയമുണ്ട്. കവര്‍ ചെയ്യാനുള്ളത് ലോകത്തെ ഏറ്റവും അപകടമേറിയ പാതകളിലൊന്നും.

ബ്രേക്ഫാസ്റ്റും കഴിച്ചു വാടകക്കാര്‍ ഏജന്‍സിയിലേക്ക് പുറപ്പെട്ടു. ഒരു ടൊയോട്ട RAV 4 കാര്‍ ആണ് കിട്ടിയത്. അതില്‍ Coldfoot ലക്ഷ്യമാക്കി പുറപ്പെട്ടു.

Dalton ഹൈവേ - Elliot ഹൈവേയില്‍ നിന്നും Prudhoe Bay Oil ഫീല്‍ഡ്‌സ് ലേക്കുള്ള റോഡ്. ആര്‍ട്ടിക് ഓഷ്യന്റെ അടുത്ത് വരെ എത്താന്‍ ഉള്ള വഴി - അലാസ്‌കന്‍ വംശജനും പ്രമുഖ എന്‍ജിനീയറുമായ ജെയിംസ് ഡാല്‍ട്ടന്റെ പേരാണ് ഈ ഹൈവേയ്ക്ക് നല്‍കിയിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ മല നിരകള്‍ക്കിടയിലൂടെ ഏതാണ്ട് പൂര്‍ണമായും ഒരു ചെമ്മണ്‍ പാത; മുന്നോട്ടു നോക്കിയാല്‍ കടന്നു പോകാനുള്ള വഴി മൈലുകളോളം കാണാം. സ്പ്രിങ് ആയിരുന്നതിനാല്‍ മഞ്ഞെല്ലാം ഏതാണ്ട് ഉരുകി പോയിരുന്നു. എങ്കിലും റോഡ് പലയിടത്തും വഴുവഴുപ്പുള്ളതായിരുന്നു. അമേരിക്കയിലെ ഏറ്റവും ഒറ്റപ്പെട്ട റോഡാണിത്. 

Alaska

Prudhoe Bay -ലെ എണ്ണപ്പാടങ്ങളില്‍ നിന്ന് വരുന്ന ട്രക്കുകള്‍ ആണ് ഇതിലൂടെ പ്രധാനമായും കടന്നു പോകുന്നത്. കൂടാതെ ചില ഒറ്റപ്പെട്ട സഞ്ചാരികളും. വഴിയില്‍ യൂക്കോണ്‍ നദിക്കരയില്‍ സമ്മറില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ താവളം ഉണ്ട്. ലോഡ്ജിങ്, ഭക്ഷണം, ഇന്ധനം ഇതിനൊക്കെ ഉള്ള ഏക ആശ്രയം. ഞങ്ങള്‍ അവിടെ ഇറങ്ങി. ഓരോ കോഫിയും കുടിച്ചു വണ്ടിയില്‍ ഗ്യാസും നിറച്ചു യാത്ര തുടര്‍ന്നു.

അലാസ്‌കയുടെ കുറെ ഭാഗം ആര്‍ട്ടിക് സര്‍ക്കിളില്‍ ആണെന്ന് നേരത്തെ പറഞ്ഞുവല്ലോ. കുറെ ദൂരം കഴിഞ്ഞപ്പോള്‍ അതിന്റെ തുടക്കത്തില്‍ എത്തി. അതെ, ഭൂമിയുടെ വടക്കേ അറ്റമെന്ന് അടയാളപ്പെടുത്തുന്ന പ്രദേശത്ത് കാല് കുത്തിയിരിക്കുന്നു. അവിടെ അത് സൂചിപ്പിക്കുന്ന ഒരു ബോര്‍ഡ് ഉണ്ട്. അതിന്റെ മുന്നില്‍ നിന്ന് ഒരു ഫോട്ടോയും എടുത്തു - ഒരു തെളിവ് വേണമല്ലോ!

Alaska

Alaska

Coldfoot -യിലേക്ക് ഒരു 60 മൈല്‍ കൂടി. അവിടെയാണ് നമ്മള്‍ ഡെസ്റ്റിനേഷന്‍ ആക്കി വെച്ചിരിക്കുന്നത്. ഡാല്‍ട്ടന്‍ ഹൈവേ കവര്‍ ചെയ്യുന്ന സഞ്ചാരികള്‍ മാക്‌സിമം ഇവിടെ വരെ മാത്രമാണ് പോകാറുള്ളത്. അവിടെ ഒരു ഗ്യാസ് സ്റ്റേഷനും ഒരു പോസ്റ്റ് ഓഫീസും ഉണ്ട്. ഈ ടൗണിലെ സ്ഥിരതാമസക്കാര്‍ വെറും 10 പേരാണത്രേ. ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് അവിടെ എത്തി. അവിടെ ഒരു വിസിറ്റര്‍ സെന്റര്‍ ഉണ്ട്. അവിടെ കയറി, അവര്‍ എല്ലാവര്‍ക്കും ആര്‍ട്ടിക് സര്‍ക്കിള്‍ ക്രോസ്സ് ചെയ്തതിന്റെ രേഖയായി സര്‍ട്ടിഫിക്കറ്റ് ഒക്കെ തന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവര്‍ അവരവരുടെ നാട് അവിടെ ഉള്ള ഭൂപടത്തില്‍ അടയാളപ്പെടുത്തി വെക്കും. ഞങ്ങള്‍ ചെന്നപ്പോള്‍ രണ്ട് സ്ഥലങ്ങള്‍ ഇന്ത്യന്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. മുംബൈയും ബാംഗ്ലൂരും. ഞങ്ങള്‍ കൊച്ചിയും തിരുവനന്തപുരവും അടയാളപ്പെടുത്തി.

ഇനി മടക്കം...

Prudhoe bay -യിലേക്ക് ഇനി 246 മൈല്‍ കൂടി. എന്നാല്‍ യാത്ര ഇവിടെ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. മുന്നോട്ടുള്ള യാത്ര കൂടുതല്‍ ദുഷ്‌ക്കരമാണ്. മുന്നോട്ടുള്ള വഴിയില്‍ വെള്ളപ്പൊക്കം ഉണ്ടെന്ന് സാറ്റലൈറ്റ് റേഡിയോയിലൂടെ കേട്ടിരുന്നു. ആര്‍ട്ടിക് സമുദ്രത്തിനോട് അടുക്കുന്തോറും റോഡ് കൂടുതല്‍ ദുഷ്‌ക്കരമാവും. എവിടെ വരെ പോകാനാവും എന്ന് ഉറപ്പുമില്ല... 

Alaska

ഞങ്ങള്‍ക്ക് മടങ്ങാന്‍ സമയമായി. രാത്രി ഉള്ള ഫ്‌ലൈറ്റ് പിടിക്കാനുള്ളതാണ്. 250 മൈല്‍ തിരികെ വരാനുണ്ട്. വണ്ടിയില്‍ ഗ്യാസ് നിറച്ചു. തിരികെ ഫെയര്‍ബാങ്ക്‌സിലേക്ക്... ഇടയ്ക്കു യൂക്കോണ്‍ റിവര്‍ ക്യാമ്പില്‍ നിന്ന് ഓരോ കോഫി കൂടി...

ട്രിപ്പുകള്‍ തീരുമ്പോള്‍ സാധാരണ വിഷമം തോന്നാറുണ്ടെങ്കിലും ഇത്തവണ അതിത്തിരി കൂടുതലായിരുന്നു. എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുമ്പോള്‍ അത് എല്ലാവരുടെയും മുഖത്ത് വ്യക്തം. നാളെ മുതല്‍ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. സാധിക്കുമെങ്കില്‍ ഇനിയും വരണം. മഞ്ഞുകാലത്തു വരണം, നോര്‍ത്തേണ്‍ ലൈറ്റ്സ് (Aurora Borealis) ഒക്കെ കാണണം, മടക്കയാത്രയില്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു...