അജന്ത-എല്ലോറ ഗുഹകള്‍... സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചരിത്രപുസ്തകത്തില്‍ വായിച്ച സ്ഥലം. അന്ന് തീരുമാനിച്ചുറച്ചതാണ്, ഒരിക്കല്‍ പോയി കാണണമെന്ന്. അങ്ങനെ ഓണാവധിക്ക് രണ്ടുമാസം മുമ്പുതന്നെ കണ്ണൂരില്‍ നിന്ന് മുംബൈക്കുള്ള തീവണ്ടിയില്‍ ടിക്കറ്റ് ബുക്ക് ചെയ്തു.
അജന്ത-എല്ലോറ ഗുഹകളുള്ള ഔറംഗാബാദിലേക്കുള്ള യാത്ര പുതുമ നിറഞ്ഞതാണ്. മുന്തിരിയും ചോളവും പരുത്തിയും കൃഷിചെയ്യുന്ന പാടങ്ങളും കരിമ്പിന്‍തോട്ടങ്ങളും കടന്ന് ഉള്‍ഗ്രാമങ്ങളിലൂടെ തീവണ്ടി ഓടിക്കിതച്ചു. അന്ന് ഔറംഗബാദിലെ ഒരു ഹോട്ടലില്‍ തങ്ങി. പിറ്റേന്ന് ടാക്‌സിപിടിച്ച് അജന്ത ഗുഹയിലേക്ക്. ഏകദേശം 107 കിലോമീറ്റര്‍ ദൂരമാണ് അജന്തയിലേക്ക്. താപ്തി നദിയുടെ കൈവഴിയായ വഘോര നദിയുടെ തീരത്താണ് അജന്ത. ട്രെക്കിങ് ചെയ്ത് പരിചയമുള്ളവര്‍ക്ക് കുഴപ്പമില്ല. മറ്റുള്ളവര്‍ കുറച്ചൊന്നു കഷ്ടപ്പെടും, അത്രയ്ക്കുണ്ട് നടന്നുകാണാന്‍.
അജന്തയില്‍ 29 ഗുഹാമുഖങ്ങളാണ്. ശ്രീബുദ്ധന്റെ മുന്‍ അവതാമായ ബോധിസത്വന്റെ 'ജാതകകഥകള്‍' എന്ന ജീവചരിത്രത്തിലെ ചിലഭാഗങ്ങളും ജീവിതസന്ദേശങ്ങളും കഥകളുമാണ് ആറ് ഗുഹാമുഖങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. സന്ന്യാസിമാര്‍, വീരന്മാര്‍, നര്‍ത്തകര്‍, സ്ത്രീരൂപങ്ങള്‍ തുടങ്ങി നിരവധി കൊത്തുപണികളാലും സമ്പന്നമാണ് ഗുഹയ്ക്കുള്ളിലെ കാഴ്ച.
അജന്ത കണ്ടിറങ്ങിയപ്പോള്‍ പറയാന്‍ വാക്കുകള്‍ കിട്ടാതായി. ആ കാലഘട്ടത്തില്‍ എങ്ങനെ ഇത്രവലിയ പാറ കൊത്തി ഗുഹകളും കൊത്തുപണികളുമുണ്ടാക്കിയെന്ന സംശയം പ്രകടിപ്പിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. 'എല്ലോറ തോ ഇസേ ഭി ബഡിയ ഹോഗ. ജോ ആപ്പ് കല്‍ ദേഖേംഗെ( ഇതൊന്നുമല്ല ഇനി നിങ്ങള്‍ നാളെ കാണാന്‍ പോവുന്ന എല്ലോറ എന്ന്) എല്ലോറ എങ്ങനെയാവും എന്ന ആകാംക്ഷയായിരുന്നു പിന്നീടുള്ള സമയം മുഴുവന്‍.
എല്ലോറയിലേക്ക് ഔറംഗബാദില്‍ നിന്ന് 29 കിലോമീറ്റര്‍ മാത്രമേയുള്ളൂ. ഇവിടെ ഞങ്ങളെ വിസ്മയിപ്പിച്ചത് അജന്ത പോലെ തന്നെ സമാനമായ 34 ഗുഹകളായിരുന്നു. കൂടുതലും ക്ഷേത്രസമുച്ചയങ്ങള്‍. അജന്തയിലേതുപോലെതന്നെ കൊത്തുപണികളാണ് എടുത്തുപറയേണ്ടവ. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ അജന്ത-എല്ലോറ ഗുഹകള്‍ ജീവിതത്തില്‍ ഒരുതവണയെങ്കിലും കാണാതെ പോവരുതെന്ന് വേണം പറയാന്‍.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Ajanta Ellora Caves, Mumbai Travel, Incredible India, Women Travel