ഒരു മഴ നനഞ്ഞു നടന്നിട്ട് എത്ര കാലമായി? എല്ലാം മറന്ന്, കുട ചൂടാതെ, നനഞ്ഞു നനഞ്ഞങ്ങനെ.. ഓര്‍മ്മകളില്‍ കുട്ടിക്കാലത്തു നനഞ്ഞ മഴയുടെ കുളിരു മാത്രം ഇപ്പോഴും ഒരു പക്ഷെ...

അഗുംബെ, അങ്ങനെ ഒരു സ്ഥലം. കുട്ടിക്കാലത്തിലേക്കു കൈപിടിച്ചു നടത്തുന്ന ഒരു സ്ഥലം.

തെക്കെ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ഹരിതശോഭയുടെ ധാരാളിത്തം, ഒപ്പം മലകയറ്റത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയും അപാര സാധ്യതകളും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാമത്. തെക്കെ ഇന്ത്യയിലെ ചിറാപുഞ്ചി എന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടെ ആവാസസ്ഥലം എന്ന പ്രശസ്തി കൂടി ഇതിന്. പ്രശസ്തമായ ടെലിവിഷന്‍ സീരിയല്‍ മാല്‍ഗുഡി ഡെയ്‌സ് ഇവിടെ ആണു ചിത്രീകരിച്ചത്.

ഇവിടെ മഴ പെയ്യുന്നത് വളരെ നനുത്ത നേര്‍ത്ത മഴനൂലുകള്‍ പോലെയാണു. അഗുംബെയുടെ ജീവിതവും അതിനനുസരിച്ചു ക്രമീകരിച്ച പോലെ..വീടുകളും കടകളും എല്ലാം. മഴയും മഞ്ഞും ഒന്നിച്ചു പെയ്യുന്ന ഒരു സമയത്താണു ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ആദ്യം കുടയെടുക്കാതെ നടക്കാന്‍ ശീലം അനുവദിച്ചില്ല...പിന്നെ കുടയെ ഞങ്ങള്‍ മറന്നു.

നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടു പൊലിസീന്റെ സജീവ സാന്നിധ്യം. പക്ഷെ ടൂറിസ്റ്റുകളെ അതു തെല്ലും ബാധിച്ചിട്ടില്ല. നീര എന്ന് വിളിക്കുന്ന ശുദ്ധമായ തെങ്ങിന്‍ കള്ള് ഇവിടെ എല്ലാ കടകളിലും ലഭിക്കും. ഒപ്പം കാട്ടില്‍ നിന്നും ലഭിക്കുന്ന നല്ല തേനും.

കാട്ടിലൂടെ ഏറെ നടക്കണം, ബര്‍ക്കന ഫാള്‍സ് എന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാന്‍. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ വെള്ളച്ചാട്ടമാണു ഇത്. നിറഞ്ഞൊഴുകുന്ന സീതപ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടന്നു വേണം അക്കരെ എത്താന്‍. പിന്നെ പുല്ലിലൂടെ, കാട്ടിലൂടെ...മരങ്ങള്‍ക്കിടയിലൂടെ പെയ്യുന്ന മഴയിലൂടെ... ഇടയ്ക്കു അട്ടകളെയും പറിച്ചു കളയണം.
++++++++++


ജോഗിഗുന്ദി എന്ന കൊച്ചു വെള്ളച്ചാട്ടം അടുത്തു തന്നെ. മരങ്ങളുടെ നടുവില്‍ സുന്ദരമായ ഒരു അരുവി. ഓനകെ അബ്ബി ഫാള്‍സ്, കുഞ്ചിക്കല്‍ഫാള്‍സ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ വെള്ളച്ചാട്ടം, അറബിക്കടലില്‍ 40 കിലോമീറ്ററുകള്‍ക്കപ്പുറം അസ്തമയ സൂര്യനെ കാണാവുന്ന സണ്‍ സെറ്റ് പോയിന്റ്, എന്നിവയും അടുത്താണു.
കുന്താദ്രി എന്ന മലമുകളിലെ കരിങ്കല്‍ ക്ഷേത്രം, കനത്ത കാറ്റും നിറമഞ്ഞും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കുന്നിന്‍ മുകളിലെ എന്നും വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുളം നമ്മെ അമ്പരപ്പിക്കും.

ഉടുപ്പിയില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദൂരം. താമസിക്കാന്‍ മല്ല്യയുടെ ലോഡ്ജും, കസ്തൂരി അക്കയുടെഹോം സ്‌റ്റെയ്യും. ഇതാണു മാല്‍ഗുഡി ഡെയ്‌സിലെ തറവാടു വീട്. ചൂടു ഭക്ഷണം വിളമ്പുന്ന കാമത്ത് ഹോട്ടലും. നഗരവല്‍കരണം കടന്നു വരാത്ത കര്‍ണ്ണാടകയിലെ മലയോര ഗ്രാമം.

എന്താ, ആഗുംബെ വരെ ഒന്നു പോകുന്നോ.. പനി പിടിക്കും എന്ന പേടിയില്ലാതെ..മഴ നനയാന്‍.