കാബിന്‍ക്രൂ ട്രൈനിങ്ങിന്റെ ഭാഗമായാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ഞാന്‍ പോകുന്നത്. ഞാനും ഒരു ബംഗ്ലാദേശി യുവാവും മാത്രമേ ഏഷ്യയില്‍ നിന്നും ഉണ്ടായിരുന്നുള്ളൂ. പക്ഷെ ട്രെയിനിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് ധാരാളം നല്ല ബ്രിട്ടീഷ് സുഹൃത്തുക്കളെ ലഭിച്ചു. ലണ്ടന്‍ നഗരം ചുറ്റിക്കാണാന്‍ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ മാഞ്ചസ്റ്ററില്‍ നിന്നും ലണ്ടന്‍ ടൗണിലേക്ക് അത്യാവശ്യം ദൂരം ഉണ്ട്.

Swaroop 1

എന്റെ ഒരു ചെറിയമ്മ അബര്‍ഡീന്‍ എന്ന സ്ഥലത്തുണ്ട്. അവരെ ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ അടുത്ത് ചെന്നാല്‍ ലണ്ടന്‍ ദൂരെയാണ്. അവര്‍ എന്നോട് അങ്ങോട്ട് ചെല്ലാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ അടുത്ത തവണ വരാം എന്ന് പറഞ്ഞു ആ യാത്ര ഒഴിവാക്കി. പണ്ട് യുപി മുതല്‍ ഹൈസ്‌കൂള്‍ വരെ എന്റെ സീനിയര്‍ ആയി പഠിച്ച രാജേഷ്‌ നായര്‍ ലണ്ടനിലുണ്ട്. അദ്ദേഹത്തെ വിളിച്ചപ്പോള്‍ അദ്ദേഹം എന്നോട് അവരുടെ വീട്ടിലേക്കു വരാന്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കാം എന്നും പറഞ്ഞു. ഇന്നും എന്റെ അടുത്ത കൂട്ടുകാരിയായ ബ്രിട്ടീഷ് വംശജ ജോയും അവരുടെ ബോയ് ഫ്രണ്ട് സാമും എന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിട്ടു. ട്രെയിനില്‍ എനിക്ക് കൂട്ടായി കിട്ടിയത് കുവൈത്തിലുള്ള ഒരു അറബ് യുവാവാണ്. അദ്ദേഹം ഇംഗ്ലണ്ടില്‍ പഠിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഞാന്‍ സുഹൃത്തുക്കളായതിനാല്‍ ലണ്ടന്‍ വരെയുള്ള മണിക്കൂറുകള്‍ വിരസമായി തോന്നിയില്ല. വളരെ വൃത്തിയുള്ള ആഡംബരം നിറഞ്ഞ ട്രെയിനുകള്‍ കണ്ടാല്‍ ആദ്യം നമ്മള്‍ അമ്പരന്നുപോകും. വളരെ സുഖകരമായ ട്രെയിന്‍ യാത്ര.. 

രാത്രി 10 മണിയോടെ വാട്‌ഫോര്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. റെയില്‍വേ സ്റ്റേഷനില്‍ രാജേഷ് നായര്‍ കാറുമായി എന്നെ കാത്തുനിന്നിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ കേരളത്തില്‍ നില്‍ക്കുന്ന പോലെ ഒരു അനുഭൂതി തോന്നി. രാജേഷിന്റെ വീട്ടില്‍ നിന്നും നാടന്‍ കേരള ഭക്ഷണം കിട്ടിയപ്പോള്‍ ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന അവസ്ഥയിലായി. രാജേഷ് നായര്‍ എനിക്കുവേണ്ടി രണ്ട് ദിവസം ലീവെടുത്തിട്ടുണ്ട്. നാളെ രാവിലെ മുതല്‍ നഗരം ചുറ്റിക്കറങ്ങാം എന്നുപറഞ്ഞു. സ്വന്തം ഭവനത്തില്‍ എത്തിയ പ്രതീതിയോടെ ഞാന്‍ സുഖനിദ്രയിലാണ്ടു.

Swaroop 2

Swaroop 3രാവിലെ തന്നെ ലണ്ടന്‍ നഗരം കാണാന്‍ പുറപ്പെട്ടു. കുറച്ചു ദൂരം കാറില്‍ പോയി. ബാക്കി ട്യൂബ് എന്നുപറയുന്ന ഒരു പ്രത്യേക  ഭൂഗര്‍ഭ ട്രെയിനിലൂടെ ഉള്ള യാത്ര വളരെ മനോഹരമായിരുന്നു. ഓരോ ഭാഗത്തേക്കും ഉള്ള ട്യൂബിന്റെ വിവരണങ്ങള്‍ നിറങ്ങള്‍ നോക്കി നമുക്ക് ഈസിയായി കണ്ടുപിടിക്കാം. ലണ്ടന്‍ നഗരത്തിലെ വിവിധ കാഴ്ചകള്‍ കാണുമ്പോള്‍ നമ്മള്‍ അറിയാതെ ഈശ്വരന് നന്ദി പറയും. ഇതെല്ലാം നേരില്‍വന്നു കാണാന്‍ ഉള്ള യോഗമുണ്ടായതിന്. ലണ്ടന്‍ ഐ എന്ന ജയന്റ് വീലില്‍ കയറി നഗരം ഉയരങ്ങളില്‍ ഇരുന്നു കണ്ടു. പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജ്, ബക്കിങ്ഹാം പാലസിന്റെ മുന്‍ഭാഗം, ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരം, വാക്‌സ് മ്യൂസിയം തുടങ്ങിയവ ആ കാഴ്ചകളില്‍ ചിലതുമാത്രം. ബക്കിങ്ഹാം പാലസിനോട് ചേര്‍ന്ന്  ഒരു പച്ച പരവതാനി വിരിച്ച പോലെയുള്ള പൂന്തോട്ടമുണ്ട്. അതില്‍ നിരനിരയായി വച്ചിട്ടുള്ള ചാരുകസേരകളില്‍ ചാരിക്കിടന്നു വിശ്രമിക്കാം. വഴിയില്‍ വച്ച് സന്ദീപ് എന്നൊരു ആന്ധ്രക്കാരന്‍ ഫിസിയോ തെറാപ്പിസ്റ്റിനെയും പരിചയപ്പെട്ടു. പ്രശസ്തമായ ഹാറോഡ്സ് ഷോപ്പില്‍ കയറി കുറച്ചു മേയ്ക്ക് അപ് സാധനങ്ങളും പെര്‍ഫ്യൂമും വാങ്ങിച്ചു. അവിടുന്ന് വാങ്ങിയ മേയ്ക്ക് അപ് സാധനങ്ങളാണ് ഇപ്പോള്‍ അഭിനയിച്ച പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയില്‍ ഞാന്‍ ഉപയോഗിച്ചത്. 

ലണ്ടന്‍ നഗരത്തിലെ യാത്രകള്‍ കഴിഞ്ഞു പിറ്റേ ദിവസം രാജേഷ് എന്നെ കൊണ്ടുപോയത് വെംബ്ലി എന്നൊരു സ്ഥലത്തേക്കാണ്. അവിടെ എത്തിയാല്‍Swaroop 4 പൊടിയില്ലാത്ത മദ്രാസ് ആണോ എന്ന് തോന്നിപ്പോകും. തമിഴ് പാട്ടുകള്‍ വച്ചിരിക്കുന്ന ഷോപ്പുകള്‍... കാഞ്ചീപുരം സാരി മുതല്‍ കോട്ടണ്‍ മുണ്ട് വരെ അവിടെ കിട്ടും. വര്‍ഷങ്ങളായി ഇംഗ്ലണ്ടില്‍ താമസമാക്കിയിട്ടുള്ള തമിഴ് വംശജര്‍ ധാരാളം ഉണ്ടവിടെ. ഞങ്ങള്‍ ഭക്ഷണം കഴിച്ച ബാര്‍ കം റെസ്റ്റോറന്റ് ഒരു തമിഴ്‌നാട്ടുകാരന്റേതായിരുന്നു. നാട്ടില്‍ ജീവിക്കുന്ന അതേ രീതിയില്‍ വേണമെങ്കില്‍ നമുക്ക് ഇംഗ്ലണ്ടില്‍ ജീവിക്കാവുന്നതാണ്. അവിടെ ധാരാളം ക്ഷേത്രങ്ങളും ഉണ്ട്. ഇംഗ്ലണ്ടിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അര്‍ച്ചനയും കഴിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ മനസ്സിന് പ്രത്യേക സുഖം തോന്നി. നാട്ടില്‍ നിന്നും രാജേഷ് നായരുടെ സുഹൃത്ത് വന്നിട്ടുണ്ട് എന്നറിഞ്ഞ്  ധാരാളം മലയാളികള്‍ എന്നെ കാണാന്‍ വന്നിരുന്നു. പലരും പല ജില്ലക്കാര്‍ പക്ഷെ അവര്‍ അവിടെ വളരെ ഒത്തൊരുമയോടെ സഹവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. പിറ്റേദിവസം നിലമ്പൂരില്‍ ഞങ്ങളുടെ അയല്‍പക്കത്തു താമസിച്ച കുടുംബാംഗത്തെ പോലുള്ള മഹേഷ് എന്ന യുവാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ അയാള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ റിസേര്‍ച് ചെയ്യുകയാണെന്നും ഏട്ടന്‍ ഇവിടേയ്ക്ക് വരൂ, ഇവിടെ എല്ലാം കണ്ടിട്ട് മടങ്ങാം എന്ന് പറഞ്ഞു. രാജേഷ് നായര്‍ എന്നെ ഓക്‌സ്‌ഫോര്‍ഡിലേക്കുള്ള ട്രെയിനില്‍ കയറ്റി വിട്ടു.

Swaroop 5

എനിക്ക് യാത്രയില്‍ ഒരു അപരിചിതത്വവും തോന്നിയില്ല. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ട്രെയിന്‍ ഓക്‌സ്‌ഫോര്‍ഡ് സ്റ്റേഷനില്‍ എത്തി. ഞാന്‍ എത്തിയപ്പോള്‍ സുസ്‌മേരവദനനായി ഒരു സുമുഖന്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മഹേഷിനെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു പോയി. 10 വയസ്സുള്ളപ്പോള്‍ കണ്ട മഹേഷ് വളര്‍ന്നു വലിയ യുവാവായിരിക്കുന്നു. മഹേഷിന്റെ താമസസ്ഥലം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ അടുത്ത് തന്നെയായിരുന്നു. വളരെ ഭംഗിയായി സൂക്ഷിച്ച ഭവനം. മഹേഷിന് 10 വയസ്സുള്ളപ്പോള്‍ എന്റെ മുത്തശ്ശിയുടെ നിലമ്പൂരിലെ വീട്ടുവളപ്പില്‍ ഉണ്ടായിരുന്ന കുളത്തില്‍ ചാടുമ്പോള്‍ ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് കണ്ടുമുട്ടുമെന്ന്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ചുറ്റികാണുമ്പോള്‍ ഞാന്‍ ഈശ്വരനോട് വീണ്ടും നന്ദി പറഞ്ഞു. തൊട്ടടുത്തുള്ള ഇന്ത്യന്‍ ഷോപ്പില്‍ പോയി ഇന്ത്യന്‍ ഫുഡ് ഉണ്ടാക്കാനുള്ള സാമഗ്രികള്‍ വാങ്ങി ഞങ്ങള്‍ സമാഗമം ആഘോഷമാക്കി.

Swaroop 6

പിറ്റേ ദിവസം ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും മഹേഷിനോട് യാത്ര പറഞ്ഞു. നേരെ ഹീത്രു എയര്‍പോര്‍ട്ടിലേക്ക് പോയി അവിടെ നിന്നും അയര്‍ലണ്ടിലെ വീട്ടിലെത്തുമ്പോള്‍ ലണ്ടന്‍ നഗരത്തിന്റെ മായകാഴ്ചകള്‍ മനസ്സില്‍ നിന്നും മാഞ്ഞിരുന്നില്ല.

(തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ലേഖകന്‍. പത്മവ്യൂഹത്തിലെ അഭിമന്യു ആണ് സ്വരൂപിന്റെ ഏറ്റവും പുതിയ ചിത്രം)

Content Highlights: Swaroop Actor, Oxford Travel, Manchester Travel, Celebrity Travel, Pathmavyuhathile Abhimanyu