റ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ ആകുക എന്നത്. വനാന്തരങ്ങളിലൂടെ സഞ്ചരിക്കുക, വന്യതയുടെ വശ്യത ആസ്വദിക്കുക, അവ ക്യാമറയില്‍ പകര്‍ത്തുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ സഹായിച്ചത് സുഹൃത്തുക്കളും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുമായ അതുല്‍ ചേട്ടനും ജൈത്രന്‍ ചേട്ടനുമായിരുന്നു.  തികച്ചും അപ്രതീക്ഷിതമായിരുന്നു അതുല്‍  ചേട്ടനുമൊത്തുള്ള ആ യാത്ര. ചേട്ടന്‍  ഒരു ദിവസം വിളിച്ചിട്ട് എന്നോട് പറഞ്ഞു. ' നാളെ  ഞങ്ങള്‍ ബോണക്കാട് ഫോട്ടോ എടുക്കാന്‍ പോകുന്നു. താല്‍പര്യമുണ്ടെങ്കില്‍ വെളുപ്പിനു അഞ്ച് മണിക്കു തന്നെ  തയ്യാറായി ഇരിക്കൂ.. ഞാന്‍ വിളിക്കാം' എന്ന്.  എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.  അപ്പോള്‍ തന്നെ ഒരു സുഹൃത്തില്‍ നിന്ന് ക്യാമറ വാടകയ്‌ക്കെടുത്തു. എന്നും വൈകി മാത്രം ഉണര്‍ന്ന് ശീലമുള്ള,  ഉറക്കപ്രിയനായ ഞാന്‍, അന്നത്തെ ദിവസം ഉറക്കം പോലും ഉപേക്ഷിച്ച്  അത്യുല്‍സാഹത്തോടെ കാത്തിരുന്നു.    

നാലുമണിക്കു തന്നെ  റെഡിയായി അതുല്‍ ചേട്ടന്റെ ഫോണ്‍വിളിയ്ക്കായി  കാതോര്‍ത്തിരുന്നു. കൃത്യം അഞ്ചു മണിക്കു തന്നെ അതുല്‍ ചേട്ടന്‍ വിളിച്ചു. അങ്ങനെ എന്റെ സ്വപ്നയാത്രക്ക് തുടക്കമായി. തിരുവനന്തപുരത്തിനു കിഴക്ക് ഭാഗത്തായി  61 കിലോമീറ്റര്‍ സഞ്ചരിക്കണം അഗസ്ത്യമലകളുടെ ഭാഗമായ ബോണക്കാട് എത്തിച്ചേരാന്‍. വിതുര വഴിയായിരുന്നു യാത്ര.  അഗസ്ത്യകൂടം, പാണ്ടിപ്പത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ബോണക്കാട് വഴി  എത്തിപ്പെടാന്‍ എളുപ്പമാണ്. ഏഴുമണിയായപ്പോള്‍  ഞങ്ങള്‍  ബോണക്കാട് ചെക്‌പോസ്റ്റില്‍ എത്തി. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍  ഉള്ളതിനാല്‍, അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മല കയറാനുള്ള അനുമതി കിട്ടാന്‍ കുറച്ചു വൈകി.  വന്യവശ്യതയുടെ വിസ്മയങ്ങളിലേക്കെത്താന്‍ മനസിനു തിടുക്കമായി.

Akshay
  
സൂര്യപ്രകാശം  കടന്നു വരാന്‍ മടിക്കുന്ന മഞ്ഞു പെയ്യുന്ന ഊടുവഴികള്‍, കുളിര്‍ കാറ്റിന്റെ തലോടലേറ്റ്, കാടിന്റെ സൗന്ദര്യവും നുകര്‍ന്ന് മുന്നോട്ടുപോകുമ്പോഴാണ്  രണ്ട്  തീക്കാക്കകള്‍(trogons)  ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ത്യധികം സന്തോഷത്തോടെ ക്യാമറ ബാഗില്‍ നിന്ന് എടുക്കുമ്പോഴേക്കും ഒരു ആനവണ്ടി (കെ.എസ്.ആര്‍.ടി. സി) അതുവഴി കടന്നു വന്നു. അപ്പോള്‍ പിന്നെ പറയണ്ടല്ലോ അതിന്റെ  കാതടപ്പിക്കുന്ന ഒച്ചയില്‍ അവ രണ്ടും എങ്ങോട്ടോ പറന്നകന്നു. തെല്ലൊരു നിരാശയോടെ പിന്നെ ഞങ്ങള്‍ പോയത് കാടിനുള്ളില്‍ അധികമാരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു വാച്ച് ടവറിലേക്കായിരുന്നു. അവിടെ നിന്നുള്ള കാഴ്ചകള്‍ വര്‍ണ്ണനാതീതമായിരുന്നു. കുറച്ചകലെ ഒരു വലിയ വെള്ളച്ചാട്ടം കണ്ണുകളില്‍ കുളിരായി നിറഞ്ഞു. ആ കാഴ്ചയുടെ സുഖവുമായി  യാത്ര തുടരുമ്പോള്‍, വര്‍ണ്ണശലഭങ്ങളുടെ ഒരു മായാലോകം തന്നെ കണ്ണിനു  കണിയായി.  കാടിന്റെ വശ്യസൗന്ദര്യം ആസ്വദിച്ചു മുകളിലെത്തിയപ്പോള്‍ ഒരു മാന്‍ ഓടി മറയുന്നതും  കുരങ്ങന്മാര്‍ നിബിഡമായ മരങ്ങള്‍ക്കിടയിലൂടെ ചാടി ബഹളമുണ്ടാക്കുന്നതും കണ്ടു.  അപ്പോഴതാ...  കാട്ടുമൈനകളുടെ ഒരു കൂട്ടം.. ആദ്യമായി കണ്ട സന്തോഷത്തില്‍ ബൈക്കില്‍ നിന്നിറങ്ങി ഫോട്ടോ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും 300mm ഫോക്കസ് ദൂരം മാത്രമുള്ള എന്റെ ക്യാമറയില്‍ കിട്ടാവുന്നതിലും ദൂരെയായിരുന്നു അവയുടെ സ്ഥാനം. 

'പ്രാപ്പിടിയന്‍ (ഷിക്ര) എന്ന് പേരുള്ള  ഒരു കുഞ്ഞന്‍ കിളിയുടെ  ചിത്രം ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍  യാത്ര തുടര്‍ന്നു. അപ്പോഴാണ് യഥേഷ്ടം മേഞ്ഞു നടക്കുന്ന ഒരുപറ്റം പശുക്കളെ കാണാനായത്.  അവയെ ശല്യപ്പെടുത്തണ്ട എന്നു കരുതിയും  സ്വയരക്ഷക്കു വേണ്ടിയും ഞങ്ങള്‍ വഴി മാറി യാത്ര തുടര്‍ന്നു.  അപ്പോഴാണ് റോഡിന് ഇരുവശവുമുള്ള മരക്കൊമ്പുകളില്‍  ഇരട്ടത്തലച്ചികളുടെ  (bulbul) കൂട്ടത്തെ  കണ്ടത്. കാഴ്ച്ചയില്‍ കുഞ്ഞനെങ്കിലും  അവയുടെ കളകൂജനം സംഗീതാത്മകമാണ്.  തൊട്ടടുത്തുള്ള   മുരിക്കിന്‍ പൂവിലെ തേന്‍ നുകരാനെത്തിയ തത്തചിന്നന്‍( vernal hanging) കൂട്ടവും കണ്ണുകളില്‍ കൗതുകമായി. ആ കൌതുകം പകര്‍ത്തുന്നതിനിടയില്‍ രണ്ട് മഞ്ഞക്കിളി (oriole) കളെയും കാണാനായി. തൊട്ടടത്തുള്ള കെട്ടിടത്തിനു മുകളില്‍ പീലി വിടര്‍ത്തി നില്‍ക്കുന്ന ഒരു മയിലമ്മയും വര്‍ണ്ണച്ചാര്‍ത്തായി.

Bonakkad Bird 1

വീണ്ടുമൊരു പശുക്കൂട്ടം ആ വഴി വരുന്നത് കണ്ട് അതിവേഗം അവിടം വിട്ടു. ഈ നാട്ടുകാര്‍ പശുക്കളെ കെട്ടിയിടാറില്ലെന്ന് ഞങ്ങള്‍ക്കപ്പോള്‍ മനസ്സിലായി. മലമുകളിലേക്ക് കയറുന്നതിനിടയില്‍  ഇരട്ടത്തലച്ചികളുടെ ഒരു  കൂട്ടത്തെ വീണ്ടും കണ്ടു. അടുത്തുള്ളൊരു ഒരു മരച്ചില്ലയില്‍ തേന്‍ നുകരാനെത്തിയ ഒരു തത്തച്ചിന്നനെ കണ്ടെങ്കിലും വ്യക്തമായൊരു ചിത്രം കിട്ടില്ല എന്നു തോന്നിയതുകൊണ്ട് സമയം കളയാതെ യാത്ര തുടരുമ്പോള്‍ ഉണങ്ങിയ ഒരു  മരക്കൊമ്പില്‍  കൊക്കുരുമ്മിയിരിക്കുന്ന  രണ്ട് കാട്ടു  മൈനകള്‍ കരളില്‍ പ്രണയതരംഗമായി.  കുറെ അകലത്തായതിനാല്‍  അതും എന്റെ ക്യാമറയ്ക്ക് അന്യമായി. ബൈക്കുകള്‍ ഒതുക്കി വച്ച്, ക്യാമറയും ബാഗുമെടുത്ത്, പക്ഷികളുടെ ആവാസമേഖലയിലേക്ക്  ഞങ്ങള്‍  നടന്നു കയറാന്‍ തുടങ്ങി. 

Bonacaud Bird 2പൂത്തുലഞ്ഞ ഒരു പൂമരത്തില്‍ തത്തച്ചിന്നന്മാര്‍ കൂട്ടത്തോടെ  തേന്‍ നുകരാനെത്തിയ കാഴ്ച നല്ലൊരു അനുഭവമായിരുന്നു.  മനുഷ്യന്റെ  ചെറിയ ചലനങ്ങള്‍ പോലും  കിളികള്‍ക്ക്  മനസ്സിലാവും എന്നതിനാല്‍ വളരെ ജാഗ്രതയോടെ വേണം അവയെ സമീപിക്കാന്‍.  നമ്മുടെ ഓരോ ചുവടും അവര്‍ സസൂഷ്മം നിരീക്ഷിക്കും. ഒരു  തോക്കെടുത്ത് അവരെ ലക്ഷ്യം വയ്ക്കുമ്പോളെന്നതുപോലെയാണ് ക്യാമറ കാണുമ്പോള്‍ അവ പറന്നകലുന്നത്. കുറച്ചു കഴിയുമ്പോള്‍ വീണ്ടും  അവിടെ വന്നിരിക്കും. ഞങ്ങള്‍  പരമാവധി  നിശ്ശബ്ധരായി,  ശ്രദ്ധിച്ചിരുന്ന്  ഫോട്ടോ എടുക്കുവാന്‍ ശ്രമിച്ചു. മനോഹരമായ ഒട്ടേറെ ചിത്രങ്ങള്‍ അവിടെനിന്നും ലഭിച്ചു. ഒരു തത്തച്ചിന്നന്‍  ഫോട്ടോക്ക്  പോസ് ചെയ്യുന്നതു പോലെ ഏകദേശം മൂന്ന് മിനിട്ടോളം,  ഒരു കാല് പൊക്കി മറ്റൊരു കൊമ്പില്‍ പിടിച്ച് തൂങ്ങി നിന്നത് വല്ലാത്തൊരു കൗതുകമായിരുന്നു. ആ കൗതുകം ഞങ്ങള്‍ ഒപ്പിയെടുത്തു കഴിഞ്ഞപ്പോഴാണ് നിനച്ചിരിക്കാതെ മഴത്തുള്ളികള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം മഴയുടെ തീവ്രത കൂടിയപ്പോള്‍ ഓടിപ്പോയി കുടയും റെയിന്‍ കോട്ടുമെടുത്തു വന്നു. ക്യാമറ നനയാതിരിക്കാന്‍  ഞാന്‍ പരമാവധി  ശ്രദ്ധിച്ചു.  ഒരു കുടക്കീഴില്‍ ഞങ്ങള്‍  മൂന്ന് പേര്‍ ഒതുങ്ങിക്കൂടി.  മഴയ്‌ക്കൊപ്പം  കോടമഞ്ഞും ഇറങ്ങി  വന്നതോടെ അവിടെ  നിന്നിട്ട് കാര്യമില്ലെന്നു തോന്നി. നേരെ  GB25 എന്നറിയപ്പെടുന്ന ബോണക്കാട് ബംഗ്ലാവിലേക്ക് ഞങ്ങള്‍ വണ്ടി വിട്ടു. അവിടേക്കുള്ള വഴി  തീര്‍ത്തും  ക്ലേശകരമായിരുന്നു. ചെളി നിറഞ്ഞ പാതയിലൂടെ  കഷ്ടപ്പെട്ട് വണ്ടിയോടിച്ചു. യാത്രക്കിടയില്‍ പല തവണ തെന്നിവീണെങ്കിലും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യമായി.  

അല്‍പസമയത്തിനകം ഞങ്ങള്‍ ബംഗ്ലാവിലെത്തി . '13 കാരിയുടെ പ്രേതമുറങ്ങുന്ന ബോണക്കാട് ബംഗ്ലാവ്' എന്നൊക്കെ  യൂട്യൂബര്‍മാര്‍ വിശേഷിപ്പിക്കുന്ന ഈ ബംഗ്ലാവ് , കാലപ്പഴക്കം കാരണമാണ് പൊളിഞ്ഞു തുടങ്ങിയത് എന്നല്ലാതെ എനിക്കൊരു ഭയവും അനുഭവപ്പെട്ടില്ല.  അവിടെ എത്തിയ ഉടന്‍ തന്നെ ക്യാമറയില്‍ വീണ വെള്ളമൊക്കെ തുടക്കുകയായിരുന്നു ഞാന്‍ ചെയ്തത്. മഴ കുറഞ്ഞു തുടങ്ങിയപ്പോള്‍, കോടമഞ്ഞും ഇറങ്ങിത്തുടങ്ങി. ബംഗ്ലാവില്‍ നിന്നുളള മനോഹരമായ കാഴ്ചകളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് പേപ്പാറ ഡാമിന്റെ  ദൂരക്കാഴ്ച്ചയായിരുന്നു. കോടമഞ്ഞിറങ്ങുന്നതിന്റെ വീഡിയോ പകര്‍ത്തുവാനായി മൊബൈലുകള്‍ സെറ്റ് ചെയ്തു. മഴക്കാര്‍ മാറാന്‍ തുടങ്ങിയപ്പോള്‍, കോടമഞ്ഞും മലയടിവാരത്തേക്ക് മറയാന്‍ തുടങ്ങി. വെയില്‍നാളങ്ങള്‍ അഹങ്കാരത്തോടെ ചിരിച്ചു വന്നപ്പോള്‍, പേപ്പാറഡാമിന്റെ വ്യക്തമായൊരു ചിത്രം കാണാനായി.

Bonacaud Plants

നനഞ്ഞു കുതിര്‍ന്ന പറവകള്‍ തൂവലുകള്‍ ഉണക്കാനായി മരച്ചില്ലകളിലേക്ക് ചേക്കേറുന്ന തിരക്കിലായിരുന്നു. ആ ആരവം കേട്ട ഞങ്ങള്‍ മഴക്കു മുന്‍പ് നിന്ന അതേ സ്ഥലത്തേക്ക് വീണ്ടും എത്തി. മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ സഞ്ചരിച്ചു. മഴയ്ക്കു ശേഷം വന്ന ചെറുവെയിലിന് ശക്തി കൂടി വന്നു. വല്ലാത്ത ചൂട്. ഇനിയും ഒരു മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളുമായി ഞങ്ങള്‍ മുന്നോട്ടു നീങ്ങി. വഴിവക്കില്‍ ഒരു തീക്കുരുവി (minivet) മിന്നിമറയുന്നത് കണ്ടു. തേയിലച്ചെടികള്‍ക്കിടയില്‍ ഒരു കൊച്ചു മഞ്ഞച്ചിന്നന്‍ (yellow browed bulbul) പറന്നു കളിക്കുന്നത്  കണ്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ക്യാമറയില്‍ പകര്‍ത്താന്‍ തുനിഞ്ഞില്ല. പച്ചിലപ്പാമ്പുകള്‍ കാണപ്പെടുന്ന ഒരു പ്രദേശം ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നെങ്കിലും  ഒരു പാമ്പിനെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ആ ഒരു  നിരാശയുമായി ഫാക്ടറിയുടെ സമീപത്ത് കൂടി വരുമ്പോള്‍, അടുത്ത വീട്ടിലെ നിറയെ കായ്കളുള്ള നെല്ലിമരം കണ്ണില്‍ പെട്ടു. അതില്‍ നിന്നു നല്ല വിളഞ്ഞ നെല്ലിക്കായും പറിച്ച് മുന്നേറുമ്പോള്‍ ഒരു ആണ്മയിലിനെ കണ്ടു. അതിന്റെ പടവുമെടുത്ത് യാത്ര തുടര്‍ന്നു. ശീതക്കാറ്റേറ്റ്, കാടിന്റെ വിജനതയിലൂടെ മലയിറങ്ങുന്നത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം എന്നു പറയാം.

Bonacaud Bird 3

അകലങ്ങളിലുള്ള കാടും മലകളും വന്മരങ്ങളുമൊക്കെ ആസ്വദിച്ച് വരുമ്പോഴതാ. ഒരു ചുട്ടിപ്പരുന്ത്(Serpent eagle). പെട്ടെന്ന് ബൈക്കു നിര്‍ത്തി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെങ്കിലും അവ എങ്ങോട്ടോ പറന്നു മറഞ്ഞു. അതിനെ കിട്ടാത്ത വിഷമത്തില്‍ മുന്നോട്ടു വരുമ്പോള്‍ റോഡിനു കുറുകേ പടര്‍ന്നിറങ്ങിയ ഒരു മരക്കൊമ്പില്‍ വീണ്ടുമൊരു ചുട്ടിപ്പരുന്ത്, അതും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പറന്നു പോയപ്പോള്‍, ഇരട്ടി വിഷമത്തോടെ യാത്ര തുടരേണ്ടി വന്നു. യാത്രയുടെ ആരംഭത്തില്‍ കണ്ട കുളിരിന്റെ മനോഹാരിത ഒന്നു കൂടി ആസ്വദിക്കണമെന്നു തോന്നിയപ്പോള്‍, വണ്ടി നിര്‍ത്തി. ആ മനോഹരദൃശ്യം മിനിട്ടുകളോളം നോക്കിനിന്നിട്ട് തിരിഞ്ഞു നടക്കുമ്പോഴാണ്, തൊട്ടടുത്തുള്ള കുറ്റിച്ചെടിയില്‍ കൂട്ടമായിരുന്ന് സൊറ പറയുന്ന മഞ്ഞപ്പാത്തികളെ കണ്ടത്. അവയുടെ കുറച്ചു ഫോട്ടോകളെടുത്ത് താഴേക്കിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായാണ് മരങ്ങള്‍ക്കിടയില്‍ ഒരു അനക്കം കണ്ടത്. അടുത്തു ചെന്നു നോക്കിയെങ്കിലും, മരത്തിന്റെ അതെ നിറസാമ്യമായിരുന്നതിനാല്‍, എന്താണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ട് ചെമ്പന്‍ നത്തുകള്‍ (Jungle owlet) ആയിരുന്നു അത്. വെളിച്ചം മങ്ങിത്തുടങ്ങിയതു കാരണം ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞില്ല.   

ഇതിനടുത്തു തന്നെയായിരുന്നു ബോണക്കാട് ചെക്ക് പോസ്റ്റും ഫോറസ്റ്റ് ഓഫീസും. ഫോറസ്റ്റ് ഓഫീസിലെത്തി, ഓഫീസറുമായി സംസാരിക്കാന്‍ കഴിഞ്ഞു. അപ്പോഴാണ് കാട്ടിനുള്ളിലെ പ്രശ്‌നക്കാരായ മാന്മൂട്ടകളെപ്പറ്റി അറിഞ്ഞത്. കുളയട്ടകളേക്കാള്‍ ഭീകരമാണ് ഇവയുടെ ആക്രമണം. ഒരു കടി കിട്ടിയാല്‍ പിന്നെ  മാസങ്ങളോളം ചൊറിച്ചില്‍ നീണ്ടുനില്‍ക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു പുതിയ അറിവായിരുന്നു. കാടിന്റെ വിസ്മയങ്ങളെപ്പറ്റിയും വനം വകുപ്പിലെ ജോലി സാധ്യതകളെപ്പറ്റിയുമൊക്കെ വിശദമായിത്തന്നെ  അദ്ദേഹം പറഞ്ഞു തന്നു. സായന്തനത്തില്‍ ആ ഹരിത തീരം കൂടുതല്‍ സുന്ദരിയായതു പോലെ തോന്നി. മഴമേഘങ്ങളുടെ സാന്നിധ്യത്തില്‍ പതിവിലും നേരത്തെ അര്‍ക്കനെങ്ങോ മറഞ്ഞു പോയി. ഇരുളിന്റെ മേലാപ്പില്‍ വൃക്ഷത്തലപ്പുകള്‍ നിഴലുകള്‍ പോലെ കാണപ്പെട്ടു.

Bonacaud 1

പക്ഷിമൃഗാദികള്‍ വിഹാരം മതിയാക്കി അവനവന്റെ കൂടുകളിലേക്ക് ഒതുങ്ങിക്കൂടാന്‍ തുടങ്ങി. ഞങ്ങളും ഞങ്ങളുടെ വാസസ്ഥലത്തേക്ക് മടക്കയാത്ര തിരിച്ചു. അങ്ങനെ അന്നത്തെ ആ സ്വപ്നയാത്രക്ക് വിരാമമായി. ഓരോ യാത്രയും മറ്റൊന്നിന്റെ തുടക്കമായി ഭവിക്കാറുണ്ട്. ഇതും അതുപോലോരു തുടക്കമാവട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ഇനിയുമൊരു മനോഹരയാത്രയ്ക്കായി കാത്തിരിക്കുന്നു.

Content Highlights: 25 GB Bungalow Trivandrum, Bonacaud Travel, Wildlife Photography, Mathrubhumi Yathra, Kerala Tourism