ഒരു അവധിക്കാലത്ത് തിരുവനന്തപുരത്തെ ഭാര്യവീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത് ഒരു യാത്ര പോകാന്‍ തോന്നി. അവിടെയുള്ള ഏകദേശം എല്ലാ സ്ഥലങ്ങളും പത്തിലധികം തവണ ഒരുമിച്ചു പോയിട്ടുള്ളതാണ്. കുറച്ചുകൂടി ആലോചിച്ചപ്പോള്‍ കോവളത്ത് മാത്രം വളരെ കുറച്ചേ ഒരുമിച്ചു പോയിട്ടുള്ളൂ എന്ന് തോന്നി. അതും ഹ്രസ്വ സന്ദര്‍ശനങ്ങള്‍. ഇത്തവണ ഒരു ദിവസ്സം മുഴുവനും കോവളത്ത് ചെലവഴിക്കാന്‍ തീരുമാനിച്ചു. ഭാര്യയുടെ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു വണ്ടിയെടുത്തു. അവര്‍ ചിരിച്ചുകൊണ്ട് മകന് ടാറ്റ കൊടുത്തു. ആറ് വര്‍ഷം പഴക്കമുള്ള സ്‌കൂട്ടി പെപ്പായിരുന്നു ഞങ്ങളുടെ വാഹനം. കിഴക്കേകോട്ടയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ഉണ്ട് കോവളം ബീച്ചിലേക്ക്. പിന്നിലിരിക്കുന്ന ഭാര്യയും മകനും രണ്ടാഴ്ച്ചക്കുശേഷം പുറം ലോകം കണ്ടതിന്റെ ആവേശത്തിലാണ്. ഞാനാണെങ്കില്‍ സ്‌കൂട്ടി പെപ്പുമായി മല്‍പിടുത്തത്തിലായിരുന്നു, ബ്രേക്ക് കയ്യിലാണെന്ന കാര്യം മറന്നു പലപ്പോഴും കാലുകൊണ്ട് ബ്രേക്കിടാന്‍ നോക്കി. സ്ഥിരമായി ബൈക്ക് ഓടിച്ചിട്ട് പെട്ടെന്ന് വണ്ടി മാറിയപ്പോള്‍ വന്ന ചെറിയ പരിചയക്കേട്.
അങ്ങിനെ ഏകദേശം ഒരു മണിക്കൂറെടുത്തു കോവളത്തിനടുത്തെത്താന്‍. അതിനുമുന്‍പ് അതിമനോഹരമായ ഒരു പാറമടയുണ്ട് വഴിയില്‍. പാറ പൊട്ടിച്ചു വലുതായ ഒരു കുളം. അതില്‍ നിറഞ്ഞു കിടക്കുന്ന തെളിഞ്ഞ വെള്ളം . എന്നും അവിടെ ഇറങ്ങി ഫോട്ടോ എടുത്തിട്ടേ പോകാറുള്ളൂ. ഇത്തവണയും പതിവ് തെറ്റിച്ചില്ല. മനോഹരമായ കുറച്ചു ഫോട്ടോകള്‍ എടുത്തു വീണ്ടും യാത്രയായി. അങ്ങിനെ ഒടുവില്‍ കോവളത്തെത്തി. കോവളത്ത് പ്രധാനമായും രണ്ടു ബീച്ചാണ് കാണാനുള്ളത്. ഒന്ന് ലൈറ്റ് ഹൗസ് ബീച്ച്, രണ്ടാമത്തേത് ഈവ്‌സ് ബീച്ച് അഥവാ ഹവ്വ ബീച്. അവിടെ മനോഹരമായ കുന്നിന്റെ മുകളില്‍ ലൈറ്റ് ഹൌസ് ഉള്ളതുകൊണ്ട് ആ ബീച്ചിനു ലൈറ്റ് ഹൗസ് ബീച്ചെന്നു പേരുവന്നു. പണ്ട് തരുണീമണികളായ വിദേശ വനിതകള്‍ ടോപ് ലെസ്സ് ആയി കുളിക്കാറുള്ളതുകൊണ്ടാണ് രണ്ടാമത്തെ ബീച്ചിനു ഈവ്‌സ് ബീച്ച് അഥവാ ഹവ്വ ബീച് എന്ന് പേരുവന്നത്. ഇപ്പോള്‍ അതെല്ലാം മാറി. ബീച്ചില്‍ കുളിക്കുന്ന സ്ത്രീകള്‍ മിനിമം രണ്ടു കഷണം തുണിയെങ്കിലും ഉടുക്കണം എന്നാണ് അവിടത്തെ നിയമം.
ലൈറ്റ് ഹൗസ് ബീച്ചിലേക്ക് ഇറങ്ങുന്ന വഴിയില്‍ ഇടതുവശത്തായി കുറച്ചു കടകളുണ്ട് . ഒരു ചെറിയ കാറിനുപോകാന്‍ മാത്രം വീതിയുള്ള കുത്തനെയുള്ള ഇറക്കമുള്ള റോഡ്.ആരും വണ്ടി കൊണ്ടുപോകാറില്ല, ചിലര്‍ ബൈക്ക് ചാടിച്ചു കൊണ്ടുപോകുന്നത് മാത്രം കാണാം. വഴിയരികില്‍ നിന്നും എനിക്കും മകനും ബര്‍മുഡയും തോര്‍ത്തും വാങ്ങി. ബീച്ചിലേക്ക് ഇറങ്ങിചെന്നപ്പോള്‍ തന്നെ വലിയൊരാള്‍ക്കൂട്ടം കണ്ടു. ആര്‍ക്കോ അപകടം പറ്റിയിട്ടുണ്ട് എന്നാണ് തോന്നിയത്. വേഗം ഓടിച്ചെന്നു നോക്കി. വിദേശിയരായ രണ്ടു പേര്‍ ഒപ്പം അവരുടെ മൂന്നു കുട്ടികള്‍. മൂന്ന്, അഞ്ച്, ഏഴ് അത്ര പ്രായം തോന്നിപ്പിക്കുന്ന ആ കുട്ടികള്‍ അവരുടെ അഭ്യസപ്രകടം പുറത്തെടുക്കുകയാണ്. ജിമ്‌നാസ്റ്റിക്ക്‌സ് പഠിച്ചിട്ടുണ്ട് അവരെല്ലാം എന്ന് പ്രകടനത്തില്‍ നിന്നും ബോധ്യമായി. തലകുത്തി നിന്നും, ശരീരത്തില്‍ എല്ലില്ല എന്നുതോന്നിപ്പിക്കുന്ന വിധത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍. ആളുകള്‍ സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും കയ്യടിക്കുകയും കൂവിവിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാനും മോനും അവരോടൊപ്പം കൂടി. ഭാര്യ എവിടെയാണ് എന്ന് പോലും നോക്കാതെ...
വിദേശികള്‍ നമ്മുടെ നാട്ടില്‍ വന്നു കൈയ്യടി നേടുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ അകത്തേക്ക് വന്നു തലകുത്തി നിന്ന് ഡാന്‍സ് കളിക്കലും ശരീരം വളക്കലും തുടങ്ങി. അവനും കിട്ടി കുറെ കയ്യടി. അവന്‍ കളരി പഠിച്ചിട്ടുണ്ടെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. വിദേശികള്‍ക്കും അവന്റെ പ്രകടനം ഇഷ്ടമായി. അവര്‍ എല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എന്തായാലും ഇന്ത്യക്കാരുടെ മാനം കാത്തല്ലോ? എനിക്ക് ആശ്വാസമായി ..... ഈ രസകരമായ നിമിഷങ്ങള്‍. അധികം നീണ്ടുനിന്നില്ല. ബീച്ചിനെ സംരക്ഷിക്കാന്‍ നടക്കുന്ന പോലീസുകാര്‍ ഈ കാഴ്ച കണ്ടു കൊണ്ട് വന്നു. അവരും ഇത് കണ്ടു നില്‍ക്കും എന്നാണ് കരുതിയത്. എന്നാല്‍ അവര്‍ നിറുത്താന്‍ പറഞ്ഞു മലയാളത്തില്‍. വിദേശികള്‍ക്കും എന്തോ പന്തികേട് തോന്നി. അവര്‍ അഭ്യാസം അവസാനിപ്പിച്ചു . 'പോ പോ എല്ലാവരും പിരിഞ്ഞു പോ. ഇവിടെ ഇതൊന്നും പറ്റില്ല. ഇതൊക്കെ കാണിച്ചു കഴുത്തൊടിഞ്ഞാല്‍ ആശുപത്രിയില്‍ കൊണ്ടുവാന്‍ ഞങ്ങളെകൊണ്ട് പറ്റില്ല'. പോലീസുകാരന്‍ ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. ഇന്ത്യക്കാരന്‍ അഭ്യാസി പതുക്കെ ആള്‍കൂട്ടത്തില്‍ സ്‌കൂട്ടായി. ആളുകള്‍ പതുക്കെ പിരിഞ്ഞു. ഇതാണ് ഞാന്‍ മുന്‍പേ പറഞ്ഞ നിയമം. ഒരു ബീച്ചില്‍ സ്വതന്ത്രമായി ഒന്ന് കളിക്കുവാന്‍ (കുളിക്കുവാനും) സമ്മതിക്കാത്ത നിയമവും നിയമപാലകരും. ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കിയിട്ടില്ല, എന്നിട്ടും ആ കുട്ടികളുടെ സന്തോഷത്തെ തല്ലിക്കെടുത്തിയത് കണ്ടപ്പോള്‍ സങ്കടം തോന്നി. കളി കണ്ടു നിന്നപ്പോള്‍ ഒരു നല്ല ഫോട്ടോ പോലും എടുത്തില്ല. നിരാശനായി നടന്നു അടുത്ത കാഴ്ചക്കായി.
കാഴ്ചകള്‍ കണ്ടു നടന്നു ലൈറ്റ് ഹൗസ് ബീച്ചിന്റെ അറ്റത്ത് എത്തി. മകന്‍ അവന്റെ ഇഷ്ടഭക്ഷണം ബിരിയാണി ചോദിച്ചു തുടങ്ങി. മണി പതിനൊന്നര. നിര നിരയായി കിടക്കുന്ന റസ്‌റ്റൊറന്റുകള്‍. പലരും വിലനിലവാരം ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. വിദേശികള്‍ മാത്രം ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു സ്ഥലത്ത് കയറി. കടലിലേക്ക് നോക്കിയിരുന്ന് ഭക്ഷണം കഴിക്കനാവുന്ന ഇരിപ്പിടം കണ്ടുപിടിച്ചു. സീറ്റിനടുത്ത് തന്നെ ജീവനുള്ള ഞാണ്ടിനെയും കൊഞ്ചിനെയും ഇട്ടുവെച്ചിരുന്നു. ഓര്‍ഡര്‍ കൊടുത്തു അവിടെ ഇരുന്നാല്‍ ഉടന്‍ റെഡിയാക്കി തരും. അതാണ് കോവളത്തെ റസ്റ്റോറന്റുകളുടെ പ്രത്യേകത. നാനൂറു രൂപ നാല് കൊഞ്ചിന്. ബിരിയാണി ഒന്നിന് നുറ്റിഅന്‍പതും. രണ്ടും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നയാള്‍ ബിയര്‍ വേണോ എന്ന് ചോദിച്ചു. ഒരു പുതിയ അറിവായിരുന്നു അത്. അവിടത്തെ എല്ലാ നല്ല റസ്‌റ്റോറന്റുകളിലെല്ലാം ബിയര്‍ കിട്ടുമത്രേ. ഗര്‍ഭിണിയായ ഭാര്യയെയും അരിവാങ്ങാന്‍ കാശില്ലാതെ വഴിയില്‍ പതുങ്ങിയിരിക്കുന്ന പോലീസുകാരെയും ഓര്‍ത്തപ്പോള്‍ ബിയര്‍ വേണ്ട എന്നും പറഞ്ഞു മറ്റുള്ള ആളുകളെ നോക്കി. മിക്കവരുടെ മുന്‍പിലും ബിയര്‍ ഗ്ലാസ്സുകള്‍ കണ്ടു. പക്ഷെ ബിയര്‍ കുപ്പികളെല്ലാം ആളുകള്‍ ഇരിക്കുന്നതിന്റെ താഴെയാണ് വെച്ചിരിക്കുന്നത്. പുറത്തുനിന്നും നോക്കിയാല്‍ എല്ലാവരും ജ്യൂസ് കുടിക്കുകയാണെന്നെ തോന്നു. സംഗതി കൊള്ളാം. തണുത്ത ബിയര്‍ വെറും എണ്‍പതു രൂപ മാത്രം.
ഭക്ഷണം വരാന്‍ കുറെ സമയം എടുക്കും എന്നറിയാമായിരുന്നു. ഞങ്ങള്‍ക്ക് മുന്‍പിലായി ഇരിക്കുന്നത് ഒരു വിദേശ പ്രണയ ജോടികള്‍. അവര്‍ പരസ്പരം ഭക്ഷണം കോരിക്കൊടുക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അതും നോക്കിയിരുന്ന സമയത്താണ് ഒരു അമ്മൂമ്മ ഒരു കവറില്‍ ഒരു പടല പൂവന്‍ പഴവുമായി അവരുടെ അടുത്തേക്ക് വരുന്നത് കണ്ടത്. എന്റെ ശ്രദ്ധ അമ്മൂമ്മയിലെക്കായി. 'എത്രയ വില'. വിദേശ വനിതാ ഇഗ്ലീഷില്‍ ചോദിച്ചു. ഉടന്‍ മറുപടി വന്നു അതെ ഭാഷയില്‍. 'നൂറ്റി അമ്പതു'. ഈശ്വരാ ആറ് പൂവന്‍പഴം .... ഈ വിലയോ. ഞാന്‍ ഞെട്ടി. വിദേശികള്‍ പരസ്പരം നോക്കി എന്തോ പറഞ്ഞു. പിന്നെ നിങ്ങള്‍ ഞങ്ങളെ പറ്റിക്കുകയാണ്. ഇതിനു മാക്‌സിമം അറുപതു രൂപയെ വരൂ എന്ന് പറഞ്ഞു. അമൂമ്മ വിട്ടില്ല . ഉറയില്‍ നിന്നും ഇത്തിരി പഴുപ്പുകൂടിയ തൊലിയുടെ നിറം കറുത്ത് തുടങ്ങിയ പഴം അവരെ കാണിച്ചു എന്നിട്ട് ഇംഗ്ലീഷില്‍ 'ഞാന്‍ ആദ്യം കാണിച്ചുതന്നത് ഓര്‍ഗാനിക് ഫാമില്‍ നിന്നും കൊണ്ടുവന്ന പഴമാണ്. ജൈവവളം മാത്രം ഉപയോഗിച്ചത്. ഇത് കണ്ടില്ലേ ഈ കറുത്ത പഴം, ഇതുവേണമെങ്കില്‍ അന്‍പതിനു തരാം, കഴിച്ചാല്‍ ചിലപ്പോള്‍ കാന്‍സര്‍ വരും അതാണീ വിലക്കുറവ്'. ഞാന്‍ വീണ്ടും ഞെട്ടി. അമ്മൂമ്മയുടെ നല്ല ഒഴുക്കുള്ള ഇംഗ്ലീഷ് കേട്ടിട്ടും പിന്നെ പഴം വില്‍ക്കുന്ന ആ മാര്‍ക്കറ്റിംഗ് തന്ത്രം കണ്ടിട്ടും. വിദേശികള്‍ വീണ്ടും കണ്‍ഫ്യൂഷനിലായി. അവര്‍ അവസാനം നൂറുരൂപ പറഞ്ഞു. അമ്മൂമ്മ തരില്ലെന്നും. വിലപേശലുകള്‍ക്ക് ഒടുവില്‍ അവസാനം കച്ചവടം ഉറപ്പിച്ചു നൂറ്റിയിരൂപത് രൂപയ്ക്ക്. ആ ആറ് പഴവും അവര്‍ക്ക് കൊടുത്തു ചിരി സഹിക്കാന്‍ പറ്റാതിരിക്കുന്ന ഞങ്ങളെയും ഒന്ന് നോക്കി അവര്‍ അടുത്ത ഇരയെ നോക്കി നടന്നു.
കുറച്ചു കാത്തിരിപ്പിന് ശേഷം ഭക്ഷണം കിട്ടി. ചിക്കന്‍ ബിരിയാണിയില്‍ ചിക്കന്റെ ചെറിയ ചെറിയ കഷണങ്ങള്‍ എല്ലില്ലാതെ ഇട്ടിരിക്കുന്നു. ചീസിന്റെ ചെറിയ കഷണങ്ങളും. സ്പൂണും ഫോര്‍കും ഉപയോഗിച്ച് സുഗമായി കഴിക്കാം. സാധാരണ ചിക്കന്‍ കാലുമായി കടിപിടികൂടി കഴിക്കുകയാണ് പതിവ് . ഇത് തികച്ചും വ്യത്യസ്തമായി തോന്നി. എന്നാല്‍ കൊഞ്ച് അത്ര രസകരമായി തോന്നിയില്ല. ആദ്യമായാണ് കഴിക്കുന്നത്, ഒരു പക്ഷെ അതുകൊണ്ടായിരിക്കും. കോവളത്ത് സീസണായാല്‍ ഒരു പ്ലേറ്റ് കൊഞ്ചിന് അവര്‍ ആയിരം രൂപയോളം വാങ്ങാറുണ്ടെന്നു ഓര്‍ഡര്‍ എടുക്കാന്‍ വന്ന ആള്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ സാരിയുടുത്ത് സുന്ദരിയായ ഒരു സ്ത്രീയും പിറകെ അവരുടെ ഭര്‍ത്താവും റസ്റ്റോാറന്റിലേക്ക് വന്നു. എന്റെ ഭാര്യയുടെ പിറകിലെ സീറ്റിലാണ് ആ സ്ത്രീ ഇരുന്നത്. ഞാന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവരറിയാതെ അവരെ ശ്രദ്ധിച്ചു. ഏതോ നല്ല പണക്കാരായ ദമ്പതികള്‍. മകന്റെ സംസാരവും കേട്ടും അവനോടു ചിരിച്ചും കഴിക്കല്‍ തുടരുമ്പോള്‍ കാലിലൊരു തോണ്ടല്‍. സ്വന്തം ഭാര്യയാണ്. ഒന്നും ചോദിക്കാതെ അവളെ നോക്കി. അവളുടെ ചെവിയില്‍ വിരലുകൊണ്ട് പിടിച്ചിട്ടുണ്ട് അവള്‍. മിണ്ടാതിരുന്നു പുറകിലെ സംസാരം ശ്രദ്ധിക്കാനാണ് ഈ ചെവി സിഗ്‌നല്‍. ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ഇത്തരം ചില സിഗ്‌നലുകള്‍ പല നല്ല കാഴ്ചകളും തരാറുണ്ട്. ചെവി വട്ടം പിടിച്ചു. അല്പം മുന്‍പ് വന്ന ചേട്ടന്‍ മൊബൈലില്‍ സംസാരിക്കുകയാണ്. പച്ച മലയാളത്തില്‍. 'എത്ര പറഞ്ഞാലും പതിനയ്യായിരം രൂപയൊക്കെ വളരെ കൂടുതല്ലേ ബായി. ഒരു രാത്രി മതി, രാവിലെ ഞാന്‍ പോകും'. ഒരു നിമിഷം മറ്റേ തലക്കല്‍ നിന്നും എന്തോ പറഞ്ഞു . അയാള്‍ വീണ്ടും തുടര്‍ന്ന് 'ഞാന്‍ മലയാളിയാ. ഈ അടുത്ത നാട്ടുകാരനാ. വെള്ളക്കരോട് പറയുന്നതുപോലുള്ള റേറ്റ് എന്നോട് പറയരുത്. അതേ ആള്‍ എന്റെ മുന്‍പിലുണ്ട്, മറ്റേ റസ്‌റ്റോറന്റി, കണ്ടു. സംസാരിച്ചു, കുഴപ്പമില്ല പക്ഷെ റേറ്റ് ഒന്നു കുറക്കണം.' മറുതലക്കല്‍ നിന്നും കുറെ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരിന്നു. അവസാനം എന്തോ തീരുമാനമായി. ഇതിനിടയില്‍ മകനെന്തോ പറഞ്ഞതുകൊണ്ട് മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല . അല്പം കഴിഞ്ഞപ്പോള്‍ 'ആ നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീ' അയാളുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവാങ്ങി എഴുന്നേറ്റു പോയി. പിന്നെ അയാള്‍ ബിയര്‍ ഓര്‍ഡര്‍ ചെയ്യുന്നതും കണ്ടു. കോവളത്തെ മാംസ കച്ചവടത്തെ കുറിച്ച് ഒരുപാട് കഥകള്‍ കേട്ടിടുണ്ട്. ഇപ്പോള്‍ നേരില്‍ ഒരു വിലപേശലും. ഭാര്യയും അന്തം വിട്ടിരിക്കുകയാണ്. ബാംഗ്ലൂര്‍, ഗോവ ഇവിടങ്ങളിലൊക്കെ ഇത്തരക്കാരെ കുറെ ഞങ്ങള്‍ പല യാത്രകളിലും കണ്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമായിരുന്നു. അതും ഇത്ര സുന്ദരിയായ ഒരു സ്ത്രീ. എന്തിനാ അവര്‍........ ?
ഭക്ഷണം കഴിഞ്ഞു ബീച്ചില്‍ കുളിക്കാനിറങ്ങി. കോവളത്തെ കടലിനു ആഴം കുറവാണ്. അപകടങ്ങള്‍ ഒരു പരിധിവരെ കുറവാണ്. പിന്നെ ലൈഫ് ഗാര്‍ഡുകള്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടായിരുന്നു. ഒരു നിശ്ചിത ദൂരം വിട്ടു നീന്തിയാല്‍ അവര്‍ വിസില്‍ അടിച്ചു ആളുകളെ മടക്കി വിളിക്കും, ചിലപ്പോള്‍ ചീത്തയും വിളിക്കും. ഉച്ച വെയിലിനെ വകവെക്കാതെ തിരയില്‍ മറയുന്ന സ്വദേശികളും വിദേശികളും. വിദേശികളുടെ രണ്ടു കഷ്ണം വസ്ത്രം പല സ്വദേശികളും ആസ്വദിക്കുകയും അവരറിയാതെ ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുളിയുടെ ഇടയില്‍ ഭാര്യയുടെ കയ്യില്‍ നിന്നും ക്യാമറ വാങ്ങി ഞാനും കുറച്ചെണ്ണം എടുത്തു. കുറച്ച് ചെറുപ്പക്കാര്‍ അവരില്‍ ഒരാളെ മണല്‍ കൊണ്ട് തലയൊഴികെ എല്ലാം മൂടുന്നുണ്ടായിരുന്നു. അവരുടെ അടുത്ത് ചെന്ന് ഫോട്ടോയെടുത്തു. കുളി കഴിഞ്ഞു വേഷം മാറാനാണ് ഏറ്റവും ബുദ്ധിമുട്ട് . അതിനുള്ള ഒരു സൗകര്യവും അവിടെ ഒരിക്കിയിട്ടില്ല. ഇത്രയും പേരുകേട്ട ബീച്ചില്‍ ഒരു ടോയ്‌ലെറ്റ് സൗകര്യം പോലും ഇല്ല. മുമ്പ് അവിടെ ഉണ്ടായിരുന്ന മൊബൈല്‍ ടോയ്‌ലെട്റ്റ് എല്ലാം പൊളിഞ്ഞു നാശമായി ആര്‍ക്കും കയറാന്‍ പറ്റാതെ ബീച്ചിനടുത്തുള്ള തെങ്ങിന്‍ പറമ്പില്‍ കിടക്കുന്നുണ്ടായിരുന്നു. അടുത്ത വരവിലെങ്കിലും ഈ ഗതി മാറുമോ ? പ്രതീക്ഷ കുറവാണ്........കേരളമല്ലേ ?
ഒരു കണക്കിന് വസ്ത്രം മാറി.... കുളിയും കളിയുമെല്ലം കഴിഞ്ഞു. ബീച്ചിനടുത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്നു ഐസ്‌ക്രീമും കഴിച്ചു. കുറെ സമയം വിശ്രമിച്ചു. സമയം കടന്നു പോയതറിഞ്ഞില്ല . ഒരു നല്ല ദിവസം തീരാറായി. ബാഗ് എടുത്ത് പുറത്തിട്ട , ഒരു കൈയില്‍ മകനും മറുകയ്യില്‍ ഭാര്യയുമായി തിരിച്ചു നടന്നു. കയറ്റം കയറി. വണ്ടികളെല്ലാം പാര്‍ക്ക് ചെയ്യുന്നത് കുറച്ച് താഴെയാണ്. വണ്ടി പാര്‍ക്ക് ചെയ്യുന്നതിന്റെ അടുത്ത വേറെ ഒരു ബീച് ഉണ്ട്. വണ്ടിയുമായി, വണ്ടിയില്‍ നിന്നും ഇറങ്ങാതെ അവിടെ ഒന്നു കറങ്ങി. ആളുകള്‍ മീന്‍ പിടിക്കുന്നതും മറ്റും ഫോട്ടോയെടുത്തു. അവിടെയും കുറച്ച് പേര്‍ കുളിക്കുണ്ടായിരുന്നു. പല ആളുകളും വണ്ടി പാര്‍ക്ക് ചെയ്തു നോക്കുമ്പോള്‍ കാണുന്ന ആദ്യത്തെ ബീച്ചായ ഇവിടെ വന്നു കുളിച്ചുശേഷം ഇതാണോ കോവളം എന്നും പറഞ്ഞു കളിയാക്കി മടങ്ങി പോരാറുണ്ട് എന്ന സത്യം, ഈ അക്കിടി പറ്റിയ എന്റെ സ്‌നേഹിതന്‍ എന്നോട് പറഞ്ഞത് ഓര്‍മ്മ വന്നു. തിരിച്ചു മടങ്ങുമ്പോള്‍ പഴം വിറ്റ അമ്മൂമ്മയെ കണ്ടു . ഇങ്ങനെ വിദേശികളെ പറ്റിക്കുന്നത് തെറ്റല്ലേ ? അവര്‍ സത്യം അറിയുമ്പോള്‍ നമ്മളെ കുറിച്ച് എന്താ കരുതുക ? എന്നൊക്കെയുള്ള എന്റെ ചോദ്യം ഞാന്‍ മനസ്സിലൊതുക്കി ഇവിടെ ഈ സുന്ദരസ്ഥലത്ത്, വീണ്ടും വരാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ അവിടം വിട്ടു............