പ്രണയത്തിന്റെ ഹൃദയഭാഷയായി മാറിയ എം.ടിയുടെ നോവല്‍, മഞ്ഞ്.
മഞ്ഞിന്റെ ദേശം തേടി നൈനിത്താളില്‍, മഞ്ഞിന്റെ 46-ാം പിറന്നാള്‍
ദിനത്തില്‍ ചെന്നിറങ്ങുന്ന മലയാളത്തിലെ യുവകവി.
പ്രണയവും കവിതയും ഗൃഹാതുരത്വവും ഇഴചേരുന്ന
അപൂര്‍വ സുന്ദരമായ ഒരു യാത്രാനുഭവം.നൈനിത്താള്‍ തടാകക്കരയില്‍ :'മഞ്ഞി'ലെ തോണിക്കാരന്‍ ബുദ്ദുവിനെത്തേടി കടവിലെത്തിയപ്പോള്‍. മെയ് ഫ്ലവര്‍ എന്ന ആ തോണി ഇപ്പോഴുമുണ്ട്. ബുദ്ദു മാത്രമില്ല.

1984 ഏപ്രില്‍ 11 ന് ആണ് മഞ്ഞ് ആരംഭിക്കുന്നത്. വേനലവധിക്ക് വിദ്യാര്‍ഥിനികളെല്ലാം വീട്ടിലേക്ക് പോയ ദിവസം. വിമല ആ തിയ്യതി കലണ്ടറില്‍ നോക്കി ഓര്‍ത്തുവെക്കുന്നുണ്ട്. യാദൃശ്ചികമായി ഞാന്‍ മഞ്ഞിന്റെ ദേശം തേടി നൈനിത്താളില്‍ എത്തിയത് 2009 ഏപ്രില്‍ 11 ന് ആയിരുന്നു. മഞ്ഞിന്റെ 46-ാം പിറന്നാള്‍ ദിനത്തില്‍. മഞ്ഞില്‍ സൂചിപ്പിച്ചതുപോലെ കാലത്തിന്റെ നടപ്പാതയില്‍ ഈ നിമിഷം പണ്ടേ സ്ഥാനം പിടിച്ചതായിരിക്കാം. ഓടിക്കിതച്ചും കാലിടറിയും അവസാനം ഇവിടെയെത്തിയിരിക്കുന്നു. യുഗങ്ങള്‍ക്കു മുമ്പേ രേഖപ്പെടുത്തിയ നിമിഷം. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രീഡിഗ്രി കഌസുകളില്‍ മഞ്ഞ് പഠിപ്പിച്ചപ്പോള്‍ തോന്നിയ ഒരാഗ്രഹത്തിന്റെ സാക്ഷാത്കാരമാണ് ഈ നിമിഷം.

മഞ്ഞ് എഴുതുമ്പോള്‍ എം.ടിക്ക് പ്രായം മുപ്പത്തിഒന്ന്. മഞ്ഞിലെ നായിക വിമലയുടെ അതേ പ്രായം. എം.ടിയുടെ തന്നെ വാക്കുകളില്‍ അല്‍പം ധിക്കാരവും തന്റേടവും ചോരത്തിളപ്പുമൊക്കെയുള്ള നല്ല പ്രായം. ആ പ്രായത്തിന്റെ പ്രത്യേകതകളെല്ലാം മഞ്ഞില്‍ സ്​പഷ്ടമായി പതിഞ്ഞിരിക്കുന്നു. ചോരത്തിളപ്പുള്ള ശരീരങ്ങളുടെ കാന്തികാകര്‍ഷണമാണ് മഞ്ഞിന്റെ കേന്ദ്ര പ്രമേയം.


എം.ടിയുടെ കവിതഎം.ടിയുടെ ഏറ്റവുമധികം എഡിറ്റു ചെയ്യപ്പെട്ട കൃതിയാണ് മഞ്ഞ്. വലിയൊരു നോവല്‍ എഴുതാന്‍ തുടങ്ങിയത് പരമാവധി വെട്ടിച്ചുരുക്കിയതും ഒടുവില്‍ ഒരു ഉരുളക്കിഴങ്ങ് മാത്രം വെട്ടാന്‍ ബാക്കിയായതും എം.ടി തന്നെ എഴുതിയിട്ടുണ്ട്. മഞ്ഞുപോലെ സാന്ദ്രമായ ഒരു ഘടന ഇതിനുണ്ട്. ചങ്ങമ്പുഴക്കവിതകള്‍ വായിച്ച ആവേശം കൊണ്ട് കവിയാകാന്‍ കൊതിക്കുകയും കവിതകള്‍ എഴുതാന്‍ സാധിക്കാതെ വരികയും ചെയ്ത ഒരു എഴുത്തുകാരന്റെ കാവ്യസങ്കല്‍പങ്ങളുടെ പൂര്‍ണതയാണ് ആ രചന.

ശാന്തനും സൗമ്യനുമായ എം.ടി യുടെ ശാന്തവും സൗമ്യവുമായ കൃതി. അന്തര്‍ദര്‍ശനവുമുള്ള എഴുത്തുകാരന്റെ അന്തര്‍മുഖമുള്ള നായികയാണ് വിമല. കൊലവിളി നടത്തുന്ന ഭീമസേനനേയും വെല്ലുവിളി നടത്തുന്ന ചന്തുവിനേയും സൃഷ്ടിക്കുമ്പോള്‍ എം.ടിക്ക് തന്റെതല്ലാത്ത ഒരു കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് പരകായ പ്രവേശം നടത്തേണ്ടി വരുന്നുണ്ട്. മഞ്ഞില്‍ അങ്ങനെയല്ല. ഇവിടെ എഴുത്തുകാരനും കഥാപാത്രങ്ങളും ഒന്നായി മാറുന്നു.


വിമല എന്ന സുന്ദരിവിമലയുടെ സഞ്ചാരപഥങ്ങളിലെ താവളങ്ങളിലൊന്ന്: കാപ്പിറ്റോള്‍ സിനിമാ തീയേറ്റര്‍
എം.ടിയുടെ സ്വന്തം നായികമാരില്‍ -പാഞ്ചാലി വ്യാസ സൃഷ്ടിയാണല്ലോ- ഏറ്റവും സുന്ദരിയാണ് വിമല. മറ്റു നായികമാരെ പോലെ ഉയര്‍ന്ന മാറിടവും തടിച്ച ജഘനവുമുള്ള ദുര്‍മേദസ് പിടിച്ച യുവതിയല്ല അവള്‍. തടാക തീരത്തേക്കും കുന്നിന്‍മുകളിലേക്കുമുള്ള വിമലയുടെ പതിവ് സായാഹ്ന നടത്തങ്ങള്‍ അവളെ ഒരു സഌം ബ്യൂട്ടിയാവാന്‍ സഹായിച്ചിട്ടുണ്ടാവാം. വിമലാദേവി. സുന്ദരി. മേല്‍ചുണ്ടിനു മുകളിലെ നനുത്ത നീലരോമങ്ങളാണ് വിമലയുടെ അടയാളവും ആകര്‍ഷകത്വവും. വായിക്കുന്തോറും വാത്സല്യം കൂടി വരുന്ന ''പൂവുപോലുള്ളൊരു ഓമനകൗതുകം'' അവളിലുണ്ട്. ''അവള്‍ ഒരിക്കലും നൈരാശ്യപ്പെടുത്തിയിട്ടുമില്ല. വിമലയുടെ സഞ്ചാരപഥങ്ങളിലൂടെ ഉന്‍മാദിയായി ആരാധനയോടെ ഞാന്‍ അലഞ്ഞു നടന്നു. അവള്‍ വന്നിരിക്കാറുള്ള കല്‍മണ്ഡപത്തിലും പരുക്കന്‍ സിമന്റ്് ബെഞ്ചിലും ഞാനും കുറേനേരം ഇരുന്നു കിനാവു കണ്ടു. വൃത്താകൃതിയില്‍ നിര്‍മ്മിച്ച മണ്ഡപത്തിനപ്പുറം മണല്‍വിരിച്ച വെളിസ്ഥലം ഒഴിഞ്ഞു കിടക്കുന്നു. അതിന്റെ അതിര്‍ത്തിയിലെ കാപ്പിറ്റോള്‍ സിനിമാ തിയേറ്ററിനു മുന്നില്‍ കുറച്ചുപേര്‍ കൂടി നില്‍ക്കുന്നുണ്ട്. കടവിനു സമീപമെത്തിയപ്പോള്‍ ഉറങ്ങുന്ന ബോട്ടുകളുടെ തുഴച്ചില്‍കാര്‍ക്ക് ജീവന്‍ വന്നു''

''നൈനിദേവിയുടെ ക്ഷേത്രത്തിലെ കൂറ്റന്‍ കുടമണികള്‍ ശബ്ദിച്ചു...'' എന്തുകൊണ്ടോ വിമല ഒരിക്കലും ആ ക്ഷേത്രത്തില്‍ പോവുകയോ പ്രാര്‍ഥിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ നല്ല തിരക്കുണ്ട്. ചുരിദാറും ജീന്‍സുമിട്ട പെണ്‍കുട്ടികള്‍ പൂവും പ്രസാദവും വാങ്ങി വിഗ്രഹത്തില്‍ തൊട്ട് പൂജ ചെയ്യുന്നത് ഞാന്‍ കണ്ടു.
ഞാന്‍ കാപിറ്റോള്‍ തിയേറ്ററിനു മുന്നില്‍ ചെന്നു. അവിടെയുള്ള കല്‍ബെഞ്ചിലിരുന്ന് മഞ്ഞ് തുറന്ന് ഇങ്ങിനെ വായിച്ചു. '' ക്യാപ്പിറ്റോള്‍ തിയേറ്ററിനകത്ത് മനുഷ്യശരീരങ്ങള്‍ കൊണ്ടും നിശ്വാസം കൊണ്ടും ഇളംചൂടുണ്ടായിരുന്നു. ഏറ്റവും പിറകിലെ അടുത്തടുത്തുള്ള സീറ്റുകളിലിരുന്നു. സിനിമയിലെ നായകന്റെ ചുണ്ടുകള്‍ ചെമ്പുനിറമുള്ള പെണ്‍കിടാവിന്റെ നനവുണ്ടെന്നു തോന്നുന്ന ചുണ്ടുകളിലമരുമ്പോള്‍ കോര്‍ത്തുപിടിച്ച കൈത്തലങ്ങളില്‍ വിരലുകള്‍ അമര്‍ന്നു.

നൈനിറ്റാളിലെ തടാകം. ഈ തടാകക്കരയിലാണ് വിമല വിഫലപ്രണയത്തിന്റെ സ്മൃതികളുമായി തപസ്സിരുന്നത്‌

ഭാഗ്യവാന്‍.. കാതില്‍ പിറുപിറുപ്പ്. അപ്പോള്‍ സിഗരറ്റിന്റെ സുഗന്ധമുള്ള ശ്വാസം അവളുടെ കവിളില്‍ സിപര്‍ശിച്ചു കാപിറ്റോളിനു മുകളിലെ അടഞ്ഞ ജാലകത്തിനു താഴെ അയാളുടെ കൈത്തണ്ടയില്‍ തല ചേര്‍ത്ത് അവള്‍ കിടന്നു. വിദഗ്ധമായ വിരലുകള്‍ ശരീരത്തില്‍ സഞ്ചരിച്ചപ്പോള്‍ വട്ടം വീശിവിടരുന്ന ഓളങ്ങളുടെ മധ്യത്തില്‍ താണുപോയ കല്ലിന്റെ അവ്യക്ത സ്ഥാനം പോലെ ഒരോര്‍മ്മ... വേദന. പുതപ്പ് വലിച്ചിട്ട് ശരീരം മൂടാന്‍ തുടങ്ങുമ്പോള്‍ അവള്‍ കണ്ടു. ചോരത്തുള്ളികള്‍ പരന്ന മൂന്നടയാളങ്ങള്‍..ആദ്യത്തെ പാപം, സ്ത്രീത്വത്തിന്റെ മൂടുപടം ചീന്തുന്ന ആദ്യത്തെ വേദന,ആദ്യത്തെ ആഹഌദം, ആദ്യത്തെ നിര്‍വൃതി...''

മലയാളത്തില്‍ നിന്ന് ജ്ഞാനപീഠത്തിന്റെ അനശ്വരതയിലേക്ക് കൈകള്‍ നീട്ടിയ നാലാമൂഴക്കാരനായ എഴുത്തുകാരന്റെ പ്രണയകഥയുടെ സ്മാരകമന്ദിരമാണ് നൈനിത്താളിലെ കാപ്പിറ്റോള്‍. ഞാന്‍ ക്യാപ്പിറ്റോളിന്റെ ചിത്രം മനസിലേക്കും കാമറയിലേക്കും പകര്‍ത്തി.


സുധീര്‍കുമാര്‍മിശ്രമഞ്ഞിലെ നായകന്‍ സുധീര്‍കുമാര്‍ മിശ്ര സഹൃദയനും സഞ്ചാരിയുമാണ്. പ്രണയാവേശം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന കാമുകന്‍. 1955മെയ് 3-ാം തിയതി പ്രഭാതത്തില്‍ നൈനിത്താളിലേക്കുള്ള ബസില്‍ വെച്ച് വിമലയെ പരിചയപ്പെടുന്നു. പരിചയം പ്രണയമായി പന്തലിക്കുന്നു. നൈനിത്താളിലെ ലവേഴ്‌സ് ട്രാക്കിലൂടെ സഞ്ചരിച്ച് ഒടുവില്‍ കാപ്പിറ്റോളില്‍ വെച്ച് ആത്മാവും ശരീരവും പങ്കുവെക്കുന്നു.

യൗവ്വനത്തില്‍ സ്വാഭാവികമായി ഉടലെടുക്കുന്നതാണ് പ്രണയ പ്രതീക്ഷകള്‍. പൂര്‍ണതയ്ക്കുവേണ്ടിയുളള ദാഹമാണ് പ്രണയത്തിന്റെ രസതന്ത്രം. സ്ത്രീയും പുരുഷനും ചേരുമ്പോള്‍ മാത്രമേ ഒരു പൂര്‍ണമനുഷ്യനാവുകയുള്ളൂ എന്നതാണ് പ്രണയത്തിന്റെ ജീവശാസ്ത്രം. ഭാവനാശാലികളായ എഴുത്തുകാര്‍ക്ക് പ്രണയസങ്കല്‍പങ്ങള്‍ കൂടുതലായിരിക്കും. എം.ടിയുടെ കാമുകി സങ്കല്‍പ്പത്തിന്റെ പൗര്‍ണമിയാണ് വിമല. സൂധീര്‍കുമാര്‍മിശ്രയാകട്ടെ എം.ടി യുടെ മനസ്സിലുളള നിത്യകാമുക പ്രതീകവും.


ബുദ്ദുവിനെ തേടിനൈനിത്താളില്‍ ഞാന്‍ കുറേനേരം തോണിക്കാരന്‍ ബുദ്ദുവിനെ തേടിനടന്നു. ''ചെമ്പിച്ചമുടി, വെള്ളാരങ്കണ്ണുകള്‍, ചീര്‍ത്തമുഖത്ത് തവിട്ടുനിറത്തിലുള്ള ധാരാളം കുത്തുകള്‍..'' ഇതൊക്കെയാണ് ബുദ്ദുവിന്റെ അടയാളങ്ങള്‍. ജീവിച്ചിരിക്കുന്നെങ്കില്‍ ബുദ്ദുവിന് 63 വയസായികാണും. ചിലപ്പോള്‍ ഗോരാ സാഹിബ് വന്ന് അയാളെ കൂട്ടികൊണ്ടുപോയിരിക്കാം. അല്ലെങ്കില്‍ തോണിപ്പണി മതിയാക്കി മറ്റേതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കാം.

''കല്‍പ്പടവുകളില്‍ വെള്ളത്തിലേക്കിറക്കികെട്ടിയ മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ പഌറ്റ് ഫോമിനരികെ'' ബൂദ്ദുവിന്റെ മെയ്ഫ്ലവര്‍ എന്ന അരയന്നത്തോണിയെ ഞാന്‍ കണ്ടു. നാണിച്ചു നില്‍ക്കുന്ന ആ അന്നത്തോണിയെ വ്യാളീമുഖമുള്ള മൂന്ന് ആധുനിക ഭീകര നൗകകള്‍ വായും പിളര്‍ന്ന്, കണ്ണുരുട്ടി ഭയപ്പെടുത്തുന്നുണ്ടായിരുന്നു. മെയ്ഫ്ലവറിന്റെ ഇന്നത്തെ ഉടമയായ ഹിമാംശു എന്ന പയ്യനറിയില്ല അവന്റെ അന്നത്തോണി മലയാളത്തിന്റെ അഭിമാനമായ ഒരെഴുത്തുകാരന്റെ കൃതിയിലൂടെ അനശ്വരമായിട്ടുണ്ടെന്ന.് വര്‍ഷങ്ങള്‍ക്കു മുമ്പ് ആ തോണി തുഴഞ്ഞിരുന്ന ബുദ്ദുവിനേയും അവനറിയില്ല. അവന്‍ പുതിയ സഞ്ചാരികളെ കാത്തിരിക്കുന്നു. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ബുദ്ദു നാലണ ചോദിച്ചിരുന്നുവെങ്കില്‍, ഇന്ന് ഹിമാംശു 100 രൂപ ചോദിക്കുന്നു, തടാകത്തിലൂടെയുള്ള ഒരു നൗകായാത്രയ്ക്ക് പ്രതിഫലം.

മഞ്ഞിലെ ചൗക്കിദാര്‍ അമര്‍സിങിനെ പോലെ മുഴുവന്‍ സമയവും വെള്ളത്തില്‍ ജീവിക്കുന്ന പഹാഡികള്‍(മലയര്‍) ജീവനുള്ള കടുവയെ കണ്ടാല്‍ നേര്‍ക്കുനേര്‍ നിന്ന് പോരാടും. എന്നാല്‍ (ജീവനില്ലാത്ത) പ്രേതമെന്ന് കേട്ടാല്‍ പേടിച്ചോടും. മഞ്ഞില്‍ അമര്‍സിങ് ഇത് തുറന്നു പറയുന്നുണ്ട്. എം.ടിയുടെ സൂക്ഷ്മദര്‍ശനത്തിന്റെ ഉദാഹരണമാണ് ഈ ചിത്രീകരണം.


അഭിനവ വിമലാദേവിനൈനിത്താളിലെ- വിമല സുധീര്‍കുമാര്‍ മിശ്രയെ കാത്തിരുന്ന- കല്‍മണ്ഡപത്തില്‍ കാമുകനെ കാത്തിരിക്കുന്ന പുതിയ വിമലാദേവിയെ ഞാന്‍ കണ്ടു. നൈനിത്താളിലെ ഫോട്ടോഗ്രാഫര്‍ സീതാറാമാണ് അവളെ പരിചയപ്പെടുത്തിയത്. പേര് കരിഷ്മ. വയസ് 23. അതിസുന്ദരി. കണ്ണുകള്‍ വൈശാഖിയിലെ ആകാശത്തെക്കാളും വിസ്തൃമാണ്. വെളുത്തുതുടുത്ത കവിളില്‍ ഇടതുഭാഗത്തായി ആഴത്തില്‍ പതിഞ്ഞ ചുംബനം പോലെ ഒരു കാക്കപ്പുള്ളി. മഞ്ഞയില്‍ ചുവന്ന പൂക്കളുള്ള സാരി ധരിച്ച അവള്‍ ഏതോ നാടോടിനൃത്ത വേദിയില്‍ നിന്നും ഇറങ്ങിവന്ന നര്‍ത്തകിയെ പോലെ കാണപ്പെട്ടു.

കാല്‍പനികമായ പ്രണയത്തിന്റെ ബലിയാടല്ല അവള്‍. പ്രായോഗിക ജീവിതം പഠിച്ച പെണ്‍പുലിയാണ്. മാറിയകാലത്തിനനുസരിച്ച് അവള്‍ പ്രണയത്തിന് നിരക്ക് നിശ്ചയിച്ചിരിക്കുന്നു. ബുദ്ദുവിനെപോലുള്ള അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ അവള്‍ പ്രസവിക്കില്ല. സുധീര്‍കുമാര്‍ മിശ്രയുടെ ആദ്യത്തെ പെണ്ണിര പറഞ്ഞതുപോലെ അവളും പറയും '' ഞാന്‍ എന്റെ ഡയഫ്രം ധരിച്ചിട്ടുണ്ട.്'' അതാണ് അഭിനവ വിമലാദേവി!
നമസ്‌തേ, ഇഷ്ടം, സുഖം, സ്‌നേഹം, നന്ദി.. എന്നിങ്ങനെ അത്യാവശ്യം മലയാള വാക്കുകളും അവള്‍ക്കറിയാം. അവള്‍ എത്രയെത്ര മലയാളികളുടെ കാമുകിയായിരുന്നിരിക്കാം!

ഞാന്‍ മലയാളത്തിലെ ഒരു കവിയാണെന്ന് പറഞ്ഞപ്പോള്‍ കരിഷ്മ ഭോജ്പൂരി ഭാഷയിലെ ഒരു പ്രണയകവിത ഈണത്തില്‍ പാടി.

''ദേക്ക് ദിഹലേ ധാരിയാ...
ബലാമ് ഖലിയേ ഝാരിയാ..
പഹൂഞ്ചലേക്കിനാ...
ലാഗേഹിയാമേ ലഹരിയാ..
പഹൂഞ്ചലേക്കിനാ...''


(ഭര്‍ത്താവ് പിണങ്ങി ഭക്ഷണപാത്രം എടുത്തെറിഞ്ഞു. ജോലിചെയ്യുവാന്‍ ഖനിയിലേക്ക് പോയി. അവിടെ എത്തിയോ എന്തോ? എന്റെ ഹൃദയത്തിന്റെ അലകള്‍ ചോദിക്കുന്നു..അവിടെ എത്തിയോ എന്തോ..?)

എന്റെ കണ്ണുകള്‍ നനയുന്നുവെന്നു തോന്നി. ഞാന്‍ സ്വയം താക്കീതു ചെയ്തു. ഒരു പുരുഷന്‍ നാടോടിക്കവിത കേള്‍ക്കുമ്പോള്‍ ദുര്‍ബലനാവരുത്.

കരിഷ്മയ്ക്കു വേണ്ടി ഞാന്‍ എന്റെ ബേക്കല്‍കോട്ട എന്ന കവിത പാടി. ഹിന്ദിയില്‍ അര്‍ഥം പറഞ്ഞുകൊടുത്തു.

'ചുണ്ടുചോപ്പിച്ചു നിര്‍ത്തുന്നു നിന്നെയീ
മുണ്ടിറുക്കിയുടുക്കേണ്ട ദൈന്യത.
നീ മനോഹരിയെങ്കിലും നാട്ടിലെ
വേശ്യയാവാതിരിപ്പാന്‍ കൊതിപ്പു ഞാന്‍...!'


അപ്പോള്‍ പ്രണയത്തിന്റെ ചിഹ്നമുള്ള പ്രത്യേകതരം മെഴുകുതിരി വില്‍ക്കുവാന്‍ ഒരു നേപ്പാളി പെണ്‍കുട്ടി അരികില്‍ വന്നു. ഞാനത് വാങ്ങിച്ചു. എത്ര കത്തിയെരിഞ്ഞാലും ഉരുകിത്തീരാത്ത ആ മെഴുകുതിരി പോലെയാണ് കരിഷ്മ എന്ന് എനിക്കു തോന്നി. ഡല്‍ഹിയില്‍ നിന്നും വരുന്ന വ്യവസായിയായ കാമുകനെ കാത്തിരിക്കുകയാണ് അവള്‍. കാറോടിച്ചു വരുന്ന അയാളെ മൊബൈലില്‍ വിളിച്ചപ്പോള്‍ അയാള്‍ ഹല്‍ദാനിയിലെത്തിയെന്നറിഞ്ഞ് അവള്‍ പറഞ്ഞു. 'ആരഹേ..ഹേ..'


വരും, വരാതിരിക്കില്ല..കാത്തിരിപ്പിന്റെ കഥ അവസാനിക്കുന്നില്ല...നൈനിത്താള്‍ കാത്തിരിക്കുന്നു.

ഏതൊരു സാഹിത്യസൃഷ്ടിയേയും വിലയിരുത്തേണ്ടത് കൃതിയുടെ ദേശത്തേയും കാലത്തേയും അടിസ്ഥാനപ്പെടുത്തിട്ടായിരിക്കണം. എങ്ങനെയുള്ള സാംസ്‌കാരിക സാഹചര്യത്തിലാണ് അത്തരം ഒരു രചനയിലേക്ക് എഴുത്തുകാരന്‍ പ്രചോദിതനായത് എന്നത് പ്രസക്തമാണ്. സഞ്ചാരികളുടെ സ്വര്‍ഗമായ നൈനിത്താളിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ വേദനയും സംഗീതം പോലെ ആസ്വദിക്കാന്‍ മലയാളി വായനക്കാരെ പ്രാപ്തരാക്കി എന്നതാണ് മഞ്ഞിന്റെ ചരിത്ര ദൗത്യം. മലയാളികളുടെ മനസില്‍ പ്രണയമുള്ളിടത്തോളം മഞ്ഞിന് പാരായണ പ്രസക്തിയുണ്ട്. നൈനിത്താളില്‍ രൂപം കൊണ്ട മഞ്ഞ് മലയാളികളുടെ പ്രണയപ്രതീക്ഷയുടെ കൈപുസ്തകമാണ്. ഇനിയും എത്രയോ പ്രണയകഥകള്‍ക്കുള്ള പ്രചോദനം ഇവിടെയുണ്ട്. അണിഞ്ഞൊരുങ്ങി നൈനിത്താള്‍ കാത്തിരിക്കുകയാണ്, പ്രണയാതുരരായ സഞ്ചാരികളേയും എഴുത്തുകാരേയും.