കൈയിൽ ഒരു രൂപ പോലുമില്ലാതെ ഒരു യാത്ര. അത് പൂർത്തിയാകുമ്പോൾ നീരജ് രത്നു എന്ന യുവാവ് ഇന്ത്യയുടെ ഭൂപടത്തിൽ തീർക്കുന്നത് ഒരു ഹൃദയ ചിഹ്നം

ഴിഞ്ഞമാസം 15ന് രാവിലെ മുതൽ ജന്മദിന ആശംസകളുടെ ഒഴുക്കായിരുന്നു നീരജ് രത്നുവിന്. എന്നാൽ മറ്റ് ജന്മദിനം പോലെയായിരുന്നില്ല ഇത്തവണത്തേത്. 22 വയസ്സ് തികഞ്ഞ ആ നാൾ ബാഗിൽ കുറച്ച് വസ്ത്രങ്ങളും ഒരു ഫോണുമായി ജോധ്പൂരിലെ വീട്ടിൽനിന്ന് നീരജ് ഇറങ്ങി. പിന്നിൽ നിന്നു വന്ന പല എതിർപ്പുകളെയും തട്ടിമാറ്റി യാത്ര തുടങ്ങി. പതിവു യാത്രകളിൽ നിന്നും വ്യത്യസ്തമായൊരു സഞ്ചാരം. അത് പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ ഭൂപടത്തിൽ വലിയൊരു ഹൃദയം വരച്ചുകഴിയും അവൻ.

50 മുതൽ 55 ദിവസങ്ങൾക്കകം യാത്ര പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. അതിന്റെ സഞ്ചാരപഥം ഹൃദയചിഹ്നത്തിന്റെ ആകൃതിയിലാണ്. തന്റെ വലിയ സ്വപ്നത്തെ ജനഹൃദയങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ചെറുപ്പക്കാരന്...

യാത്ര തന്നെ ജീവിതം
പഠനകാലം മുതലേ യാത്രയെ ഒപ്പം കൂട്ടിയാണ് നീരജ് വളർന്നത്. എങ്ങോട്ട് പോകണം എന്തൊക്കെ കാണണം ചെയ്യണം തുടങ്ങിയവ നീരജ് മനസ്സിൽ കരുതി വച്ചിട്ടുണ്ട്. യാത്രയുടെ കൂടെ പഠനവും കൊണ്ടുപോയി.അങ്ങനെ ജോധ്പൂരിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചിറങ്ങി. പഠനത്തിനു ശേഷം യാത്രകൾക്ക് പ്രാധാന്യം നൽകി പല പല കമ്പനികൾക്ക് വേണ്ടി യാത്രാവീഡിയോകളും സിനിമകളും എടുത്തു നൽകിയുമാണ് നീരജ് മുന്നോട്ട് പോയത്.നീരജ് എന്ത് വിഷയത്തെ കുറിച്ച് സംസാരിച്ചാലും അത് യാത്രയിലാണ് എത്തുക. പക്ഷേ ഈ യാത്രാ പ്രേമത്തോട് രക്ഷിതാക്കൾക്ക് എതിർപ്പാണ്. ജോധ്പൂരിൽ ടെക്സ്റ്റൈൽ ഷോപ്പ് നടത്തുകയാണ് നീരജിന്റെ അച്ഛൻ രത്‌നുവും അമ്മ മഞ്ജുവും.  മകൻ ഇത്തരത്തിൽ യാത്രയിൽ മാത്രം മുഴുകിയതിനാൽ എന്നും പരാതികൾ മാത്രമാണ് ഇവർക്ക്. എന്നാൽ തന്റെ സ്വപ്നത്തിലൂടെ വലിയ റെക്കോഡാണ് നീരജിന്റെ ലക്ഷ്യം.

ഇന്ത്യയിൽ ഹൃദയം തീർക്കുമ്പോൾ

ചെറു പാർപ്പിട സംസ്കാരം ഉണ്ടാക്കുക എന്ന  ആശയത്തിന്റെ പ്രചാരണത്തിനും അതിനായുള്ള ഫണ്ട് ശേഖരണത്തിനുമാണ് നീരജ് ഹൃദയാകൃതിയിൽ യാത്ര ചെയ്യുന്നത്. കാബിൻ ഇൻ വുഡ് എന്നാണ് പദ്ധതിയുടെ പേര്. യാത്രക്കിടയിൽ പച്ചപ്പിന്റെ സ്വച്ഛതയുള്ള സ്ഥലങ്ങളിൽ പ്രകൃതിയോടിണങ്ങി ചെറിയ താമസസ്ഥലങ്ങളൊരുക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബംഗാളിലെ സഖ്യോങ് ഗ്രാമത്തിലൂടെയുള്ള യാത്രയിലാണ് ഈ ആശയം നീരജിന്റെ മനസ്സിൽ വന്നതും. തന്റെ സ്വപ്നം സഫലീകരിക്കുന്നതിനായി 10,000 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്.

ഇവിടെ ഭക്ഷണത്തിനായി കൃഷിയൊരുക്കും. പാകം ചെയ്യാനും വെളിച്ചത്തിനുമായി സൗരോർജ സംവിധാനവും. തികച്ചും പരിസ്ഥിതി സൗഹാർദ രീതിയിലാകും ഹോസ്റ്റലുകൾ സജ്ജീകരിക്കുക. പദ്ധതി പ്രാവർത്തികമാകണമെങ്കിൽ പണം ആവശ്യമാണ്. അതിനാൽ യാത്രയിൽ കണ്ടുമുട്ടുന്നവരോടെല്ലാം കാബിൻ ഇൻ വുഡ് ആശയം പകർന്നു നൽകിയാണ് ഇന്ത്യയിൽ ഹൃദയാകൃതിയിൽ യാത്ര ചെയ്യുന്നതെന്ന് നീരജ് പറഞ്ഞു.

ഈ യാത്ര ഒരു രൂപ പോലും കൈയിലില്ലാതെ

ലുധിയാന, ചണ്ഡീഖഢ്‌, ദെഹ്‌റാദൂൺ, ബറേളി, ലഖ്നൗ, കാൺപുർ, ഗൊരഖ്‌പുർ, പറ്റ്ന, ധൻബാദ്, കൊൽക്കത്ത, പുരി, വിശാഖപട്ടണം, ബെംഗളൂരു, കൊച്ചി, ഗോവ, പുണെ, മുംബൈ, അഹമ്മദാബാദ്, ഉദയ്‌പുർ തുടങ്ങി നിരവധി സ്ഥലങ്ങളിലൂടെയാണ് ഹൃദയം തീർക്കുന്നത്. ഒരു രൂപ പോലും കൈയിൽ ഇല്ലാതെയാണ് യാത്ര. ലിഫ്റ്റ് ചോദിച്ചാണ് പലപ്പോഴും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തുന്നത്. സോഷ്യൽ മീഡിയ വഴി ഓരോ സ്ഥലത്തും സുഹൃത്തുക്കളെ കണ്ടെത്തും.

അവരാണ് നീരജിന് അതത് ദിവസത്തെ ഭക്ഷണം, താമസം എന്നിവ ഒരുക്കുന്നത്. കേരളത്തിൽ ആലപ്പുഴയും കൊച്ചിയുമാണ് യാത്രയിൽ സന്ദർശിക്കുന്നത്. കൊച്ചിയിൽ ബബിൾവാർപ്പ് എന്ന മൾട്ടി ഡിസിപ്ലിനറി ബ്രാൻഡ് കൺസൾട്ടിങ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയുടെ പാർട്ണർമാരായ എസ്. ശീതളും തനുരാം അവ്യയറുമാണ് താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്. ഓരോ യാത്ര കഴിയുമ്പോഴും അതിന്റെ അനുഭവം നീരജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ചെറിയ ബജറ്റിൽ എങ്ങനെ യാത്ര ചെയ്യാം തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനായി യൂ ട്യൂബ് ചാനലുമുണ്ട്.