ആദിവാസികള്‍ക്കിടയില്‍ അറിവിന്റെ വെളിച്ചം തെളിയിക്കാന്‍, ആനച്ചൂരിന്റെ ഇടനാഴികളിലൂടെ ഒരു അധ്യാപകന്‍ നടത്തുന്ന നിരന്തരയാത്രയ്‌ക്കൊപ്പം... 

 

നിലമ്പൂരില്‍ തീവണ്ടിയിറങ്ങുമ്പോള്‍ ആ സ്ഥലം ഞങ്ങള്‍ക്കപരിചിതമായി തോന്നിയില്ല. അവിടെ നിന്നും നിലമ്പൂര്‍ ഊട്ടി റോഡില്‍ വഴിക്കടവും കഴിഞ്ഞുള്ള ആനമറിയും ഊട്ടിയാത്രയ്ക്കിടയില്‍ പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ അവിടെ നിന്നും  അളയ്ക്കല്‍ കോളനിയിലെ ഏകാധ്യാപകവിദ്യാലയത്തിലേക്കുള്ള വഴി തികച്ചും അപരിചിതമായിരുന്നു. 


 
മണിമാഷ് എന്ന നാരായണന്‍ മാഷാണ് അളയ്ക്കല്‍ ബദല്‍ സ്‌കൂളിലെ ഏകാധ്യാപകന്‍. അദ്ദേഹം കൂടെയുള്ളതു കൊണ്ട് ഒരോ സ്ഥലവും പരിചയപ്പെടുത്തി കൊണ്ടായിരുന്നു യാത്ര. പരിചയപ്പെടുത്തുന്ന ഇടങ്ങള്‍ക്കെല്ലാം ആനപ്പകയുടെ ചോരമണമായിരുന്നു. ''ഇവിടെയാണ് മണിയനെ ആന ചവിട്ടികൊന്നത്, ഇവിടെവെച്ചാണ് സിദ്ദിഖിനെ കൊന്നത്. നബീസുത്താത്തയെ ആന ചവിട്ടിക്കൂട്ടിയിട്ടത് ഇവിടെയാണ്.'' അങ്ങിനെ പോവുന്നു അടയാളസ്ഥലങ്ങള്‍.

 

Nilambur Alakkal Colony

 

പ്ലാന്റേഷനിലേക്കുള്ള ജോലിക്കാരികളും ഞങ്ങള്‍ക്കു മുമ്പേ നടക്കുന്നുണ്ടായിരുന്നു. അവരുടെ വര്‍ത്തമാനങ്ങളിലും ആനചൂരുണ്ടായിരുന്നു. ''കഴിഞ്ഞദെവസം ഞാള് ഓടി രക്ഷപ്പെട്ടതാ, അതിനുമുമ്പൊരു ദിവസം കടുവയെ കണ്ടിരുന്നു. തൊള്ളേം പൊളിച്ചങ്ങനെ കെടക്കുന്ന്.''

 

''എന്നിട്ട് ഓടിയോ?''
''ഓ... ഇല്ല. അന്ന് ജീപ്പിലിരുന്നാ കണ്ടത്.''

 

നടന്നു നടന്ന് പുഞ്ചകൊല്ലിയിലെത്തി. പാറകെട്ടുകളിലൂടെ തടംതല്ലിയൊഴുകുന്ന പുന്നപ്പുഴ, മുകളില്‍ ഇരുമ്പുവലകള്‍ കൊണ്ടൊരു കൊച്ചു നടപ്പാലം. പാലത്തിനക്കരെ നടത്തിന്റെ ആയാസം തീര്‍ക്കാനെന്നോണം രണ്ട് പാറകള്‍. അതിനുമുകളില്‍ ചുവടിറക്കിയും ശരീരമിറക്കിയും വിശ്രമിക്കുന്ന പഥികര്‍. ഖസാക്കിന്റെ ഇതിഹാസത്തിലെ ഏകാധ്യാപക വിദ്യാലയത്തിലേക്കുള്ള യാത്രയില്‍ രവിക്കു കിട്ടിയതുപോലെ ഒരു നന്നാറി സര്‍ബ്ബത്ത് കിട്ടാന്‍ ഇവിടൊരു മാര്‍ഗവുമില്ല. മാഷ് തന്റെ കയ്യിലെ ബാഗില്‍ നിന്നും ത്രിബിള്‍ എക്‌സ് റമ്മിന്റെ കുപ്പി പുറത്തെടുത്തു. 

 

''ഇത്ര രാവിലെ സുരപാനമോ?, മാഷ് ആള് മോശമില്ലല്ലോ! 
വെള്ളം പോലും ചേര്‍ക്കാതെ ഒരു കവിള് തൊണ്ടയിലേക്ക് കമിഴ്ത്തുന്നത് കണ്ട് അത്ഭുതപ്പെട്ട് നില്‍ക്കുമ്പോള്‍ മാഷ് ബാക്കി ഞങ്ങള്‍ക്കും നീട്ടി. 
''വേണ്ട മാഷെ ഞങ്ങള്‍ കഴിക്കാറില്ല,'' 

 

മാഷ് ചിരിച്ചു ''ഇത് ചായയാ, നടത്തത്തിന് ഉന്‍മേഷം കിട്ടും. അല്‍പം കഴിച്ചു നോക്കു.''
മാഷ്‌ക്ക് ഭാര്യ തയ്യാറാക്കി കുപ്പിയിലാക്കി കൊടുത്തയച്ചിരിക്കുകയാണ്. ഓരോ കവിള്‍ ചായ കുടിച്ച് ഉന്‍മേഷഭരിതരായി ഞങ്ങള്‍ വീണ്ടും നടത്തം തുടങ്ങി. പുഞ്ചകൊല്ലി കോളനിയെത്തി. അവിടെയുമുണ്ടൊരു ഏകാധ്യാപക വിദ്യാലയം. അതൊരു ബാലവാടിയാണ്. അധ്യാപികയാണവിടെ. അമ്മിണിടീച്ചര്‍. അവരും നിലമ്പൂരില്‍ നിന്ന് നിത്യവും വരികയാണ്. ആരോഗ്യം ക്ഷയിച്ചതോടെ ക്ലാസ് ആഴ്ച്ചയില്‍ രണ്ട് ദിവസമാക്കി കുറച്ചിരിക്കുകയാണ്. 

 

 

Nilambur Alakkal Colony

 

 

ടീച്ചറോട് വിശേഷങ്ങളെല്ലാം തിരക്കി, വീണ്ടും കാല്‍നടയായി. പ്ലാന്റേഷന്റെ റബ്ബര്‍കാടുകളാണ് ഇനിയങ്ങോട്ട്. ആന തുമ്പികൈകൊണ്ട് വളച്ചിട്ടിരിക്കുന്ന ഫോറസ്റ്റ് ഓഫീസിന്റെ ജനല്‍ കമ്പികള്‍ കണ്ടു. പ്ലാന്റേഷനിലെ കശുമാവില്‍ നിന്ന് കശുമാങ്ങ പറിച്ചുതിന്ന് ദാഹമടക്കി.

 

മുളകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ കൊച്ചു തൂക്കുപാലം കടന്നാല്‍ വീണ്ടും കാടായി. അളയ്ക്കല്‍ ചോലനായ്ക്കരുടെ കോളനിയാണ്. അപരിചിതരെ കണ്ടതുകൊണ്ടാവാം എല്ലാവരും ഉള്‍വലിഞ്ഞു. എന്നാല്‍ മാഷ് അവരുടെ ഭാഷയില്‍ എന്തെല്ലാമോ പറഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തി. കന്നഡയുമല്ല, തെലുങ്കുമല്ല, തമിഴുമല്ലാത്ത, എന്നാല്‍ ഇതെല്ലാം കലര്‍ന്ന ഒരു ഭാഷ. ഒരോ വീട്ടിലും കയറിയിറങ്ങി കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുവന്നു. ഊരിന്റെ മൂപ്പന്‍ ചാത്തന്‍ പരിചയപ്പെടാന്‍ വന്നു. കുട്ടികള്‍ക്ക് മിഠായി കൊടുത്തു. അവര്‍ക്കു സന്തോഷം. കാടിന്റെ നിഷ്‌കളങ്കത ഞങ്ങള്‍ക്കു ചുറ്റും സ്‌നേഹനിമിഷങ്ങള്‍ തീര്‍ത്തു. 

 

മാഷ് ക്ലാസിലേക്ക് കടന്നു. ചിത്രം വരയും അക്ഷരം വരയുമെല്ലാമായതങ്ങിനെ പുരോഗമിക്കെ ഞങ്ങള്‍ കാടു കയറി. മാഷ് ഏര്‍പ്പാടാക്കി തന്ന കരിയനും സുജിത്തും രമേശും കൂട്ടിനുണ്ടായിരുന്നു. സുന്ദരമായൊരു വെളളച്ചാട്ടവും കണ്ട് തിരിച്ചു വന്ന് ആ സ്‌കൂളില്‍ അന്തിയുറങ്ങി. സ്വയം പാകം ചെയ്ത കഞ്ഞിക്കും പയറിനും പ്രത്യേക രുചി. അതു പിന്നെ അങ്ങിനാണല്ലോ? സ്വന്തം പാചകത്തില്‍ ആരും നളനായിപോവും. പുന്നപ്പുഴയിലെ മുങ്ങിക്കുളിക്കും പ്രത്യേകത തോന്നും. ഒരു പകല്‍നടത്തത്തിന്റെ ക്ഷീണം മുഴുവന്‍ അതേറ്റുവാങ്ങും. 

 

രാത്രി. പാതി തുറന്നു കിടക്കുന്ന സ്‌കൂള്‍ചുമരിന്റെ മുകളിലൂടെ വല്ല മൃഗങ്ങളും ചാടിവീഴുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. കോളനിമുഴുവന്‍ ഉറക്കത്തിലേക്ക് വീണിരിക്കുന്നു. ഒന്നു കണ്ണടഞ്ഞു വന്നതും പട്ടികളുടെ നീണ്ട കുര. അതൊരു മാരത്തോണ്‍കുരയായി. ഇടയ്ക്ക് കടിപിടി കൂടുന്ന ശബ്ദം. തോറ്റവന്റെ നിസ്സഹായമായ ഓരിയിടല്‍. പട്ടിയെ പിടിക്കാന്‍ പുലിയിറങ്ങിയതാണോ? ജനലിന്റ വിടവിലൂടെ പുറത്തേക്ക് നോക്കി. ഒന്നും വ്യക്തമല്ല. ഒരു കുടിലില്‍ നിന്നും ആരും പുറത്തേക്ക് ടോര്‍ച്ചടിക്കുന്നുപോലുമില്ല. അതുകൊണ്ട് തന്നെ ഞങ്ങളും ടോര്‍ച്ച് അടിക്കാതെ ശബ്ദങ്ങള്‍ക്ക് മാത്രം കാതോര്‍ത്തു. പട്ടികളുടെ 'ലോകമഹാസമ്മേളനം' അനന്തമായി നീളുന്നു. 

 

 

Nilambur Alakkal Colony

 

 

പിറ്റേന്ന് രാവിലെ ആദ്യമന്വേഷിച്ചത് ഈ പട്ടികുരയുടെ രഹസ്യം തന്നെ. 'ഓ അതെന്നുമുള്ളതാ, പട്ടികള്‍ തമ്മില്‍ കടികൂടുന്നതാ. അത് കേട്ടില്ലെങ്കിലേ ഞങ്ങള്‍ക്ക് ഉറക്കം വരാതിരിക്കൂ'. ഹോ! സമ്മതിച്ചു. ഒരു പക്ഷെ ഈ ശബ്ദശല്യം കാരണമായിരിക്കും വന്യമൃഗങ്ങളൊന്നും അങ്ങോട്ടെത്തി നോക്കാത്തത്. 

 

രാവിലെ തന്നെ മാഷെത്തി. കുട്ടികള്‍ക്കുള്ള പാലുമായാണ് വരവ്. എല്ലാവര്‍ക്കും പാലുകൊടുത്ത് കുട്ടികളേയും കൊണ്ട് മാഷ് പ്രകൃതിയിലേക്കിറങ്ങി. അന്നത്തെ കഌസ് തുടങ്ങി. അവിടെ പാറപുറത്തിരുന്ന് അളവുകളും തൂക്കങ്ങളുടെയും പാഠങ്ങള്‍ പകരാന്‍ തുടങ്ങി. 

 

കഌസ് കഴിഞ്ഞ് മടക്കയാത്ര തുടങ്ങി. പുഞ്ചകൊല്ലിയില്‍ നിന്നും ആനമറിയിലേക്കുള്ള ആറു കിലോമീറ്റര്‍ വഴിയാണ് ഏറ്റവും അപകടകരം. ''ഞാനിവിടെ മാഷായ ശേഷം 14 പേരാണ് ആനയ്ക്കിരയായത്. ഒരിക്കല്‍ ഞങ്ങള്‍ പത്ത് പതിനഞ്ച് പേര്‍ ഒന്നിച്ചു നടന്നു വരുമ്പം മുളംകൂട്ടത്തില്‍ നിന്നൊരാന ചാടി വീണു. ഞങ്ങള്‍ ചിതറിയോടി. എല്ലാവരും രക്ഷപ്പെട്ടെന്നു കരുതി. അല്‍പം കഴിഞ്ഞപ്പോ കൂട്ടത്തില്‍ അല്‍പം ധൈര്യശാലിയായ ഒരു സ്ത്രീ ചോദിച്ചു.


 
''മാഷേ നമുക്കങ്ങട് പോയാലോ എന്തായാലും ഇവിടെ വരെ വന്നതല്ലേ.''
അങ്ങിനെ ഞങ്ങള്‍ അല്‍പം മുന്നോട്ടു നടന്നു. ബീപാത്തുമ്മയുണ്ട് റോഡില്‍ കിടക്കുന്നു. 'വെള്ളം വെള്ളം' എന്നു പറയുന്നുണ്ട്. ഞാന്‍ ഓടിചെന്ന് കയ്യിലുണ്ടായിരുന്ന കട്ടന്‍ചായ ഒഴിച്ചുകൊടുത്തു. ''നബീസുനെ ആന കൊണ്ട്‌പോയിട്ടുണ്ട്'' ബീപാത്തു കൈ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കുമ്പോഴുണ്ട് ഒരു കൊമ്പനിങ്ങനെ നില്‍ക്കുന്നു. കുറച്ചകലെയായി നബീസയും. തോളും തുടയും ആന ചവിട്ടി തകര്‍ത്തിട്ടിരിക്കുകയാണ്. ഒരു കണ്ണ് കൊണ്ട് ആനയേയും മറു കണ്ണ് കൊണ്ട് നബീസയേയും നോക്കി സൂക്ഷിച്ച് ഞാനടിവെച്ചു. നിമിഷങ്ങള്‍ കൊണ്ട് ഞാനവരെ തോളിലേറ്റി ഓടി റോഡിലെത്തി. 

 

മെഡിക്കല്‍ കോളേജില്‍ ഏതാണ്ട് ഒരു വര്‍ഷത്തെ ചികിത്സയ്ക്കു ശേഷമാണ് സുഖമായത്. അവരിപ്പോഴും ഇവിടെ ജോലിക്കുണ്ട്. കാണുമ്പോള്‍ ഇടയ്ക്ക് ഓര്‍മ്മിപ്പിക്കും ''മണീ നീ കാരണമാ ഞാനിപ്പോഴും ജീവനോടെയിരിക്കുന്നത്.''ആദിവാസികള്‍ക്ക് അക്ഷരവെളിച്ചം പകരുമ്പോഴുള്ള സംതൃപ്തി പോലെ ഇതും ഈ വഴിയാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങളാണ്. 

 

''പലപ്പോഴും വെള്ളമടിച്ചും ശ്രദ്ധിക്കാതെയും നടന്ന് ആത്മവിശ്വാസകൂടുതലുള്ളവരാണ് ആനയുടെ മുന്നില്‍ ചെന്നു പെടുന്നത്. ഞാനെപ്പോഴും അല്‍പം ഭയത്തോടെയാണ് നടക്കാറ്. കണ്ണും കാതും മൂക്കും കൂര്‍പ്പിക്കും. സംസാരിക്കാതെ നടക്കും. ദൂരെ നിന്നെ ആനയെ കണ്ടാല്‍ കരുതലോടെ നില്‍ക്കും. മാറി പോകാവുന്ന വഴികളിലൂടെ മാറും. അതുകൊണ്ടോ, എന്റെ കുടുംബത്തിന്റെ ഭാഗ്യം കൊണ്ടോ, ഇതുവരെ വല്യ ആപത്തൊന്നും പറ്റിയില്ല. ഒരിക്കല്‍ ആന ഓടിച്ചു. അന്നൊരു കുഴിയില്‍ വീണ് കാലൊടിഞ്ഞതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. കാലൊടിഞ്ഞ് അത് ശരിയാവും മുമ്പ് തന്നെ സ്‌കൂളില്‍ പോകേണ്ടിയും വന്നു. കാരണം പകരം പോകാനാളില്ല. പിന്നെ വടിയും കുത്തിപിടിച്ചായിരുന്നു കുറേക്കാലം യാത്ര.''

 

 

Nilambur Alakkal Colony

 

 

പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് മാഷ് അളയ്ക്കല്‍ കോളനിയിലെത്തിയത് സാക്ഷരതാ പ്രവര്‍ത്തകനായാണ്. ആദിവാസി സാക്ഷരത പ്രവര്‍ത്തകനായി അവരുടെ ഭാഷയും പഠിച്ചതോടെ ആദിവാസികളുടെ ഇടയില്‍ സ്വീകാര്യനായി. പിന്നെ ബദല്‍ സ്‌കൂള്‍ എന്ന ഏകാധ്യാപക വിദ്യാലയം വന്നതോടെ ഇവിടെ അധ്യാപകനുമായി. ഒരുപാട് കുട്ടികള്‍ മാഷിന്റെ അക്ഷരവെളിച്ചം നുകര്‍ന്ന് എസ്.എസ.്എല്‍.സി വരെയും പഌസ്ടുവരെയുമൊക്കെയെത്തി. പക്ഷെ ആരും ഇതുവരെ ഒരു ജോലിയിലും കയറിയിട്ടില്ല. ഇന്നും ആദിവാസി മേഖലയിലെ ചൂഷണത്തിന് വലിയ കുറവൊന്നും വന്നിട്ടില്ല. അളവുകളും കണക്കും തൂക്കവുമെല്ലാം പഠിച്ചതുകൊണ്ട് കടക്കാര്‍ക്കൊന്നും പണ്ടത്തെ പോലെ പറ്റിക്കാനാവുന്നില്ല. ബില്ല് ചോദിച്ചു വാങ്ങുന്ന ശീലവും ഇവര്‍ പഠിച്ചു കഴിഞ്ഞു. എന്നിരുന്നാലും നാട്ടിന്‍ പുറങ്ങളില്‍ നിന്ന് വന്ന് മദ്യം കൊടുത്ത് ഇവരെ വശത്താക്കുന്ന പ്രവണത ഇപ്പോഴും ഉണ്ട്. എടക്കരയില്‍ നിന്നും ബീവറേജ് കോര്‍പ്പറേഷനില്‍ നിന്ന് വില കുറഞ്ഞ മദ്യം ഇവിടെയെത്തുന്നുണ്ട്. വൈകുന്നേരങ്ങളില്‍ കോളനിജീവിതത്തില്‍ അത് അശാന്തി പരത്തുന്നു. ചാത്തന്‍ മൂപ്പന്‍ തന്നെ ഞങ്ങളോടത് പറഞ്ഞു. ''ഞാന്‍ പറഞ്ഞാലൊന്നും അവരിപ്പോള്‍ കേള്‍ക്കാറില്ല സാറേ നിങ്ങളിതൊന്ന് പത്രത്തില്‍ കൊടുക്കണം'' എന്നാണദ്ദേഹം പറഞ്ഞത്. 

 

അളകളില്‍ താമസിച്ച് കാട്ടുവിഭവങ്ങള്‍ ശേഖരിച്ചു ജീവിച്ചിരുന്നവരാണ് ചോലനായ്ക്കര്‍. കാട്ടുകിഴങ്ങും ചോലകളില്‍ നിന്നുള്ള മീനും കാട്ടിലെ ഔഷധങ്ങളുമായിരുന്നു അവരുടെ ലോകം. എന്നാല്‍ ഇന്നത് മാറി കോണ്‍ക്രീറ്റ് കൂരകളും അരിയും പയറും വന്നെന്നു മാത്രമല്ല കാട്ടുമരുന്നുകളുടെ സ്ഥാനത്ത് പാരാസെറ്റമോളും മറ്റും വന്നു. ''ഞാനിവിടെ സാക്ഷരതാ പ്രവര്‍ത്തനത്തിനെത്തിയ കാലത്ത് രാത്രി വെളിച്ചത്തില്‍ വായിക്കുമ്പോ കണ്ണിന് കടുത്ത വേദന വരുമായിരുന്നു. മൂപ്പന്‍ ഒരു പച്ചിലമരുന്ന് എടുത്ത് മൂന്നു ദിവസം കണ്ണിലൊഴിച്ചു തന്നു. പിന്നീടാ വേദനയേ ഉണ്ടായിട്ടില്ല.'' മണിമാഷ് തന്നെ ഒരനുഭവം പങ്കുവെച്ചു. ഇപ്പോഴത്തെ തലമുറയ്ക്ക് ഇത്തരം അറിവുകള്‍ അന്യമായി കൊണ്ടിരിക്കുകയാണ്. 

 

Nilambur Alakkal Colony

ഇവരുടെ വിവാഹരീതിയും പ്രത്യേകതയുള്ളതാണ്. ഇഷ്ടപ്പെട്ട പെണ്ണിനേയും കൊണ്ട് വരന്‍ കാടു കയറും. ബന്ധുക്കള്‍ കണ്ടെത്തി കൂട്ടികൊണ്ട് വരും. ഒരുരുള ചോറ് പരസ്പരം പങ്കുവെക്കുന്നതോടെ കല്യാണം അംഗീകരിക്കപ്പെടുന്നു. ഉത്സവാഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം തനതു സമ്പ്രദായങ്ങള്‍ ഇപ്പോഴും പിന്തുടരുന്നിണ്ടിവര്‍. 

നടന്നു നടന്ന് വയ്യാതായി. ഒരു മുളംകൂട്ടത്തിനടിയിലെ ഓവുചാലിന്റെ സിമന്റ് കൈവരിയിലിരുന്ന് നടത്തത്തിന്റെ ആയാസം ഇറക്കിവെച്ചു. അവസാനതുള്ളി കട്ടന്‍ചായയും കുടിച്ച് വീണ്ടണ്ടും നടന്നു.  

 

ആനമറിയിലെത്തിയപ്പോള്‍ നട്ടുച്ച. ചന്തകളില്‍ നിന്ന് സാധനം വാങ്ങിക്കാന്‍ വന്ന ചോലനായ്ക്കരും കാട്ടുനായ്ക്കരും അവിടവിടെയായി ഉണ്ടായിരുന്നു. എല്ലാവര്‍ക്കും മണി മാഷെ ബഹുമാനമാണ്. അവര്‍ക്ക് അക്ഷരദീപം പകരാനും അവരെ അറിവിന്റെ ലോകത്തേക്ക് കൊണ്ടുവരാനും ഈ ദൂരങ്ങള്‍ താണ്ടിയെത്താന്‍ അയാളേ ഉണ്ടായിരുന്നുള്ളു. 

 

ചെക്‌പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു. ഈ അധ്യാപകന്‍ ഇതിഹാസത്തിലെ രവിയെപോലെയല്ല. ഇത്രയും കിലോമീറ്ററുകള്‍ നടന്നു താണ്ടി തിരിച്ചെത്തി തന്റെ കുലത്തൊഴിലായ കൊല്ലപണിയിലേക്ക് കടക്കും. കാരണം വെറും 3000 രൂപയാണ് ആദിവാസികളെ പഠിപ്പിക്കുന്നതിനുള്ള ശമ്പളം. 500 രൂപ റിസ്‌ക് അലവന്‍സും. ബദല്‍സ്‌കൂള്‍ സമ്പ്രദായം തന്നെ നിര്‍ത്തലാക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. അതുകൊണ്ട് തന്നെ കുലത്തൊഴില്‍ വിട്ട് കളിക്കാന്‍ പറ്റില്ല!

 

കാനന കവാടത്തിനരികെ നിര്‍ത്തിയിട്ട തന്റെ ബൈക്കില്‍ യാത്രയാവുന്നതിനു മുമ്പ് തൊട്ടടുത്തുള്ള സര്‍ബ്ബത്ത് കടയില്‍ നിന്നും ഒരു നന്നാറി സര്‍ബ്ബത്ത് കൂടി വാങ്ങി തന്നു.അങ്ങനെ ഞങ്ങളുടെ ഈ യാത്ര പൂര്‍ത്തിയായി. മാഷ് പക്ഷെ ഇപ്പോഴും യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.