നല്‍ഗോണ്ട ജില്ലയിലെ കോത്തഗുഡയിലേക്ക് ഹൈദരാബാദില്‍ നിന്നും45 കിലോമീറ്റര്‍ യാത്രയുണ്ട്. പനങ്കള്ളും പെട്രോളും മണക്കുന്ന പാതകള്‍. വഴിക്കിരുവശവുമുള്ള വയലുകളില്‍ കുടപിടിച്ചു നില്‍ക്കുന്ന കരിമ്പനകള്‍. അവയ്ക്കു ചുവടെയും വഴിയോരത്തും പനയോല കൊണ്ട് മറച്ചു കെട്ടിയ കുഞ്ഞ് തണല്‍ മറകള്‍ക്കുള്ളില്‍ തണുത്ത കള്ള്... ദൂരെയുള്ള പാറക്കെട്ടുകളില്‍ നിന്നും പൊള്ളുന്ന കാറ്റടിക്കുമ്പോള്‍ കള്ളിന്റെയും പെട്രോളിന്റെയും മണങ്ങള്‍ തമ്മില്‍ കലരും.

ഇടത്തരം അങ്ങാടിയായ കോത്തഗുഡയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോയാല്‍ പോച്ചംപള്ളിയിലേക്കുള്ള വഴിതുടങ്ങുന്നു. വരണ്ട മേടുകള്‍, നരച്ചകുന്നുകള്‍, ജലസ്പര്‍ശമേല്‍ക്കാതെ തളര്‍ന്നു നില്‍ക്കുന്ന ഒറ്റവൃക്ഷങ്ങളും പൊന്തക്കാടുകളും. നിറപ്പകിട്ടുള്ള ഒറ്റ ദൃശ്യം പോലുമില്ല. ചുടുകാറ്റില്‍ വൃക്ഷത്തലപ്പുകള്‍ വിറച്ചു നില്‍ക്കുന്നു. വല്ലപ്പോഴും കാണുന്ന മനുഷ്യര്‍ തളര്‍ന്ന് വടികുത്തി നീങ്ങുന്നു.

പോച്ചംപള്ളി എന്ന കുഞ്ഞു ഗ്രാമവും കാഴ്ച്ചയില്‍ ഇങ്ങനെയൊക്കെത്തന്നെ. ദാരിദ്ര്യം മുദ്രകുത്തിയ വീടുകളും മനുഷ്യരും. വീടുകള്‍ക്ക് മധ്യേ തളര്‍ന്ന തെരുവുകള്‍. വല്ലപ്പോഴും മാത്രം ആളുകള്‍ വരുന്ന ഒറ്റ മുറിപ്പീടികള്‍. അലഞ്ഞു നടക്കുന്ന അര്‍ദ്ധനഗ്‌നരായ കുട്ടികള്‍.

എന്നാല്‍, ആ വീടുകളിലൊന്നിന്റെ ദുര്‍ബലമായ വാതിലൊന്നു തുറന്നു നോക്കൂ: നിറങ്ങളുടെ നദിയൊഴുകുന്നതു കാണാം. പ്രസിദ്ധമായ പോച്ചംപളളി സാരികളുടെ സ്വപ്നലോകം. നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്ന കൈത്തറിയന്ത്രത്തില്‍ നിന്നും പലവര്‍ണങ്ങളില്‍ അവ പിറന്നു വീഴുന്നത് വിസ്മയകരമായ കാഴ്ച്ചയാണ്. ചുവപ്പ്, കറുപ്പ്, നീല, നീലയും മഞ്ഞയും, കറുപ്പും വെളുപ്പും....

ഓരോ വീടിന്റെയും അകത്തളം നിറമുള്ള നൂലുകളും വിചിത്രമായ ആകൃതിയിലുള്ള കൈത്തറിയന്ത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. നിരവധി വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ തൂങ്ങിക്കിടക്കുന്ന മുറിക്കുള്ളിലൂടെ നടക്കുമ്പോള്‍ ചുറ്റിലും നൂലുകള്‍ വര്‍ണ്ണമഴ പെയ്യുംപോലെ ഇഴചേര്‍ന്ന് ഇഴചേര്‍ന്ന് സാരിയായി വിടരുന്നതിന്റെ താളാത്മകമായ ശബ്ദം. യന്ത്രം പോലെ ജോലി ചെയ്യുന്ന മനുഷ്യര്‍.

അഞ്ച് ദിവസമെടുക്കും ഒരു സാരിപൂര്‍ത്തിയാവാന്‍. 2000 രൂപ മുതല്‍ തുടങ്ങുന്നു പോച്ചംപള്ളി സാരിയുടെ വില. വ്യത്യസ്ത മേന്മകള്‍ക്കനുസരിച്ച് അത് പതിനായിരങ്ങളിലേക്ക് വരെ എത്തുന്നു. വിപണിയില്‍ എത്തുമ്പോള്‍ അതിലും കൂടുന്നു.

കൈത്തറിത്തുണികള്‍ക്കും ൈകത്തറിനാരുപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കള്‍ക്കും പ്രസിദ്ധമാണ് പോച്ചംപള്ളി. ആകര്‍ഷകവും സാധാരണക്കാരന് പ്രാപ്യവുമായ വിലക്കിഴിവില്‍ ഇവ വില്‍ക്കുന്ന കടകള്‍ നിറഞ്ഞതാണ് പോച്ചംപള്ളി അങ്ങാടി. ഹാന്റ്‌ലൂം കടകളുടെയും സൊസൈറ്റികളുടെയും പ്രപഞ്ചം.

പോച്ചംപള്ളി ഗ്രാമത്തില്‍ കണ്ട ഒരു സ്ത്രീ പോലും അവിടെ നെയ്തുണ്ടാക്കുന്ന സാരി ഉടുത്തുകണ്ടില്ല. വിലകുറഞ്ഞ് നിറം മങ്ങിയ ചേലകള്‍ ചുറ്റിയവരാണ് എല്ലാവരും. സ്വന്തം കൈകളാല്‍ രൂപപ്പെടുന്ന സാരി മറ്റുള്ളവര്‍ ഉടുത്തുകാണാന്‍ മാത്രം യോഗമുള്ളവര്‍. പട്ടുനൂല്‍പ്പുഴുക്കള്‍!

Travel Tips


സാരി വാങ്ങുമ്പോള്‍, ഉപയോഗിക്കുമ്പോള്‍

ബില്ല്് ചോദിച്ച് വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യണം.

ആദ്യം കഴുകുമ്പോള്‍ നിറം നഷ്ടപ്പെടാതിരിക്കാന്‍ ഉപ്പുവെള്ളത്തില്‍ മുക്കി തണുത്തവെള്ളത്തില്‍ നന്നായി കഴുകുക.

സാരി പോളീഷ് ചെയ്യാന്‍ വിശ്വസനീയമായ കടകളില്‍ മാത്രം ഏല്‍പ്പിക്കുക.

തുടക്കത്തില്‍ സോപ്പ് ഉപയോഗിക്കാതിരിക്കുക. രണ്ടുമൂന്നു തവണത്തെ വെറും വെള്ളത്തിലെ അലക്കിനു ശേഷം വീര്യം കുറഞ്ഞ സോപ്പോ ഷാംപുവോ ഉപയോഗിച്ച് പെട്ടെന്ന് കഴുകിയെടുക്കാം.

ബ്രഷ് ഉപയോഗിച് സാരി കഴുകരുത്.

പയര്‍പൊടി, ചീവിക്കാപൊടി എന്നിവ ഉപയോഗിച്ച് കഴുകാം.
തുടക്കത്തില്‍ മുന്താണിയും കരയും വെവ്വേറെ കഴുകുക.

കറപറ്റിയെന്നു തോന്നിയാല്‍ തണുത്തവെള്ളത്തില്‍ പെട്ടെന്ന് തന്നെ കഴുകുക .കടുപ്പമേറിയ കറയാണെങ്കില്‍ കറപറ്റിയ ഭാഗം പെട്രോളില്‍ മുക്കിയെടുത്ത ശേഷം. മൃദുവായ തുണി കൊണ്ട് ഉരച്ചു കഴുകുക.

നനഞ്ഞ സാരി, ബ്ലൗസ്, പെറ്റിക്കോട്ട് പോലുള്ള തുണികള്‍ക്കൊപ്പം ഇട്ടു വെക്കരുത്.

ഇസ്തിരിയിടുമ്പോള്‍ മിതമായ ചൂടേ പാടുള്ളു. അകവശം തിരിച്ചിട്ട് ഇസ്തിരി ചെയ്യുക.

കസവിന്റെ മീതെ നേരെ ഇസ്തിരിയിടരുത്. മറുവശത്തോ കസവിന്റെ മീതെ തുണിവിരിച്ച് അതിനു മുകളിലോ മാത്രം ഇസ്തിരിയിടുക.