കൊച്ചിയുടെ നഗരത്തിരക്കില്‍ നിന്ന് പൊടുന്നനെയൊരു കൊച്ച് ഗ്രാമത്തിലേക്കെടുത്തെറിയപ്പെട്ടത് പോലെയാണ് കുമ്പളങ്ങിയിലെത്തിയാല്‍. നഗരത്തില്‍ നിന്ന് ഒന്നുറക്കെ വിളിച്ചാല്‍ കുമ്പളങ്ങിയില്‍ അതിന്റെ പ്രതിധ്വനി മുഴങ്ങും. എന്നിട്ടും ഈ ഗ്രാമം നഗരവഴികളിലൂടെ സഞ്ചരിക്കുന്നില്ല. കരിയും പുകയുമൊന്നുമില്ലാത്ത ഈ ഗ്രാമീണ റോഡുകളിലൂടെയുള്ള സഞ്ചാരം വ്യത്യസ്തമാണ്.

പള്ളുരുത്തിയില്‍ നിന്ന് നഗരസഭ അതിര്‍ത്തി കടന്നാല്‍ കുമ്പളങ്ങിയിലേക്ക് ഒരു കൊച്ചു പാലത്തിന്റെ ദൂരം മാത്രം. പാലം കടന്ന് ഇന്ത്യയിലെ ഏക മാതൃക ടൂറിസം ഗ്രാമത്തിലേക്കെത്തി. ടൂറിസം ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. അതിന് പിന്നില്‍ കായലിലേക്ക് നോക്കി ഉറക്കം തൂങ്ങുന്ന ചീനവലകള്‍. വലവലിക്കുന്നത് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് വേണ്ടി വലകളോട് ചേര്‍ന്ന് ഇരിപ്പിടങ്ങളൊക്കെയുള്ള ഒരു പാര്‍ക്കുണ്ട്. പള്ളികളും കൊച്ച് കടകളുമൊക്കെ കടന്ന് ഒരു ചെറിയ കവലയിലെത്തി. ഇവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ പൊക്കാളി പാടങ്ങളാണ്. കുമ്പളങ്ങിയേയും ചെല്ലാനം പഞ്ചായത്തിലെ കണ്ടക്കടവിനേയും ബന്ധിപ്പിക്കുന്ന റോഡ്.

വഴികുറച്ച് ചെന്നപ്പോള്‍ ഇരുവശവും കായല്‍. ചെമ്മീന്‍ കെട്ടുകളാണ്. ഇവയാണ് പൊക്കാളിപാടങ്ങള്‍ എന്നറിയപ്പെടുന്നത്. കാടാറുമാസം നാടാറുമാസം എന്ന പോലെ ആറ്മാസം പൊക്കാളി നെല്‍കൃഷിയും അടുത്ത് ആറ്മാസം ചെമ്മീന്‍ കൃഷിയും. തീരപ്രദേശത്തെ ചേറിലാണ് പൊക്കാളിനെല്ല് വിളയുക. വളമിടാതെ ചേറില്‍ വിളയുന്ന നെല്ല്.ദൂരെ കായലങ്ങനെ ഒഴുകിപരക്കുന്നു. ചിലയിടങ്ങളില്‍ തുരുത്തുകള്‍. പട്ടത്തില്‍ നിന്ന് ചരടെന്നപോലെ ഒരു ചെറിയ നടവരമ്പ് തുരുത്തിനെ കരയിലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു. റോഡ് കുറച്ച് ചെന്നപ്പോള്‍ ഒടിഞ്ഞ് വീണ ഇലക്ട്രിക് പോസ്റ്റിലിരുന്ന് നല്ലൊരു മഞ്ഞക്കുടയും ചൂടിയൊരാള്‍ ചൂണ്ടയിടുന്നു. പനിപിടിച്ചത് കാരണം പണിക്ക് പോകാതിരുന്ന പ്രശാന്ത് എന്ന കുമ്പളങ്ങിക്കാരനാണ്. ഇവിടുത്തുകാര്‍ വെറുതെയിരിക്കാത്തവരാണോ..? ചോദിച്ചാല്‍ എന്തുവിചാരിക്കുമെന്നോര്‍ത്ത് സംശയത്തിന്റെ ചൂണ്ടക്കൊളുത്ത് ചെമ്മീന്‍കെട്ടിലുപേക്ഷിച്ചു.

ഇളംകാറ്റേറ്റുള്ള യാത്രയില്‍ പുല്ലുകളും കുറ്റിച്ചെടികളും കായല്‍ക്കാഴ്ച്ച മറയ്ക്കുന്നു. ഇടയ്‌ക്കെപ്പോഴോ ഒരാള്‍പൊക്കമുള്ള കുറ്റിച്ചെടികള്‍ പിന്നോട്ട് പോയപ്പോള്‍ വലതു വശത്ത് തെളിഞ്ഞത്. കായല്‍ ദമ്പതികള്‍.. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്ന് വലീശുന്ന കുഞ്ഞപ്പന്‍ ചേട്ടന്‍. വലയില്‍ കുരുങ്ങുന്ന മീനുകളെ കുടത്തിലാക്കുന്ന ഭാര്യ സൗദ ചേച്ചി. ഫോട്ടോയെടുത്തോട്ടെയെന്ന ചോദ്യത്തിന് അവാര്‍ഡ് സിനിമ പോലെ മൗനത്തിന്റെ അനേകം നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു മറുപടി. 'പടം പിടിച്ചിട്ട് ഞങ്ങള്‍ക്കെന്ത് കിട്ടാനാ..? കഴിഞ്ഞ കൊല്ലം പത്രത്തില്‍ പടമൊക്കെ വന്ന്.. ഞങ്ങക്ക് കൊണമുണ്ടായില്ല. ചായക്കാശ് തരായെങ്കി പടമെടുത്തോ..'

ഫോട്ടോയെടുത്തു കഴിഞ്ഞ് കുറച്ച് നോട്ടുകള്‍ നീട്ടി. കുടത്തില്‍ കെട്ടിപ്പിടിച്ച് സൗദ ചേച്ചി നീന്തി റോഡരുകിലേക്ക് വന്നു നിറഞ്ഞ ചിരിയുമായി, കുടം നിറയെ തെള്ളി ചെമ്മീനുമായി. ഒരു ദിവസം 200 രൂപയ്ക്കുള്ള മീനൊക്കെ കിട്ടുമത്രേ. യാത്ര പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ഭാര്യയും ഭര്‍ത്താവും വീണ്ടും വലയെറിയാനുള്ള പുറപ്പാടിലാണ്. കുമ്പളങ്ങിയുടെ അതിരില്‍ നിന്നും കണ്ണമാലിക്കുള്ള വഴി തിരിഞ്ഞപ്പോള്‍ മുന്നിലൊരു അത്ഭുതം. ഒരു കൊതമ്പുവള്ളം റോഡ് മുറിച്ച് കടക്കുന്നു. കായലില്‍ നിന്ന് മുക്കുവന്‍ റോഡ് കയറി അപ്പുറത്തെ ചെമ്മീന്‍ കെട്ടില്‍ വള്ളം സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതാണ്. കണ്ണമാലി ഫിഷ് ലാന്‍ഡിങ് സെന്റര്‍ എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ഒരു സംശയം ഫിഷ് ലാന്‍ഡ് ചെയ്യുമോ.. ഒഴുക്കുവലയുമായി (ചില സ്ഥലങ്ങളില്‍ ഒടക്ക് വലയെന്നും) കൊതുമ്പുവള്ളത്തില്‍ കയറി കായലില്‍ കറങ്ങുന്നവര്‍ മീനുമായി കയറുന്നതിവിടെയാണ്.

തിരികെ കുമ്പളങ്ങിയിലേക്ക്. പഞ്ചായത്ത് ഓഫീസിനടുത്ത് നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ കുമ്പളങ്ങിയുടെ ഹൃദയത്തിലേക്കുള്ള വഴിയായി. അതായത് കല്ലഞ്ചേരിയിലേക്കുള്ള വഴി. ചെമ്മീന്‍കെട്ടുകളും കമ്പവലകളും തെങ്ങിന്‍തോപ്പുകളും അതിരിടുന്ന വഴി. ഇവിടെയാണ് ഞണ്ട് വളര്‍ത്ത് കേന്ദ്രങ്ങളുള്ളത്. കുമ്പളങ്ങി സ്റ്റൈല്‍ ഭക്ഷണം കഴിക്കണമെങ്കില്‍ കല്ലഞ്ചേരിയില്‍ തന്നെ വരണം.

നാലുവശവും കായലാല്‍ ചുറ്റപ്പെട്ട ഇവിടെയെത്തിയാല്‍ അപ്പച്ചന്‍ ചേട്ടന്റെ 'രണ്ടരമീറ്റര്‍ ടീ' കുടിച്ചാല്‍ കാഴ്ച്ചകള്‍ കാണാന്‍ ഉന്‍മേഷം കൂടും. നിരവധി ഹോംസ്‌റ്റേകള്‍ കുമ്പളങ്ങിയിലുണ്ട്. കുമ്പളങ്ങി കറികളും കഴിച്ച് കായലിലൊരു കറക്കവും ഗ്രാമത്തിലൊരു പുലര്‍കാല സവാരിയും നടത്താന്‍ മറക്കണ്ട. ഗ്രാമക്കാഴ്ച്ചകള്‍ മനസ്സ് നിറയ്ക്കും. ഇവിടുത്തെ മോഡല്‍ ടൂറിസം വില്ലേജ് ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ വിളിച്ചിട്ട് വേണം ഗ്രാമസവാരി നടത്താന്‍ .


Location


24km South-west from Cochin ctiy

How to reach


By road: From Ernakulam South Railway station head towards Naval Base on old NH (NH47A). Take right deviation after the Thoppumpadi BOT bridge. Head to Palluruthi, Kumbalangi vazhi stop and deviate right to Perumbadappu road which leads to Kumbalangi bridge.

Contact


Kumbalangi Model Tourism Village Development Society :
Contact: Shivadathan, Mob: 9349253124, Shaji Kuruppassery, Mob: 9446868561