മുന്നൂറു യുവാക്കള്‍ക്കൊപ്പം
പതിനെട്ടു നാള്‍
ഇന്ത്യക്കു ചുറ്റും ഒരു തീവണ്ടിയില്‍.
ടാറ്റ ജാഗ്രിതി യാത്ര
എന്ന അപൂര്‍വാനുഭവത്തെക്കുറിച്ച്.


യാത്രികര്‍ ലഖ്‌നൗവിലെ ബാര ഇമാംബാരക്കു മുന്നില്‍



അവര്‍ മുന്നൂറു പേരുണ്ടായിരുന്നു. ഇന്ത്യക്കകത്തുനിന്നും പുറത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ഊര്‍ജസ്വലരായ യുവതീയുവാക്കള്‍. പുതിയ ലോകക്രമത്തിന്റെ തുടിപ്പുകള്‍. കാഴ്ച്ചകള്‍ക്കും അതിനപ്പുറത്തുമുള്ള ഇന്ത്യയെ അറിയാന്‍ കൊതിച്ചു വന്നവര്‍. അക്രമണം തളര്‍ത്താത്ത മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്സില്‍ അവരെ കാത്ത് പതിമൂന്നു ബോഗികളുടെ നീളമുള്ള ഒരു തീവണ്ടി ചൂളമടിച്ചു കിടന്നു. ഇന്ത്യയെന്ന വൈവിധ്യാത്ഭുതത്തിന്റെ അടരുകള്‍ കണ്ടും കടന്നും അവരേയും നെഞ്ചിലേറ്റി ആ തീവണ്ടി കുതിച്ചു പായും. പതിനെട്ടു ദിനരാത്രങ്ങള്‍ കൊണ്ട് ഇന്ത്യയെ വലം വെച്ച് അത് ഇവിടെ തന്നെ തിരിച്ചെത്തും.

ടാറ്റാ ജാഗൃിതി യാത്രയുടെ തുടക്കം ക്രിസ്മസിനു തലേന്നുളള ഒരു തണുത്ത രാത്രിയിലായിരുന്നു. രാത്രി പത്തായപ്പോഴേക്കും പക്ഷെ സ്റ്റേഷന്‍ ആവേശച്ചൂടാല്‍ ത്രസിച്ചു. അന്തരീക്ഷത്തില്‍ നിറയെ ആകാംക്ഷയുടെ കുമിളകള്‍. നാലുപാടുനിന്നും കൗതുകത്തിന്റെ കണ്ണുകള്‍ ജാഗൃിതി ട്രെയിനിലേക്കും, യുവയാത്രികരിലേക്കും പാറിവീണുകൊണ്ടിരുന്നു. വണ്ടിയുടെ രക്ഷാധികാരിയായ കേണല്‍ പാട്ടീല്‍ ഓള്‍ ക്ലിയര്‍ അനുമതി തന്നതോടെ അപൂര്‍വമായ ഒരു യാത്രക്കു തുടക്കമായി.

തീവണ്ടിയില്‍ പ്രത്യേകം
തയ്യാറാക്കിയ കോണ്‍ഫറന്‍സ് റൂം

ഉറക്കമില്ലാത്ത ആദ്യ രാത്രി. എങ്ങും പരിചയപ്പെടലിന്റെ ബഹളങ്ങള്‍. യാത്രയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് അന്നു രാവിലെ മുംബൈയിലെ പോവ്വെ ഐ. ഐ. ടി.യില്‍ സെഷന്‍ നടന്നിരുന്നു. അവിടെ വെച്ച് യാത്രികരെ ഗ്രൂപ്പുകളാക്കി തിരിച്ചു, ഓരോ ഗ്രൂപ്പിനും ഓരോ ലീഡര്‍മാര്‍. യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കപ്പെട്ടു. വേറുമൊരു വിനോദസഞ്ചാരത്തിനപ്പുറം സംരംഭകത്വത്തിന്റെ ഊര്‍ജ്ജം തേടിയുളള യാത്രയായിരുന്നു അത്. മധ്യവര്‍ഗ്ഗ സമൂഹത്തില്‍ നിന്നും ഇന്ത്യയുടെ അഭിമാനമായി മാറിയ ആദര്‍ശ വ്യക്തിത്വങ്ങളെ അടുത്തറിഞ്ഞും, പ്രചോദനമുള്‍ക്കൊണ്ടും തങ്ങളുടേതായ പുതിയ വഴി വെട്ടിത്തുറക്കാന്‍ യുവാക്കളെ പ്രാപ്തമാക്കുന്ന ഒരു വ്യത്യസ്ത യാത്ര. ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് ഇന്ധനം നല്‍കാനുളള പ്രയാണം. പ്രസൂണ്‍ ജോഷി എഴുതി പ്രീതം ചക്രവര്‍ത്തി ഈണമിട്ട് ബാബുല്‍ സുപ്രിയൊ പാടിയ ജാഗ്രിതി യാത്രയുടെ ഗീതമായ 'യാരൊ ചലോ, ബദല്‍നെ കി രുത് ഹെ'യുടെ തീമാററിക് അവതരണം അന്നവിടെ നടന്നു. യാത്രികര്‍ എത്തുന്ന എല്ലാ വേദികളിലും ഇനി ആ ഗീതം മുഴങ്ങും. വെകീട്ട് പ്രഭാവതിയിലെ രബീന്ദ്രനാട്യമന്ദിറിലായിരുന്നു പ്രൗഢഗംഭീരമായ ഫ്ലാഗ് ഓഫ്.
തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍
ഒരു സെഷന്‍

ജാഗ്രിതിയാത്രയുടെ ബീജാവാപം നടന്നത് ലണ്ടനിലാണ്. വിദേശത്തെ ഉയര്‍ന്ന ജോലിയും കനത്ത ശമ്പളവും സുഖാര്‍ഭാടങ്ങളും മാത്രമല്ല ജീവിതമെന്നു തിരിച്ചറിഞ്ഞ ചിലരുടെ ചിന്തകള്‍. ഖരഗ്പൂരുകാരനായ ശശാങ്ക് മാനി, മധുരൈക്കാരനായ രാജ് കൃഷ്ണമൂര്‍ത്തി, പൂനെ സ്വദേശിയായ രേവതി പ്രഭു. ഇന്ത്യയെ ഒരു വികാരമായി കൊണ്ടു നടക്കുന്നവര്‍. വര്‍ഷങ്ങളുടെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ടാറ്റയുടെ സഹകരണത്തോടെ 2008 ഡിസംബര്‍ 24 ന് ചരിത്രത്തിലേക്കു പാളമിട്ട ആ യാത്രക്ക് അരങ്ങൊരുങ്ങി. ഇന്ത്യയിലെമ്പാടുനിന്നും ലഭിച്ച ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു യാത്രികര്‍. പതിനെട്ടിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍. വ്യത്യസ്ത സാംസ്‌കാരിക സാമൂഹിക അടരുകളില്‍നിന്നും വന്നവര്‍. യുവ ഡോക്ടര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, യുവ വ്യവസായികള്‍, എഞ്ചിനിയര്‍മാര്‍, അധ്യാപകര്‍, കലാകാരന്‍മാര്‍. രത്‌നവ്യാപാരിയായ അന്‍മൊല്‍ ഷാ മുതല്‍ ലൈംഗികത്തൊഴിലിന്റെ പശ്ചാത്തലത്തില്‍ നിന്നും വേറിട്ടു വന്ന പ്രഗ്യ ഹോഗ വരെയുള്ള ഇന്ത്യയുടെ പരിഛേദം. ആഫ്രിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇന്ത്യയെ കാണാനെത്തിയര്‍.
++++++++++


കന്യാകുമാരി.
വിവേകാന്ദപ്പാറയില്‍


യാത്രക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടതായിരുന്നു ജാഗ്രിതി ട്രെയിന്‍. രണ്ടു കംപാര്‍ട്ടുമെന്റെുകള്‍ ഒന്നാകെ കാലിയാക്കി ബാത്ത് ബോഗികളാക്കിയിരുന്നു. അലൂമിനിയം റെയിലുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ഉണ്ടാക്കിയ പ്രത്യേക കുളിമുറികള്‍, സുസജ്ജമായ അടുക്കള, കമ്പ്യൂട്ടര്‍ ലോബി, ഡോക്ടേഴ്‌സ് ബെ, സെക്യൂരിറ്റി റൂം... ചുരുക്കത്തില്‍ ചലിക്കുന്ന ഒരു ഹോട്ടല്‍.

രാവേറെചെന്നുറങ്ങിയതുകൊണ്ട് ക്രിസ്മസ് ദിനം പുലര്‍ന്നെണീറ്റത് വൈകിയാണ്. മഹാരാഷ്ട്രയിലെ പരുത്തിപ്പാടങ്ങള്‍ കഴിഞ്ഞ് കൊങ്കണിന്റെ കണ്ണും കരളും കവരുന്ന കാഴ്ച കണ്ടാണ് ഉണര്‍ന്നത്. 'യാത്രീസ്, വീ ആര്‍ പാസിങ്ങ് ത്രൂ വണ്‍ ഓഫ് ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ റെയില്‍ട്രാക്ക്‌സ് ഓഫ് ഇന്ത്യ' കംപാര്‍ട്ടുമെന്റെുകളില്‍ അനൗണ്‍സ്‌മെന്റെ് മുഴങ്ങി. ഇരുട്ടിലേക്ക് തറച്ചു കയറുന്നതു പോലെ ഇടക്കിടെ ദീര്‍ഘങ്ങളായ തുരങ്കങ്ങളിലേക്ക് കുതിക്കുന്ന തീവണ്ടി. അന്ധകാരം തീര്‍ന്ന് പൊട്ടിത്തെറിച്ചെത്തുന്ന വെളിച്ചത്തില്‍ കാണുന്ന കുന്നിന്റെയും കടലിന്റെയും കാഴ്്ച്ച. 'ഗസബ് യാര്‍'! കമന്റുകള്‍. കൊങ്കണിലെ ഓരോ കൊച്ചു സ്‌റ്റേഷനിലും എന്തിനെങ്കിലുമൊക്കെയായി വണ്ടി നിര്‍ത്തുമ്പോള്‍, ചാടിയിറങ്ങി യാത്രാരംഭത്തിന്റെ ആവേശം ആഘോഷമാക്കുന്ന ചെറുപ്പക്കാര്‍.

കുന്നിന്‍ പള്ളകളില്‍ വെള്ളയടിച്ച പള്ളികള്‍ കണ്ട് തുടങ്ങിയപ്പോള്‍ മനസ്സിലായി, ഗോവ. തീരത്തിനു സമാന്തരമായി തീവണ്ടി പാഞ്ഞു. വെയില്‍ ചാഞ്ഞു തുടങ്ങിയപ്പോഴേക്കും കര്‍ണ്ണാടക അതിര്‍ത്തിയായി. പശ്ചിമഘട്ടം കൂടുതല്‍ ഹരിതാഭമായി. മംഗലാപുരത്തെത്തിയപ്പോള്‍ ട്രെയിനില്‍ ക്രിസ്മസ് കരോളുകള്‍ ഉയര്‍ന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഘങ്ങള്‍ 'ജിംഗിള്‍ ബെല്‍സ്' പാടിക്കൊണ്ട്, കേക്കുകള്‍ വിതരണം ചെയ്തു കടന്നു പോയി. അടുത്ത ദിനം ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ വണ്ടി ഓടിത്തുടങ്ങി. 'കിത്‌നാ ഹരിയാലി ഹെ'! തീരാത്ത പച്ചപ്പുകള്‍ കണ്ടപ്പോള്‍ താരിഫുകള്‍ ഉയര്‍ന്നു. പയ്യന്നൂരു നിന്നും കയറിയ പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും, വാട്ടര്‍ കണ്‍സര്‍വേറ്റിസ്റ്റുമായ ശ്രീ പദ്രെ ഇതിനിടെ യാത്രികളുമായി മുഖാമുഖം നടത്തി. രണ്ടു വലിയ ഏ.സി. ചെയര്‍കാറുകള്‍ ഒന്നാക്കിയ ചലിക്കുന്ന പെട്ടകമാണ് കോണ്‍ഫറന്‍സ് റൂം. വലിയ എല്‍.സി.ഡി. സ്‌ക്രീന്‍ ടിവികളും, സൗണ്ട് സിസ്റ്റവും ക്യാമറയും കൊണ്ടു സജ്ജമായ ഒരു സംവിധാനം.

വണ്ടി പത്തുമണിക്കൂര്‍ നേരത്തെ കൊച്ചുവേളി സ്റ്റേഷനില്‍ ഓടിയെത്തി. നടന്നെത്താവുന്ന ദൂരത്ത് വേളി ടൂറിസ്റ്റ് വില്ലേജ് എന്ന ഒരു കാഴ്ച്ചയുണ്ടെന്നു പറഞ്ഞപ്പോള്‍ അതത്ര ഗംഭീരമാവുമെന്ന് ആരും കരുതിയില്ല. വേളി കായലിലെ ബോട്ടിങ്ങും, കടലിലെ അസ്തമനവും രണ്ടു ദിവസത്തെ തീവണ്ടി യാത്രയുടെ ക്ഷീണത്തെ പമ്പ കടത്തി. പിറ്റേന്ന് ടെക്‌നോപാര്‍ക്ക് സന്ദര്‍ശനവും ഡയറക്ടര്‍ വിജയരാഘവനുമായുളള കൂടിക്കാഴ്ച്ചയും കഴിഞ്ഞ് സംഘം കോവളം ബീച്ച് കൈയ്യേറി. കോവളത്തെ തണല്‍ എന്ന സന്നദ്ധസംഘടനയുടെ അമരക്കാരായ ജയകുമാറുമായും ഉഷയുമായും അതിനു മുമ്പ് ഒരു സെഷന്‍ നടന്നു.
പുതുവര്‍ഷാരംഭം പ്ലാറ്റ്‌ഫോമില്‍
ആഘോഷിക്കുന്ന
യുവാക്കള്‍

രാത്രി അതിര്‍ത്തി കടന്ന് തമിഴകത്തേക്ക്. കൊടും ചൂടില്‍ കന്യാകുമാരിയില്‍ കടല്‍ കടന്ന് ഞങ്ങള്‍ വിവേകാനന്ദപാറയില്‍ കാലു കുത്തി. ചൂടിനെ കടല്‍ക്കാറ്റ് പറത്തിക്കൊണ്ടുപോയി. ഞങ്ങളെത്തിയ പോലെ, ഡിസംബറിന്റെ അവസാന നാളുകളിലാണ് സ്വാമി വിവേകാനന്ദന്‍ നൂറ്റിപ്പതിനാറു കൊല്ലം മുമ്പ് കടല്‍ നീന്തിക്കടന്ന് ഈ പാറയിലെത്തിയത്. വിവേകാനന്ദ കേന്ദ്രത്തിന്റെ കടല്‍ത്തീരത്ത് അന്ന് വൈകി സിഎന്‍ബിസി യുടെ മീഡിയാ ഡിബേറ്റ് നടന്നു. അടുത്ത ദിനം പോണ്ടിച്ചേരിക്ക്. തമിഴ്‌നാടിന്റെ ഫലഭൂയിഷ്ഠമായ ഹൃദയഭാഗങ്ങളിലൂടെയുള്ള സഞ്ചാരം. മധുര, ട്രിച്ചി, തഞ്ചാവൂര്‍ പിന്നിട്ട്, വൈകീട്ട് പഴയ ഫ്രഞ്ച് കോളനിയിലെത്തി. വൈകിയെത്തിയതിനാല്‍ ഓറോവില്‍ സന്ദര്‍ശനം ഒഴിവാക്കി അരവിന്ദ് കണ്ണാശുപത്രിയിലെ സെഷന്‍ കഴിഞ്ഞ് ഞങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചു.
മീഡിയാ റൂം

ചെന്നൈയില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് കുടുമ്പകം ഗ്രാമം. രാമസ്വാമി ഇളങ്കോയുടെ ഗ്രാമം. ജാതിയുടെ സ്പര്‍ദ്ധകള്‍ കൊടികുത്തി വാഴുന്ന തമിഴ് മണ്ണില്‍ ജാതിരഹിതമായ ഗ്രാമം. ഐ.എസ്. ആര്‍.ഒ.യില്‍ സയന്റിസ്റ്റായ, പിന്നാക്ക സമുദായക്കാരനായ ഇളങ്കോ നീണ്ട പോരാട്ടത്തിനൊടുവിലാണ് തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. വൃത്തിയും വെടിപ്പുമുള്ള വീഥികളും വീടുകളും. മദ്യപാനവും ചൂതാട്ടവുമില്ലാത്ത സ്ഥലം. ഇന്ത്യയാകെ മാതൃകയാക്കേണ്ട സ്വപ്നസങ്കേതം. ചെട്പറ്റിലുള്ള തപോവന്‍ ഹാളിലെ മീഡിയ ഡിബേറ്റിനു ശേഷം ബാംഗ്ലൂരിലേക്ക്. ബാംഗ്ലൂരിലെ പ്രധാന കാഴ്ച്ച ഉദയപുരത്തിലെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആസ്ഥാനത്തെ വിശാലാക്ഷിയമ്മന്‍ മണ്ഡപമായിരുന്നു. വിടര്‍ന്നുവരുന്ന താമരമൊട്ടിന്റെ രൂപത്തില്‍, ദീപാലംകൃതമായ ആ മനോഹര വാസ്തു ശില്‍പ്പം പുതുവര്‍ഷ തലേന്നിന്റെ സന്ധ്യയെ മനോഹരിയാക്കി. ബാംഗ്ലൂര്‍ കന്റോണ്‍മെന്റെ് സ്‌റ്റേഷനിലായിരുന്നു പുതുവര്‍ഷാഘോഷം. പുലരും വരെ പ്ലാറ്റ്‌ഫോം ഘോഷത്താല്‍ ത്രസിച്ചു. കാറ്ററിങ്ങ് ജീവനക്കാര്‍ക്ക് യാത്രികര്‍ അന്ന് പുതുവര്‍ഷസമ്മാനമായി വസ്ത്രങ്ങള്‍ നല്‍കി.

++++++++++

ശ്രീ ശ്രീ രവിശങ്കറിന്റെ ബാംഗ്ലൂര്‍ ആസ്ഥാനത്ത്‌


ഹൈദരാബാദിലേക്കുളള പുതുവര്‍ഷാരംഭദിന യാത്ര തീവണ്ടിയില്‍ ഉറങ്ങി തീര്‍ത്തു. രാവിലെയുള്ള സെഷന്‍ കട്ടു ചെയ്താണ് ഗോല്‍കൊണ്ട കോട്ട കാണാനിറങ്ങിയത്. കുത്തുബ്ഷാഹി സുല്‍ത്താന്‍മാര്‍ നിര്‍മ്മിച്ച ദുര്‍ഗ്ഗം. ഒരു കാലത്ത് വജ്രങ്ങളുടെ വ്യാപാരം നടന്ന രാജനഗരി. ഹൈടെക് സിറ്റിയിലെ ടാറ്റ കണ്‍സള്‍ടണ്‍സിയുടെ മനോഹരമായ ക്യാമ്പസില്‍ നടന്ന മീഡിയ ഡിബേറ്റിനു ശേഷം ഞങ്ങള്‍ ചാര്‍മിനാറിലേക്ക്.
ദില്ലിയില്‍ തീം സോങ്ങിനിടെ രാജ്ദീപ് സര്‍ദേശായി

ആന്ധ്രയുടെ മാറിലൂടെ അടുത്ത ലക്ഷ്യമായ ഭുവനേശ്വറിലേക്ക്. പൂര്‍വഘട്ടം അതിരിടുന്ന വിശാലമായ പാടങ്ങള്‍ പിന്നിട്ട് ഗോദാവരി മുറിച്ചു കടന്ന് ഒരു ദിനം മുഴുവന്‍ വണ്ടി ഓടിക്കൊണ്ടിരുന്നു. ഒറീസയിലെ ഖുര്‍ദയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുളള ഭരംപൂരിലേക്കായിരുന്നു റോഡുമാര്‍ഗ്ഗം പിന്നീടുള്ള യാത്ര. വിനീതങ്ങളായ ഒറിയന്‍ അങ്ങാടികളും ശാസനുകളും കടന്ന് ദരിദ്രമെങ്കിലും ആരോഗ്യകരമായ അന്തരീക്ഷമുളള ഗ്രാമത്തിലെത്തി. ഒരു പിടി ഗോത്രഗ്രാമങ്ങളെ ദത്തെടുത്ത് ശുചിത്വത്തിലും ആരോഗ്യ ശീലങ്ങളിലും മുന്നിലെത്തിച്ച് മാതൃകകാട്ടിയ, യാത്രികര്‍ കാണാന്‍ വന്ന വ്യക്തി ഒരു മലയാളിയായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരനായ ജൊ മടിയത്ത്. ജീവിതം നിസ്വര്‍ക്കായി സമര്‍പ്പിച്ചയാള്‍. തിരിച്ചുവരും വഴി പത്രസംഘം ദിശ മാറി ചില്‍ക്ക കാണാന്‍ പോയി. സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് ചില്‍ക്ക. കണ്ണെത്താദൂരത്തോളം നീളുന്ന ജലരാശി. അസ്തമയവെളിച്ചത്തില്‍ ദൂരെ കുന്നുകള്‍ ജലത്തിലേക്കിറങ്ങി നില്‍ക്കുന്ന വ്യക്തമല്ലാത്ത ദൃശ്യം. തടാകത്തിന്റെ കാണാക്കോണുകളിലെവിടെയോ ഉളള ക്ഷേത്രത്തിലേക്ക് വന്നുംപോയുമിരിക്കുന്ന വഞ്ചികള്‍.

തീവണ്ടിയിലെ കുളിമുറി ബോഗികള്‍

ഖുര്‍ദ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ട വണ്ടി പക്ഷെ ഭുവനേശ്വറില്‍ സുരക്ഷാ പരിശോധനകള്‍ക്കായി പിടിച്ചിട്ടു. 350 യാത്രക്കാര്‍ രാത്രി പുലരുവോളം ഭുവനേശ്വര്‍ സ്‌റ്റേഷനില്‍ തണുപ്പിനെ അതിജീവിച്ച് കഴിച്ചുകൂട്ടി. രാവിലെ ഒമ്പതു മണിക്കാണ് ഭുവനേശ്വര്‍ വിട്ടത്. പകല്‍ മുഴുവന്‍ കലിംഗത്തിലൂടെ കുതിച്ച് രാത്രിയില്‍ ഞങ്ങള്‍ ഝാര്‍ഖണ്ഡിലേക്കു കടന്നു. ടാററ സൃഷ്ടിച്ച ഉരുക്കു നഗരമായ ജാംഷഡ്പൂരില്‍ ഇറങ്ങി ഉരുക്കുശാലയുടെ അമ്പരപ്പിക്കുന്ന സന്നാഹങ്ങള്‍ നടന്നു കണ്ടു. ജാംഷഡ്പൂര്‍ മനോഹരമായ നഗരമാണ്. മലിനീകരണമുക്ത നഗരം.
അസഹ്യമായിത്തുടങ്ങുന്ന തണുപ്പിലൂടെ ഇനി മുഷായിരയുടെയും കബാബുകളുടെയും നവാബുമാരുടെയും നഗരമായ ലഖ്‌നോയിലെക്ക്.

വണ്ടി ഹസാരിബാഗ് പിന്നിട്ട് ബീഹാറിലേക്കു കടന്നു. ബുദ്ധഗയയും, മുഗള്‍സരായിയും കണ്ട്് ഗംഗയെ കണ്ടും കടന്നും ഉത്തര്‍പ്രദേശിലൂടെ കൂകിപ്പാഞ്ഞ് രാത്രിയോടെ വണ്ടി ലഖ്‌നോയിലെത്തി. രാവിലെ ഞങ്ങള്‍ ബടാ ഇമാംബാര എന്ന അത്ഭുതത്തിനു മുന്നിലെത്തി അന്തിച്ചു നിന്നു. പേര്‍ഷ്യന്‍ മുഗള്‍ വാസ്തുനിര്‍മാണത്തിന്റെ നിസ്തുലമായ മാതൃക. പൂന്തോപ്പുകള്‍ നിറഞ്ഞ അതിവിശാലമായ അങ്കണത്തിനപ്പുറം പ്രൗഢമായ അസഫി പളളി. പിറകില്‍ മൂന്നു നിലകളുള്ള രാവണന്‍ കോട്ട പോലെ വിഭ്രമിപ്പിക്കുന്ന ഭൂല്‍ബുലയ്യ. വഴി തെറ്റിക്കുന്ന നൂറുനൂറു കവാടങ്ങള്‍ കടന്നു ശരിയായ ദിശ കണ്ടുപിടിക്കണമെങ്കില്‍ ഗൈഡുകളുടെ സഹായം കൂടിയേ തീരൂ. നവാബായ അസഫുദ് ഉദ് ദൗല 1783 ല്‍ പണി കഴിപ്പിച്ച ഈ വിസ്മയം ഷിയ മുസ്ലിംങ്ങളുടെ ആത്മീയ കേന്ദ്രം കൂടിയാണ്.
ഒറീസയില്‍ ചില്‍ക്കാ തടാകത്തിനരികില്‍

ഗോമതീ നദീ തീരത്തു പടര്‍ന്നു കിടക്കുന്ന ലഖ്‌നൊ നഗരം ചുറ്റി, കബാബുകളുടെ രുചിയറിഞ്ഞ് ഞങ്ങള്‍ ദില്ലിയിലേക്കു പാഞ്ഞു. കൊടും തണുപ്പില്‍ തലസ്ഥാന പ്രദക്ഷിണം, വൈകീട്ട് താജ് ഹോട്ടലില്‍ രാജ്ദീപ് സര്‍ദേശായി ഉള്‍പ്പടെയുളളവര്‍ പങ്കെടുത്ത മീഡിയ ഡിബേറ്റ്. യാത്ര ഇനി രാജസ്ഥാനിലേക്ക്. ആരവല്ലി കുന്നുകള്‍ക്കിപ്പുറത്തുള്ള ടിലോണിയ ഗ്രാമത്തില്‍ കാററിന്റെ അകമ്പടിയായെത്തുന്ന മരവിപ്പിക്കുന്ന തണുപ്പിനെ വകവെക്കാതെ ഒരു പകലന്തിയൊളം യാത്രികര്‍ കൗതുകക്കാഴ്ച്ചകള്‍ കണ്ടു നടന്നു. ടിലോണിയയിലെ സ്വയം പര്യാപ്ത ഗ്രാമമായ ബേര്‍ഫുട്ട് കോളേജ് സന്ദര്‍ശിച്ച് അതിന്റെ അമരക്കാരനായ ബങ്കര്‍ റോയുമായി യാത്രാ സംഘം സംവദിച്ചു.
രാജസ്ഥാനിലെ ടിലോണിയയില്‍ ബംങ്കര്‍ റോയ്‌ക്കൊപ്പം

വണ്ടി അവസാന ലക്ഷ്യമായ ഗുജറാത്തിലെ ആനന്ദിലേക്ക് യാത്ര തുടങ്ങി. ധവളവിപ്ലവത്തിന് തിരികൊളുത്തിയ നഗരം. അമൂല്‍ സന്ദര്‍ശനത്തിനുശേഷം മനോഹരമായ സര്‍ദാര്‍ പട്ടേല്‍ ഓഡിറ്റോറിയത്തില്‍ മീഡിയ ഡിബേറ്റും ഔപചാരികമായ വിടവാങ്ങല്‍ ചടങ്ങും നടന്നു.
ജാഗ്രിതി യാത്ര ഒടുവില്‍ അതിന്റെ അവസാന ട്രാക്കും പൂര്‍ത്തിയാക്കി മടങ്ങി . ജനവരി 11നു പുലര്‍ച്ചെ, യാത്ര തുടങ്ങിയ വി.ടി. സ്റ്റേഷനില്‍ തന്നെ ഞങ്ങള്‍ തിരിച്ചെത്തി. പതിനെട്ടു ദിനം കൊണ്ട് പതിനായിരം കിലോമീറ്റര്‍ ഞങ്ങളേയും വഹിച്ച് ഉപഭൂഖണ്ഡം ചുറ്റിയ തീവണ്ടി സാര്‍ഥകമായ അതിന്റെ പ്രയാണമവസാനിപ്പിച്ച് നിശ്ശബ്ദമായി.