ആഗ്രഹവും പ്ലാനിങും ഉണ്ടെങ്കില്‍ എത്ര ചെറിയ വരുമാനക്കാര്‍ക്കും യാത്ര പോകാമെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികള്‍. ഒരു ചെറിയ ചായക്കട നടത്തി കിട്ടുന്ന പണം കൊണ്ട് 16 രാജ്യങ്ങളാണ് ഇവര്‍ കണ്ടത്!

കയ്യില്‍ കാശില്ലാഞ്ഞിട്ടും ഉണ്ടായിട്ടും യാത്ര പോകാത്തവര്‍ വിജയന്‍ ചേട്ടന്റേയും മോഹിനി ചേച്ചിയുടേയും കഥയൊന്നു കേള്‍ക്കണം. കൊച്ചി ഗാന്ധിനഗറില്‍ ഇവര്‍ക്ക് ബാലാജിയെന്ന പേരിലൊരു കൊച്ചു ചായക്കടയുണ്ട്.

അവിടുത്തെ ബഞ്ചില്‍, മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടുചായയും ഊതിക്കുടിച്ചിരിക്കുമ്പോള്‍ പിന്നിലെ ചുമരില്‍ കുറേ പടങ്ങള്‍ കാണാം. എല്ലാം വിജയന്‍ ചേട്ടനും മോഹിനിചേച്ചിയും ടൂറു പോയപ്പോഴെടുത്തതാണ്. ഫോര്‍ട്ട് കൊച്ചീം മട്ടാഞ്ചേരീം ഒന്നുമല്ല, സിംഗപൂര്‍, ഇറ്റലി, മലേഷ്യ, ജര്‍മ്മനി, അങ്ങനെ പോകുന്നു ഇവര്‍ കണ്ടുതീര്‍ത്ത രാജ്യങ്ങള്‍.


ഈ ഇട്ടാവട്ടത്തിലുള്ള ചായക്കടയിലെ വരുമാനം കൊണ്ട് ഇത്രേം സ്ഥലങ്ങളൊക്കെ കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ നീളത്തിലൊരു ഒരു ചായയടിച്ചു കൊണ്ട് ചേട്ടന്‍ ആ കഥ പറഞ്ഞു. 'ഒരു ദിവസം ഞങ്ങള്‍ തിരുപ്പതിയിലിരിക്കുമ്പോള്‍ മുകളിലൂടെ ഒരു വിമാനം പോയി. അപ്പൊ ഞാനെന്റെ കൂട്ടുകാരോടു പറഞ്ഞു : എനിക്കും വിമാനത്തേലൊന്നു കേറണം. അതൊക്കെ വല്യ പണക്കാര്‍ക്കുള്ളതാണെന്നും പറഞ്ഞ് അവരെന്നെ കളിയാക്കി. വിധിച്ചിട്ടൊണ്ടേല്‍ ഞാനും ഇവളും കൂടി ഒരു ദിവസം വിമാനത്തേല്‍ കേറുമെന്ന് ഞാനവരോടു പറഞ്ഞു. തിരിച്ചെത്തിയപ്പൊ ടിവിയില്‍ ഹോളിലാന്റ് ടൂറിന്റെ ഒരു പരസ്യം കണ്ടു. ഞാന്‍ നേരെ അവരുടെ ഓഫീസില്‍ പോയി. ഒരാള്‍ക്ക് എണ്‍പത്തായ്യായിരം രൂപ. പിന്നെ പാസ്‌പോര്‍ട്ടും വേണം. എന്റെ കയ്യിലാണേല്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡു പോലുമില്ല. ഒന്നിനെ കുറിച്ചും ആലോചിക്കാതെ അഡ്വാന്‍സ് തുക അടച്ച് ഞാന്‍ രണ്ടുപേര്‍ക്കും ടൂര്‍ ബുക്കു ചെയ്തു. പതിനഞ്ചു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ശരിയാക്കി. കടം മേടിച്ചും സ്വര്‍ണ്ണം പണയം വച്ചും ബാക്കി തുകയും ഉണ്ടാക്കി. അങ്ങനെ 2007ല്‍ ഞങ്ങള്‍ ആദ്യമായി വിദേശത്തു പോയി.'


കടമെടുത്ത് യാത്ര പോയ വിജയന്‍ ചേട്ടനും അതിനായി ഇട്ടിരുന്ന സ്വര്‍ണ്ണം പണയം വയ്ക്കാന്‍ കൊടുത്ത മോഹിനി ചേച്ചിക്കും വട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു പെണ്‍മക്കളാണുള്ളതെന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തി. അതുകൊണ്ടൊന്നും ഇവര്‍ സഞ്ചാരം നിര്‍ത്തിയില്ല. ഒരു യാത്ര കഴിയുമ്പോള്‍ കുറേ കടമുണ്ടാകും. അതു വീട്ടിക്കഴിയുമ്പോള്‍ അടുത്ത യാത്ര പ്ലാന്‍ ചെയ്യും. അങ്ങനെ പതിനാറു രാജ്യങ്ങള്‍ കണ്ടു. അതിനിടയില്‍ തന്നെ മക്കളെ പഠിപ്പിച്ചു, കല്യാണം കഴിപ്പിച്ചയച്ചു. യാത്ര പോകുന്ന ദിവസങ്ങളില്‍ കട അടച്ചിടും. അതു കൊണ്ട് എത്ര നഷ്ടമുണ്ടാകുമെന്ന് ഇരുവരും ചിന്തിക്കാറേയില്ല.

ട്രാവല്‍ ഗ്രൂപ്പുകള്‍ക്കൊപ്പമാണ് ഇവരുടെ യാത്രകളത്രയും. അതാണ് സാമ്പത്തികമായും ലാഭമെന്ന് വിജയന്‍ ചേട്ടന്‍ പറയുന്നു. 'കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ഗൈഡുണ്ടാകും. ഭാഷ അറിയാത്ത ബുദ്ധിമുട്ടു വരുന്നില്ല. പിന്നെ താമസമൊക്കെ നമ്മള്‍ ബുക്കു ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞനിരക്കില്‍ കിട്ടും. ആദ്യമൊക്കെ ഗ്രൂപ്പിലുള്ള മറ്റുളളവര്‍ക്ക് ഞങ്ങളെ കാണുമ്പോ അത്ഭുതമായിരുന്നു. വിദേശത്തു പോയപ്പോഴാണ് ഞാന്‍ ആദ്യമായി പാന്റിടുന്നത്. ഇടയ്ക്ക് മുണ്ടില്‍ പിടിക്കുന്ന പോലെ ഞാനതില്‍ പിടിച്ചോണ്ടിരിക്കുമായിരുന്നു.' യാത്രയ്ക്കിടെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലമൊന്നും ഇവര്‍ക്കില്ല. കാഴ്ചകള്‍ കാണുന്നതു തന്നെ രണ്ടുപേരുടേയും സന്തോഷം.


'എന്നും ഈ ഉഴുന്നു വടേം ചായേം ഉണ്ടാക്കിക്കൊണ്ടിരുന്നാ നമ്മളൊരു യന്ത്രമായിപ്പോവും. യാത്ര പോകുമ്പോ പുതിയ ആള്‍ക്കാര്‍, ഭക്ഷണം, ജീവിതരീതികള്‍ ഒക്കെ കാണാം. അതൊന്നും മരിക്കും വരെ നമ്മുടെ മനസ്സീന്ന് പോകില്ല. ഈ പ്രപഞ്ചം എത്ര വിശാലമാണ്. എല്ലാ കാഴ്ചകളും കണ്ടു തീര്‍ക്കാന്‍ ഒരു ജന്മം മതിയാകില്ല. എന്നാലും ഈ ഭൂമിയില്‍ നിന്ന് പോകുമ്പോഴേയ്ക്കും ഇവിടുള്ളതെല്ലാം പരമാവധി കാണണം, ആസ്വദിക്കണം' ഒന്നാലോചിച്ചു നോക്കിയാല്‍ വിജയന്‍ ചേട്ടന്റേയും മോഹിനി ചേച്ചിയുടേയും ഈ പോളിസി തന്നെയല്ലേ ശരി?

വിജയനെയും മോഹിനിയെയും 'പറപ്പിക്കാന്‍' തരൂരിന്റെ പോസ്റ്റ്