ഓരോ ആര്‍ട്ടിസ്റ്റിനേയും വിലയിരുത്തുന്നത് അയാളുടെ വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. ലോകത്തിനോട് സംവേദിക്കേണ്ടതും എല്ലാത്തിനുമുള്ള മറുപടി ഇതാണെന്നും അയാള്‍ തന്റെ കലയിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. അതുപോലെ ഒരു വന്യജീവി ഫോട്ടോഗ്രാഫറെ വിലയിരുത്തുന്നത് അയാളുടെ ഫോട്ടോഗ്രാഫുകള്‍ കൊണ്ടാണ്.

 

vypin

 

വൈപ്പിന്‍ ദ്വീപിലെ പള്ളിപ്പുറം കടലോരപ്രദേശമാണ് ഞങ്ങളുടെ നാട്. പൊയ്യലുകളും(കായല്‍) തോടുകളും തെങ്ങുകളുമൊക്കെ നിറഞ്ഞ ഗ്രാമം. എന്റെ ചെറുപ്പകാലത്ത് പടിഞ്ഞാറെ പൊയ്യലിനരുകിലുള്ള ചെറിയ കണ്ടല്‍ കാട്ടില്‍ നീര്‍നായകള്‍ വസിച്ചിരുന്നു. സ്‌കമൂള്‍ അവധിദിനങ്ങളില്‍ പൊയ്യലിനരുകിലുള്ള സലിയുടെ വീടായിരുന്നു കളിസ്ഥലം. സലിയ്ക്ക് നന്നായി  വഞ്ചി തുഴയാനും നീന്തുവാനും മീന്‍പിടിക്കുവാനുമൊക്കെ അറിയാം. അതുകൊണ്ട് നീര്‍നായ്ക്കളെ കുറിച്ചുള്ള എന്റെ പരിമിതമായ അറിവുകളും അന്വേഷണങ്ങളും സലിയില്‍ നിന്നും തുടങ്ങുന്നു. പലപ്പോഴും നീട്ടുവലകളില്‍ നിന്നും കുടുങ്ങി കിടക്കുന്ന മീനുകളെ രാവുകളില്‍ യാതൊരു കുറ്റബോധവുമില്ലാതെ നീര്‍നായ്ക്കള്‍ എടുത്തുകൊണ്ടു പോകുമായിരുന്നു. (ഇത്തരം നീര്‍നായ്ക്കളെ മീന്‍കള്ളന്‍ എന്ന് വാച്ചര്‍ കണ്ണനും കൂട്ടുകാരും വിളിക്കാറുണ്ട്.)

 

നിശബ്ദതയോടെ കായലോരത്തെ ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകളുടെ മറപറ്റി അക്കരെ കാണുന്ന ചെറിയ കണ്ടല്‍ക്കാട്ടിലേക്ക് ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. സലി തന്നെയായിരിക്കും ആദ്യം അവയെ കണ്ടെത്തുന്നതും. 

 

''ശ്...ശ്...ശ്'' സലി പൊയ്യലിലേക്ക് വിരല്‍ ചൂണ്ടുമ്പോഴേക്കും കണ്ണുകള്‍ക്ക് പിടിതരാതെ അവ വെള്ളത്തിനടിയിലേക്ക് മുങ്ങാംകുഴിയിട്ടിട്ടുണ്ടാവും. ശരിക്കും കുട്ടിക്കാലത്തെ ഒളിച്ചു കളി തന്നെയായിരുന്നു അതെന്ന് ഓര്‍മ്മിക്കുന്നു. നീര്‍നായ്ക്കള്‍ പൊയ്യലിനടിയിലും കണ്ടല്‍ക്കാടുകള്‍ക്കിടയിലും ഒളിച്ചും ഞങ്ങള്‍ കരയില്‍ തെങ്ങിന്‍ മറവുകളിലൊളിച്ചുമുള്ള ഒരു കളി. 

 

കാടുകളില്‍ അലയുവാനാരംഭിച്ചപ്പോള്‍ ഇവ വീണ്ടും പഴയ ഒളിച്ചുകളികളിലേക്കെന്നെ കൂട്ടിക്കൊണ്ടു പോയി. ചാലക്കുടി പുഴയുടെ ഓരങ്ങളില്‍ വേഴാമ്പലുകളെ കാത്തിരിക്കുമ്പോള്‍ പുഴയിലൂടെ കടന്നുപോയ നീര്‍നായ്ക്കൂട്ടത്തില്‍ ഏറെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പറമ്പിക്കുളത്തും തേക്കടിയും നെല്ലിയാമ്പതിയിലുമൊക്കെയായി പഴയ ആ ഒളിച്ചു കളി തുടര്‍ന്നു. ഒടുവില്‍ കൃഷ്ണമൃഗങ്ങളെ തേടിയുള്ള യാത്രയില്‍ സത്യമംഗലം കാടുകളിലെ പുഴയോരത്തെ വൃക്ഷ മുത്തച്ഛന്‍മാരുടെ മറപിടിച്ചായിരുന്നു അവരുടെ ജലക്രീഡകള്‍ ശ്രദ്ധിച്ചത്.


 
vypin

 

നീര്‍നായ് ഫാമിലിയിലെ നാലിനങ്ങള്‍ കേരളത്തിലുണ്ട്. ഇവയ്ക്ക് കരയിലും ജലത്തിലും സഞ്ചരിക്കുവാനുള്ള കഴിവുകള്‍ ഉണ്ട്. പുഴയില്‍ ജലം കുറഞ്ഞ ഭാഗത്തു വച്ച് ഇവയെ കണ്ടപ്പോള്‍ കരയിലേക്ക് ഓടി പൊന്തകളില്‍ ഒളിക്കുന്നതും കരയില്‍ വച്ച് കാണുമ്പോള്‍ പുഴയിലെ ആഴമുള്ള ഭാഗങ്ങളിലേക്ക് മുങ്ങിമറയുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ഇടക്ക് പിന്‍കാലുകളില്‍ മാത്രം എഴുന്നേറ്റു നിന്ന് വായ് തുറന്ന് കാട്ടുന്നതും ചില പ്രത്യേക ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതും കാണാം. വേഗതയോടെ പുഴയിലൂടെ നീന്തിപ്പോകുന്നതിനിടയില്‍ തല തിരിക്കാതെ ഇടംകണ്ണുകള്‍ കൊണ്ട് നമ്മെ നോക്കുന്നത് കാണുമ്പോള്‍ മനുഷ്യര്‍ നോക്കുന്നത് പോലെ തോന്നും. പുഴയോരത്തെ പാറയിടുക്കുകളിലും ചെറിയ മാളങ്ങളിലുമൊക്കെയാണ് വാസം. പല അറകള്‍ നിറഞ്ഞ മണ്‍ തുരങ്കങ്ങളും ഇവയുടെ വാസ ഇടങ്ങളാണ്. നെല്ലിയാമ്പതിയില്‍ വച്ച് പുഴയോരത്ത് തനിച്ചിരിക്കുമ്പോള്‍ ഏറെ അടുത്തു വന്ന രണ്ട് നീര്‍നായകള്‍ എന്നില്‍ കൗതുകം ഉണര്‍ത്തി. 

 

നീര്‍നായകളെ എപ്പോഴും നനവാര്‍ന്ന ശരീരത്തോടെയാണ് നാം കാണാറുള്ളത്. വെയില്‍ കാഞ്ഞു ശരീരമെല്ലാം ഉണങ്ങി, തവിട്ടുനിറമാര്‍ന്ന വെല്‍വെറ്റുകോട്ടുകള്‍ ധരിച്ചു കിടക്കുന്ന വലിയൊരു കൂട്ടം നീര്‍നായ്ക്കളെ തേക്കടി തടാകക്കരയില്‍ കണ്ടിരുന്നു. അതില്‍ കുഞ്ഞുങ്ങളും ചെറുപ്പക്കാരും പ്രായമായവരുമൊക്കെ ഉണ്ടായിരുന്നു. 

 

സൂര്യന്‍ മറയുന്ന സമയം പെരിയാര്‍ തടാകത്തില്‍ നിന്നും ഫിലിം ക്യാമറയില്‍ പകര്‍ത്തിയ ഒരു ചിത്രം ഓര്‍മ്മ വരുന്നു. സ്വര്‍ണ്ണനിറമായിരുന്നു അന്ന് തടാകത്തിലെ ജലത്തിന്. അതില്‍ വായ് മാത്രം തുറന്നു കാണിക്കുന്ന ഒരു നീര്‍നായ്.

 

 vypin

 

300എംഎം, 400എംഎം ലെന്‍സുകള്‍ മിനിമം ഇവയുടെ ഫോട്ടോഗ്രാഫിക്കാവശ്യമാണ്. നീന്തിപോകുന്നവയെ പകര്‍ത്തുവാനായി ടിവി മോഡി (ഷട്ടര്‍ പ്രയോരിറ്റി)ലും ഫോക്കസ് ട്രാക്കിങ്ങിലൂടെയും(സെര്‍വ്വൊ) ക്യാമറ പ്രവര്‍ത്തിക്കുന്നതായിരിക്കും നല്ലത്. ഉയര്‍ന്ന ഷട്ടര്‍സ്പീഡ് ക്യാമറയില്‍ സെറ്റു ചെയ്യാന്‍ മറക്കരുത്. കണ്ടിന്യൂസ് ഷട്ടര്‍സ്പീഡ് ഉപയോഗിക്കുന്നതും ചിത്രീകരണം എളുപ്പമാക്കും. വൈറ്റ് ലെന്‍സുകള്‍ ആണെങ്കില്‍ അവയുടെ നിറം പുറമെക്കാണാത്ത വിധത്തില്‍ ലെന്‍സുകള്‍ കാടിനു ചേര്‍ന്ന നിറങ്ങളിലുള്ള തുണികള്‍ കൊണ്ട് മറച്ചു പിടിക്കുന്നതു നല്ലതാണ്. പുഴയോരത്തെ വൃക്ഷ മറവുകളില്‍ നിന്നും പകര്‍ത്തുവാനും അവയുടെ ശ്രദ്ധ നമ്മളില്‍ നിന്നും മാറുമ്പോള്‍ കുറെ കൂടി അരികിലേക്കുള്ള ഏതെങ്കിലും മറവിലോ മറ്റോ മറഞ്ഞിരിക്കുവാനും ശ്രദ്ധിക്കണം.

 

ചിലപ്പോള്‍ മീനുകളെ പിടിച്ചു കരയിലേക്ക് കയറുന്നതു കാണാം. പലപ്പോഴും പുഴയിലെ ഒരു പ്രത്യേക സ്ഥലത്തു തന്നെ അവയെ തുടര്‍ച്ചയായി കാണാറുണ്ട്. കോമണ്‍ ഒട്ടര്‍ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം ലുട്ര ലുട്ര എന്നാണ്. ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കൂടാതെ യൂറോപ്പിലും ഇവ കാണപ്പെടുന്നു. മത്സ്യങ്ങളെ കൂടാതെ ഞണ്ടുകളേയും ഞവണികളേയു തവളകളേയുമൊക്കെ ഇവ ഭക്ഷിക്കാറുണ്ട്. ചില ജലാശയ സസ്യങ്ങളെപ്പോലെ കരയിലെ ചില സസ്യങ്ങളേയും ചിലപ്പോഴൊക്കെ ഭക്ഷണമാക്കാറുണ്ട്.

 

ഇവ ഇപ്പോള്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമായി ഒതുങ്ങിപോകുന്ന പോലെ കാണപ്പെടുന്നതിനും പ്രധാന കാരണം ആവാസവ്യവസ്ഥകള്‍ക്ക് നേരിടുന്ന നാശമാണ്. എന്റെ ഗ്രാമത്തിലെ പഴയ കണ്ടല്‍ കാടുകള്‍ നിന്ന സ്ഥലം ഇപ്പോള്‍ ശൂന്യമാണ്. ആ പെയ്യലിന്റെ പകുതിയോളം ആരോ ചിറകെട്ടി തിരിച്ചും എടുത്തു കഴിഞ്ഞു. പുഴയോരത്ത് ഇപ്പോള്‍ മറഞ്ഞു നില്‍ക്കാന്‍ തെങ്ങുകളുമില്ല അക്കരെ നീര്‍നായ്ക്കള്‍ക്ക് ഒളിച്ചു കഴിയുവാന്‍ കണ്ടല്‍ക്കാടുകളുമില്ല.