കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് കാട്ടില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ട് പുഴയുടെ പുറപ്പാടു തേടി ഒരു ഫോട്ടോഗ്രാഫറുടെ യാത്രകാട്ടിലൂടെ നടക്കുമ്പോള്‍ നാം മറക്കുന്നത് കാലിനേയും വയറിനേയുമാണ്. കയറ്റിറക്കങ്ങള്‍ കഴിഞ്ഞ് സമയമാപിനിയെ തൊടുമ്പോഴാണ് വയറ് വിശക്കുന്നുവെന്ന് പറയുക. ആദ്യമായാണ് യാത്രയെങ്കില്‍ അട്ടകള്‍ ഓര്‍മ്മപ്പെടുത്തുമ്പോഴായിരിക്കും കാലിനെ നാം ഓര്‍ക്കുന്നത്.

കാട്ടിലൂടെ നടന്ന് കാട്ടരുവിയില്‍ കുളിച്ച് അതിനരികില്‍ കിടന്നുറങ്ങി ആനയേയും കാട്ടിയേയും കണ്ടു നീങ്ങുന്ന യാത്ര പണ്ടെനിക്ക് മുത്തശ്ശിക്കഥയായിരുന്നെങ്കില്‍ ഇന്നെനിക്ക് പ്രാണവായുവാണ്.

തേക്കടി തടാകത്തിനു മുകളിലെ പെരിയാറിനെ കാണാന്‍ നടത്തിയ യാത്ര മനസ്സില്‍ നിറയുന്നു. കൊടിയ വേനലിലും കയങ്ങളില്‍ വെള്ളം നിറച്ച് സുക്ഷിക്കുന്ന കാട്ടരുവിയുടെ കരയിലുടെ നടന്ന് തുടക്കത്തിലെ നീര്‍ത്തുള്ളിയെ കണ്ടെത്താന്‍ മൂന്നര ദിവസത്തെ നീണ്ട നടത്തം. മുല്ലയാറും പെരിയാറും ചേര്‍ന്നുണ്ടായ വെള്ളത്തിന്റെ പേരില്‍ രണ്ടു സംസ്ഥാനങ്ങള്‍ വഴക്കടിക്കുമ്പോഴും പണ്ടേ തുടങ്ങിയ ജലമോഷണത്തിന്റെ കഥ പറയുന്ന ചെമ്പകവല്ലിയിലെ കല്‍ക്കെട്ടുകളിന്നുമുണ്ട്. ചൊക്കംപെട്ടി മലനിരയുടെ മുകളില്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കാനുള്ള ചെറുചാലുകളും. അതിനപ്പുറം തമിഴ്‌നാട്ടിലേക്കുള്ള കുത്തിറക്കം ഇറങ്ങുമ്പോള്‍ അരികത്തെ ഉരുളന്‍പാറകള്‍ പുഴയായിരുന്നുവെന്ന് നമ്മോടു പറയും.

തേക്കടിയില്‍ നിന്നും 23 കിലോമീറ്ററോളം ബോട്ടില്‍ യാത്രചെയ്താല്‍ താന്നിക്കുടിയിലെത്തും. അവിടെനിന്ന് മുന്നര ദിവസത്തെ നടപ്പുനടന്നാല്‍ പെരിയാറിന്റെ തുടക്കമായ ചൊക്കാംപെട്ടി മലനിരകളിലുമെത്താം.

അണ കെട്ടി ഒരു കാടിനെ മുക്കികൊല്ലുന്നതിന്റെ കഥയാണ് തേക്കടിയില്‍ നിന്നും താന്നിക്കൂടിയിലേക്കുള്ള യാത്രയ്ക്കിയില്‍ തടാകത്തില്‍ കാണുന്ന മരക്കുറ്റികള്‍ നമ്മോട് പറയുക. വംശനാശ ഭീഷണിയുള്ള ചേരക്കോഴിയും മലമുഴക്കി വേഴാമ്പലും വലുതും ചെറുതുമായ നീര്‍ക്കാക്കകളും ഈ പഴയ കാടിന്റെ നശിക്കാത്ത ഓര്‍മ്മകളായി മുന്നിലും ആകാശത്തും കാണാം.
തേക്കടിയില്‍ നിന്ന് മണിക്കൂറിലേറെ യാത്ര ചെയ്താലേ മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കുടിക്ക് സമീപം എത്താനാവൂ. ഈ 28 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ആനകളും കാട്ടുപോത്തും മ്ലാവും പന്നിയുമെല്ലാം നമ്മുടെ മുന്നില്‍ ഉണ്ട്. ബോട്ടിലൂടെ 28 കിലോമീറ്റര്‍ താണ്ടിയാല്‍ താന്നിക്കുടിയിലെത്താം. അവിടെ നിന്ന് 28 കിലോമീറ്റര്‍ കൂടി താണ്ടിയാല്‍ ചൊക്കാംപെട്ടിയിലെത്തും. ഈ ദൂരം താണ്ടാനാണ് മൂന്നു ദിവസമെടുക്കുന്നത്.

താന്നിക്കുടിയില്‍ പഴയൊരു ഇന്‍സ്‌പെക്ഷന്‍ ബംഗഌവുണ്ട്. പണ്ട് ശിക്കാറിന് പോയിരുന്നവര്‍ക്കായി ഒരുക്കിയതാണിത്. ഇന്നത് പരിരക്ഷണത്തിന്റെ ആസ്ഥാനമാണ്. വേനലായാല്‍ താന്നിക്കുടി ഐ ബി ക്കടുത്ത് വരെ ബോട്ടില്‍ പോകാന്‍ കഴിയില്ല. ചൊക്കാംപെട്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന പുഴ മുല്ലയാറുമായി ചേരുന്നിടത്തു നിന്ന് മുകളിലോട്ട് പോകുമ്പോള്‍ അരികിലെ മുളകളെല്ലാം പൂത്തുനില്‍ക്കുന്നു. താഴെ പുഴയുടെ അരികില്‍ പച്ച. കുറച്ച് മുകളിലെത്തുമ്പോള്‍ പുഴയ്‌ക്കൊരു ചെമ്പന്‍ വര്‍ണ്ണം. ചിലയിടങ്ങളില്‍ കടും ചുവപ്പ്. അതിനിടയില്‍ ഒരു നേര്‍ത്ത ചാലായി പുഴ. ഇങ്ങനെയായാല്‍ മുകളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഉള്ളിലാശങ്ക. കുറച്ചുകൂടി മുകളിലോട്ട് നീങ്ങുമ്പോള്‍ അങ്ങിങ്ങുള്ള കയങ്ങളില്‍ വെള്ളം നിറച്ച് പുഴ കിടക്കുന്നു. ഇര വിഴുങ്ങിയ പാമ്പുപോലെ. അരികിലെ മണ്‍തിട്ടയില്‍ പല വര്‍ണ്ണത്തില്‍ മണ്ണിന്റെ അടുക്കുകള്‍. ഇത് കാടിന്റെ ജീവചരിത്രമെന്ന് ഒരുമിച്ചുണ്ടായിരുന്ന വിജ്ഞാന ഭണ്ഡാരം ഡോ. സതീഷ്ചന്ദ്രന്റെ വെളിപ്പെടുത്തല്‍. കാടു കത്തിയ കാലം ആ മണ്ണടുക്കില്‍ എഴുതിവെച്ചിരിക്കുന്നു. താന്നിക്കുടിയില്‍ നിന്ന് മ്ലാപ്പാറയിലേക്ക് 10 കിലോമീറ്ററോളം ദൂരമുണ്ട്. താന്നിക്കുടി കഴിഞ്ഞുള്ള കയറ്റത്തിലാണ് കോണകം തൂക്കിപ്പാറ. ആദ്യമായി ഇതു വഴി പോകുന്നവര്‍ കോണകമഴിച്ച് ഇവിടുത്തെ മരത്തില്‍ തൂക്കുന്നത് പഴയ ആചാരം. ഞാനും അവിടെ തൂക്കി, കോണകമല്ല, കൈയിലുള്ള തൂവാല. അതു കഴിഞ്ഞാണ് നെല്ലിപ്പാറ. ഇതിന്റെ താഴ്‌വാരത്തില്‍ പോത്തിന്‍ കൂട്ടം, ദൂരെ ഒരാന. കുറച്ച് താഴെ ഒരു കാട്ട്‌പോത്ത് പുഴയരികില്‍ എല്ലാം മറന്ന് മേയുന്നു. പോത്തിനടുത്ത് ഞാനെത്തിയിട്ടും അതറിഞ്ഞില്ല. അതു കഴിഞ്ഞ് പുഴയരികില്‍ തീ കൂട്ടി ഒരു കട്ടന്‍ ചായ. രാവിലെ കരുതിയ ഉപ്പുമാവുണ്ട് കൂട്ടിന്. അല്‍പ്പ വിശ്രമം. അതു കഴിഞ്ഞ് മ്ലാപ്പാറയ്‌ലേക്കുള്ള ഇറക്കം. ആദ്യ ദിവസത്തെ ക്യാമ്പ് മ്ലാപ്പാറയിലാണ്. കാട്ടുചോലയിലൊരു കുളി കഴിഞ്ഞപ്പോള്‍ നടത്ത ക്ഷീണം അലിഞ്ഞുപോയി. ചോറു വേവുന്നതും കാത്തിരിപ്പാണ് പിന്നെ. ഉണക്കമുള്ളനും കാന്താരി മുളകും ചേര്‍ത്തിടിച്ച് ചമ്മന്തിയും ചോറും അത്താഴം. കുശാല്‍. ടെന്റൊരുക്കി തീ കൂട്ടി ഉറക്കചാക്കിലേക്ക് കയറി കഴിഞ്ഞാല്‍ പിന്നെ ഒന്നുമറിയില്ല. രാവിലെ പക്ഷികളുടെ ഒച്ച കേള്‍ക്കും വരെ.

മ്ലാപ്പാറയില്‍ പുഴയോരത്തു നിന്നും മുകളിലോട്ട് കുത്തനെയുള്ള കയറ്റമാണ്. പഴയ മ്ലാപ്പാറ എസ്റ്റേറ്റാണിത്. കുറേ കെട്ടിടങ്ങളും പേരയും നാരകവുമൊക്കെ കാണാം. ഇവ മാത്രമാണ് ഇവിടം പണ്ട് എസ്റ്റേറ്റായിരുന്നെന്നതിന് തെളിവ്. ഏത് ഏലത്തോട്ടവും കുറച്ച് വര്‍ഷം വെറുതേയിട്ട് ശല്യപ്പെടുത്താതിരുന്നാല്‍ കാടാകുമെന്നതിന്റെ സാക്ഷ്യപത്രമാണിവിടെ. അവിടം തൊട്ട് കൂട്ടിന് അട്ടയുണ്ട്.

++++++++++

കുറേ നടന്നാല്‍ ഇഞ്ചപ്പാറയിലെത്തും. രാവിലെ ഏഴിന് ഉപ്പുമാവും കഴിച്ച് തുടങ്ങിയ യാത്രയുടെ ആദ്യപാദം ഇവിടെ കഴിയുന്നു. ഇവിടെ കട്ടന്‍ ചായ തിളയ്ക്കും വരെ വിശ്രമം. അതു കഴിഞ്ഞുള്ള നടപ്പ് നല്ല കാട്ടിലൂടെയാണ്. മുകളില്‍ മലയണ്ണാന്‍. താഴെ പുഴയ്ക്ക് പലവര്‍ണ്ണങ്ങള്‍. ഇലകളുടെ പ്രതിബിംബമാണത്. രണ്ടാം ദിവസത്തിന്റെ അന്ത്യമടുത്തു വരുന്നു. മൂലവൈഗയിലാണ് ഊണും ഉറക്കവും. പുഴയുടെ നടുക്ക് ദ്വീപു പോലൊരു സ്ഥലത്ത് ഇരട്ടകളെ പോലുള്ള ആനകളുടെ തീറ്റയും കുസൃതിയും. കുറച്ച് ദൂരെ ഒരാനക്കൂട്ടം. അതില്‍ നിന്ന് മാറി നടക്കുന്ന ചട്ടുകാലന്‍ ആന ഞങ്ങളെ കണ്ടതും മുന്നറിയിപ്പ് ചിന്നം വിളിയുമായി കാട്ടിലേക്കോടി. പിറകില്‍ ഇരട്ടകളും. പുഴ മത്സ്യങ്ങളാല്‍ സമൃദ്ധമാണ്. പാറക്കുഴികളിലെ വെള്ളത്തിലെല്ലാം മീനുകള്‍. ഉയര്‍ന്ന തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കാണുന്ന കുയില്‍ മീനുകളാണേറെ.വംശനാശ ഭീഷണിയുള്ള ബ്രാഹ്മണകണ്ടയും കൂട്ടിനുണ്ട് പിന്നെ ഈറ്റില കണ്ടയും കൂരലും.


തുടര്‍ന്നൊരു കയറ്റമാണ്, കുണ്ടാങ്കല്ലിലേക്ക്. ആനപോലും നിരങ്ങി വീഴുന്ന തരം ഉരുളന്‍ കല്ലുകളുള്ള ഇടമാണിത്. വീതി കുറഞ്ഞ കാട്ടാറിലൂടെ പാറകള്‍ ചാടികയറിയുള്ള ഈ യാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്. തമിഴ്‌നാട്ടുകാരാണ് ഈ സ്ഥല ത്തെ കുണ്ടാങ്കല്ലെന്ന് വിളിച്ചത്. മന്നാന്‍മാര്‍ക്ക് ഇവിടം പടുതക്കാട്ട് വിടുതിയാണ്. തോട്ടരികില്‍ ചോറു വേവിക്കുമ്പോള്‍ കണ്ണന്‍ നൂറാന്‍കിഴങ്ങ് മാന്താന്‍ പോയി. ദൂരെ കുലച്ചു നില്‍ക്കുന്ന കാട്ടുവാഴയിലേക്കായിരുന്നു എന്റെ നോട്ടം. മുറിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. കല്ലുവാഴയാണത്. കല്ലില്ലാത്ത ഭാഗം ചെത്തി തോരന്‍ വെച്ചു. തോടരികിലെ മണ്ണിനടിയിലേക്ക് നീണ്ടുപോകുന്ന കിഴങ്ങു മാന്തല്‍ ചില്ലറ അദ്ധ്വാനമൊന്നുമല്ല. മാറാങ്കിഴങ്ങ് എന്നാണിതിനെ മാന്നാന്‍മാര്‍ വിളിക്കാറ്. പുഴുങ്ങി തിന്നാന്‍ നല്ല സ്വാദാണ്. കുണ്ടാന്‍കല്ലിലെ താമസം കഴിഞ്ഞ് മണലോട വഴിയാണ് മുക്കാറിലേക്ക് പോകുന്നത്. മണലോട കഞ്ചാവുകാരുടെ കേന്ദ്രമാണ്. വഴിയരികിലെ വെടിപ്ലാവിനു മുകളില്‍ സിംഹവാലന്‍. താഴെ പൊട്ടിക്കിടക്കുന്ന വെടിച്ചക്കകളാണത് പറഞ്ഞത്.

അന്ന് രാത്രി മുക്കാറിലാണ് താമസം. കാട്ടിനുള്ളിലെ താമസത്തിന്റെ അവസാനത്തെ കിടപ്പ് ഇവിടെയാണ്. സുന്ദരമലയില്‍ നിന്നും ചൊക്കന്‍ പെട്ടിയില്‍ നിന്നും ചെമ്പകവല്ലിയില്‍ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികള്‍ പെരിയാറാകുന്ന സുന്ദര ദൃശ്യത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. ഈ ഭാഗ്യം കിട്ടിയ അപൂര്‍വ്വം ഒരാളാവുകയാണ് ഞാന്‍.

ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ ആവുന്നതിലേറെ സൗന്ദര്യം ഈ കാഴ്ചയ്ക്കുണ്ട്. ഒഴുകിയെത്തുന്ന അരുവികള്‍ നിശ്ചലമായി കിടക്കുന്ന മുക്കാറില്‍. കാടിന്റെ വര്‍ണ്ണഭേദങ്ങള്‍ ആ പുഴകള്‍ തീര്‍ത്ത കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട്. പല പച്ചകള്‍ ഉറഞ്ഞ് കറുപ്പാകുന്നതും അലിഞ്ഞ് വെള്ളയാകുന്നതും ഇവിടെ കാണാം. ഈ ചിത്രം വരികളില്‍ ഒതുക്കാനാവില്ല. എന്റെ ക്യാമറയില്‍ പകര്‍ത്താനും. അതെന്റെ മനസ്സിന്റെ ചുമരില്‍ തൂക്കിയിട്ടിരിപ്പാണ്. മുക്കാറില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചെമ്പകവല്ലിയാണ്. ഇവിടെ കാലങ്ങള്‍ക്ക് മുമ്പ് മുല്ലപ്പെരിയാര്‍ ഒരുക്കുന്നതിനു മുമ്പുതന്നെ തമിഴ്‌നാട്ടുകാര്‍ അണകെട്ടിയിരുന്നു. കേരളത്തിലേക്കൊഴുകുന്ന ചെമ്പകവല്ലിത്തോടിനെ തടഞ്ഞുനിര്‍ത്തി ഒരു കിലോമീറ്ററോളം കല്‍ചാലിലൂടെ തമിഴ്‌നാടിന്റെ മുകളില്‍ കൊണ്ടുപോയി ഒഴുക്കി വിടുകയായിരുന്നു അവര്‍. എപ്പഴോ ഇതു കണ്ടെത്തി കേരളാ വനം വകുപ്പ് രണ്ടിടങ്ങളിലായി ഈ ചാല്‍ പൊളിച്ച് വെള്ളം കേരളത്തിലേക്ക് തന്നെ ഒഴുക്കി. അന്നവിടെ വിഘ്‌നമകറ്റാന്‍ സ്ഥാപിച്ച വിഘ്‌നേശ്വര പ്രതിമ ഇന്നുമുണ്ട്. പഴയ സുര്‍ക്കിയിട്ടുറപ്പിച്ച കല്‍ക്കെട്ടുകളും. ഇത് പിന്നിട്ട് കുറച്ച് മുകളിലോട്ട് നടന്നാല്‍ ഒരു ഭാഗത്ത് തൂശനിക്ക കുച്ചിലാണ്. പണ്ട് തമിഴ്‌നാട്ടുകാര്‍ വന്ന് ക്യാമ്പടിച്ചിരുന്ന സ്ഥലമാണിത്. അന്ന് ഭക്ഷണത്തിന്റെ ബാക്കി മത്തന്‍ കുരു മുളച്ച് വളര്‍ന്ന സ്ഥലമാണിത്. തൂശനിക്കയെന്നാല്‍ കുമ്പളങ്ങ. ഇത് പിന്നിട്ടാല്‍ കുത്തനെയുള്ള ഇറക്കമാണ്. കേരളാതമിഴ്‌നാട് അതിര്‍ത്തിയാണിവിടം. ഇറങ്ങിചെല്ലുന്നത് പന്ത്രണ്ടേക്കര്‍ എന്നറിയപ്പെടുന്ന എസ്റ്റേറ്റിലാണ്. വഴിയിലെങ്ങും പുളിനാരകങ്ങള്‍. കുറച്ച് നടന്നപ്പോള്‍ ഹരിതകാനനം. ചുറ്റും കള്ളിച്ചെടികള്‍. കാട്ടുകോഴികള്‍.

മുന്നില്‍ തീര്‍ഥപ്പാറ. കുളി ഇവിടെയാണ്. കാടിന്റെ സമസ്ത ഗന്ധവും മനസ്സില്‍ മാത്രമാക്കി ശരീരത്തിലെ കാട്ടോര്‍മ്മകള്‍ ഒഴുക്കി കളഞ്ഞാണിനി യാത്ര. പളിയക്കുടിയാണ് ലക്ഷ്യം. അവിടെ ഞങ്ങളെ കാത്ത് പെരിയാര്‍ കടുവ സങ്കേതത്തിലെ വാഹനവുമായി സുകുവെത്തും. പളിയക്കുടിയിലെത്തുമ്പോള്‍ കുരച്ച് സ്വാഗതം ഓതുന്ന നാട്ടുപട്ടികള്‍ , കൊത്തി ഓടിക്കാനെത്തുന്ന സുന്ദരന്‍ പൂവന്‍കോഴികള്‍. ഈ കുടിക്കടുത്തുള്ള പുഴയില്‍ വെള്ളമില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. എങ്ങിനെ വെള്ളമുണ്ടാകാനാണ്. തമിഴ്‌നാട് അതിര്‍ത്തിക്കിപ്പുറം കാടില്ല. എസ്റ്റേറ്റുകള്‍ മാത്രം.

ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പുറം കടന്നപ്പോള്‍ സുകു കാത്തിരിപ്പുണ്ട്. പിന്നെ വാസുദേവനല്ലൂര്‍ കമ്പം തേനി വഴി കുമിളിയിലേക്ക് തിരികെ യാത്ര. വഴിയരികില്‍ വെള്ളക്കുപ്പായമഴിച്ച് വെച്ച് നഗ്‌നയായ് വൈഗ കിടക്കുന്നു. മനസ്സില്‍ പഴയൊരു സെമിനാറിന്റെ തലവാചകം.

(ഈ യാത്ര മഹാഭാഗ്യവാന്‍മാര്‍ക്കു മാത്രമുള്ളതാണ്. സംരക്ഷിത വനപ്രദേശത്തിന്റെ ഹൃദയത്തിലുടെയുള്ള യാത്ര പരിരക്ഷണ ആവശ്യാര്‍ത്ഥം വനപാലകരോടൊപ്പം മാത്രമാണ് ).