ആകാശമാര്‍ഗം താഴോട്ട് നോക്കുക. റോസാദളങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ കാണാം. ചെങ്കുറിഞ്ഞിമരങ്ങള്‍ പേര് ചാര്‍ത്തിയ ശെന്തുരുണിക്കാട്. ദളപുടങ്ങള്‍ക്ക് നടുവില്‍ പരാഗകേസരങ്ങള്‍ പോലൊരു താഴ്‌വര കാണുന്നില്ലേ. അതാണ് റോസ്മല. ഇതളൂര്‍ന്ന വീണ പനിനീര്‍ദളങ്ങള്‍ പോലെ കാണുന്നത് ജലാശയത്തിലെ ഒറ്റപ്പെട്ട കുന്നുകളാണ്. ഈ പനിനീര്‍സാമ്യപ്രകൃതിയാണ് റോസുമലയുടെ പേരിനു പിന്നില്‍. ഇവിടെ എസ്റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷ് പ്ലാന്ററുടെ ഭാര്യ റോസ്‌ലിന്റെ പേരാണെന്നൊരഭിപ്രായവുമുണ്ട്. രണ്ടായാലും കാലാവസ്ഥയും പ്രകൃതിയും റോസാപ്പൂപോലെ മുഗ്ധം.

ഇനി കരമാര്‍ഗം പോവാം. കൊല്ലത്തുനിന്ന് ആര്യങ്കാവിലേക്കുളള പാതയിലെ കഴുതുരുട്ടിയിലെത്താം.അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പന്ത്രണ്ട് കിലോമീറ്ററാണ് റോസുമലയിലേക്ക്. കാനനപാതയുടെ കാര്യം കഷ്ടമാണ്. ചെങ്കുത്തായ കയറ്റിറക്കങ്ങള്‍. പൊട്ടിപ്പൊളിഞ്ഞ ടാര്‍, ഉരുളന്‍ കല്ലില്‍ ചാടിചാടി പോകേണ്ട ചപ്പാത്തുകള്‍. എന്നാലും സര്‍ക്കാരിന്റെ കാരുണ്യം പോലെ ബസ്സ് സര്‍വ്വീസുണ്ട്. രാവിലെയും വൈകീട്ടും ഓരോ സര്‍വ്വീസ്. അതോടുന്നത് വളരെ കഷ്ടപ്പെട്ടാണ്. ഓവര്‍ലോഡാണെങ്കില്‍ ചില കയറ്റങ്ങളില്‍ യാത്രക്കാരെ ഇറക്കി നടത്തിക്കും.

ഫോര്‍വീല്‍ഡ്രൈവ് ജീപ്പിലായിരുന്നു ഞങ്ങള്‍. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ലക്ഷ്മി യാത്രയ്ക്കുവേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുതന്നിരുന്നു. ഒപ്പം ഫോറസ്റ്റര്‍ രാജേഷും, ഡ്രൈവര്‍ നവാസും ഗാര്‍ഡ് വിനോജും. ആടിയുലഞ്ഞ് ഒരു മസാജിങ് എഫക്ട് കഴിഞ്ഞ് റോസ്മലയുടെ പ്രധാനകവലയിലെത്തുമ്പോള്‍ ഉച്ചയായിരുന്നു. കവല എന്നുകേട്ട് കൂടുതലൊന്നും സങ്കല്‍പ്പിക്കണ്ട. നാല് കടയും, ബസ്‌കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാന്‍ നാല് കല്ലും.

ജംഗ്ഷനിലെ റസാഖിന്റെ കടയില്‍ നിന്ന് നല്ല നാടന്‍ ഊണും കഴിച്ച് ട്രക്കിങ്ങിന് തയ്യാറായി. യാത്രയുടെ മുന്നൊരുക്കം പതിവുപോലെ അട്ടപ്രതിരോധമാണ്. ഈ യാത്രയില്‍ പുതിയൊരു സൂത്രം കിട്ടി. പാട്ടത്താളിയുടെ ഇലകള്‍ വെളിച്ചെണ്ണയില്‍ ഇട്ടുവെക്കുക. ഒരാഴ്ച കഴിഞ്ഞ് എടുത്ത് ഉപയോഗിക്കാം. കാലില്‍ നന്നായി തേച്ചുപിടിപ്പിച്ചാല്‍ വെള്ളച്ചാട്ടത്തിലിറങ്ങിയാലും എണ്ണ കാലില്‍ തന്നെയുണ്ടാവും. രൂക്ഷഗന്ധം ഇല്ലാത്തതിനാല്‍ കാടിന് എന്തുകൊണ്ടും അനുയോജ്യം. വാച്ചര്‍മാര്‍ ഒരുക്കി വെച്ച പാട്ടത്താളിവെളിച്ചെണ്ണ എല്ലാവരും എടുത്ത് പുരട്ടിയപ്പോള്‍ നിമിഷങ്ങള്‍കൊണ്ട് തീര്‍ന്നു.റോസ്മലയുടെ ഉള്‍ക്കാട്ടിലുളള ദര്‍ഭക്കുളത്തേക്കായിരുന്നു ആദ്യ ട്രക്കിങ്. വനംവകുപ്പ് ഗാര്‍ഡ് വിനോജും സുരേഷും വാച്ചര്‍മാരായ സലിംകുമാറും രവിയും. കാട്ടരുവികളും മുള്‍ക്കാടുകളും കടന്നാണ് യാത്ര. സലിംകുമാര്‍ മുന്നില്‍ നടന്നു. മരംവീണ് വഴി മുടങ്ങിയതുകൊണ്ട് അല്‍പം ചുറ്റിവളഞ്ഞു പോകേണ്ടി വന്നു. അപൂര്‍വ്വയിനം ചിത്രശലഭങ്ങളും തവളകളും കൂണുകളും ഉള്ള കാടാണിത്. അതു തേടിയെത്തുന്ന ഗവേഷകര്‍ക്ക് വഴികാട്ടി സഞ്ചരിച്ചതുകൊണ്ട് കാട്ടിലെ ജീവജാലങ്ങളെ കുറിച്ച് സലിമിനും ധാരണയുണ്ട്. സൂക്ഷ്മജീവികളേയും പെട്ടെന്നു കാണും. തലയുയര്‍ത്തി നില്‍ക്കുന്ന പച്ചിലപാമ്പിനെ കാണിച്ചുതന്നു. ജയേഷ് അതിനെ ക്യാമറയിലാക്കി. കുറേനേരം പോസ് ചെയ്തുകൊടുത്ത പാമ്പ് ഇഴഞ്ഞുപോയി.

കിടങ്ങിനു നടുവിലെ പച്ചവീട്ടിലെത്തി. വനംവകുപ്പിന്റെ ചെറിയ ഷെഡ്. തൊട്ടു മുന്നിലാണ് ദര്‍ഭക്കുളം-കാടിന്റെ പരിശുദ്ധി ഏറ്റുവാങ്ങിയൊരു തടാകം. പണ്ട് ദര്‍ഭപുല്ലുകള്‍ ഉണ്ടായിരുന്നിരിക്കാം. ഇപ്പോള്‍ കാണാനില്ല. ശാന്തമായ ജലപരപ്പില്‍ ചുറ്റുമുള്ള വനനിബിഢമായ മലകളുടെ പ്രതിഫലനം. ഉരുളിയാര്‍ ഇവിടെ നിന്നാണ് തുടങ്ങുന്നത്.

ദര്‍ഭപൊയ്കയില്‍ മീനുകളുണ്ട്. ആറ്റുവാള, ബ്ലൂഞ്ചി എന്നെല്ലാമറിയപ്പെടുന്ന മീനാണ് കൂടുതല്‍. അടിയില്‍ പായല്‍ നിറഞ്ഞിരിപ്പുണ്ട്, കൊടിയവേനലിലും വെള്ളം വറ്റാറില്ല. നാലരയേക്കര്‍ ഉണ്ടായിരുന്ന കുളം ഈ അടുത്തകാലത്ത് അളന്നപ്പോള്‍ രണ്ടരയേക്കറേ കാണുന്നുള്ളു. എല്ലാം കാടുകേറി നികന്നതാണ്. കിഴക്കുഭാഗത്ത് നിറയെ പാറക്കെട്ടുകളാണ്. ചിലയിടത്ത് ഗുഹയുമുണ്ട്. ഗുഹക്കുള്ളിലൂടെ വെള്ളം ഒഴുകുന്ന ശബ്ദവും കേള്‍ക്കാം. ഈ ശബ്ദം കേട്ട് തമിഴ്‌നാട്ടുകാര്‍ തുരങ്കമുണ്ടാക്കി വെള്ളം ചോര്‍ത്തുകയാണെന്ന് തെറ്റിദ്ധരിച്ച കഥയും വാച്ചര്‍മാര്‍ പറഞ്ഞു.

ഇവിടെ നിന്നും ചെങ്കോട്ടയ്ക്ക് ഒരു ജീപ്പ് റോഡുണ്ട്. ഏഴ് കിലോമീറ്റര്‍ നടന്നാല്‍ ചെങ്കോട്ടയിലെത്താം. അതുവഴി തമിഴ്മക്കള്‍ ഇങ്ങോട്ട് വരും. കാരണം ഈ ദര്‍ഭസരോവരക്കരയില്‍ അവരുടെ ദൈവം കറുപ്പാസ്വാമിയും കുടികൊള്ളുന്നു. പൂജാമലരുകള്‍ അര്‍പ്പിച്ച് നേര്‍ച്ച നടത്തി അവര്‍ പോകുന്നു.

റോസ്മലയിലെ വാച്ച് ടവറിലേക്കാണ് അടുത്ത യാത്ര. വീണ്ടും റോസ്മലകവലയിലെത്തി വേണം പോകാന്‍. റോസ്മലയുടെ 250 കുടുംബങ്ങള്‍ക്കിടയിലേക്ക് ഒരപരിചിതനെത്തിയാല്‍ അതപ്പോള്‍ തന്നെ അറിയും. അതുകൊണ്ടാവാം കവലയിലെത്തുമ്പോഴേക്കും കുറേപ്പേര്‍ കൂടി. കൂട്ടത്തില്‍ യോഹന്നാന്‍ ചേട്ടനെ ഒന്നു പരിചയപ്പെടണം. ഒരക്കം മാറിയപ്പോയതുകൊണ്ട് രണ്ട്‌കോടിയുടെ ലോട്ടറി നഷ്ടപ്പെട്ടയാളാണ് കക്ഷി. അന്നൊരുനാള്‍ മൗനിയായിപോയി. എല്ലാ ലോട്ടറിയിലും അങ്ങിനെ രണ്ടു പേരുണ്ടാവുമെങ്കിലും റോസ്മലപോലുള്ള ഒരു കൊച്ചുദേശത്തായതുകൊണ്ടാവാം യോഹന്നാന്‍ ചേട്ടന്‍ പ്രശസ്തനായി. തേനീച്ചവളര്‍ത്തലാണ് മറ്റൊരു ഹോബി. ഒരിക്കല്‍ താടിയില്‍ തേനീച്ച കൂടും താങ്ങി കളക്ടര്‍ വന്നൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതും സംഭവമായി. സ്‌റ്റേജില്‍ കയറുമ്പോള്‍ കാലൊന്നിടറി. താടി അടര്‍ന്നു. പെട്ടെന്ന് തന്നെ സ്വന്തം മുണ്ടിലവയെ വാരിപൊത്തി നാട്ടുകാരുടെ തടിയും സ്വന്തംതടിയും രക്ഷിച്ചു. കഥപറഞ്ഞും ചിരിച്ചും നടക്കുമ്പോള്‍ കുന്നുകയറ്റത്തിന്റെ ആയാസം കുറയുന്നു.വാച്ച്ടവറിനടുത്തെത്തി. താഴോട്ട് നോക്കുമ്പോള്‍ തെന്‍മല ഡാമിന്റെ വിശാലദൃശ്യം. വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന പോലെ മലനിരകള്‍. നിശ്ചലമായ ജലപരപ്പില്‍ മൂളിപ്പാട്ടു പോലെ തലോടി പോവുന്ന ഇളംകാറ്റ്. അന്തിമേഘങ്ങളുടെ ചിത്രവര്‍ണങ്ങള്‍. കാലാവസ്ഥ നല്ലതാണെങ്കില്‍ ഉദയാസ്തമയങ്ങള്‍ അതി മനോഹരം. വനംവകുപ്പിന്റെ വയര്‍ലസ് സ്റ്റേഷന്‍ ടവറില്‍ കയറി നോക്കുമ്പോള്‍ ഡാമിന്റെയും കുന്നുകളുടെയും ആകാശകാഴ്ചയും താഴെ ചിത്രകംബളം വിരിച്ചിട്ട പോലെ.

ദൂരെ നിന്നും സ്പീഡ്‌ബോട്ടിന്റെ ശബ്ദം. ഞങ്ങളെ റോസ്മലയിലെത്തിച്ച് തിരിച്ചുപോയ നവാസ് സ്പീഡ്‌ബോട്ടില്‍ ഫോറസ്റ്ററേയും കൊണ്ട് പെട്രോളിങ്ങിന് വന്നതാണ്. നവാസ് കൈവീശി. ടവറില്‍ നിന്നിറങ്ങി വീണ്ടും നടന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചില്ലാത്തതിനാല്‍ ഒരു പ്രശ്‌നവും അലട്ടുന്നില്ല. ഇവിടെ റേഞ്ചുള്ളത് ആകെ സലിംകുമാറിന്റെ വീടിനുസമീപമാണ്. അവിടെ എപ്പോഴുമൊരാള്‍ക്കൂട്ടം ഉണ്ടാവും. റേഞ്ച് തേടിയെത്തുന്നവരുടെ സംഗമം. ഗ്രാമവാസികളുടെ രഹസ്യങ്ങള്‍ സലിം ചേട്ടന്റെ ചെവിയിലെത്തുന്നത് അങ്ങിനെയാണ്. താഴെ താമസക്കാരുണ്ടെന്നതോര്‍ക്കാതെ ഫോണില്‍ പലരും പലതും പറയും. ഒരിക്കല്‍ റോസ്മലയില്‍ വന്ന് താമസിച്ച് അവിടെയൊരു പെണ്ണുംകെട്ടി ജീവിതം തുടങ്ങിയ ഷാജി മുസ്ലൂമാണെന്നും ഷാജിയെന്നതൊരു കള്ളപേരാണെന്നതും നാട്ടിലയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ടന്നും ഇങ്ങിനെയൊരു ഫോണ്‍വിളിയിലൂടെയാണ് മനസിലായത്. പിറ്റേദിവസം ഷാജിയെ കണ്ടപ്പോള്‍ നാട്ടിലെ ഭാര്യയ്ക്കും മക്കള്‍ക്കും സുഖമാണോ എന്നു ചോദിച്ചു. ഞെട്ടിപ്പോയ കക്ഷി രണ്ടാംനാള്‍ അവിടെ നിന്നും മുങ്ങി. ഓരോ കുടുംബത്തിലേയും ആഭ്യന്തര പ്രശ്‌നങ്ങളും പ്രണയവും കലഹവുമെല്ലാം ഈ കോളിങ് കോര്‍ണറിലൂടെ പരസ്യമാകുന്നു.

വിശേഷങ്ങള്‍ പങ്കുവെച്ച് നടന്ന് വീണ്ടും റോസ്മലയിലെ മേലെകവലയിലെത്തി. അവിടെ പച്ചക്കറി, അരി സാധനങ്ങള്‍ മുതല്‍ തുണികള്‍ വരെ കിട്ടുന്ന മൂന്നു കടമുറികളും ചായക്കടയുമുണ്ട്. റേഷന്‍ഷാപ്പ്, പോസ്റ്റ്ഓഫീസ്, നാലാംക്ലൂസ് വരെ പഠിക്കാന്‍ ഒരു സര്‍ക്കാര്‍ പള്ളിക്കൂടം. വല്ലപ്പോഴും ഡോക്ടര്‍മാര്‍ വരുന്ന പ്രാഥമികാരോഗ്യകേന്ദ്രം, രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ്, യാത്രയ്ക്ക് വിളിച്ചാല്‍ കിട്ടുന്ന ഫോര്‍വീല്‍ജീപ്പ്, ഇത്രയൊക്കെയാണ് റോസ്മലയിലെ അടിസ്ഥാനസൗകര്യങ്ങള്‍. അഞ്ചാം ക്ലൂസ് മുതല്‍ പഠിക്കാന്‍ ആര്യങ്കാവില്‍ പോകണം. ബസ് മുടങ്ങിയാല്‍ സര്‍വ്വീസ് ജീപ്പിനെ ആശ്രയിക്കേണ്ടി വരും. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരാന്‍ വൈകിയാല്‍ രക്ഷിതാക്കള്‍ തേടിചെല്ലും. വന്യമൃഗങ്ങളുള്ളതുകൊണ്ട് അവര്‍ക്കെപ്പോഴും ടെന്‍ഷനാണ്. ജീപ്പിന് ഒരാള്‍ക്ക് 35 രൂപയാണ് ഇങ്ങോട്ട് കയറാന്‍. അങ്ങോട്ടിറങ്ങാന്‍ 20 രൂപയും. ആനയിറങ്ങിയാല്‍ സ്‌കൂളു മുടങ്ങും. നല്ലൊരു മഴ പെയ്താലും അധ്യാപകരെത്തില്ല. ഒരിക്കല്‍ 92 ലെ ഉരുള്‍പൊട്ടലില്‍ ഗ്രാമം തീര്‍ത്തും ഒറ്റപ്പെട്ടുപോയിരുന്നു. അന്ന് റോഡ് ഒലിച്ചുപോയി. വേള്‍ഡ് മിഷന്‍ പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ നിന്ന് കാല്‍നടയായി ഭക്ഷണമെത്തിച്ചതുകൊണ്ടാണ് അന്ന് ജനം പട്ടിണി കിടക്കാതെ രക്ഷപ്പെട്ടത്. റോസ്മലയുടെ കഥകേട്ടുകഴിയുമ്പോഴേക്കും ഇരുള്‍ വീണിരുന്നു.പെട്ടെന്നാണ് ഈയാംപാറ്റകള്‍ പുറ്റുപൊട്ടിച്ച് പുറത്ത് വന്നത്. ആകാശത്തു നിന്നും പൊട്ടിവീണപോലെ ഒരു കൂട്ടം പുള്ളുകളും. നിമിഷനേരം കൊണ്ട് ഈയാംപാറ്റകള്‍ അവയ്ക്ക് ഭക്ഷണമായി. അല്ലെങ്കിലും ആ ജന്‍മത്തിന് അത്രയല്ലേ ആയുസുള്ളു!
കാട്ടിനു നടുവിലെ വനംവകുപ്പിന്റെ കാവല്‍നിലയത്തില്‍ അന്തിയുറങ്ങാനായി നടന്നു. മൊത്തം 16 കിലോമീറ്റര്‍ നടന്നു. ഇനി വിശ്രമം. കാട്ടില്‍, കിടങ്ങിനുള്ളിലെ കൂട്ടില്‍ കഞ്ഞിയും പയറും തയ്യാറാക്കി വാച്ചര്‍മാരായ അജയനും ജോയിയും കാത്തിരിപ്പുണ്ടായിരുന്നു. ഇരുള്‍ വീണ കാട്ടില്‍ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും കാടൊഴിഞ്ഞ ശൂന്യതയിലൂടെ കടന്നു വരുന്ന ഇത്തിരിവെട്ടവും തീര്‍ക്കുന്ന കുഞ്ഞുപേടിക്കുമുണ്ടൊരു സുഖം. രാത്രിശൈത്യവും കാട്ടിലെ അഞ്ജാത ശബ്ദങ്ങളുമെല്ലാം ഉറക്കത്തിന്റെ ആഴങ്ങളിലേക്ക്..

രാവിലെ രാത്രിക്കഞ്ഞിയുടെ ബാക്കി കുടിച്ച് അടുത്ത ട്രെക്കിങ്. പള്ളിവാസലാണ് ലക്ഷ്യം. രണ്ട് കിലോമീറ്റര്‍ കാട്ടുവഴി. ഇതൊരു തീര്‍ഥാടനകേന്ദ്രം കൂടിയാണ്. പണ്ട് സെയ്ദ് മഹ്‌സൂദ് വലിയുള്ള എന്ന സിദ്ധന്‍ സഞ്ചരിച്ചിരുന്ന കാനന വഴി. അദ്ദേഹത്തിന്റെ വിശ്രമസ്ഥലങ്ങളെല്ലാം തീര്‍ഥാടനകേന്ദ്രങ്ങളായി. കുളത്തുപ്പുഴയിലെ ചന്ദനക്കാവ്, തെന്‍മലയിലെ കുറവന്താവളം, ഒറ്റക്കല്‍, നാഗമല എസ്റ്റേറ്റിലെ കന്തിരിമല എന്നിവയെല്ലാം ഇത്തരമിടങ്ങളാണ്. ഇവിടെ പള്ളിവാസല്‍ തങ്ങള്‍ എന്നറിയപ്പെടുന്നു. പാറക്കുട്ടങ്ങള്‍ക്കിടയിലൂടെ ഉരുണ്ടുരുണ്ടൊഴുകുന്ന ഉരുളിയാറിന്റെ കരയില്‍ ഒരു കരിങ്കല്‍ത്തറ. ജാതിമതഭേദമന്യെ വിശ്വാസികള്‍ ഇവിടെ നേര്‍ച്ചയര്‍പ്പിക്കുന്നു. ചന്ദനത്തിരിയും വിളക്കും കത്തിച്ച് പ്രാര്‍ഥിക്കുന്നു. അന്നദാനവും നടത്തുന്നു. കുംഭമാസത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്. വനംവകുപ്പില്‍ പത്തുരൂപ എന്‍ട്രി ഫീ അടച്ച് അനുമതി വാങ്ങിവേണം പോവാന്‍. തങ്ങളെ വണങ്ങി ഞങ്ങള്‍ നടന്നു. ഈ വനപാത ജലാശയംവരെ നീളുന്നുണ്ട്. റോസ്മലയെ പണ്ട് പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന റോഡാണ്. ഡാം വന്നപ്പോള്‍ ബാക്കിഭാഗം വെള്ളത്തിലായി. പിന്നീടാണ് ആര്യങ്കാവുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് വന്നത്.

ജലാശയക്കരയില്‍ ആന മേഞ്ഞതിന്റെ ലക്ഷണങ്ങള്‍. വെള്ളത്തില്‍ പൊങ്ങുതടിയിലിരുന്ന് വെയിലുകായുന്ന ആമയും. ദൂരെ നിന്നും പെട്രോളിങ്ങ് ബോട്ടിന്റെ ശബ്ദം. ആമ വെള്ളത്തിലേക്ക ഊളിയിട്ടു. വാച്ചര്‍മാര്‍ തോര്‍ത്തുവീശി കാണിച്ചു. ബോട്ട് അടുത്തേക്ക് വന്നു. റേഞ്ച് ഓഫീസര്‍ ഹീരാലാലും ബോട്ട്‌ഡ്രൈവര്‍ നവാസും. ഉമയാറിലെ വനംവകുപ്പിന്റെ കെട്ടിടം ആനയും കാറ്റും തകര്‍ത്തിട്ടിരിക്കുകയാണ് അതിന്റെ അറ്റകുറ്റപണിക്ക് എസ്റ്റിമേറ്റ് എടുക്കാനാണ് വരുന്നത്. ബോട്ടില്‍ കോണ്‍ട്രാക്ടര്‍ക്കൊപ്പം സ്റ്റില്‍ഫോട്ടോഗ്രാഫര്‍ കണ്ണന്‍സൂരജും. ''ങ്‌ഹേ നിങ്ങളീ ഈ കാട്ടിലോ'', പുള്ളിക്ക് അത്ഭുതം. '''നിങ്ങളെങ്ങിനെ ഇവിടെയെത്തി.'''മറുചോദ്യത്തിലും ആശ്ചര്യം. സിനിമാസെറ്റുകളില്‍ വച്ച് പരിചയപ്പെട്ടതാണ് കണ്ണനെ. ''എന്റെ വീട് ഇവിടെയടുത്തല്ലേ, റോസ്മലയില്‍ ചേട്ടന്റെ കടയുമുണ്ട്.'' ബോട്ടിലിരുന്നു കണ്ണന്‍ ബാക്കി പറഞ്ഞു. തെന്‍മലയുടെ ഡാമില്‍ കണ്ണന്റെ കുറേ ഓര്‍മ്മകളും ആഴ്ന്നു കിടപ്പുണ്ട്. ''ഡാമിനു വേണ്ടി കാടുവെട്ടിയത് അച്ഛനും കൂടിയാണ്. ലൈസന്‍സ് എന്റെ പേരിലുമായിരുന്നു. അന്ന് വനം വെട്ടിയതിന് പ്രായശ്ചിത്തമായി ഇന്ന് ഞാനെന്റെ കൊച്ചുഭൂമിയില്‍ മരങ്ങള്‍ നട്ട് കാടാക്കിയിരിക്കുകയാണ്.'' കണ്ണന്‍ പറഞ്ഞു.


ബോട്ട് ഉമയാറിലെത്തി. ഉമയാറും ശെന്തുരുണിയാറും ഉരുളിയാറും സംഗമിക്കുന്നിടത്തെ ഉപദ്വീപുപോലൊരിടം. അവിടെ ചന്ദ്രന്‍കുട്ടി കാത്തിരിപ്പുണ്ടായിരുന്നു. ബോട്ടടുപ്പിക്കാനായി അയാള്‍ ഓടിയെത്തി. ചന്ദ്രന്‍കുട്ടി കണ്ടാലൊരു കുട്ടിയാണെങ്കിലും ഒരു പേരക്കിടാവിന്റെ അപ്പൂപ്പനാണ്. കാനനവിഭവങ്ങള്‍ ശേഖരിച്ച് ജീവിച്ചിരുന്നതാണ്. കാടിന്റെ ഉള്ളറകളെല്ലാം അറിയാം. ഇപ്പോള്‍ വനംവകുപ്പില്‍ വാച്ചര്‍. കൂട്ടിന് ഭാര്യ കറപ്പമ്മയും. കൊടും കാട്ടില്‍ ജലാശയത്തിലേക്ക് തുറന്നുകിടക്കുന്ന ഒരു ഷെഡ്ഡാണ് ഇവിടെയുള്ളത്. കിടങ്ങിനു നടുവിലാണതെങ്കിലും ആന കയറി തകര്‍ത്തു. പിന്നീട് വന്ന കാറ്റില്‍ ബാക്കിയും തകര്‍ന്നു. ചന്ദ്രനും ഭാര്യയും തൊട്ടടുത്തെ ഒരു ഷെഡിലാണ് കിടക്കുന്നത്. കാട്ടുമൃഗങ്ങളാണവര്‍ക്ക് കൂട്ട്. എന്നും കാലത്ത് പത്ത് പന്ത്രണ്ടോളം മയില്‍ അവിടെയെത്തും. മിക്കപ്പോഴും ആനയേയും കാട്ടുപോത്തിനേയും കാണും. ഈ ഏകാന്തത കാനനവാസത്തില്‍ ഇവര്‍ക്ക് ആശ്വാസം സിഡി പ്ലെയറാണ്. സോളാര്‍ എനര്‍ജിയില്‍ ഒരു മൂന്നു സിഡി വരെ കാണാമത്രെ. 'തായ് ശൊല്ലത്', 'തട്ടാതെ' പോലുള്ള ശിവാജികാല തമിഴ്പടങ്ങളാണ് ചന്ദ്രന്റെ കളക്ഷനിലുള്ളത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കറപ്പമ്മ കാട്ടില്‍ വിറകെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ചന്ദ്രന്‍കുട്ടിയോട് യാത്ര പറഞ്ഞിറങ്ങി.

ഇനി 28 കിലോമീറ്റര്‍ ജലമാര്‍ഗം. സ്പീഡ്‌ബോട്ട് വീണ്ടും ഇരമ്പി. കൂറ്റന്‍ കാട്ടുകുന്നുകള്‍ക്കിടയില്‍ നീണ്ടു നിവര്‍ന്ന കിടക്കുകയാണ് ജലസംഭരണി. അതിനകത്തും എത്രയോ കുന്നുകള്‍ മുങ്ങികിടപ്പുണ്ട്. 115 മീറ്റര്‍ ആഴംവരെയുണ്ട്. വെള്ളമെത്താത്ത കുടുമഭാഗം മാത്രം പുറത്തുകാണാം. മുകളില്‍ നിന്നു നോക്കുമ്പോള്‍ തോന്നിയ നിശ്ചലതയല്ല ഇപ്പോള്‍. കാറ്റില്‍ അലകളിളകുന്നു. ബോട്ട് അതില്‍ തെന്നിതെന്നിയാണ് പോകുന്നത്. ബോട്ടിനുമുണ്ടാവും ധാരാളം കഥകള്‍ പറയാന്‍. പോരാട്ടങ്ങളുടെ കഥകള്‍. തമിഴ്പുലികളില്‍ നിന്നും പിടിച്ചെടുത്ത ബോട്ടാണിത്. ദൂരെ കുന്നിന്‍മുകളില്‍ വെള്ളച്ചാട്ടങ്ങള്‍. നിറച്ചാര്‍ത്തണിഞ്ഞ മരനിരകളും മലനിരകളും. ജലമാര്‍ഗം പോകുമ്പോള്‍ റോസാദലങ്ങള്‍ എന്ന സങ്കല്‍പം മാറുന്നു. ആര്‍ക്കും താണ്ടാനാവാത്ത കോട്ടകൊത്തളങ്ങള്‍ക്കുള്ളില്‍ ഒരു നാടിന്റെ ജീവജലം. കാട്ടരുവികള്‍ അതിലേക്ക് വെള്ളം നിറച്ചുകൊണ്ടേയിരിക്കുന്നു.

തെന്‍മലഡാമെത്താറായി. ഇറങ്ങണം. ബോട്ടുജെട്ടി തകര്‍ന്നു കിടക്കുകയാണ്. ഉമയാര്‍ എന്ന ടൂറിസ്റ്റ് ബോട്ടും മുങ്ങികിടപ്പുണ്ട്. തേക്കടി ദുരന്തത്തിനു ശേഷം ബോട്ടസവാരി നിര്‍ത്തിയതായിരുന്നു. നിര്‍ത്തിയിട്ടിടത്തു നിന്ന് കാറ്റില്‍ പെട്ട് മുങ്ങിയതാണ്. അടയാളമായി ലൈഫ്‌ബോയി പൊങ്ങികിടക്കുന്നു. 92 ലെ വെള്ളപ്പൊക്കത്തില്‍ ഡാം കവിഞ്ഞൊഴുകിയിരുന്നു. അന്ന് ഉരുള്‍ പൊട്ടി ഒലിച്ചുവന്ന വാഹനങ്ങളും മരങ്ങളും ഈ ആഴങ്ങളിലെവിടെയൊക്കെയോ കിടപ്പുണ്ട്. ഓളങ്ങളില്‍ വെള്ളം തെറിപ്പിച്ചോടിയെത്തിയ ബോട്ട് ശാന്തമായി തീരത്തണയുമ്പോഴും കണ്ണേട്ടന്റെ മുഖത്ത് ഓര്‍മ്മകളുടെ ആഴമളക്കാം. പണ്ട് ആള്‍പാര്‍പ്പുണ്ടായിരുന്നയിടങ്ങള്‍, റോസ്മലയിലേക്കുള്ള റോഡ്, പഴയ കൊല്ലം ചെങ്കോട്ടപ്പാത, കൂപ്പുറോഡുകള്‍, നാട്ടാനകളെകൊണ്ട തടിവലിപ്പിച്ച് ലോറിയില്‍ കയറ്റുന്നത്, കരിമ്പുകൃഷിയിടങ്ങള്‍-എല്ലാം ഓര്‍മ്മപൊയ്കയില്‍ ഓളങ്ങളെന്നപോലെ.. അവിസ്മരണീയമായ ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞങ്ങളുടെ മനസിനേയും താരാട്ടാന്‍ തുടങ്ങിയിരിക്കുന്നു.Located about 15 kilo meters deep into the forest from Aryankavu, has the best experience nature has to offer. A small community of farmers live here. The fresh and calm air, greeney and quiteness you experience here are hard to find anywhere else.

How to reach

By Road:The steap and winding road to Rosemala lies in ruines and is in a bad shape. Local people mostly get there by foot or by some local private 4-wheel drive taxis that runs from Aryankavu. The 45-60 minutes drive is through beautiful, thick forest tracts and is really exciting. On the way you pass several mountain streams.
By Rail: kollam (70km) Aryankavu-12km (Broadgauge works are going on)
By Air:Thiruvananthapuram-70km.

Stay

There are no public lodging facilities available here. There are couple of people providing tents for overnight camping facilities. The best way to enjoy and explore this place is to live with one of the local families.

Contact
Shenduruni Wild Life Sanctury
(0475-2344600pWild Life Warden )9447979081 p Asst: Willd Life
warden)9447154869.