യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടന്റെ മൊട്ടത്തല പോലെ ഒരുപാടെണ്ണം, 'ജംഗിള്‍ വ്യൂ'വിലെ കുട്ടേട്ടന്റെ അപ്പക്കുട്ടയില്‍. നല്ല ഫിനിഷിങ്ങോടെ, മുഖമില്ലാത്ത മൊട്ടത്തലകള്‍... കുട്ടയില്‍ നിന്നും വായിലേക്ക് പോകുമ്പോള്‍ 'അക്കസോട്ടോ' എന്നല്ല 'കുട്ടേട്ടാ...' എന്നാവും അവര്‍ വിളിക്കുക.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലേക്കും തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലേക്കും രണ്ടായി പിരിയുന്ന തെറ്റ് റോഡ് കവലയിലാണ് കുട്ടേട്ടന്റെ 'ജംഗിള്‍ വ്യൂ' എന്ന പ്രസിദ്ധമായ ഉണ്ണിയപ്പ കട. യാത്രക്കാര്‍ക്ക് റോഡ് തെറ്റി പോകുന്നത് കൊണ്ടാവാം സ്ഥലത്തിന് തെറ്റ് റോഡ് എന്ന പേര് വന്നത്. റോഡ് തെറ്റിയാലും ഉണ്ണിയപ്പം മൊരിയുന്ന നറുമണത്തിന്റെ ഉറവിടമായ ഉണ്ണിയപ്പക്കട ആര്‍ക്കും തെറ്റില്ല. ഇതിലെ പോകുന്നവരാരും ഉണ്ണിയപ്പത്തിന്റെ രുചിയറിയാതെ പോകാറുമില്ല. അഥവാ കട കഴിഞ്ഞ് വണ്ടി അല്‍പ്പം മുന്നോട്ട് പോയാലും മണം പിടിച്ച് റിവേഴ്‌സിഗിയറില്‍ വന്ന് കടയ്ക്ക് മുന്നില്‍ ബ്രേക്കിടും.

മുള കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയൊരു കൂരയാണ് ഉണ്ണിയപ്പത്തിന്റെ തറവാട്. ബെഞ്ചും ഡെസ്‌ക്കും ചുവരില്‍ നാടക പോസ്റ്ററുമൊക്കെയായി ശരിക്കുമൊരു ഗ്രാമീണ ചായക്കട. ഇവിടെ ശിവദാസന്‍ എന്ന കുട്ടേട്ടനും ഭാര്യ ഇന്ദിരയും അവരുടെ ഉണ്ണികളും അന്തിയാകും വരെ ഉണ്ണിയപ്പം ചുടുന്നതിന്റെയും വിളമ്പുന്നതിന്റെയും തിരക്കിലായിരിക്കും. വന്യജീവികളെ കാണാന്‍ വരുന്ന സായിപ്പുമാരും മദാമ്മമാരും വരെ ഉണ്ണിയപ്പത്തിന്റെ ആരാധകരാണ്. അവരിലൂടെ കുട്ടേട്ടന്റെ ഉണ്ണിയപ്പം ഇന്ന് 'വേള്‍ഡ് ഫെയ്മസ്' ആണ്. കര്‍ണാടകത്തിലേക്കും വയനാടിന്റെ സമീപ ജില്ലകളിലേക്കും ഉണ്ണിയപ്പം കാറിലും ബസ്സിലുമൊക്കെ കയറിപോകും, വന്‍ കയറ്റുമതി!

കേരള കര്‍ണാടക അതിര്‍ത്തിയിലെ ചെക് പോസ്റ്റിലെത്തിയപ്പോള്‍ അവിടെയും കിട്ടി കുട്ടേട്ടന്റെ ഉണ്ണിയപ്പം. കടയിലെ ബെഞ്ചില്‍ നിന്നും ഇനി നമുക്ക് ദിവസേന 1500 ഉണ്ണിയപ്പം ഉണ്ടാക്കുന്ന ഫാക്ടറിയിലേക്ക് കയറാം. ഗ്രൈന്‍ഡറിന്റെ പൂര്‍വ്വികനായ ഏത്തം ഉലക്ക അരിയില്‍ ഏത്തമിടുന്ന കാഴ്ച്ചയാണ് ആദ്യം. യന്ത്രവത്ക്കരണത്തിന്റെ ആവേഗങ്ങള്‍ക്ക് കുട്ടേട്ടനെ വീഴ്ത്താനായിട്ടില്ല. കുട്ടേട്ടന്റെ കൈപ്പുണ്യത്തിന്റെ രഹസ്യങ്ങളില്‍ ഒന്ന് ഈ ഏത്തമാണ്. മണ്ണുകൊണ്ട് തിര്‍ത്ത രണ്ട് വലിയ അടുപ്പുകളാണ് രണ്ടാമത്തെ കാഴ്ച. 25 അപ്പം ഒരേ സമയം തയ്യാറാക്കാന്‍ പോന്ന രണ്ട് വലിയ ഉരുളികളാണ് അടുപ്പില്‍. തിളയ്ക്കുന്ന എണ്ണയില്‍ സ്വര്‍ണ നിറത്തില്‍ അപ്പം മൊരിഞ്ഞ് വരുന്നു. അവിടുന്ന് കുട്ടയിലേക്ക്. കുട്ട കടയിലേക്കും.

വെളുപ്പിന് 5.30 മുതല്‍ അപ്പം ഉണ്ടാക്കി തുടങ്ങും. ഉച്ചയ്ക്ക് രണ്ട് മണിവരെ. വൈകീട്ട് നാല് മണിയാകുമ്പോള്‍ എല്ലാം കാലി. പെരിന്തല്‍മണ്ണയില്‍ നിന്നാണ് ശിവദാസന്‍ വയനാട്ടില്‍ എത്തുന്നത്. മൂന്ന് മക്കള്‍: വിനോദും വിജീഷും വിനിതയും. ആണ്‍മക്കള്‍ രണ്ടുപേരും മറ്റ് ജോലികള്‍ക്കൊന്നും പോയില്ല. ഉണ്ണിയപ്പത്തിന് ഹെല്‍പ്പായി നിന്നു. പ്രശസ്തരായ നിരവധി സ്ഥിരം സന്ദര്‍ശകരുണ്ട്, കുട്ടേട്ടന്. ഗായകന്‍ എം.ജി.ശ്രീകുമാര്‍, എം.ഐ.ഷാനവാസ് എം.പി, തുടങ്ങിയവര്‍ കുട്ടേട്ടന്റെ ഉണ്ണിയപ്പ കട സന്ദര്‍ശിച്ച് വയറും മനസ്സും നിറഞ്ഞവരാണ്. ഉണ്ണിയപ്പവും തട്ടി, കുറുവാ ദ്വീപിലേക്ക് നീങ്ങുമ്പോള്‍ എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവര്‍ കൈകാട്ടി നിര്‍ത്തി: 'ചേട്ടാ ഉണ്ണിയപ്പ കട...?'.

'നേരെ വിട്ടോ ചേട്ടാ.. തെറ്റ് റോഡിലാ. വഴി തെറ്റില്ല.....'