രാമശ്ശേരി ഇഡ്ഡലികടലു കടന്ന ഇഡ്ഢലിപെരുമ. രാമശ്ശേരി എന്ന ഗ്രാമത്തിന് പറയാനുള്ളത് അതാണ്. പാലക്കാടു നിന്ന് വാളയാറിലേക്കുള്ള വഴിയില്‍ പുതുശ്ശേരിയില്‍ നിന്ന് വലത്തോട്ട് തിരിയുമ്പോള്‍ തന്നെ രാമശ്ശേരി ഇഡ്ഡലി ലഭ്യമാണ് എന്ന ബോര്‍ഡ് കാണാം. പക്ഷേ അതിന്റെ തട്ടകത്തില്‍ തന്നെ ചെന്ന് രുചിയറിയാം എന്നു കരുതി വണ്ടി രാമശ്ശേരിക്ക് വിട്ടു. അവിടെ സരസ്വതി ടീ സ്റ്റാള്‍ ആണ് രാമശ്ശേരി ഇഡ്ഢലി കിട്ടുന്ന ഹോട്ടല്‍. പിന്നെ ചില വീടുകളിലും ഇതുണ്ടാക്കുന്നുണ്ട്.

പത്തുകിലോ പൊന്നി അരിക്ക് ഒന്നരകിലോ ഉഴുന്ന് പരിപ്പ്. 50 ഗ്രാം ഉലുവയും. മുന്നും കൂട്ടി നന്നായി അരച്ച് വെക്കണം, പിറ്റേ ദിവസം കാലത്ത് ചുടാം. ഭാഗ്യലക്ഷ്മി അടുപ്പിനു മുന്നിലിരുന്ന് പാചക രഹസ്യം വെളിപ്പെടുത്തുകയാണ്. പലരും പരീക്ഷിക്കാറുണ്ടെങ്കിലും ഈ കൈപുണ്യം മറ്റാര്‍ക്കും കിട്ടാറില്ലെന്നാണ് നാട്ടു വര്‍ത്തമാനം. വെളിപ്പെടുത്തുന്ന ചേരുവകള്‍ക്കപ്പുറം മറ്റെന്തൊ രഹസ്യമുണ്ടെന്നും ജനം പറയാറുണ്ട്. വിറകടുപ്പില്‍ അതും പുളി മരത്തിന്റെ വിറക് മാത്രമായിരുന്നത്രെ ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. മണ്‍പാത്രത്തിന്റെ മുകളില്‍ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വെച്ചതിന്റെ മുകളില്‍ തുണി വിരിക്കും അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്, തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനു മുകളിലും മാവ് ഒഴിക്കും ഇങ്ങനെ അഞ്ച് എണ്ണം വരെ വെക്കാം. ഇതെല്ലാം കൂടെ ആവി പുറത്തു പോകാത്ത രീതിയില്‍ ഒരു പാത്രം കൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഒരോന്നായി ഇളക്കിയെടുക്കും. വാങ്ങുന്ന മണ്‍ പാത്രങ്ങള്‍ പെട്ടെന്ന് പൊട്ടാന്‍ തുടങ്ങിയതോടെ അലൂമിനിയ പാത്രങ്ങള്‍ സ്ഥാനം കയ്യടക്കാന്‍ തുടങ്ങിയിട്ടുണ്ട് പുളി വിറക് എന്ന സങ്കല്‍പ്പവും ഇപ്പോള്‍ നടക്കുന്നില്ല. അരിയും ഉഴുന്നുമെല്ലാം രാസവളങ്ങളുടെ സന്തതികളുമായതോടെ രാമശ്ശേരി ഇഡ്ഢലി യുടെ ഗുണ നിലവാരം അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ തന്നെ പറയുന്നു. പണ്ട് ഒരാഴ്ച വെച്ചാലും കേടുവരാത്ത ഇഡ്ഢലി ഇപ്പോള്‍ രണ്ടു ദിവസമേ വെക്കാന്‍ പറ്റുന്നുള്ളു. എങ്ങിലും ചമ്മന്തിപ്പൊടിയും കൂട്ടി ഇഡ്ഡലി തിന്നുമ്പോള്‍ അതിന്റെ രുചിയൊന്ന് വേറെ തന്നെ. മേമ്പൊടിക്ക് കൂട്ടിയ പരിപ്പുവടയുടെ രുചിയും പറയാതെ വയ്യ.

ഇപ്പോള്‍ വിദേശികളടക്കം നിരവധി പേര്‍ രാമശ്ശേരി ഇഡ്ഢലിയുടെ രുചിയറിയാന്‍ ഇവിടെയെത്തുന്നുണ്ട് അതു പോലെ തന്നെ കല്യാണം, പേരിടല്‍ കര്‍മ്മം തുടങ്ങിയ ചടങ്ങുകള്‍ക്കും ധാരാളം ഇഡ്ഡലി ഇവിടെ നിന്ന് പോകുന്നുണ്ട്. വീടുവീടാന്തരം വില്‍പ്പനയ്‌ക്കെത്തുന്നത് വേറെയും.

മുതലിയാര്‍ സമുദായക്കാരാണ് ഇതുണ്ടാക്കിയിരുന്നത്. മുമ്പിവിടെ 60 ഓളം കുടുംബങ്ങള്‍ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു. ഇപ്പോള്‍ നാലഞ്ചു കുടുംബങ്ങളേയുള്ളു. മുന്നുറു വര്‍ഷം മുമ്പ് ചിറ്റൂരി മുത്തശ്ശിയാണ് രാമശ്ശേരി ഇഡ്ഢലി ഉണ്ടാക്കിയത്.

മംഗലാംകുന്നിലെ മുറുക്ക്. ആലത്തൂരിലെ ഉപ്പേരി എന്നിവയും പാലക്കാടിന്റെ രുചിക്കൂട്ടില്‍ പ്രസിദ്ധമാണ്.


തൈര് മുളക്


പച്ചമുളക് കഴുകി ഉണക്കിയെടുക്കും അത് പുളിച്ച തൈരില്‍ മുന്നു ദിവസം ഇട്ടു വെക്കും. മുന്നു ദിവസം കഴിഞ്ഞാല്‍ വെയിലത്ത വെച്ച് ഉണക്കിയെടുക്കും. ഒരോ ദിവസവും വെയിലത്തു നിന്ന് എടുത്ത തൈര്പാത്രത്തിലാണ് ഇട്ടുവെക്കുക. തൈരു തീരുന്നതു വരെ ഇത് തുടരണം.

ഇവ കൂടാതെ വിവിധതരം കൊണ്ടാട്ടങ്ങളും പാലക്കാടന്‍ അഗ്രഹാരത്തിന്റെ രുചിപ്പെരുമക്ക് മാറ്റേകുന്നു. വാഴത്തണ്ട്,താമരവളയം, ചുണ്ടയ്ക്ക കൊണ്ടാട്ടം അരിപപ്പടം, ചക്കപപ്പടം, വെറ്റക്കൊഴമ്പ്, വെല്ലച്ചീര തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ ഇവിടെ ലഭിക്കും.


പൊരിവിളങ്ങ


തുവരപരിപ്പ് അരി ചെറുപയര്‍ പരിപ്പ് ഗോതമ്പ് എന്നിവ ചേര്‍ത്ത് വറുത്ത് പൊടിക്കും വെല്ലപ്പാവിലിട്ട് ഇളക്കിയെടുക്കും എന്നിട്ട് ചൂടോടെ ഉരുട്ടിയെടുക്കുന്നതാണ് പൊരിവിളങ്ങ.


വേപ്പിലക്കട്ടി


പാലക്കാടന്‍ അഗ്രഹാരത്തിന്റെ തനതുരുചികളിലൊന്നാണ് വേപ്പിലക്കട്ടി. അല്‍പ്പം തൈരും കുറച്ച് വേപ്പിലക്കട്ടിയുമുണ്ടെങ്കില്‍ ഊണിന് പിന്നെ മറ്റൊന്നും വേണ്ട. വേപ്പിലക്കട്ടി എന്നാണ് പേരെങ്കിലും വേപ്പിലയും ഇതുമായുള്ള ബന്ധം കടലും കടലാടിയും പോലെ.

നാരകത്തിന്റെ ഇലയാണ് മുഖ്യകുട്ട്. പിന്നെ മുളകും ഉപ്പും. നാരകത്തിന്റെ ഇല ആദ്യം ഉപ്പും ചേര്‍ത്ത് ഉരലിലിട്ട് ഇടിക്കും. പൊടിഞ്ഞ് പാകമാവുമ്പോള്‍ മുളകും കായവും ചേര്‍ത്ത് വീണ്ടും ഇടിക്കും.

വേണമെങ്കില്‍ അല്‍പ്പം പുളിയും ചേര്‍ക്കാം. പാകമായാല്‍ ഉരുട്ടിയെടുത്ത് സൂക്ഷിക്കും. കേടാവാതെ ഏറെ നാള്‍ വെക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.