മഴയും ഇളവെയിലും തെന്നി മാറുന്ന മേഘങ്ങളും. മലഞ്ചെരിവിലെ വഴികളിലൂടെ മഞ്ഞിന്‍പാളികള്‍ ഭേദിച്ച് ബൈക്കില്‍ തെന്നിപ്പറന്നുള്ള സഞ്ചാരം. മാജിക്കല്‍ ജേര്‍ണി ടു എ വണ്ടര്‍ലാന്‍ഡ്. ഊട്ടി കാണണമെങ്കില്‍ ഇതാ, ഇങ്ങിനെ െൈബക്കില്‍ ചുറ്റിപ്പറന്നു തന്നെ കാണണം.

വാഴക്കുലകളും കുട്ടയും പെട്ടിയുമായി ചുരം കയറുന്ന, ഗ്രാമീണത കലമ്പല്‍ കൂട്ടുന്ന തമിഴന്‍ ബസ്സിലായിരുന്നു കോയമ്പത്തൂരിലെ കൊടുംചൂടില്‍ നിന്നുള്ള എസ്‌കേപ്പ.് ഊട്ടിയുടെ സുഖദമായ തണുപ്പിലേക്ക് സ്മൂത്തായൊരു ലാന്‍ഡിങ്്.

ഇനിയെന്ത്? മുന്‍കൂട്ടി തയ്യാറെടുത്ത യാത്രയായിരുന്നില്ലല്ലോ. കോയമ്പത്തൂരിലെ അസൈന്‍മെന്റ് നേരത്തെ തീര്‍ന്നപ്പോള്‍ തോന്നിയ ഭ്രാന്താണ്. രാത്രി ചുരം കയറിയാലോ എന്ന്. അമ്മുവിനും സന്തോഷം (സോറി, പരിചയപ്പെടുത്താന്‍ മറന്നു. അമ്മു, എന്റെ ഭാര്യ). ആദ്യം പോകുന്ന ബസ്സില്‍ രണ്ടുപേരും കയറിയിരുന്നു. അങ്ങിനെ ഊട്ടിയിലെത്തി. പുറപ്പെടും മുമ്പ് വിളിച്ചു പറഞ്ഞ് മുറി ബുക്ക് ചെയ്തതിനാല്‍ ഒരിടത്തു കയറിക്കൂടാന്‍ പറ്റി. ഇനിയെന്ത്? രണ്ടാള്‍ക്കും ഒരു പിടിയുമില്ല. ഇതൊക്കെയല്ലേ, യാത്രയുടെ ത്രില്‍? എന്തായാലും നേരം പുലരട്ടെ.

രാവിലെ തോന്നിയത് ഊട്ടിയിലെ സ്റ്റീം എഞ്ചിനില്‍ ഓടുന്ന തീവണ്ടിയില്‍ ഊട്ടി മുതല്‍ കൂനൂര്‍ വരെ പോകാനാണ്. അതൊരു സ്വപ്നയാത്രയാണ്. മലകള്‍ക്കും മേഘങ്ങള്‍ക്കും മേലേക്കൂടി താഴേക്കരിച്ചിറങ്ങുന്ന കരിവണ്ടിയില്‍ ഒരു സുന്ദരസഞ്ചാരം. ശരി, അതാവട്ടെ തുടക്കം. നേരേ റെയില്‍വെസ്‌റ്റേഷനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോളാണ് അറിയുന്നത്. ഊട്ടി-കൂനൂര്‍ റൂട്ടിലല്ല, കൂനൂര്‍ മുതല്‍ മേട്ടുപ്പാളയം വരെയാണ് സ്റ്റീം എഞ്ചിന്‍ പിടിപ്പിച്ച വണ്ടി. രണ്ടു ദിവസം കഴിഞ്ഞുള്ള യാത്രക്കേ ടിക്കറ്റുള്ളൂ.

അതില്‍ ഒന്നു സഞ്ചരിക്കാതെ മടങ്ങുന്ന പ്രശ്‌നമില്ല. രണ്ടു ദിവസം കഴിഞ്ഞായാലും വേണ്ടില്ല. ടിക്കറ്റെടുത്തു. ഇനിയെന്തു ചെയ്യും? രണ്ടു ദിവസം ബാക്കി. ഊട്ടി ചുറ്റിക്കാണാം. പക്ഷെ എങ്ങിനെ? അപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ സെന്തില്‍കുമാര്‍ രക്ഷകനായെത്തിയത്. ബൈക്ക് വാടകയ്ക്കു കിട്ടും. ഇഷ്ടമുള്ളിടത്ത്, ഇഷ്ടം പോലെ, എത്ര ദിവസം, എത്ര സമയം വേണമെങ്കിലും ചുറ്റിക്കറങ്ങാം. ആരെയും ആശ്രയിക്കണ്ട. ആരെയും പേടിക്കണ്ട. കാറിന് 5000 രൂപയോളം ചെലവു വരും. ബൈക്കിനാണെങ്കില്‍ വാടക ദിവസം 450 രൂപ. അതു മതി. ഇനി ഒന്നും നോക്കാനില്ല, ബൈക്ക് വാടകക്കു കൊടുക്കുന്ന സ്ഥലത്തേക്കു പോട്ടെ. ഞങ്ങള്‍ സെന്തില്‍ കുമാറിനോടു പറഞ്ഞു. ഊട്ടിയിലെ പ്രശസ്തമായ റോസ്ഗാര്‍ഡനു മുന്നിലെ ക്ലാസ്സിക് റെന്റല്‍സിനു മുന്നില്‍ സെന്തില്‍ ഞങ്ങളെ എത്തിച്ചു.

ബൈക്ക് വാടകക്കു തരാം. റെന്റല്‍സ് ഉടമ ശരവണന്‍ സമ്മതിച്ചു. ലൈസന്‍സിന്റെയും ഐ.ഡി കാര്‍ഡിന്റെയും ഓരോ കോപ്പി വേണം. 500 രൂപ കോഷന്‍ ഡെപ്പോസിറ്റും വേണം. നിബന്ധനകള്‍ സമ്മതിച്ചപ്പോള്‍ ശരവണന്‍ ഞങ്ങളെ ബൈക്കുകള്‍ കാണിക്കാനായി കൊണ്ടു പോയി. ഒരു ടൂ വീലര്‍ ഷോപ്പിനെപ്പോലും അതിശയിക്കുന്ന ഷോറൂം. ഒരു പാടു ബൈക്കുകള്‍ നിരത്തി വെച്ചിരിക്കുന്നു. ഗിയറുള്ളതും ഇല്ലാത്തതുമൊക്കെയുണ്ട്. ഏതു വേണമെങ്കിലും എടുക്കാം. നല്ലൊരു സുന്ദരന്‍ ഹോണ്ട ബ്ലേസ് തിരഞ്ഞെടുത്ത് ഞങ്ങള്‍ അവിടെ നിന്നു പുറത്തു കടന്നു.

കുന്നിനു മുകളിലെ റോസ് ഗാര്‍ഡനിലേക്കു തന്നെയാവട്ടെ ആദ്യം. പ്രണയത്തിന്റെ സുഗന്ധം പരത്തി നില്‍ക്കുന്ന പൂങ്കാവനം. പൂക്കളുടെ നിറപ്പകിട്ടാര്‍ന്ന ഒരു പരവതാനി. തട്ടുതട്ടായിക്കിടക്കുന്ന പൂന്തോട്ടം. പല നിറത്തിലുള്ള പൂക്കള്‍. വള്ളിക്കുടിലുകള്‍. പുഷ്പതല്‍പ്പങ്ങള്‍. മുകളില്‍ നിന്നാല്‍ ഊട്ടിയുടെ വിശാലമായ ആകാശക്കാഴ്ചയും.

ബൈക്കില്‍ പോകാന്‍ രണ്ടു വഴികളാണ് ഊട്ടിയില്‍ പ്രധാനമായും ഉള്ളത്. ഒന്ന് ഊട്ടി-മൈസൂര്‍ ദേശീയ പാത. രണ്ട്, ഊട്ടി - കൂനൂര്‍ പാത. ഞങ്ങള്‍ ആദ്യം മൈസൂര്‍ പാത തിരഞ്ഞെടുത്തു. വാക്കുകള്‍ കൊണ്ടു വിവരിക്കാവുന്നതല്ല ആ വഴിയുടെ ഭംഗി. ചായക്കൂട്ടില്‍ മുക്കിയ ബ്രഷ് വെള്ളത്തില്‍ ഇടുമ്പോള്‍ അലിഞ്ഞു പോകുന്നതു പോലെ, നിറക്കൂട്ടുകളില്‍ നീരാടി നില്‍ക്കുന്ന പ്രകൃതിയുമായലിഞ്ഞ്, അപാരതയിലേക്കു നീണ്ടു നീണ്ടു പോകുന്ന വഴി. കുന്നുകളും സമതലങ്ങളും പൈന്‍മരക്കാടുകളും അതില്‍ മേയുന്ന കുതിരകളും. ആ വഴി സ്വപ്നത്തില്‍ കണ്ടതുപോലെ ഞങ്ങള്‍ക്ക് പരിചിതമായിതോന്നി. പൂ മൂടിയ മലമ്പാതകളിലെ ഓരോ വളവും തിരിവും എത്രയോ സിനിമകളിലെ ഗാനരംഗങ്ങളില്‍ നാം കണ്ടിരിക്കുന്നു. കാഴ്ചകള്‍ കണ്ടും, ഇഷ്ടമുള്ളിടത്തു നിര്‍ത്തിയും പൊരിച്ച ചോളവും ഫ്രെഷ് കാരറ്റും വാങ്ങിക്കഴിച്ചുമുള്ള അലസയാത്ര. ആ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നു തോന്നി.

23 കിലോമീറ്റര്‍ പിന്നിട്ട് പൈക്കാറ ഡാമിലെത്തി. അകമ്പടിയായി ചാറ്റല്‍ മഴയും. പൈക്കാറ ഒരു ശുദ്ധജലതടാകമാണ്. കുക്കിങ് ഗ്യാസ് ഉപയോഗിച്ച് ഓടിക്കുന്ന ബോട്ടുകളിലാണ് ഈ തടാകത്തില്‍ സവാരി. ജലം മലിനപ്പെടാതിരിക്കാനാവണം. ബോട്ടിങ്ങിനിടെ പൊടുന്നനെ മഴ നിന്നു, അപ്പോള്‍ വെയിലും മഴവില്ലും കാടുകളില്‍ നിന്നു അരിച്ചിറങ്ങുന്ന മഞ്ഞും ഒന്നിച്ചു വന്നു ഞങ്ങളെ വലയം ചെയ്തു.

എത്ര ഓടിച്ചാലും മതിവരാത്ത ആ വഴികളിലൂടെ പകല്‍ മുഴുവന്‍ വണ്ടിയോടിച്ചു നടന്ന ഞങ്ങള്‍ രാത്രി വൈകിയാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. രാവിലെ കൂനൂരിലേക്കു പോകണം. മഞ്ഞും കുളിരുമുള്ള രാത്രി ആസ്വദിച്ച് ഞങ്ങള്‍ ഉറക്കത്തിലേക്കു വഴുതി വീണു.

മൈസൂര്‍ റോഡു പോലെയല്ല, കൂനൂരിലേക്കുള്ള പാത. രാവിലെ പുറപ്പെട്ട് അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കതു ബോധ്യപ്പെട്ടു. റോഡുകളില്‍ വളവും തിരിവും കൂടുതലാണ്.

കൂനൂരിലേക്ക് 18 കിലോമീറ്ററാണ് ദൂരം. കൊച്ചു വ്യവസായ സ്ഥാപനങ്ങളും ഇടക്കൊരു ശിവക്ഷേത്രവും പിന്നിട്ട് ടെലസ്‌കോപ്പിലൂടെ ഊട്ടി മുഴുവന്‍ കാണാവുന്ന വാലി വ്യൂ പോയിന്റില്‍ എത്തി. അഗാധമായ താഴ്‌വരയും റെയില്‍ പാളങ്ങളും പള്ളികളും കാരറ്റ് തോട്ടങ്ങളും നോക്കെത്താത്ത ദൂരം കോടമഞ്ഞു പൊതിഞ്ഞ മലനിരകളും ആ ടെലസ്‌കോപ്പിലൂടെ നമുക്കു മുന്നില്‍ നിവര്‍ന്നു വരുന്നു.

പാര്‍ക്കും ടീ ഗാര്‍ഡനും ഡോള്‍ഫിനോസ് വെള്ളച്ചാട്ടവും ലാംപ്‌സ് റോക്കും പോലുള്ള കാഴ്ചകളാണ് കൂനൂരില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബൈക്കില്‍ ചുറ്റിച്ചുറ്റി ഞങ്ങള്‍ കൂനൂര്‍ മുഴുവന്‍ കണ്ടു. പ്രഭാതത്തിലെ ഇളംവെയിലേറ്റ് തിളങ്ങുന്ന തേയില തളിരിലകള്‍ക്കിടയിലെ കൊച്ചു വഴിയിലൂടെ സഞ്ചരിച്ച് പിന്നെ ഞങ്ങള്‍ ഹൈ ഫീല്‍ഡ് ടീ ഗാര്‍ഡനിലെത്തി. ഇവിടെ സഞ്ചാരികള്‍ക്കു നടന്നു കാണാന്‍ അനുവാദമുണ്ട്. തേയില നുള്ളുന്നതു മുതല്‍ സംസ്‌കരണത്തിന്റെ ഓരോ ഘട്ടങ്ങളും ഞങ്ങള്‍ നടന്നു കണ്ടു. തേയിലത്തരികളുടെ വലുപ്പത്തിനനുസരിച്ചാണ് വിലയും ഗുണവും. കൂടുതല്‍ വലുപ്പമുള്ളതൊക്കെ വിദേശത്തേക്കു പോകും. ഫാക്ടറിക്കടുത്തു തന്നെ തേയില വില്‍ക്കുന്ന ഷോപ്പുമുണ്ട്.

വഴിയരികിലെ തട്ടുകടകളിലെ ഭക്ഷണമാണ് ബൈക്ക് യാത്രയുടെ മറ്റൊരാകര്‍ഷണം. ആവി പറക്കുന്ന രുചികരമായ ഭക്ഷണം വഴിയില്‍ പലയിടത്തും കിട്ടും. ചുരുങ്ങിയ ചെലവില്‍ ഒരു സെവന്‍ കോഴ്‌സ് ലഞ്ച്.

ദോഡബെട്ട ഐ പോയിന്റാ ണ് അടുത്ത ലക്ഷ്യം. പോകുന്ന വഴിയില്‍ ഒരു ചോക്കലേറ്റ് ഫാക്ടറിയും ടീ മ്യൂസിയവും ഉണ്ട്. ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന പൈന്‍ മരങ്ങളുടെ മലയാണ് ദോഡബെട്ട. സൂര്യപ്രകാശം കുറവായ വളഞ്ഞു പുളഞ്ഞുള്ള കാട്ടുവഴിയിലൂടെ വൈകും വരെ ഞങ്ങള്‍ ചുറ്റിയടിച്ചു.

മൂന്നാം പകല്‍. ഉച്ചക്കാണ് മേട്ടുപ്പാളയത്തേക്കുള്ള വണ്ടി. അതു വരെ സമയമുണ്ട്. രാവിലെത്തന്നെ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ലേക്കും കണ്ടു.

ഉച്ചയോടെ വണ്ടി മടക്കിയേല്‍പ്പിച്ചു. സെന്തിലിന്റെ ഓട്ടോ വീണ്ടും വിളിച്ചു വരുത്തി റെയില്‍വേ സ്‌റ്റേഷനിലേക്കു തിരിച്ചു. മൂന്നു മണിക്കാണ് വണ്ടി. വിക്ടോറിയന്‍ മാതൃകയിലുള്ള ആ റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ നാം മനസ്സു കൊണ്ട് നൂറ്റാണ്ടുകള്‍ പുറകിലേക്കു പോകും. കരി തുപ്പുന്ന വണ്ടിയിലുള്ള യാത്രയും വഴി നീളെ വണ്ടി കാണാന്‍ നില്‍ക്കുന്നവരുടെ അദ്ഭുതം കലര്‍ന്ന മുഖങ്ങളും. തേയില ചെടികളുടെയും കാടുകളുടെയും ഇടയിലൂടെ ചൂളം വിളിച്ച് ഉയര്‍ന്നു പൊങ്ങുന്ന വെളുത്ത പുകതുപ്പി തീവണ്ടി മലമുകളില്‍ നിന്നു താഴേക്കൂര്‍ന്നിറങ്ങാന്‍ തുടങ്ങി. ആ യാത്രയുടെ ത്രില്‍ അനുഭവിച്ചു തന്നെ അറിയണം.

മേഘങ്ങളില്‍ നിന്നിറങ്ങി വരുന്നതു പോലെ തീവണ്ടി മേട്ടുപ്പാളയത്തെത്തി. മൂന്നു ദിവസം സ്വര്‍ഗത്തില്‍ ചുറ്റിക്കറങ്ങിയ ശേഷം തിരിച്ചൊരു സ്മൂത്ത് ലാന്‍ഡിങ്...

വണ്ടിയില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയുടെ ഓര്‍മ്മപ്പാടുകള്‍ പോലെ മുടി നിറയെ കരിയും പുകയും ചളിയും. മുന്‍കൂട്ടി തയ്യാറെടുക്കാത്ത ഒരു യാത്ര ഇവിടെ അവസാനിക്കുന്നു. അതു നന്നായി. അതായിരുന്നുവല്ലോ ആ യാത്രയുടെ ത്രില്‍...