പൂവാട്ടുപറമ്പിലെ പെട്രോള്‍ പമ്പില്‍ ആദ്യമെത്തിയത് ഷെറിനും ഭാര്യ ജിഷയുമാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് പതിമൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഈ പമ്പില്‍ വെച്ചു കാണാമെന്നായിരുന്നു മൂന്ന് ബൈക്ക് ടീമുകളുടെ ധാരണ. ബാക്കിയുള്ളവര്‍ 40 കിലോമീറ്റര്‍ അകലെ എടവണ്ണ പാലത്തിനടുത്ത് കാത്തുനില്‍ക്കും. സുസുക്കി ഹീറ്റ് 125 സിസി ബൈക്കിലെത്തിയ ഷെറിന്‍ പെട്രോളിനൊപ്പം ടയറില്‍ കാറ്റുമടിച്ചു. പമ്പില്‍ അതിനുള്ള സൗകര്യവുമുണ്ട്. ''ടയറില്‍ കൃത്യമായ പ്രഷര്‍ ലോങ് ഡ്രൈവില്‍ നിര്‍ബന്ധം. കാറ്റില്ലെങ്കില്‍ പഞ്ചറാകാനുള്ള സാധ്യത കൂടും. മൈലേജും കുറയും'' ഷെറിന്‍ അനുഭവം പങ്കുവെച്ചു.

ജീന്‍സും ടോപ്പുമണിഞ്ഞ ജിഷ തണുപ്പിനെ പ്രതിരോധിക്കാന്‍ ഓവര്‍കോട്ടും ധരിച്ചിരുന്നു. മുടി പാറിപ്പറക്കാതിരിക്കാന്‍ തലയിലൊരു സ്‌കാര്‍ഫും. മഴയെ പേടിച്ച് മകളെ വീട്ടിലിരുത്തി പോരേണ്ടി വന്നതിന്റെ സങ്കടമുണ്ട് അവര്‍ക്ക്. നാലുവയസ്സുകാരി യാമിനി എന്ന ആമിയോട് പപ്പയും അമ്മയും ഡോക്ടറെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ജേര്‍ണലിസ്റ്റായ എ.വി. ഷെറിനും പ്ലസ്ടു അധ്യാപികയായ ജിഷ രാജനും ബൈക്കില്‍ കറങ്ങാത്ത സ്ഥലങ്ങള്‍ കുറവാണ്. മൈസൂര്‍, ഊട്ടി, ബാംഗ്ലൂര്‍, കൊച്ചി, ഗുരുവായൂര്‍... വിഷുവിന് ബാംഗ്ലൂരിലേക്ക് തിരിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ അഡ്വഞ്ചര്‍ ജോഡികള്‍. റൈഡിങ് ആവശ്യങ്ങള്‍ക്കായി ബൈക്കിന്റെ ക്രാങ്കിന്റെ കനം കൂട്ടാന്‍ പരിപാടിയുണ്ട്. ഷെറിന്‍ പറഞ്ഞു.

സംസാരത്തിനിടയിലേക്ക് രണ്ട് ബൈക്കുകള്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി. യമഹ ഗ്ലാഡിയേറ്ററിലും ഹീറോഹോണ്ട സ്‌പ്ലെന്‍ഡറിലുമായി നാലു ചെറുപ്പക്കാര്‍. എല്ലാവരുടെയും കഴുത്തിലും കൈകളിലും പലവര്‍ണത്തിലുള്ള ചരടുകള്‍. രണ്ടുപേര്‍ പുരികം തുളച്ച് മെറ്റല്‍ റിങ്ങിട്ടിരിക്കുന്നു. ഒരാളുടെ ചെവിയില്‍ ഇയര്‍ഫോണ്‍. കോഴിക്കോട്ടെ സ്വകാര്യ കോളേജിലെ ബി.കോം. വിദ്യാര്‍ഥികളായ കൃഷ്ണപ്രസാദ്, സുഭീഷ്, വൈഭവ്, ഹാസിന്‍, യാത്ര തുടങ്ങി. അടുത്ത സ്റ്റോപ്പ് മാവൂര്‍, കൂളിമാട്, എരഞ്ഞിമാവ്, ഒതായി വഴി എടവണ്ണ.

1996 ഫിബ്രവരി 24ന് കേന്ദ്രവ്യവസായ മന്ത്രി കെ. കരുണാകരന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തതാണ് എടവണ്ണയിലെ സീതിഹാജി പാലം. പാലത്തിന്റെ കൈവരിക്കടുത്ത് ഞങ്ങളെ മൂന്ന് ബൈക്കുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ആറുപേരും. അനില്‍ രാജ്, പ്രജിത്ത്, മുഹമ്മദ് ജുമാന്‍, ഫാസില്‍ ബാപ്പു, ഷില്ലറ്റ്, അനീസ്. തമിഴ് സിനിമകള്‍ കേരളത്തില്‍ വിതരണം നടത്തുന്ന കമ്പനി നടത്തുകയാണ് അനില്‍. യാത്രകള്‍ സ്വാഭാവികമാക്കി മാറ്റിയ ആള്‍. ഈയിടെ അപകടത്തില്‍പെട്ട് കൈയൊടിഞ്ഞെങ്കിലും മസിനഗുഡിയെന്ന് കേട്ടപ്പോള്‍ അതു വകവെക്കാതെ ഇറങ്ങുകയായിരുന്നു ബജാജ് അവഞ്ചര്‍ ബൈക്കില്‍. 'ഡ്രൈവറായി' ബന്ധു പ്രജിത്തിനെയും കൂട്ടിയിട്ടുണ്ട്. മഞ്ചേരിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുകയാണ് പ്രജിത്ത്. ബാക്കി നാലുപേരും കോഴിക്കോട് സര്‍വകലാശാല ക്യാമ്പസിലെ പി.ജി. വിദ്യാര്‍ഥികള്‍. ടി.വി.എസ് അപ്പാച്ചെയിലെത്തിയ ഷില്ലറ്റും ജുമാനും മാസ് കമ്യൂണിക്കേഷന്‍ പഠിക്കുന്നു. പാഷന്‍ പ്ലസ് ഓടിച്ചെത്തിയ ഫാസില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി. ഒപ്പമുള്ള അനീസ് കംപാരിറ്റിവ് ലിറ്ററേച്ചര്‍.

ക്വാറം തികഞ്ഞതോടെ സംഘം ജംഗ്ഷനിലെ കൊച്ചു ഹോട്ടലിലേക്ക് വെച്ചുപിടിച്ചു. രാവിലെയായതിനാല്‍ അധികം വിഭവങ്ങള്‍ ഒന്നുമില്ല. ഇടിയപ്പം, മുട്ടക്കറി, ദോശ. തമാശകളും പാരവെപ്പുകളുമൊക്കെയായി ഹോട്ടലിനുള്ളില്‍ ശബ്ദമുയര്‍ന്നു. വിശദമായ ബ്രേക്ക് ഫാസ്റ്റിനുശേഷം ബൈക്ക് സ്റ്റാര്‍ട്ട്‌ചെയ്യുമ്പോള്‍ സമയം എട്ടര.

ഇനി ലക്ഷ്യം നിലമ്പൂര്‍. നല്ല റോഡ്, വാഹനങ്ങളും കുറവ്. ബൈക്കിന്‍കൂട്ടം പതുക്കെ ആക്‌സിലേറ്റര്‍ തുറന്നുപിടിച്ചു. മുന്നില്‍ ടീം ലീഡര്‍ ഷെറിനും ജിഷയും. നബിദിനമായതിനാല്‍ വഴി നീളെ ഘോഷയാത്രകള്‍. ദഫ്മുട്ടും പ്രവാചക സങ്കീര്‍ത്തനങ്ങളുമായി നീങ്ങുന്ന ചെറുസംഘങ്ങള്‍. നിലമ്പൂര്‍ ടൗണ്‍ പിന്നിട്ട് ചുങ്കത്തറ, എടക്കര ഭാഗങ്ങളിലെത്തിയപ്പോള്‍ ചട്ടയും മുണ്ടുമണിഞ്ഞ സ്ത്രീകളുടെ നിര. പെസഹവ്യാഴദിവസം പള്ളിയിലേക്ക് പോകുന്ന വിശ്വാസികള്‍. റോഡിലും തിരക്ക്. കുടിയേറ്റ മേഖലയായ ചുങ്കത്തറയില്‍ മാത്രം നാലോ അഞ്ചോ ക്രൈസ്തവ ദേവാലയങ്ങളുണ്ട്.

നിലമ്പൂര്‍ തേക്ക് മ്യൂസിയവും പിന്നിട്ട് വഴിക്കടവ് ചെക്ക് പോസ്റ്റിലെത്തിയപ്പോഴേക്കും ക്ഷണിക്കാത്ത അതിഥിയായി മഴ ഒപ്പം കൂടി. എത്രയും പെട്ടെന്ന് ചുരം കയറി അതിര്‍ത്തി കടക്കാമെന്നായിരുന്നു ടീം ലീഡറുടെ തീരുമാനം. തമിഴ്‌നാട്ടില്‍ മഴയുണ്ടാകില്ലെന്ന പ്രതീക്ഷയില്‍.

നാടുകാണി ചുരത്തിനു മുകളിലെ ചായക്കടയായിരുന്നു അടുത്ത സ്റ്റോപ്പ്. തമിഴ്‌നാട്ടുകാരന്‍ കണ്ണന്റെ കട. ചായയും ബണ്ണും കഴിച്ചു. ടീമംഗങ്ങള്‍ പ്രകൃതി ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയിലാക്കുന്നതിന്റെ തിരക്കിലായി. ഫോട്ടോസെഷന്റെ ബഹളം കേട്ട് വന്‍മരങ്ങളില്‍ നിന്ന് കുരങ്ങന്‍മാര്‍ ഇറങ്ങിവന്നെങ്കിലും തിന്നാനൊന്നും കിട്ടില്ലെന്നറിഞ്ഞ് തിരിച്ചുകയറി.

നാടുകാണിച്ചുരം കഴിഞ്ഞതോടെ തമിഴ്‌നാടായി. ഭൂപ്രകൃതിയിലും മാറ്റങ്ങള്‍ വന്നു. ചായത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് യാത്ര. എങ്ങും തമിഴിലുള്ള ബോര്‍ഡുകള്‍. കറുത്ത കട്ടിക്കണ്ണടവെച്ച രാഷ്ട്രീയ നേതാക്കളുടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നു. മുപ്പത്തഞ്ചു കിലോമീറ്റര്‍ പിന്നിട്ടാല്‍ ഗൂഡല്ലൂര്‍ ടൗണെത്തും. ചാലക്കുടിയോ കൊയിലാണ്ടിയോ പൊലെയുള്ള ചെറുനഗരമാണ് ഗൂഡല്ലൂര്‍. ഗൂഡല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഊട്ടി റോഡിലൂടെയാണ് മസിനഗുഡിക്ക് പോകേണ്ടത്. ഊട്ടി റോഡിലൂടെ കഷ്ടിച്ച് പത്തുകിലോമീറ്റര്‍ ഓടിച്ചതോടെ മഴ കനത്തു. ഒരു ഷോട്ട് ബ്രേക്ക് ആവാമെന്ന് ടീം ലീഡര്‍.

മാക്കുമൂലയിലെ മൊയ്തീന്റെ ചായക്കട. മലപ്പുറം കല്പകഞ്ചേരി സ്വദേശി മൊയ്തീന്‍ മാക്കുമൂലയില്‍ കച്ചവടം തുടങ്ങിയിട്ട് വര്‍ഷം കുറെയായി. മലയാളികള്‍ ഒട്ടേറെ പാര്‍ക്കുന്ന കുടിയേറ്റ മേഖലകൂടിയാണ് മാക്കുമൂല. മിക്കവാറും എല്ലാ മലയാള പത്രങ്ങളും കടയിലുണ്ട്. വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ആമിയുടെ വിശേഷങ്ങള്‍ ചോദിച്ച് ജിഷ ഉത്തരവാദിത്തമുള്ള അമ്മയായി.

മഴയുടെ വീര്യം കുറഞ്ഞു. മൊയ്തീന്‍ക്കയുടെ ചുടുചായയ്ക്കും ആതിഥ്യത്തിനും നന്ദിപറഞ്ഞ് വീണ്ടും ബൈക്കുകളിലേക്ക്. പത്തു കിലോമീറ്റര്‍ പിന്നിട്ടാല്‍ മുതുമല വന്യജീവി സങ്കേതമായി. അവിടെനിന്ന് ഏഴുകിലോമീറ്ററേയുള്ളൂ മസിനഗുഡിക്ക്. വേനലില്‍ മുതുമല വന്യജീവിസങ്കേതം അടച്ചിട്ടിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. 'സ്‌കൂള്‍ പൂട്ടിയ' കുട്ടികളെപ്പോലെ മുതുമലയിലെ കാട്ടാനകള്‍ കേരള അതിര്‍ത്തിയില്‍ ടൂര്‍ പോകുന്ന സമയമാണിത്. മുത്തങ്ങവനത്തിലെ നീര്‍ക്കുഴികളാണ് അവയുടെ ലക്ഷ്യം.

മുതുമലയെത്താറാകുമ്പോഴേക്കും ഇരുവശത്തും കാടു നിറഞ്ഞു. മുളങ്കൂട്ടങ്ങളില്‍ പലതും മഴയിലും കാറ്റിലും ചാഞ്ഞ് റോഡരുകിലേക്ക് വീണുകിടക്കുന്നു. കാടിനുള്ളില്‍ നിന്ന് ഏതൊക്കെയോ പക്ഷികളുടെ ശബ്ദം.

മുതുമലയ്ക്ക് രണ്ടു കിലോമീറ്റര്‍ അകലെയുള്ള മലയാളി ഹോട്ടലില്‍ നിന്ന് ഊണു കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു. എല്ലാവരും നനഞ്ഞൊട്ടിയിരിക്കുന്നു. ജാക്കറ്റിനും ഹെല്‍മറ്റിനും പ്രതിരോധിക്കാനാകാത്ത മഴയാണ് വില്ലന്‍. മുതുമലയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഏഴു കിലോമീറ്റര്‍ ഓടിച്ചതോടെ മസിനഗുഡിയിലെത്തി. ഒരു വനഗ്രാമമാണ് മസിനഗുഡി. നാലോ അഞ്ചോ റിസോര്‍ട്ടുകള്‍, പോലീസ് സ്റ്റേഷന്‍, മാരിയമ്മന്‍ ക്ഷേത്രം, കുറച്ചു കടകള്‍...

മസിനഗുഡിയില്‍ ഇതു മാത്രമേയുള്ളൂ. ജംഗ്ഷനില്‍ നിന്ന് നേരെ പോയാല്‍ ഊട്ടിയെത്തും. 35 കിലോമീറ്റര്‍ ദൂരം. ഇടത്തേക്ക് പോയാല്‍ മായര്‍ വെള്ളച്ചാട്ടം. വലത്തേക്കുള്ള റോഡില്‍ താഴേക്കിറങ്ങിയാല്‍ സിംഗാരപുഴ. എല്ലാത്തിനും അതിര് കാടാണ്. മാനും കാട്ടുപോത്തും മയിലും കാട്ടാനയുമൊക്കെയുള്ള കൊടും കാട്. കാടിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ഓരോ സഞ്ചാരിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ബോര്‍ഡുകള്‍ വഴി നീളെ കാണാം.

കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന താഴ്‌വരകള്‍, വന്‍മരങ്ങള്‍, ഒരു കടുവ പതിയിരിക്കുന്നുവോ എന്ന് നമ്മെ ഭയപ്പെടുത്തുന്ന പൊന്തക്കാടുകള്‍. ശരിക്കും വന്യമായ സൗന്ദര്യമാണ് മസിനഗുഡിയിലേത്. ബൈക്ക് യാത്രയുടെ ക്ഷീണമെല്ലാം മറന്ന് എല്ലാവരും ശരിക്കുമാസ്വദിച്ചു. മായര്‍ വെള്ളച്ചാട്ടവും സിംഗാരപുഴയുമൊക്കെ കണ്ട് തിരിച്ച് ജംഗ്ഷനിലെത്തുമ്പോഴേക്കും സമയം നാലുമണി. പത്തുകിലോമീറ്റര്‍ അകലെ മലമുകളിലുള്ള മുരുകന്‍ കോവില്‍ കാണണമെന്നായി പിന്നീടുള്ള തീരുമാനം. ചെങ്കുത്തായ കുന്നിന്റെ ഒത്തനടുവില്‍ വള്ളീസമേതനായ ഭഗവാന്‍ സുബ്രഹ്മണ്യന്റെ ക്ഷേത്രം. അവിടെ പോയിവരാന്‍ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണമെന്ന് ചായക്കടക്കാരന്‍ പറഞ്ഞതോുെട ആവേശം പോയി. ഇരുട്ടാകുന്നതിന് മുമ്പ് ചുരമിറങ്ങുന്നതാണ് ബുദ്ധി. ആറുമണികഴിഞ്ഞാല്‍ ചുരത്തില്‍ കോടമഞ്ഞിറങ്ങും. മഴകൂടിയാല്‍ പറയുകയും വേണ്ട. തൊട്ടുമുന്നില്‍ പോകുന്ന വണ്ടിപോലും കാണാനാകില്ല.

മനസില്ലാ മനസ്സോടെ എല്ലാവരും വണ്ടിതിരിച്ചു. മസിനഗുഡിയില്‍ നിന്ന് തുടങ്ങിയ മഴ ഗൂഡല്ലൂരും നാടുകാണിയും പിന്നിട്ട് കോഴിക്കോട് തിരിച്ചെത്തുംവരെ ഒപ്പമുണ്ടായിരുന്നു. മഴയ്ക്കും ചോര്‍ത്താനാകാത്ത യാത്രാജ്വരം സിരകളിലോടുന്നവരെ ഇതൊന്നും ബാധിച്ചില്ലെന്നതാണ് സത്യം. അടുത്ത ട്രിപ്പ് ഗോവയിലേക്ക്. റോഡീസ് രാമനാട്ടുകര ബൈപ്പാസില്‍ നിന്ന് പലവഴിക്ക് പിരിഞ്ഞു.