കൗമാരത്തില്‍ ജീവിതം ലണ്ടനിലേക്ക് പറിച്ചുനട്ടപ്പോഴും മനസ്സില്‍ ഉയര്‍ന്നുനിന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു. തലപ്പൊക്കത്തോടെ മാടിവിളിച്ചുകൊണ്ടിരുന്ന മോഹം-അത്യുത്തരദേശത്തെ ഹിമിഗിരിശൃംഖങ്ങള്‍. മോട്ടോര്‍സൈക്കിളില്‍ ഇന്ത്യയെ തൊട്ടറിഞ്ഞ് ഹിമാലയത്തിലേക്ക് ഒരു യാത്ര. ക്യാമറയില്‍ ആ നിമിഷങ്ങളെ നിശ്ചലമാക്കിയെടുക്കുക. യാത്ര, മോട്ടോര്‍സൈക്കിള്‍, ഫോട്ടോഗ്രാഫി മൂന്നു കമ്പങ്ങളോടും സമരസപ്പെടുന്ന സഞ്ചാരം. മനസ്സുകൊണ്ടതിന് തയ്യാറെടുത്തിട്ട് എത്രയോ കാലമായി. ഈ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങി ജനവരിവരെ നീണ്ട യാത്ര അതിന്റെ സാക്ഷാത്കാരമായിരുന്നു. ആ വിശേഷങ്ങളാണിവിടെ പങ്കുവെക്കുന്നത്. കണ്ടതും കേട്ടതും പൂര്‍ണമായി എഴുതാന്‍ ഒരു പുസ്തകം വേണ്ടി വരും. എടുത്ത ഫോട്ടോകള്‍ മുഴുവന്‍ പ്രസിദ്ധീകരിക്കാന്‍ ഈ താളുകള്‍ മതിയാവില്ല. അതുകൊണ്ട് പ്രധാനപ്പെട്ട ചില സ്ഥലങ്ങളെക്കുറിച്ചു മാത്രമേ പ്രത്യേകം പരാമര്‍ശിക്കുന്നുള്ളൂ. വിസ്താരഭയത്തില്‍ വിരമിക്കുന്നയിടങ്ങളിലൂടെ ഞാനെന്റെ ബൈക്ക് വേഗം ഓടിച്ചു പൊയ്‌ക്കോളാം.

ഇത്തരമൊരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ യു.കെ.യില്‍ നിന്നുള്ള സുഹൃത്തുക്കളുടെ പ്രതികരണം എപ്പോഴാണ് എങ്ങനെയാണ് എന്നൊക്കെയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ എന്തിനാ പോകുന്നത് റിസ്‌കല്ലേ തുടങ്ങി നിരുത്സാഹങ്ങളും. അനശ്വരമായ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍, സംസ്‌കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍, ഒരു കൂപമണ്ഡൂകമാവാതിരിക്കാന്‍. എനിക്കതിന് അതേ ഉത്തരമുണ്ടായിരുന്നുള്ളൂ.

ലണ്ടനിലെ ജോലി ഉപേക്ഷിച്ചു. അവിടെയുള്ള എന്റെ സ്ഥാവരജംഗമവസ്തുക്കളില്‍ വില്‍ക്കാവുന്നത് വിറ്റും സുഹൃത്തുക്കള്‍ക്ക് കൊടുക്കാവുന്നത് അവര്‍ക്കു കൊടുത്തും ഞാന്‍ സ്വതന്ത്രനായി. കോട്ടയത്തെ ജന്മനാട്ടില്‍നിന്ന് സഹയാത്രികനായ ബുള്ളറ്റിനെ തീവണ്ടികയറ്റി. അതേ ട്രെയിനില്‍ ഞാനും. ഇന്ത്യയെ അറിയാന്‍ റെയില്‍ നല്ല മാര്‍ഗമാണ്. അത് ഈ രാജ്യത്തിന്റെ സിരകള്‍തന്നെയാണ്. അതുകൊണ്ടുകൂടിയാണ് അങ്ങോട്ടുള്ള യാത്ര ഞാന്‍ 'ഹിമസാഗറി'ലാക്കിയത്.

ജമ്മു-കശ്മീരിലെ ഒരു ശിശിരകാല സുപ്രഭാതത്തില്‍ ഞാനെന്റെ സൂഹൃത്തിനെ ചൂടാക്കിയെടുത്തു. ശ്രീനഗര്‍വഴി ബണ്ടിപ്പുരയിലേക്ക്. പ്രധാന ഹൈവേയില്‍നിന്ന് 60 കിലോമീറ്റര്‍ അകത്തേക്ക.് അവിടെ എന്റെ സുഹൃത്ത് മേജര്‍ റോബിന്‍ പണിക്കര്‍ ഉണ്ടായിരുന്നു. ഞാനങ്ങോട്ട് വെച്ചുപിടിച്ചു. പാകിസ്താനുമായുള്ള നിയന്ത്രണരേഖയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണിത്. ഏതു സമയത്തും ഒരു വെടിപൊട്ടിയേക്കാം, ജാഗ്രത നല്ലതാണ്.

അത് വേറൊരു ലോകമായിരുന്നു. പാകിസ്താന്‍ സ്വാധീനം കൂടുതലുള്ള പ്രദേശം. ഹിന്ദിയെക്കാള്‍ ഉറുദുവാണ് സംസാരിക്കുന്നത്. ജമ്മു-കശ്മീരിന് സ്വതന്ത്രപദവി വേണമെന്ന തോന്നലുള്ളവരാണ് അവരില്‍ ഏറെയും. കേരളം എന്നൊരു നാടുണ്ടെന്നോ അത് ഇന്ത്യയിലാണെന്നോ അറിയാത്ത ഒരു തലമുറയും അവിടെയുണ്ടെന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഇവിടെ സോണാര്‍വാണിയിലാണ് ഞാന്‍ താമസിച്ചത്.

അവിടെനിന്ന് മുകളിലോട്ട് പോയപ്പോള്‍ രാജ്ദങ് ചുരത്തിലെ ആട്ടിടയന്മാര്‍ തന്ന ഊഷ്മളസ്വീകരണം ആ മഞ്ഞിന്‍തണുപ്പിനെ അകറ്റി. സമുദ്രനിരപ്പില്‍നിന്ന് 12000 അടി ഉയരത്തില്‍. ആടുകളും ഭക്ഷണസാമഗ്രികളുമായി അലഞ്ഞുതിരിയുന്ന അവര്‍ക്ക് ഇന്ത്യയുടെ ഇങ്ങേയറ്റത്തു നിന്നെത്തിയ ഞാനും ഒരു കൗതുകമായിരുന്നിരിക്കണം.

വീണ്ടും ഹൈവേയിലേക്കിറങ്ങി കാര്‍ഗില്‍മുതല്‍ ലഡാക്കുവരെ. കാര്‍ഗിലിലെ യുദ്ധസ്മാരകവും പട്ടണവും പിന്നിട്ട് ലഡാക്കിലേക്ക്. വഴിയില്‍ സോജിലാപാസ് റോഡായിരുന്നില്ല. ഉരുളന്‍കല്ലും പാറകളും നിറഞ്ഞ ഓഫ്‌റോഡ്. ആ സവാരിക്കൊരു സാഹസികതയുടെ ത്രില്ലുണ്ട്. പൊടിയും മഞ്ഞും കലര്‍ന്ന പാതകള്‍. ഇടയ്ക്ക് വല്ലപ്പോഴും കാണുന്ന ട്രക്കുകള്‍, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ലോറികള്‍, വിദേശികളായ ബൈക്കുയാത്രികര്‍.

ചെറിയ ഗ്രാമങ്ങളില്‍ വണ്ടി നിര്‍ത്തും. അവിടത്തെ ഗ്രാമീണരുമായി സംസാരിക്കും. അവിടത്തെ ഒരു ജീവിതചിത്രം മനസ്സിലാക്കും. ഒറ്റയ്ക്കുള്ള യാത്രയ്ക്ക് ഇങ്ങനെയൊരു ഗുണമുണ്ട്. കാരണം നമുക്ക് ആരോടെങ്കിലും സംസാരിക്കണമെന്നു തോന്നുമ്പോള്‍ നാം സംസാരിക്കും. മറ്റൊരാള്‍ കൂടെയുണ്ടെങ്കില്‍ നമ്മള്‍ അവരോടു സംസാരിക്കാനായിരിക്കും താത്പര്യം കാണിക്കുക.

ലഡാക്കിലെത്തി അവിടെ ഏതാണ്ട് ഒരാഴ്ച താമസിച്ചു. അവിടെയെത്തിയപ്പോഴാണ് ഞാന്‍ വന്നവഴിയില്‍ പ്രധാന ഹൈവേയില്‍നിന്ന് തിരിഞ്ഞ് രണ്ടു മണിക്കൂര്‍ ട്രക്ക് ചെയ്താല്‍ ഗുഹകള്‍ നിറഞ്ഞൊരു സ്ഥലമുണ്ടെന്നു കേട്ടത്. അതൊന്നു കാണണമെന്നു തോന്നി. അങ്ങോട്ടേക്ക് വിട്ടു. കണ്ടില്ലെങ്കില്‍ നഷ്ടമായി പോയേനേ. പത്തു മുപ്പതു ഗുഹകള്‍ കാണും. ഉഭയാന്‍ചോങ്. ഒരു മൊണാസ്ട്രിയുമുണ്ട്. ഫോക്കര്‍ സോങ് മൊണാസ്ട്രി. മലനിരകള്‍ക്കിടയില്‍ പ്രാര്‍ഥനപതാകയുമേന്തിയൊരു കെട്ടിടം. താമസിക്കാന്‍ വലിയ സൗകര്യങ്ങളൊന്നുമില്ല. ഒരു ഗസ്റ്റ്ഹൗസിലാണ് ഞാന്‍ തങ്ങിയത്. 200 രൂപയേ വാടകയുള്ളൂ. പക്ഷേ, ആ സ്ഥലം നല്‍കുന്ന ഒരു പ്രശാന്തത വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ ഞാനൊരു കവിയല്ല. അത് അനുഭവിച്ചുതന്നെ അറിയണം എന്നു പറഞ്ഞ് തത്കാലം രക്ഷപ്പെടുന്നു.
ഒരു ആര്യന്‍ ഗ്രാമത്തില്‍ പോയതും മറക്കാനാവില്ല. അതും അതിര്‍ത്തിയില്‍നിന്ന് വളരെ അടുത്തുള്ള സ്ഥലമാണ്. അവിടത്തെ വസ്ത്രവിധാനങ്ങളും കേശാലങ്കാരവുമെല്ലാം ഏറെ പ്രത്യേകതയുള്ളതായിരുന്നു. ദാ എന്നാണാ ഗ്രാമത്തിന്റെ പേര്. ലേയില്‍ ഏതാണ്ട് ഒരാഴ്ച താമസിച്ചു. അവിടെ നിന്നും കാണാന്‍ പോയ പാങ്‌ഗോഗ് തടാകം മനസ്സില്‍ ഇപ്പോഴുമുണ്ട്. ഒന്നു കണ്ണടോച്ചോര്‍ത്താല്‍ അതിന്റെ നീലിമയും ശാന്തതയും മനസ്സില്‍ നിറയുന്നതറിയാം. ഒരുപക്ഷേ, ജീവിതയാത്രയുടെ അവസാനംവരെ മായാതെ നില്‍ക്കുന്ന ഒരു കാഴ്ചയായിരിക്കും അത്.

കാര്‍ദുങ്‌ലായില്‍ കനത്ത മഞ്ഞായിരുന്നു. വഴിക്ക് മഞ്ഞുവീഴ്ച കാരണം അടച്ച റോഡ് തുറക്കാന്‍ കാത്തിരിക്കേണ്ടി വന്നു. ഓസ്ട്രിയന്‍ ദമ്പതികളായ ആന്‍ഡ്രിയെയും സില്‍വിയയെയും അവിടെവെച്ചാണ് പരിചയപ്പെടുന്നത്. അവരും ബുള്ളറ്റിലായിരുന്നു. യാത്രയായിരുന്നു അവരുടെയും മതം. ഞങ്ങള്‍ വേഗം അടുത്തു. ഒരു പത്തുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും വീണ്ടും മഞ്ഞുവീഴ്ച ആരംഭിച്ചു. ഫസ്റ്റ് ഗിയറും സെക്കന്റ് ഗിയറും ശരണം. പാളിവീഴാതിരിക്കാനുള്ള പെടാപ്പാടിലൂടെ, പെട്രോള്‍ തീര്‍ന്നു പോകുമോയെന്ന ആശങ്കകള്‍ക്കിടയിലൂടെ വണ്ടി മെല്ലെമെല്ലെ ആ ധവളപാത താണ്ടി.

വഴിക്ക് അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്റെ റോഡ് പണിനടക്കുന്ന ഒരിടത്ത് എന്റെ കേരളാ രജിസ്‌ട്രേഷന്‍ ബൈക്ക് കണ്ടതും, റോഡുപണിയുടെ കോണ്‍ട്രാക്ടര്‍ അടുത്തു വന്നു. മലയാളിയായ സുനില്‍. അന്നാദ്യമായി വീടുവിട്ടശേഷം ഞാന്‍ ഒരു ഊണുകഴിച്ചു. ലഡാക്കില്‍നിന്ന് മണാലിയിലേക്കുള്ള വഴിയിലെ സര്‍ച്ചുവില്‍നിന്ന് പകര്‍ത്തിയ നിശാകാശവും മനസ്സില്‍ കത്തിനില്‍ക്കുന്നുണ്ട്. ഇവിടെ ടെന്റ് വീടുകളും കുടിലുകളും താമസിക്കാന്‍ കിട്ടും. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇതൊരു സ്വപ്‌നഭൂമിയാണ്.

സര്‍ച്ചു-മണാലി റോഡ് ബൈക്കോടിക്കാന്‍ മനോഹരമായൊരു ഇടമായിരുന്നു. ചിലയിടങ്ങളില്‍ റിവര്‍ ക്രോസിങ് ഉണ്ടാവും. മഞ്ഞുകാലത്ത് വെള്ളം കുറവായിരിക്കും. വേനലില്‍ പക്ഷേ, മഞ്ഞുരുകി വെള്ളം പൊങ്ങും. അങ്ങനെയുള്ള സമയങ്ങളില്‍ വണ്ടിയോടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. സംശയം തോന്നുന്നിടങ്ങളില്‍ ഞാന്‍ വണ്ടി നിര്‍ത്തി ആഴമൊന്നു പരിശോധിച്ചായിരുന്നു മുന്നോട്ട് പോയത്. വെള്ളത്തിനടിയിലെ ഉരുളന്‍കല്ലുകളാണ് മറ്റൊരു കാര്യം. ശ്രദ്ധിച്ചില്ലെങ്കില്‍ ഗോലിയില്‍ ചവിട്ടി തെന്നിവീഴുംപോലെ ബൈക്കും യാത്രികനും വെള്ളത്തില്‍ കിടക്കും. അല്ലെങ്കില്‍ മുന്നിലേതെങ്കിലും വണ്ടിയുണ്ടെങ്കില്‍ അത് പോകുന്നത് നോക്കി പിടിക്കാം. ഇത്രയും യാത്രയ്ക്കിടയില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മൂന്നു മോട്ടോറബിള്‍ റോഡുകളും നമ്മള്‍ താണ്ടും.


ബൈക്കില്‍ ഏകനായി മൂന്നു രാജ്യങ്ങളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഏപ്രില്‍ ലക്കം യാത്ര കാണുക.ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക് ചെയ്യുക