പോരുകാളകളായിരുന്നു ആ പവര്‍ ബൈക്കുകള്‍. ചിലപ്പോള്‍ മെരുങ്ങാത്ത കാട്ടുപോത്തുകളും.... അവയ്ക്ക് കടിഞ്ഞാണിട്ട ഒരു സംഘം അടിപൊളി പയ്യന്‍മാര്‍.... അവരുമൊത്തായിരുന്നു ആവേശത്തിന്റെയും സാഹസികതയുടെയും ആരോഹണാവരോഹണങ്ങള്‍ താണ്ടിയ ആ യാത്ര. കാട്ടാനചൂര് പടരുന്ന വനവിജനതകള്‍... മഴയില്‍ കുളിച്ച പച്ചക്കുന്നുകള്‍, രക്തഗന്ധം കാത്തിരിക്കുന്ന അട്ടകള്‍... ആകാശം ചോര്‍ന്നുവരുംപോലെ വെള്ളച്ചാട്ടങ്ങള്‍, കോടമഞ്ഞില്‍ പൊതിയുന്ന തേയിലത്തോട്ടങ്ങള്‍, മുടിപ്പിന്‍ വളവുകള്‍...

യാത്രയുടെ ഫസ്റ്റ്ഗിയര്‍ വീണത് ആലുവയില്‍ നിന്നാണ്. പൊട്ടിയ റബ്ബര്‍ബാന്‍ഡ് കൂട്ടം പോലെ കിടക്കുന്ന വാല്‍പ്പാറയിലേക്കാണ് പോക്കെന്നറിഞ്ഞപ്പോള്‍ അവരിലെ ആവേശത്തിന്റെ ആക്‌സിലറേറ്റര്‍ ടോപ്പിലെത്തി. പുറപ്പെടുമ്പോള്‍ രാവിലെ ആറുമണി. റെയില്‍വേസ്റ്റേഷനടുത്തുള്ള പമ്പില്‍ നിന്നും ആറു ബൈക്കുകളും ഫുള്‍ടാങ്ക് പെട്രോള്‍ കുടിച്ചു. ഇന്ധനം നിറഞ്ഞതോടെ പോരുകാളകള്‍ ഇരമ്പിക്കുതിച്ചു. ഏറെ നാള്‍ കൂടി ലോംഗ് ട്രിപ്പ് കിട്ടിയതിന്റെ ആവേശത്തില്‍ പലരുടെയും സ്​പീഡോമീറ്റര്‍ എണ്‍പതിനും മുകളിലേക്ക്... അടിപൊളി ഗാങിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും 'ജെറ്റിക്‌സ'ായി (ജെറ്റ് വേഗത്തിലെന്ന് വിവക്ഷ).

ബൈക്ക്‌സ്റ്റണ്ട് നടത്തുന്ന ഡെവാസ്‌റ്റേറ്റേഴ്‌സ് ടീം അതിവേഗം ദൂരങ്ങള്‍ പിന്നിട്ടു. 'തച്ചുതകര്‍ക്കുന്നവര്‍' എന്നാണ് ടീമിന്റെ അര്‍ത്ഥമെങ്കിലും യാത്രയ്ക്കിടയില്‍ എതിരെ വന്ന ഒന്നിനെ പോലും അവര്‍ നോവിച്ചില്ല. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ചാലക്കുടി പിന്നിട്ട് ബൈക്കുകള്‍ അതിരപ്പിള്ളി റോഡിലേക്ക് തിരിഞ്ഞു... വീണ്ടും ജെറ്റിക്‌സ്!

അതിരപ്പിള്ളി പഞ്ചായത്തിന്റെ അതിര്‍ത്തിയായ വെറ്റിലപ്പാറയെത്തിയപ്പോള്‍ ടീമിനൊരു മോഹം, കുറച്ച് നേരം സ്റ്റണ്ടായാലെന്താ. പിന്നെ പുതിയപാലത്തില്‍ കുറച്ചു നേരം ഷോ... ചിലര്‍ ഒറ്റവീലില്‍..മറ്റു ചിലര്‍ പോരുകാളകളെ മൂക്ക് കുത്തിക്കുന്നു, സ്റ്റണ്ട് ഭാഷയില്‍ പറഞ്ഞാല്‍ 'നോസിങ്'. ഇനിയും മനസ്സിലായില്ലെങ്കില്‍ കേട്ടോ... അതിവേഗത്തില്‍ വന്ന് ബൈക്കിന്റെ പിന്‍ചക്രം മാത്രം ഉയര്‍ത്തി ബ്രേക്കിടുക... രണ്ടു ചക്രങ്ങള്‍ ഉള്ളത് എന്തോ അപരാധമാണെന്നത് പോലെ, മുന്‍ചക്രം ആകാശത്തേക്കുയര്‍ത്തി ഓടിക്കുന്നതായിരുന്നു ഡെവാസ്‌റ്റേറ്റേഴ്‌സിന്റെ ഇഷ്ടവിനോദം. പിന്നെ 'ക്രൈസ്റ്റടി', ഓടുന്ന ബൈക്കിന് മുകളില്‍ കൈകള്‍ വിരിച്ച് നില്‍ക്കുക...

കൂട്ടത്തില്‍ ഏറ്റവും മോഡേണായ യമഹാഎഫ്.സിയുടെ കടിഞ്ഞാണാണ് കൈക്കലാക്കിയത്. മഞ്ഞയും കറുപ്പും ഇടകലര്‍ന്ന പോരുകാള. യമഹ എഫ്.സി ആദ്യമൊന്നും വഴങ്ങിതരാന്‍ കൂട്ടാക്കിയില്ല. അവന്‍ പലപ്പോഴും കുതറിക്കൊണ്ടിരുന്നു, ചിലപ്പോഴൊക്കെ കുതിച്ചുചാടി മറിച്ചിടാന്‍ നോക്കി. അതിരപ്പിള്ളിയിലേക്കുള്ള പതിനഞ്ചു കിലോമീറ്ററിനുള്ളില്‍ അവന്‍ ഒരുവിധം മെരുങ്ങി. ഒരു രഹസ്യം: സത്യത്തില്‍ ബൈക്കിന്റെ പിന്നിലിരിക്കാനുള്ള ഭയം കൊണ്ടാണ് വരുന്നത് വരട്ടെയെന്ന് വിചാരിച്ച് അതിവേഗത്തിന്റെ രാജകുമാരന്‍മാര്‍ക്കൊപ്പം ബൈക്കോടിക്കാമെന്ന് നിശ്ചയിച്ചത്.

യാത്രയുടെ ആദ്യ പിറ്റ്‌സ്റ്റോപ്പായ അതിരപ്പിള്ളിയില്‍ ഞങ്ങളെത്തി. വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയാസ്വദിച്ച് നിന്നപ്പോള്‍ അടിപൊളി ഗാങിനെ പരിചയപ്പെടാന്‍ ഒരു മദാമ്മയെത്തി. ജര്‍മ്മന്‍കാരി നിക്കോള്‍. കേരളം ആസ്വദിക്കാനെത്തിയതാണ് ആ മുപ്പത്തിയഞ്ചുകാരി. നിക്കോളിനൊപ്പം ഒരു മോഡല്‍ ഫോട്ടോഷൂട്ട്. അതിരപ്പിള്ളിയുടെ സൗന്ദര്യമാസ്വദിക്കണമെങ്കില്‍ പതനസ്ഥാനത്ത് പോകണം. സംഘം താഴേക്കിറങ്ങി. പാറക്കല്ലുകള്‍ വിരിച്ച ഇറക്കം. താഴെ ജലപാതത്തിന്റെ ഹുങ്കാരം. ഞങ്ങളേക്കാള്‍ വന്യമായ ആവേശത്തോടെ വെള്ളം ആകാശം തുളച്ച് താഴെ പാറകളില്‍ വീണ് പൊട്ടിച്ചിതറുന്നു. ആ നുരയുംപതയും മേലാകെ.... മല്ലുവുഡ്ഡിന്റെ മാത്രമല്ല ബോളിവുഡ്ഡിന്റെയും കോളിവുഡ്ഡിന്റെയും തിരശ്ശീലയില്‍ അതിരപ്പിള്ളി പതിഞ്ഞിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ വന്യതയില്‍ മുഖംനോക്കിനിന്ന് സംഘത്തിന് മതിയായില്ല. അതിരപ്പിള്ളിയുടെ ജലകണങ്ങള്‍ മുഖത്ത് വീഴുമ്പോള്‍ കാടിന് നടുവില്‍ മഴനനയുന്ന സുഖം. തിരിച്ചുള്ള പോക്കില്‍ 'കയറ്റം കഠിനം തന്നെ അയ്യപ്പാ...' എന്ന് ഡെവാസ്‌റ്റേറ്റേഴ്‌സ് വിളിച്ചു പറയുന്നുണ്ടായിരുന്നു.

മുകളിലെത്തിയപ്പോള്‍ ഉച്ച മൂത്തു. ഇനി കാട്ടിലൂടെയാണ് യാത്ര. ഭക്ഷണം എവിടെ കിട്ടുമെന്ന് പറയാനാവില്ല. കണ്‍ഫ്യൂഷനടിച്ച് നിന്നപ്പോള്‍. തൊട്ടരികെ തൊപ്പിവിറ്റിരുന്നയാളുടെ വിലപ്പെട്ട ഉപദേശം... 'വാഴച്ചാലെത്തിയാല്‍ നല്ല പുഴമീന്‍ കൂട്ടി ഊണുകഴിക്കാം വലിയ കാശാവില്ല.' അതിരപ്പിള്ളിയിലെ 'കത്തി'ക്ക് കീഴെ തലവെയ്ക്കാതെ വണ്ടി, വാഴച്ചാലിന് വിട്ടു. വാഴച്ചാല്‍ ഫോറസറ്റ് ഡിവിഷന്‍ ചെക്ക്‌പോസറ്റില്‍ യാത്രയുടെ വിവരങ്ങള്‍ എഴുതികൊടുത്ത് യാത്രാനുമതി വാങ്ങി. നൂറ്മീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡിന്റെ ഇരുവശത്തും ചെറുഹോട്ടലുകള്‍, ഹോട്ടല്‍ ദില്‍, സൗരവ്...ചാലക്കുടിപുഴയില്‍ നിന്ന് പിടിച്ച മീന്‍വറുത്തത് കൂട്ടി സമൃദ്ധമായ ഊണ്. എല്ലാവരുടെയും 'ദില്‍' നിറഞ്ഞു. വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ ഇരമ്പം കേട്ട് ബൈക്കുകള്‍ വീണ്ടും കുതിച്ചു..

ഷോളയാര്‍ മഴക്കാടുകളില്‍ക്കൂടിയാണ് യാത്ര. വന്യതയില്‍ ബൈക്കുകള്‍ ചീറിപ്പായുന്ന ശബ്ദം മാത്രം. വഴിക്കിരുവശവും ഈറ്റക്കാടുകള്‍, ചില സ്ഥലങ്ങളില്‍ റോഡിനെ ഇരുവശത്തുനിന്നും പൊതിയുന്ന വൃക്ഷജാലങ്ങള്‍, ഇടയ്ക്കിടെ കനത്ത പുല്‍മേടുകള്‍, ചാലക്കുടിപ്പുഴയുടെ വനഭാവങ്ങള്‍. ബൈക്കിന്റെ സ്​പീഡില്‍ പറന്നു പൊങ്ങിയ കരിയിലകള്‍, റോഡില്‍ വീണ് വീണ്ടും ഉറക്കം തുടങ്ങി. പിന്നിടുന്ന വഴികള്‍ അതിവേഗം വിദൂരമായി. വഴിയില്‍ നിറയെ ആനപിണ്ടങ്ങള്‍. കൂട്ടത്തിലെ രസികനായ മിഥുന്‍ വിളിച്ചു പറഞ്ഞു. 'അളിയാ, ഒന്നും ഫ്രെഷ് അല്ല'. ആന അടുത്തൊന്നുമില്ലെന്നര്‍ത്ഥം. ബൈക്കുകളുടെ ശബ്ദം നിലച്ചപ്പോള്‍ ചെവിക്ക് ചുറ്റും ചീവീടുകളുടെ സൈറണ്‍. ചിലപ്പോള്‍ പക്ഷികളുടെ കൂജനങ്ങള്‍. ഇവിടെയെങ്ങാനും ഒറ്റയ്ക്ക് പെട്ടുപോയാല്‍ ആനയൊന്നും വരണ്ട, അല്ലാതെ തന്നെ പേടിച്ച് കാറ്റുപോകും.

'രാത്രിയായിരുന്നു അന്നത്തെ യാത്ര.....' മുന്‍പൊരിക്കല്‍ ജീപ്പില്‍ ഇതുവഴി വന്നപ്പോള്‍ ആനയുടെ മുന്നില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കഥ മിഥുന്‍ പറഞ്ഞു തുടങ്ങി. 'ജീപ്പിന്റെ വെളിച്ചത്തില്‍ ദൂരെ ഈറ്റക്കാടിനരികില്‍ റോഡിനോട് ചേര്‍ന്ന് നിഴലുപോലെ ആന. ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കുറെ നേരം ശബ്ദമുണ്ടാക്കാതിരുന്നു. ഇരുട്ടിന് കനം കൂടി. ഒടുവില്‍ ഡ്രൈവര്‍ പറഞ്ഞു... ഒരു വഴിയുണ്ട്, രക്ഷപ്പെട്ടാല്‍ രക്ഷപ്പെട്ടു... ജീപ്പ് ഫസ്റ്റ് ഗിയറിലിട്ട് ആന നില്‍ക്കുന്നതിനടുത്തേക്ക് നിരക്കി നിരക്കി എത്തിച്ചു. അറിഞ്ഞ ഭാവമില്ലാതെ അവന്‍ ഈറ്റക്കൂട്ടത്തിനടുത്തു തന്നെ തുമ്പിക്കൈ ആട്ടി നിന്നു. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ജീപ്പ് വല്ലാത്തൊരു ശബ്ദത്തോടെ മുന്നോട്ട് പാഞ്ഞു. ആന വെട്ടിത്തിരിഞ്ഞ് ജീപ്പിന് പിന്നാലെ... മരണപ്പാച്ചിലായിരുന്നു... ഒരുവിധമാണ് അന്ന് രക്ഷപ്പെട്ടത്'.

കാടിന്റെ മൗനങ്ങളെ ഭഞ്ജിച്ച് ബൈക്കുകള്‍ മുരണ്ടു പാഞ്ഞു.. ആക്‌സിലറേറ്ററില്‍ കൈകള്‍ മുറുകും തോറും കാറ്റിന്റെ ആലിംഗനത്തിന്റെ ശക്തി കൂടി. വിജനമായ പാതയിലെ വളവുകളും തിരിവുകളും യാത്രയുടെ ഹരമേറ്റി. അങ്ങനെ ഒരു വളവ് പിന്നിട്ടപ്പോള്‍ മുന്നില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശം. അതിമനോഹരമായ കാഴ്ച്ച. പച്ചയുടെ ഉത്സവമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജരാജന്‍മാരെ പോലെ പച്ചപ്പിന്റെ ആകൃതി വികൃതികള്‍. അനക്കമില്ലാതെ കിടക്കുന്ന തടാകം, അവിടവിടെയായി പച്ചത്തുരുത്തുകള്‍, ഒരില പോലും അനങ്ങുന്നില്ല. മനോഹരമായൊരു പെയിന്റിങ് പോലെ ആ കാഴ്ച്ച മനസ്സിന്റെയും ക്യാമറയുടെയും ഫ്രെയിമില്‍ ഒരേ സമയം പതിഞ്ഞു.

മലക്കപ്പാറയിലേക്ക് ഇനി അധികദൂരമില്ല. തമിഴ്‌നാട്ടിലേക്ക് കടക്കുംമുന്‍പുള്ള കേരളത്തിന്റെ അതിര്‍ത്തിഗ്രാമം. അവിടെയാണ് രാത്രി തങ്ങേണ്ടത്. നാലുമണി കഴിഞ്ഞതേയുള്ളൂ. കാട്ടുവഴികള്‍ ഇരുട്ടിന്റെ മുഖംമൂടിയണിഞ്ഞുതുടങ്ങി. അകമ്പടിയായി കോടമഞ്ഞിറങ്ങി. പത്തടി മുന്‍പിലുള്ള കാഴ്ച്ചവരെ മങ്ങി. ബൈക്കിന്റെ ലൈറ്റുകള്‍ തെളിഞ്ഞു. രക്ഷയില്ല... പോരുകാളകള്‍ ഫസ്റ്റും സെക്കന്‍ഡും ഗിയറുകളിലേക്ക് വീണ് കിതച്ചു... മലക്കപ്പാറ ടൗണെത്തി, ഒന്നും ശരിക്ക് കാണുന്നില്ല. മഴനൂലുകള്‍ പെയ്തിറങ്ങുന്നുണ്ട്. താമസം നേരത്തെ ഏര്‍പ്പാട് ചെയ്തിരുന്നതിനാല്‍ വലിയ പ്രശ്‌നമുണ്ടായില്ല. ഹോംസ്‌റ്റേ പോലൊരു സെറ്റപ്പ്. ഇരുട്ട്, തണുപ്പില്‍ അലിയാന്‍ തുടങ്ങി. ഞങ്ങള്‍ കമ്പിളിപ്പുതപ്പുകള്‍ക്കുളളിലേക്ക് വലിഞ്ഞു... സുഖനിദ്ര.

രാവിലെ പുതപ്പിന്റെ സുരക്ഷിതത്വത്തില്‍ നിന്ന്് പുറത്ത് വന്നപ്പോഴാണ് മലക്കപ്പാറയിലെ കാഴ്ച്ചയുടെ വാതായനങ്ങള്‍ തുറന്നത്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലായിരുന്നു ഞങ്ങളുടെ ഉറക്കം. തേയിലത്തോട്ടങ്ങളെ കണ്ട്, രാവിലത്തെ രുചികരമായ ചായ മോന്തി. പുലിയും ആനയും ഇറങ്ങുന്ന സ്ഥലമാണത്രേ ഇത്. ഈശ്വരാ, ഇത് അറിഞ്ഞിരുന്നെങ്കില്‍ രാത്രി മുറിക്ക് പുറത്തിറങ്ങില്ലായിരുന്നു!

മലക്കപ്പാറയില്‍ നിന്നും വാല്‍പ്പാറയക്ക് 26 കിലോമീറ്ററുണ്ട്. ബൈക്കുകള്‍ ജെറ്റിക്‌സായി. ടൗണില്‍ നിന്നും 200 മീറ്റര്‍ പിന്നിട്ടാല്‍ തമിഴ്‌നാടിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ്. ചുറ്റും ചായത്തോട്ടങ്ങളൊരുക്കുന്ന ചായക്കൂട്ടുകള്‍... 'പ്രകൃതിയുടെ പാക്കിങ്....' കണ്ണെത്തും ദൂരത്തെല്ലാം തേയിലത്തോട്ടങ്ങളും നീലവാനവും പുണര്‍ന്നുകിടക്കുന്നു. പിന്നെ വഴിയില്‍ ഷോളയാര്‍ വന്നു. കേരളത്തില്‍ ആനമലയും തമിഴ്‌നാട്ടില്‍ കൊരങ്ക്മുടിയും കാവല്‍ നില്‍ക്കുന്ന ചോലയാര്‍. അനുമതിയില്ലാതെ ഡാമിന് മുകളിലേക്ക് പ്രവേശനമില്ല.

ഉരുളിക്കല്‍ എസ്റ്റേറ്റിലൂടെയായി പിന്നത്തെ യാത്ര. അത് അവസാനിക്കുന്നിടത്ത് റൊട്ടിക്കടക്കവല. അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ വാല്‍പ്പാറയ്ക്ക് ആറ് കിലോമീറ്റര്‍.

വഴിയില്‍ ഒരിടത്ത് നിറയെ പൊത്തുകളുള്ള വന്‍മരം. ബൈക്കുകള്‍ നിന്നു. കരിങ്കുരങ്ങുകള്‍ ചാടിക്കളിക്കുന്നു. ഉടന്‍ വന്നു ടീമില്‍ നിന്നും ബൈക്ക് ഭാഷയില്‍ ഒരു കമന്റ് 'ദേ നോക്കെടാ കുരങ്ങന്‍ സെക്കന്‍ഡിലിട്ട് ജംപെടുക്കുന്നു...'

പച്ചപുതച്ച വഴികള്‍ പിന്നിട്ട്, വാല്‍പ്പാറ ടൗണിലെത്തി. അത്യാവശ്യം വലിപ്പമുള്ള പക്കാ തമിഴ്ടൗണ്‍. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ കുന്നിന്‍ മുകളില്‍ അടുക്കി വെച്ചിരിക്കുന്നത് പോലെ ചെറിയ കെട്ടിടങ്ങള്‍... ചാലക്കുടി-വാല്‍പ്പാറ റൂട്ടില്‍ ചാലക്കുടി വിട്ടാല്‍ പെട്രോള്‍പമ്പുളളത് ഇവിടെയാണ്. ടൗണില്‍ നിന്നും പൊള്ളാച്ചിയിലേക്കുള്ള വഴിയില്‍ കുത്തനെ പുളഞ്ഞുകിടക്കുന്ന നാല്‍പ്പത് ഹെയര്‍പ്പിന്നുകള്‍. നാല്‍പ്പതാമത്തെ മുടിപ്പിന്‍വളവ് തിരിഞ്ഞു. കൊടിയവളവുകള്‍ ടീമിന് ഹരമാണ്. ടേണിട്ട് ടേണിട്ടാണ് പോക്ക്. അതായത് ബൈക്ക് കിടത്തി വളയ്ക്കുക. മുട്ടുകാല്‍ റോഡില്‍ മുട്ടുമെന്ന് തോന്നും.

വളവോട് വളവ്.... ഇത് തീരില്ലേ...വിശന്നിട്ടു വയ്യ. ഓരോ ബൈക്കുകളില്‍ നിന്നും വിശപ്പിന്റെ വിളികള്‍ വന്നു. ഏതോ ഒരു മുതലാളിയുടെ തേയിലത്തോട്ടത്തിനരികിലേക്ക് ബൈക്കുകള്‍ ഒതുക്കി. ജാം, ബ്രെഡ്ഡിന്റെ പുറത്ത് കയറി. തോട്ടത്തിനരികിലെ അരുവിയില്‍ കൈകഴുകി. സൈലന്‍സറുകള്‍ വീണ്ടും തീ തുപ്പി. 30,29, 28,27...ഓരോ ഹെയര്‍ പിന്നുകളായി പിന്നിട്ടു... ഓരോ വളവുകളെത്തുമ്പോള്‍ കൂട്ടത്തില്‍ നിന്ന് ആരവമുയരും. അങ്ങനെ പതിമൂന്നാം വളവിലെത്തി, മുകളിലേയും താഴെയുമുളള ഹെയര്‍പിന്നുകളുടെ അതിശയിപ്പിക്കുന്ന കാഴ്ച്ച. മടക്ക് മടക്കായി കിടക്കുന്ന റോഡുകള്‍. ദൂരെ പൊള്ളാച്ചിയുടേയും ആളിയാറിന്റെയും വിശാലദൃശ്യം. ശരിക്കുള്ള വ്യൂ പോയിന്റ് ഒന്‍പതാം വളവിലാണ്, 'ലോംസ് പോയിന്റ്'. പാറക്കൂട്ടങ്ങള്‍ കയറി പോകുന്ന ഒരു വരയാടിനെ അവിടെ കണ്ടു. കാഴ്ച്ചയുടെ അനവധി മടക്കുകള്‍ താണ്ടിയപ്പോള്‍ ഡെവാസ്റ്റേറ്റേഴ്‌സ് ഹാപ്പിയായി.

ചുരമിറങ്ങി പൊള്ളാച്ചി വഴി പാലക്കാടെത്തിയാല്‍ ഹൈവേയിലൂടെ ഡെയ്ഞ്ചറസല്ലാതെ യാത്ര തുടരാം. പക്ഷേ ഞങ്ങളുടെ ടീമിന് അഡ്വഞ്ചറിനോടായിരുന്നു താത്പര്യം. വന്ന വഴി തിരിച്ചു വിട്ടു. സമയം വൈകീട്ട് മൂന്നേകാല്‍. ആറുമണിക്ക് മുന്നേ അതിരപ്പിളളിയിലെത്തണം. ബൈക്കുകള്‍ നൂറേ നൂറില്‍ പറന്നു. മഴ പെയ്തുതുടങ്ങി, തമിഴ്‌നാട്ടില്‍ ഏറ്റവും അധികം മഴ പെയ്യുന്ന സ്ഥലമാണ് വാല്‍പ്പാറ. ബൈക്കിന്റെ സ്​പീഡില്‍, മഴസൂചികള്‍ മുഖത്ത് തുളച്ച് കയറി. ടീഷര്‍ട്ടുകളില്‍ വീഴുന്ന മഴത്തുള്ളികളുടെ കൈകള്‍ വിടര്‍ന്നു വിടര്‍ന്നു വലുതായി.

നാലരയോടെ മലക്കപ്പാറയില്‍. അവിടെ നിന്നും നനഞ്ഞു കുതിര്‍ന്ന അമ്പത്തെട്ട് കി.മീ. കാട്ടുവഴിയിലൂടെ അതിരപ്പിള്ളിയിലേക്ക്. വളവുകളില്‍ ടയറുകള്‍ തെന്നി. ഇരുട്ടുവീണ ഓരോ വളവിലും ആനയെ പ്രതീക്ഷിച്ചാണ് ആക്‌സിലറേറ്ററിലും ഗിയറിലും കൈകാലുകള്‍ താളമിട്ടത്. ഭാഗ്യമോ നിര്‍ഭാഗ്യമോ ഒരാനയെ പോലും കണ്ടില്ല. ഇരുട്ടിന് കനംകൂടിത്തുടങ്ങി. ടീമിന്റെ ആവേശം കെട്ടിട്ടില്ല. ഓട്ടത്തിനിടെ എല്ലാവരും ബൈക്കിന്റെ സെന്റര്‍സ്റ്റാന്‍ഡ് റോഡിലുരച്ചു. മിന്നാമിന്നി കുട്ടം പറന്നു പൊങ്ങുന്നത് പോലെ റോഡില്‍ നിന്നും ഇരുട്ടിലേക്ക് തീപ്പൊരി ചിതറി.

ഇരുട്ടില്‍ എവിടെയോ നിന്ന് വല്ലാത്ത ശബ്ദങ്ങള്‍. നിബിഡ മേഘങ്ങള്‍ക്കിടയിലൂടെ പുറത്തു ചാടാന്‍ വെമ്പുന്ന വിദൂര നക്ഷത്രങ്ങളുടെ കാഴ്ച്ച. മുന്നില്‍ പോയ ബൈക്ക് പെട്ടന്ന് നിര്‍ത്തി. കാര്യമന്വേഷിച്ചു, വിളിക്കാതെ എത്തിയ അതിഥികള്‍... അട്ട. എല്ലാവരും ടീ-ഷര്‍ട്ടൊക്കെ ഊരി കുടഞ്ഞു. പലരുടെയും കാലുകള്‍ നിറയെ ചോര. പിന്നെ അട്ടപിടുത്തമായിരുന്നു. രാത്രി പടരും മുന്‍പ് അതിരപ്പിള്ളിയിലെത്തി.

യാത്രയവസാനിച്ചപ്പോള്‍ മനസ്സിലൊരു ഇച്ഛാഭംഗം. മറ്റൊന്നുമല്ല, ആ ഇരുട്ടില്‍ ഏതെങ്കിലുമൊരു കാട്ടുകൊമ്പന്‍ തൊട്ടരികെ വന്ന്, തുമ്പി
ക്കൈകൊണ്ട് തോളത്തൊരു തട്ടുതട്ടി 'ഹലോ അനിയന്‍മാരെ എവിടെ പോകുന്നു' എന്നു ചോദിച്ചിരുന്നെങ്കില്‍...