യാത്രകളുടെ സമ്പൂര്‍ണപാക്കേജാണ് കര്‍ണാടകയിലെ ഡാന്‍ഡേലി. കാട്ടില്‍ ഒരു സഫാരി, മരമുകളിലൊരു രാത്രി, റാഫ്റ്റിങ്, റോക്ക് ക്ലൈംബിങ്, വെള്ളച്ചാട്ടത്തിലൊരു കുളി, പക്ഷിനിരീക്ഷണം... കുടുംബവുമൊത്ത് ഈ ഓണക്കാലം ഡാന്‍ഡേലിയിലാകട്ടെ...

ഡാന്‍ഡേലി-പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു താളമുണ്ട്. പാറക്കൂട്ടങ്ങളെയും കുഞ്ഞു കുഞ്ഞു തുരുത്തുകളെയും തല്ലിതലോടിയൊഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ലുകളിലൊന്നായ വെസ്റ്റ്‌കോസ്റ്റ് ഇല്ലായിരുന്നെങ്കില്‍ വിജനമായൊരു കാട്ടുമൂല മാത്രമായി പോയേനെ ഇവിടം. 4000 ത്തിലധികം തൊഴിലാളികളും അവരെ ചുറ്റിപ്പറ്റിയുള്ള ജീവിതവുമാണ് ഡാന്‍ഡേലിയെ ഒരു പട്ടണമാക്കി മാറ്റിയത്. ജൈവവൈവിധ്യ സമ്പന്നമായ പ്രകൃതിയുടെ അനുഗ്രഹം കൊണ്ട് ഇപ്പോള്‍ വിനോദ സഞ്ചാര മേഖലയും ഉണര്‍ന്നു കഴിഞ്ഞു. ബംഗലുരു-മുംബൈ നഗരജീവിതത്തില്‍ നിന്ന് ഇടവേള ആയിരങ്ങള്‍ ഇവിടെയെത്തുന്നു. കാനന ജീവിതത്തിന്റെ പൊരുളറിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വീണ്ടും വരാമെന്നാണ് എല്ലാവരും പറയുന്നത്. വരണം എന്ന് ഡാന്‍ഡേലിയും...

കോഴിക്കോടു നിന്ന് മംഗലാപുരത്തേക്ക് നാലുമണിക്കൂര്‍ യാത്ര. തുടര്‍ന്ന് വെള്ളച്ചാട്ടങ്ങളും നെടുങ്കന്‍പാലങ്ങളും തുരങ്കങ്ങളും താണ്ടിയുളള കൊങ്കണ്‍പാതയിലൂടെ...

അങ്കോള കഴിഞ്ഞ്, വഴിയില്‍ മൂന്നു കിലോമീറ്റര്‍ നീളമുള്ള ഒരു തുരങ്കം കടന്നാല്‍ ഉടന്‍ കാര്‍വാര്‍ സ്‌റ്റേഷനായി. അറബികടലോരത്തെ മനോഹരമായ ഒരു തീരനഗരം. കാളിപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖം. മംഗലാപുരത്തു നിന്ന് മത്സ്യഗന്ധയില്‍ കാര്‍വാറിലെത്തുമ്പോള്‍ സമയം ആറുമണി. സ്‌റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് പിന്നെയും 12 കിലോമീറ്റര്‍ ഉണ്ട്. ബസ്സ്റ്റാന്‍ഡിലെത്തി ഡാന്‍ഡേലിക്കുള്ള ബസിനായി അന്വേഷിച്ചു. അഞ്ചരയ്ക്കായിരുന്നു അവസാന ബസ്. കൊടുംകാട്ടിലൂടെയാണ് വഴി. പകല്‍യാത്രയാണ് സഞ്ചാരികള്‍ക്കു നല്ലത്.ഏഴുമണിക്കുള്ള ആദ്യബസ് പിടിക്കാനായി സ്റ്റാന്‍ഡിലെത്തിയെങ്കിലും ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍ അത് നഷ്ടമായി. പിന്നെ തൊട്ടടുത്തെ പ്രധാന സ്ഥലമായ ജോയ്ഡയിലേക്കുള്ള ബസ് പിടിച്ചു. 96 കിലോമീറ്റര്‍. രണ്ടര മണിക്കൂര്‍ കൊണ്ടാണ് ജോയ്ഡയിലെത്തിയത്. അവിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറി. പാവപ്പെട്ടൊരു അങ്ങാടി. റവ ഇഡ്ഡലിയും ബണ്‍സ് എന്ന ഓമന പേരിലറിയപ്പെടുന്ന പലഹാരവും. ചായ രുചികരമാണെങ്കിലും ചെറിയൊരു ഗ്ലാസില്‍ തുള്ളിയേ കാണൂ. അതിനേക്കാള്‍ ചെറിയ ഗ്ലാസിനി കണ്ടുപിടിക്കാനിരിക്കുന്നേയുള്ളു!

തുടര്‍ന്നുള്ള യാത്ര ഉത്തരകര്‍ണാടകയുടെ 'ദേശീയവാഹന'മായ ട്രാക്‌സിലാണ്. പത്തു പേര്‍ക്കിരിക്കാവുന്ന ആ വണ്ടിയില്‍ 17 ഉം 20 പേരുണ്ടാവും. ചിലപ്പോള്‍ വണ്ടിയ്ക്ക് മുകളിലും ആളുണ്ടാവും. വാഹനങ്ങള്‍ കുറവായതിനാല്‍ ഏതു വണ്ടിയ്ക്ക് കൈകാണിച്ചാലും നിര്‍ത്തി ആളെ എടുത്തെന്നിരിക്കും. ഇതിനകത്താണെങ്കില്‍ മറാഠി, ഹിന്ദി, കന്നഡ, തെലുങ്ക് ഏതാണ്ട് എല്ലാ ഭാഷയും ഉണ്ട്. ഞങ്ങളെ കൂടി കുത്തി കൊള്ളിച്ചതോടെ അതൊരു ഭാഷാശകടമായി. കാനനപാതയിലൂടെ കര്‍ണ്ണാടകത്തിന്റെ ഉത്തര ഭാഗത്തേക്ക്...

കാനനയാത്രയ്ക്ക് വനം വകുപ്പിന്റെ അനുമതി വേണം. ഡാന്‍ഡേലിയിലെത്തിയപ്പോള്‍ ആദ്യം പോയത്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലേക്കാണ്. ഞായറാഴ്ചയാണെങ്കിലും അവിടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ചിത്രദുര്‍ഗക്കാരനായ കുമാരസ്വാമി. അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ജംഗിള്‍ലോഡ്ജാണ് ഇവിടെ താമസിക്കാനുളളത്. അവിടെ കാശ് അല്‍പ്പം കൂടുതലായിരിക്കും. പാക്കേജുകളാണ് കൂടുതലും. താമസവും ഭക്ഷണവും സഫാരിയുമടക്കം ഒരാള്‍ക്ക് 2500 രൂപയാവും. വനം വകുപ്പിന്റെ നേച്ചര്‍ ക്യാമ്പാണ് പിന്നെയുള്ളത്. അവിടെ ഡീലക്‌സ് ടെന്റിന് 500 രൂപയാണ്. സാധാരണ ടെന്റിന് 250ഉം. മരംകൊണ്ടുള്ള കോട്ടേജുകള്‍ക്ക് 1200 രൂപയും. സഫാരിക്കും മറ്റും വേറെ കാശു ചെലവാകുമെങ്കിലും പോക്കറ്റിനാശ്വാസം ഇതു തന്നെ. പിന്നെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ടൂര്‍ പാക്കേജില്‍ പോയാല്‍ അവര്‍ക്കുള്ള കമ്മീഷന്‍ കൂടി വേണ്ടി വരും. ഞങ്ങള്‍ ഡീലക്‌സ് ടെന്റും ബുക്ക് ചെയ്ത് 12 കിലോമീറ്റര്‍ അപ്പുറത്തുള്ള കൂള്‍ഗി നേച്ചര്‍ ക്യാമ്പിലേക്ക് പോയി.

സ്‌പെഷ്യല്‍ വണ്ടിയല്ലെങ്കില്‍ നേച്ചര്‍ ക്യാമ്പിലേക്ക് ഒരു കിലോമീറ്റര്‍ നടക്കണം. ഒരു മണിയ്ക്കാണ് അവിടെയെത്തുന്നത്. ഭക്ഷണം കഴിച്ച് സമീപത്തെ കൊടും കാട്ടിലെ പാതയിലൂടെ നടക്കാനിറങ്ങി. നാഗജ്ഹരി വ്യൂ പോയിന്റില്‍ കയറി. കാണാന്‍ മലനിരകളും താഴ്‌വരകളും വേഴാമ്പലുകളും...

പിറ്റേ ദിവസം കാലത്താണ് ജംഗിള്‍ സഫാരി. ജീപ്പ് വാടക 600 രൂപ, ഗൈഡ് ഫീയും എന്‍ട്രന്‍സ് ഫീയും 150 രൂപ. വീഡിയോ ഉണ്ടെങ്കില്‍ 150 രൂപ കൂടി നല്‍കണം. പ്രഭാതത്തിലുണരുന്ന പക്ഷികള്‍ക്കേ പുഴുക്കളേയും ശലഭങ്ങളേയും കിട്ടൂ എന്നാണല്ലോ. കാനന സഫാരിയുടെയും ആപ്ത വാക്യമാണിത്. ആദ്യ വണ്ടിയാണെങ്കിലെ മൃഗങ്ങളെ കാണാന്‍ കഴിയൂ. പിന്നെ എല്ലാ വന്യജീവി സങ്കേതത്തിലും പറയും പോലെ ഇവിടെയും പറയും ഭാഗ്യമുണ്ടെങ്കിലേ മൃഗങ്ങളെ കാണാന്‍ പറ്റൂ!ഭാഗ്യാന്വേഷികളായ ഞങ്ങളുടെ യാത്ര സൂര്യനുണരും മുമ്പേ തന്നെ തുടങ്ങി. പാന്‍സൊള്ളി ചെക്‌പോസ്റ്റിലാണ് അനുമതിപത്രം കാണിക്കേണ്ടത്. അവിടെ കാവലിരിക്കുന്നത് ബഷീര്‍ക്കയാണ്. കൊല്ലം ആയൂര്‍ സ്വദേശി. 30 കൊല്ലത്തിലധികമായി കര്‍ണ്ണാടക വനം വകുപ്പിലാണ്. കാടിനകത്ത് മാന്‍, കാട്ടുപന്നി, മയില്‍, കാട്ടുകോഴി, വിവിധ തരം പക്ഷികള്‍ എന്നിവയെ കാണാം. ജലാശയങ്ങള്‍ക്കു സമീപമെല്ലാം വാച്ച് ടവറുകളുണ്ട്. സീസണല്ലാത്തിനാല്‍ സഫാരിക്ക് വണ്ടികള്‍ കുറവാണ്. പെട്ടന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി കൈ ചൂണ്ടി. ഒരു നിഴലനക്കം. കറിവേപ്പില കാടിനപ്പുറം ഒരു കാട്ടുപോത്ത്. ജീപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ നോക്കിയപ്പോള്‍ ഫോറസ്റ്റ് ഗാര്‍ഡ് അനുവദിച്ചില്ല. അപകടകാരിയാണവന്‍. ശരിയാണ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ മുക്രയിടല്‍ കേട്ടു. രൂപം പോലെ തന്നെ ആ ചീറ്റലിനും ഗാംഭീര്യം. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ പാതയില്‍ ഒരു മുളങ്കൂട്ടം ഉണങ്ങി വീണിരിക്കുന്നു. രക്ഷയില്ല ഇനി സീസണായാലേ അതെല്ലാം വൃത്തിയാക്കൂ. ഇറങ്ങി മുളങ്കൂട്ടം നൂഴ്ന്ന് കടന്ന് മുന്നോട്ടേക്ക്. സഫാരി റൂട്ട് അവസാനിക്കുന്നിടത്തു നിന്ന് കവാള ഗുഹയിലേക്കുള്ള ട്രെക്കിങ് പാത തുടങ്ങുന്നു. വഴിയില്‍ കടുവയുടെ ഫോട്ടോയെടുക്കാന്‍ വനംവകുപ്പ്് സ്ഥാപിച്ച ഒളിക്യാമറ കാട്ടിതന്നു. കരിമ്പുലികള്‍ ഈ കാട്ടില്‍ ധാരാളമുണ്ടത്രെ. 1650 കാട്ടുപോത്ത്, 17 കടുവ, 27 പുലി, 390 കരടി, 45 ആന, സെന്‍സസ് പ്രകാരമുള്ള മൃഗങ്ങളുടെ കണക്ക് അങ്ങിനെയാണ്.

കോണ്‍ക്രീറ്റ് പടികള്‍ തുടങ്ങുകയായി. 500 പടികള്‍ താഴോട്ടിറങ്ങണം. പണ്ട് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച 800 പടികള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഒരു കൂറ്റന്‍ മലയുടെ മുന്നിലുള്ള ഗുഹാമുഖത്താണ് നാമെത്തുന്നത്. പാറവിടവുകളില്‍ നരിച്ചീറുകളുടെ മഹാസമ്മേളനം. കാല്‍ പെരുമാറ്റവും ശബ്ദവും കേട്ടപ്പോള്‍ അവ പറക്കാന്‍ തുടങ്ങി. വിവിധ തരം പക്ഷികളുടെ ബഹുവിധ ശബ്ദങ്ങള്‍. വലിയ ഗുഹാകവാടത്തിനുള്ളില്‍ രണ്ടു കൊച്ചു ഗുഹാമുഖങ്ങള്‍. വലതുവശത്തുകൂടി കയറി ഇടതുവശത്തുകൂടെ പുറത്തിറങ്ങാം. അകത്തെ ഗുഹാമുഖത്തിന് 3 അടി ഉയരമേയുള്ളു. ഉള്ളില്‍ കൂരിരുട്ടും നരിച്ചീറുകളും. ഗൈഡ് ബീരു കുനിഞ്ഞകത്തു കടന്നു. ടോര്‍ച്ചടിച്ച് പാത സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി. പിന്നാലെ ഞങ്ങളും. കുനിഞ്ഞ് കുനിഞ്ഞ് കുറച്ചു ദൂരം പിന്നിടുമ്പോള്‍ നിവര്‍ന്നു നില്‍ക്കാം. അവിടെയാണ് വിസ്മയം. ബീരു ടോര്‍ച്ചടിച്ചു തന്നു. പ്രകൃതി ശില്‍പ്പി പ്രതിഷ്ഠിച്ച ശിവലിംഗം!. വളരുന്ന ശിവലിംഗത്തിന് ഇപ്പോള്‍ മൂന്നടിയോളം ഉയരമായി. പുറത്തു നിന്ന് പറിച്ച നന്ത്യാര്‍വട്ട പൂക്കള്‍ അര്‍പ്പിച്ച് നമശിവായ ചൊല്ലി അയാള്‍ ഒരു നിമിഷം പ്രാര്‍ഥിച്ചു. മുകളില്‍ കൂര്‍ത്തു നില്‍ക്കുന്ന പാറമുനകളില്‍ നിന്ന് അഭിഷേക തീര്‍ഥം പോലെ വെള്ളത്തുള്ളികള്‍. വീഴുന്ന ഘനജലകണങ്ങള്‍ ശിവലിംഗത്തിലുറച്ച് അത് വളരുന്നു. തൊട്ടു മുകളില്‍ രാജവെമ്പാലയുടെ രൂപം പോലെ മറ്റൊരു ശിലാതലം. മൊത്തം ഭക്തിസാന്ദ്രം. ശിവരാത്രിക്ക് ഭക്തജനങ്ങള്‍ എത്താറുണ്ട്. വിളക്കുകള്‍ തെളിയുന്ന ആ കാനനരാത്രി മറക്കാനാവില്ലെന്നും വഴികാട്ടിയുടെ സാക്ഷ്യം.

സ്റ്റാലറ്റൈറ്റ് ആന്‍ഡ് സ്റ്റാലെറ്റ്‌മൈറ്റ് എന്ന പ്രകൃതിയിലെ രാസ പരിണാമമാണിതെന്ന് യുക്തിവാദികള്‍ക്കു പറയാം. രണ്ടായാലും സംഗതി വിസ്മയം തന്നെ. സ്റ്റാലറ്റൈറ്റും (മുകളില്‍ നിന്ന് താഴോട്ട് വളരുന്നവ) സ്റ്റാലറ്റ്‌മൈറ്റും (താഴെ നിന്ന് മുകളിലേക്ക് വളരുന്നവ) കൂടി ചേര്‍ന്ന് ഒന്നായയിടവും അങ്ങിനെ കൂടി ചേര്‍ന്ന് ഗണപതിരൂപം കൈവരിച്ചയിടവുമെല്ലാം ബീരുവിന്റെ ടോര്‍ച്ച് വെളിച്ചത്തില്‍ ഞങ്ങള്‍ കണ്ടു.ഗുഹയ്ക്ക് ചില കൈവഴികളുണ്ട്. ഗൈഡ് കൂടെയില്ലെങ്കില്‍ വഴി തെറ്റിപോകും. ഒരു വഴി കാശി വരെ നീളുന്നതാണെന്നും അതു വഴി ഋഷിവര്യന്‍മാര്‍ കാശിയിലേക്ക് പോകാറുണ്ടെന്നും ബീരു പറയുന്നു. രാമലക്ഷ്മണന്‍മാരും പഞ്ചപാണ്ഡവന്‍മാരും കാനനവാസത്തിന് ഇവിടെ എത്തിയിരുന്നതായി കഥകള്‍. മുകളില്‍ കൂര്‍ത്തു കിടക്കുന്ന പാറകെട്ടില്‍ തലയടിക്കാതെ സൂക്ഷിച്ചു വേണം ചുവടുകള്‍. വീണ്ടും കുനിഞ്ഞ് ഇഴഞ്ഞ് വേണം പുറത്തു കടക്കാന്‍. ഗുഹാമുഖത്തു നിന്നുള്ള പുറം കാഴ്ചയും ചേതോഹരമാണ്. കൊടുങ്കാടടങ്ങിയ താഴ്‌വരയിലൂടെ കുതിച്ചൊഴുകുന്ന കാളിപ്പുഴ. അതിനപ്പുറം വീണ്ടുമൊരു കാനനമല. ദൂരെ കാണുന്ന മല ഉത്തരകന്നഡയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഷിരോളിപീക്ക്-സഞ്ചാരികള്‍ ധാരാളമെത്തുന്ന വ്യൂപോയിന്റാണിത്. നാഗജ്ഹരി നദി കാളിപ്പുഴയിലേക്ക് കൂടിചേരുന്ന ദൃശ്യം ദൂരെ കാണാം. കുള്‍ഗിയുടെ അടുത്ത സ്റ്റോപ്പായ അംബികാനഗറില്‍ നിന്ന് മൂന്നു കിലോമീററര്‍ സഞ്ചരിച്ചാല്‍ അവിടെയെത്താം. കര്‍ണാടക പവര്‍കോര്‍പ്പറേഷന്റെ ഓഫീസും അവിടെയാണ്.

കവാള എന്നാല്‍ അടയ്ക്ക എന്നാണ് അര്‍ഥം. ഗുഹയ്ക്കകത്തെ ശിവലിംഗത്തിന് കൊട്ടടയ്ക്ക തലകീഴായ്് വെച്ച ആകൃതിയാണ്. അടയ്ക്കയുടെ പുറംതോടിനോട് സാമ്യവും ഉണ്ട്. അങ്ങിനെ ആദിവാസികളായ ഗൗളികളാണത്രെ ഈ ഗുഹയ്ക്ക് കവാള ഗുഹ എന്ന് പേരിട്ടത്. ചില ഭക്തരുടെ കണ്ണിലിതിന് രുദ്രാക്ഷരൂപമാണ്.

കഥയും കേട്ട് കാഴ്ചകളില്‍ മതിമറന്നിരിക്കുമ്പോഴാണ് ഒരു കളകൂജനം. ഇട്ടിച്ചിരിയേ പച്ചപയറൊത്തോ എന്ന് വിലപിക്കുന്ന പക്ഷിപാട്ടാണോ അതെന്നോര്‍ത്ത് നില്‍ക്കവെ ബീരു വാചാലനാവാന്‍ തുടങ്ങി. അത്യപൂര്‍വ്വമായി കാണുന്ന ഒരു പക്ഷിയാണിത്. ശ്രദ്ധിച്ച് നോക്കണം, പരിസരത്തെ മരങ്ങളിലേക്ക് കണ്ണോടിച്ച് അയാള്‍ പക്ഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അപ്പോഴാണ് ഫോട്ടോഗ്രാഫര്‍ ഓടിവന്ന് ബാഗ് തിരയുന്നത്.

ബാഗിന്റെ കള്ളികളില്‍ പരതി സജി ആ പക്ഷിയെ പിടിച്ചുകഴിഞ്ഞു. മൊബൈലിലെ റിങ്‌ടോണ്‍! തിത്തിരിപക്ഷിയുടെ ചിലയ്ക്കല്‍! അതോടെ ബീരുവിന്റെ മുഖത്തു നിന്ന് രക്തപ്രസാദത്തിന്റെ ഒരു കിളി പറന്നുപോയി. കുറച്ചുനേരത്തേയ്ക്ക് കക്ഷിക്ക് മിണ്ടാട്ടം ഇല്ല. ശരിക്കും കിളി കരയുമ്പോള്‍ പിന്നീട് രണ്ടുവട്ടം ആലോചിച്ചാണ് വിശദീകരണത്തിനൊരുങ്ങുന്നത്. കാട്ടില്‍ പോകുമ്പോള്‍ മൊബൈലില്‍ കിളിയൊച്ചകള്‍ വെക്കാന്‍ പാടില്ലെന്നൊരു നിര്‍ദ്ദേശം കൂടി വൈകാതെ വന്നേക്കാം! വഴിക്കു നമ്മുടെ തൊട്ടാവാടിയെ കണ്ടു. ഒരു പുതുമുഖത്തെ പരിചയപ്പെടുത്തുന്ന പോലെ ബീരു തൊട്ടാവാടി തൊട്ടുകാട്ടി തന്നു. അതിന്റെ വംശവും ജാതിയും പറയും മുമ്പെ ഇത് നമ്മുടെ നാട്ടിലും ധാരാളമുണ്ടെന്ന സത്യം ഞങ്ങളങ്ങോട്ട് പറഞ്ഞു. എങ്കിലും കന്നഡയില്‍ തൊട്ടാവാടിയുടെ പേരു കേള്‍ക്കാന്‍ രസമുണ്ട്. മുട്ടിതരമുനി. മുട്ടിയാല്‍ മുനിയാവുന്നവന്‍. എത്ര അര്‍ഥവത്തായ പേര്.പിറ്റേദിവസം ബൈക്കിലായിരുന്നു യാത്ര. പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോലും എതിരെ വാഹനങ്ങള്‍ വരാത്ത വിജനമായ കാട്ടുപാത. ടാറിങ്ങ് കഴിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. കാടിന്റെ കുളിര് നല്‍കുന്ന എയര്‍കണ്ടീഷന്‍ അനുഭവം. ആ വഴിയിലൂടെ ബൈക്ക് ഓടിക്കുന്നതു തന്നെ ഒരനുഭൂതിയാണ്. സിന്തേരി റോക്കിലേക്കാണ് യാത്ര. ഡാന്‍ഡേലിയില്‍ നിന്ന് 24 കിലോമീറ്റര്‍. കാടിനുള്ളില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ ബൈക്ക് പോകും. പിന്നെ അല്‍പ്പം നടന്ന് പടികളിറങ്ങണം. പടികള്‍ തുടങ്ങുന്നിടത്തു തന്നെ അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടരും. 350 അടി ഉയരത്തിലുള്ള ഒറ്റക്കല്ല്. അടിവശത്ത് ചെറിയ ചെറിയ ഗുഹകള്‍. ഗുഹയിലേക്കും പാറയെ തൊട്ടും കാനേരി നദി ചെറിയ വെള്ളച്ചാട്ടമായൊഴുകുന്നു. കല്ലിന്റെ ഘടനയും വലിപ്പവും ലാവ ഒലിച്ചിറങ്ങിയതു പോലുള്ള സമീപത്തെ പാറകളുമെല്ലാം ഭൂമിശാസ്ത്രം പഠിക്കുന്നവര്‍ അക്ഷയ ഖനികളാണ്. കല്ലിന്റെ രൂപപരിണാമത്തെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുന്നതു കൊണ്ട് അധ്യയന യാത്രയ്ക്കും ഈ സ്ഥലം അനുയോജ്യം. ജ്വാലാമുഖിയായിരുന്നു ഇതെന്ന് കൂടെ വന്ന ബാപ്പുജി പറഞ്ഞു. ജ്വാലാമുഖി നമ്മുടെ അഗ്നിപര്‍വ്വതമാണ്. ഈ ഒറ്റക്കല്ലിന്റെ പാര്‍ശ്വഭാഗത്ത് മനുഷ്യനു ചെന്നെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാവാം തേനീച്ചകള്‍ കൂടു കൂട്ടിയിരിക്കുന്നു. പാറപള്ളയില്‍ പറ്റിപിടിച്ചിരിക്കുന്ന 30ലധികം തേനീച്ച കൂടുകളും അവിടെ കണ്ടു. പൊത്തുകളില്‍ നിറയെ പ്രാവുകളും. വെള്ളച്ചാട്ടവും പുഴയും കണ്ട് കുളിച്ചേക്കാം എന്നാരും വിചാരിച്ചേക്കരുത്. അപകടമാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത പന്ത്രണ്ടു പേര്‍ ഇതിനകം കാലപുരി പൂകിയിട്ടുണ്ടെന്നും ആ ലിസ്റ്റിന് നീളം വെപ്പിക്കരുതെന്നും മുന്നറിയിപ്പു ബോര്‍ഡുണ്ട്. അടിയില്‍ ചുഴികളുണ്ടെന്നും ഈ പാറകള്‍ അപകടകാരികളാണെന്നും ബാപ്പുജി വിശദീകരിച്ചു.

ഒരു ബ്രിട്ടീഷ് വനിതയാണത്രെ സിന്തേരിയെ ആദ്യം വെളിച്ചത്തു കൊണ്ടു വന്നത്. സെന്റ് തേരി എന്ന അവരിട്ട പേരാണ് സിന്തേരിയായതെന്നും പറയുന്നു. ചാറ്റല്‍ മഴയ്ക്കിടയില്‍ വെയിലു തെളിഞ്ഞതോടെ മനോഹരമായൊരു മഴവില്ലു വിരിഞ്ഞു. കന്നഡയിലെ കാമനവില്ല്. തിരിച്ചു വരുമ്പോള്‍ കാഴചകളുടെ മായാത്തൊരു മഴവില്ലാണ് മനസിലും.- ഡാന്‍ഡേലിയിലെത്തിയാല്‍ കാവളയും സിന്തേരിയും കാണാതെ വരരുത്.

ഗണേഷ്ഗുഡിയാണ് ഡാന്‍ഡേലിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ഇവിടെ സുപാഡാമും കാളിപ്പുഴയും നിരവധി റിസോര്‍ട്ടുകളുമുണ്ട്. സാഹസിക ജലവിനോദങ്ങള്‍ക്ക് അനന്തസാധ്യതയുള്ള സ്ഥലം. ബൈസണ്‍ റിസോര്‍ട്ടിനു സമീപമുള്ള റാപ്പിഡ്‌സിലൂടെ ഒരിക്കലെങ്കിലും റാഫ്റ്റിങ്ങ് നടത്തണം. വാക്കുകള്‍ക്ക് അതീതമായൊരു അനുഭവമാണത്. പാറ വിടവിലേക്ക് ഇരുവശങ്ങളില്‍ നിന്നും കുടിചേര്‍ന്നൊഴുകുന്ന നദിയിലൂടെ ഏതാണ്ട് 60 ഡിഗ്രി ചരിവിലൂടൊരു ചാട്ടം, പിന്നെ പാറക്കെട്ടിലൂടെ തട്ടിതടഞ്ഞ് ചാഞ്ചാടിയൊരു യാത്ര. ഏതു ബലം പിടിച്ചിരിക്കുന്നവന്റെ മനസ്സും ഒന്നയയും. ഒമ്പതു കിലോമീറ്റര്‍ മുതല്‍ 13 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഒരാള്‍ക്ക് 1300രൂപ മുതല്‍ 1650 രുപവരെ ചെലവാകും. വേനല്‍കാലത്തും റാഫ്റ്റിങ് നടത്താമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മഴക്കാലത്ത് നടത്താന്‍ അനുവദിക്കാറില്ല. വട്ടത്തോണിയാത്ര, മീന്‍പിടിത്തം, കയാക്കിങ്, കനോയിങ്ങ്, റാപ്പെല്ലിങ്, റിവര്‍ക്രോസിങ്ങ് അങ്ങിനെ സാഹസികതയുടെ ഒരു വലിയ ലോകം.മരമുകളില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ഹോണ്‍ബില്‍ റിസോര്‍ട്ടും വിവിധ ഹോംസ്‌റ്റേകളും ഗണേഷ്ഗുഡിയിലുണ്ട്. ജംഗിള്‍ ലോഡ്ജിന്റെ ഓള്‍ഡ്മാഗസിന്‍ ഹൗസും ഇവിടെയാണ്. ജംഗിള്‍ ലോഡ്ജിനേക്കാള്‍ ചുരുങ്ങിയ ചെലവില്‍ താമസിക്കാം. 900 രൂപ മുതല്‍ 1600 വരെയുളള പാക്കേജുകളുണ്ട് ഇവിടെ. തിരിച്ചു വരും വഴി ഡാന്‍ഡേലിക്കടുത്തുള്ള പിക്‌നിക് സ്‌പോട്ടിലും പോയി. വിശാലമായൊഴുകുന്ന കാളിപ്പുഴയുടെ തീരത്ത് കാട് കുടവിരിക്കുന്ന തണലിനു താഴെ എത്ര നേരം വേണമെങ്കിലും ഇരിക്കാം. ടെന്റ് അടിച്ച് ഭക്ഷണവുമെല്ലാം ഒരുക്കി ഒരു കാനന നദീതീര ദിവസം ആഘോഷിക്കാം. മുതലകളെ കാണാം. റിവര്‍വ്യൂ റിസോര്‍ട്ടാണെങ്കില്‍ വേഴാമ്പലുകള്‍ തമ്പടിച്ചിരിക്കുന്ന പുഴയോരത്താണ്. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം. ഇവിടെ 1200 രൂപയുടെ ഡോര്‍മിറ്ററി പാക്കേജും 4000 രൂപയുടെ കപ്പിള്‍ പാക്കേജും ഉണ്ട്.

സാത്തോഡി യെല്ലാപ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ മാറി കൊടും വനത്തിലുള്ള ഒരു വെള്ളച്ചാട്ടമാണ്. ഒരു കിലോമീറ്റര്‍ ഇപ്പുറം വരെ വണ്ടി പോകും. പോകും വഴി തന്നെ ഒരു വശത്ത് വിശാലമായ വെള്ളക്കെട്ട് കാണാം. കോടസള്ളി ഡാമിന്റെ ജലസംഭരണി. വെള്ളത്തില്‍ മുങ്ങി ജീര്‍ണ്ണിച്ച തെങ്ങും മരങ്ങളും. ജനങ്ങള്‍ തിങ്ങിതാമസിച്ചിരുന്നയിടമാണ്. അവരെ പുനരധിവസിപ്പിച്ചിടം ചെറിയൊരു ടൗണായിട്ടുണ്ട്. ഒരു ഹോട്ടലും കുറച്ചു കടമുറികളും. പാര്‍ക്കിങ് ഏരിയയില്‍ ഒരു ടിക്കറ്റ് കൗണ്ടറുണ്ടെങ്കിലും സീസണല്ലാത്തതിനാല്‍ ഇപ്പോള്‍ ടിക്കറ്റില്ല. ആ നടവഴി ഒരു മലയടിവാരത്തിലൂടെയാണ്. നടപ്പാതയെ തൊട്ടൊഴുകുന്ന കനാല്‍. പച്ചപ്പുകള്‍ക്കിടയിലൂടെ ഈ കാഴ്ചയും കണ്ട് നടക്കുമ്പോള്‍ നാടും നഗരവും മനസിന്റെ റീസൈക്ലൂങ് ബിന്നിലേക്ക്. വമ്പനൊരു പാറയുടെ പശ്ചാത്തലത്തില്‍ ചിതറി തെറിച്ചപോലുള്ള പാറക്കൂട്ടങ്ങളിലേക്ക് വെള്ളം പതിക്കുന്നു. അവിടെ മരംകൊണ്ടൊരു ചെറിയ തടയണയുണ്ടാക്കിയാണ് കനാലിലേക്ക് വെള്ളം തിരിച്ചു വിട്ടിരിക്കുന്നത്. കുളിക്കാം, വെള്ളച്ചാട്ടത്തെ തൊടാം. ഏത് വേനലിലും വെള്ളമുണ്ടാവും.
പിറ്റേ ദിവസം മടക്കയാത്ര യെല്ലാപ്പൂരില്‍ നിന്ന് അംഗോള വരെ ബസ്സില്‍ പിന്നെ, ഗോകര്‍ണ്ണം, കുംത, ഉഡുപ്പി വഴി വീണ്ടും കൊങ്കണ്‍ തുരങ്കങ്ങളിലൂടെ....


Dandeli


A complete travel package location, surrounded by dense forest, Dandeli is also a bird watcher's paradise and home to 450 species of birds. The Great Indian Hornbill and the Malabar Pied Hornbill are an integral part of this resourceful wildlife.

Location

Dandeli is located on the banks of river Kali in Karwar Dt. Uttara Kannada.(117 Kms from Karwar) Distance Chart: Dharwad-57KmaHubli-75KmaBelgaum--110kmaKarwar-117a Goa-150km aBangalore-481Km.

How to reach

By Air: Hubli (75 kms) Belgaum (110 kms) and Goa (150 kms) a Air Deccan has daily flights from Mumbai and Bangalore to Belgaum, Goa and Hubli.
By Train: Alnavar (32 kms) Londa (48 kms), Dharwad (57 kms), & Hubli (75 kms) a Konkan-Karwar(117 Km).
By Road: Dandeli is well connected to Bangalore, Mumbai, Goa, Belgaum, Karwar and Dharwad, Hubli by road. Several buses ply to Dandeli everyday. Pick up and drop facility from closest destination is available on request by tour operators.Stay

Bison River Resort, Ganesh Gudi Tariff: 1800-6600. Ph: 08383-256539 09886230539. http://www.indianadventures.com/Bison River Resort.htmaTel: 08383 - 256539 Telefax: 08383 - 256548 aHornbill River Resort: Rs:3500-7000.Ph: 08383-256336, 09880683323. email:info@hornbillriverresort.in, hornbillriverresort@yahoo.com, http://www.hornbillriverresort.in aJungle lodge: Rs-2050-2550.Ph: 080 40554055, Fax: 080 40554040.aRiver view Resort Rs 1200-4000 Ph:09880062897.aState Lodge: Rs:200-600. Ph: 08284-231920. 234920, 233606 9845052943, 9845861464.aKali River Lodge Kogilban Ph: (0832) 3258928.aJungle Camp Resorts Ph : 9845733053, 94498-54729aKulgi Nature Camp: Rs: 75 ( dormetary), 250 -1200 Ph: 08284-231585, 232981.

Best season

You can visit Dandeli any time of the year. During the monsoons, you may see less animals and miss white-water rafting, but the place acquires a unique ambience. October to June first week is ideal.

Tour operators:

Pramod D Revankar, Abhayaranya Ph: 08284-232568. 08971898749, 9986130889.aManju Rathore Dandeli Wild life Adventures and Tours Ph: 08284-231992. Ph: 09900671757. 9449175001. email:manju_nature907@yahoo.co.in www.Dandeli 1.com

Contact:

STD Code: 08284
Deputy Conservator of Forests Wildlife Division Dandeli-Ph: 231585
Kalinadi Hydroelectric Project Ambikanagar 581363 Ph: 258625
Superintendent of Police - karwar 226233, 226308
PWD Guest House-DANDELI 231217
Jungle Lodges-230266
Forest Guest House-231289
JOIDA PWD Guest House. 282483
KPC Guest House GANESHGUDI 246527
DSP, Dandeli 231595, 230977
Yellapur Police station 261133, 261140
Tourism Asst. Director-221172
Manager, Jungle Lodges & Resorts, Dandeli.230266.Charges for Various Activities

Jungle Safari-3 1/2 Hrs-100 km- 2500 per head aWater Rafting 3 Hrs-9.5 Km. 1300.

Coracle Ride: 45 minutes-75 Km.
Moonlight Coracle Ride: 45 minutes-150 Km.
Coracle Ride and Jacugy- 1hr.150.
Fishing Tackle per hr -50
Mountain Biking per hr-50
Rappling 1/2hr 250
Trekking 3 hrs 150- (6km)
Archary-1/2hr- 75
Target Shooting 20 minutes-20 bullets
Synthery Rocks-2 1/2 hrs-1500 75 km
Cavla 4 hrs 2500
Crock Treck -1200 2hrs
Wajra water falls 1500 3hrs
Sunset Koddi back water 500- 14 kms
Visit to Little Tibet- 3000 8hrs. 260 Km
Kayaking- 1/2hrs Rs:200.

Things To Do

The rafting in Dandeli is very pleasant from Oct.-Mar. Rafting season starts from Nov.-Jun. The monsoon season starts from June till September and the forests are at their greenest best then. April-June are the driest months.