മലകള്‍ക്കു മേലേ പെയ്തു നിറയുന്ന മഴക്കാലം വയനാടിന്റെ മാത്രം പ്രലോഭനമാണ്. അതിന്റെ ഗാഢമായ ആലിംഗനത്തില്‍ ആരുടെയും മനസ്സ് ഉത്തേജിതമാവും, ആത്മാവ് ഉന്മത്തമാവും.മലമുടികളില്‍ നൃത്തം വെച്ചും താഴ്‌വരകളില്‍ ചുറ്റിയടിച്ചും വയനാട്ടില്‍ നിറയുന്ന മഴയുടെ ഭംഗി മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും നല്ല മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നാണ് വയനാട് എന്നെനിക്കു നിസ്സംശയം പറയാന്‍ കഴിയും. നഗരത്തിന്റെ തിരക്കുകളില്‍ ശ്വാസം മുട്ടുന്നവര്‍ക്ക് മഴയുടെ തനതു താളവും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ വയനാട്ടില്‍ തന്നെ വരണം. എന്നാല്‍ അതു വേണ്ട വിധം പ്രയോജനപ്പെടുത്താനോ അതിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കാനോ നമുക്കു കഴിഞ്ഞിട്ടില്ല.
ഈയിടെയായി മണ്‍സൂണ്‍ കാലത്ത് വയനാട്ടില്‍ ഒരു മഴയുത്സവം നടക്കുന്നുണ്ട്: 'സ്പ്ലാഷ്!'. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ കാര്‍ണിവലാണ് ഇത്. വയനാടിനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രഖ്യാപിത ലക്ഷ്യം.
വയനാട്ടില്‍ നടന്ന മഴയുത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കും വിവരണത്തിനുമായി ആഗസ്ത് ലക്കം യാത്ര കാണുക