ആനകള്‍ നീരാടുന്ന ആനക്കുളം കടന്ന് മലയാറ്റൂര്‍, ഇടമലയാര്‍ കാടുകളിലൂടെ മുതുവക്കുടികളും കുന്നുകളും പിന്നിട്ട് കപ്പായം ഇറങ്ങി മൂന്നു രാപ്പകലുകള്‍ നീണ്ട സാഹസിക യാത്ര

പെണ്ണിന് എന്തോന്നിന്റെ കുഴപ്പമാ. ഇരുട്ടു കുത്തുന്ന കാട്ടിലേക്ക് എന്തു കണ്ടിട്ടാ കേറിപ്പോന്നെ, ആറിനപ്പറം തന്നെ നിന്നാപ്പോരായിരുന്നോ?'' കുട്ടപ്പന്‍ ചേട്ടന്റെ കുറ്റപ്പെടുത്തലില്‍ ആധിയായിരുന്നു കൂടുതല്‍. പറഞ്ഞത് വാസ്തവമാണ്, അവള്‍ക്ക് കൂടെ വരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. അവള്‍ ഈറ്റച്ചോലയാര്‍ മുറിച്ചു കടന്നപ്പോള്‍ ആദ്യം അത്ഭുതം തോന്നി. ഇവള്‍ കൊള്ളാമല്ലോ! ആറ് താണ്ടി കാട് കയറിപ്പോഴും അവള്‍ കൂടെ വന്നു. പോയ്‌ക്കോളും എന്നു കരുതി. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. പത്താണുങ്ങള്‍ കൂടെയുണ്ടെന്നു ധരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.

പുലിക്കാടാണ്. പകുതിയെത്തി തിരിച്ചു പോന്നാല്‍ പിന്നെ പൊടി കാണില്ല. ''ഇന്നലെ രാത്രി ഇക്ക ഇവളെ ഓമനിക്കുന്നതു കണ്ടപ്പഴേ എന്നിക്കിതു പുലിവാലായിരിക്കും എന്നു തോന്നിയതാ, കൂടെത്തന്നെയങ്ങ് കൂട്ടിക്കോ''. ലത്തീഫിക്കയെ നൗഷാദ് ഒന്നു കുത്തി. ''ശ്ശെടാ, ഞാന്‍ അവള്‍ക്ക് കുറച്ച് കോഴിക്കറി കൊടുത്തതാണോ ഇത്ര വലിയ പ്രശ്‌നമായത്'' ലത്തീഫിക്ക ആത്മഗതം പോലെ പറഞ്ഞു. ''പ്രിയേ വാ, ദൂരത്തൊന്നും പോകല്ലേ''. കുത്തനെ തുടങ്ങിയ കയറ്റത്തില്‍, ക്യാമറയുടെ ഭാരവും ശ്വാസവും ക്രമീകരിച്ച് മധു പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു. ''ഒഹോ, അപ്പോഴേക്കും പേരുമിട്ടോ, എന്തായാലും ഇനി മൂപ്പര് നോക്കിക്കോളും''.

മുന്നില്‍ നിന്ന് ആരുടെയോ കമന്റ്. കാടുകയറിയവരുടെ പ്രശ്‌നം കൂടെയുള്ള പെണ്‍പട്ടിയാണ്. ആനക്കുളത്തു തലേന്നാള്‍ ക്യാമ്പു ചെയ്തപ്പോള്‍ കൂടെക്കൂടിതാണവള്‍. പത്തു പേര്‍ക്കൊപ്പം അവളും കാടു കയറി. മാങ്കുളത്തു നിന്നും മലക്കപ്പാറ വരെയുള്ള ഞങ്ങളുടെ വനയാത്ര അങ്ങനെയാണ് തുടങ്ങിയത്.


ആനക്കുളം

കൊച്ചി-മുന്നാര്‍ റോഡില്‍ അടിമാലി കഴിഞ്ഞ് കല്ലാറില്‍ നിന്ന് റോഡു മാറി വടക്കു കിഴക്കോട്ട് പത്തുപതിനേഴു കിലോമീറ്റര്‍ പോയാല്‍ മാങ്കുളമായി. കുത്തുകളുടെ അഥവാ വെള്ളച്ചാട്ടങ്ങളുടെ ഊരാണ് മാങ്കുളം. വിരിപ്പാറ, നക്ഷത്രക്കുത്ത്, ചെറുമ്പന്‍ കുത്ത്, കോഴിവാലന്‍കുത്ത്, കോഴിയിലക്കുത്ത്, രാജാത്തിക്കുത്ത്, അങ്ങനെയങ്ങനെ മലമുടികളില്‍ പിന്നിയ നിരവധി ജലച്ചാര്‍ത്തുകള്‍. ദേവികുളം താലൂക്കില്‍ മൂന്നാറിനോടു ചേര്‍ന്ന് പശ്ചിമഘട്ടത്തിന്റെ മടിയില്‍ പുരോഗമിച്ചു വരുന്ന ഒരു അങ്ങാടിയാണ് മാങ്കുളം.

തികഞ്ഞ കുടിയേറ്റ മേഖല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ ഉശിരന്‍ ജാഥയാണ് വൈകുന്നേരം അവിടെവന്നിറങ്ങിയ ഞങ്ങളെ എതിരേറ്റത്. കാട്ടുമൂലയില്‍ അപരിചതരെ കണ്ട് ചിലര്‍ എന്തുവാ, എങ്ങോട്ടാ എന്നൊക്കെ ചോദിക്കാനും പറയാനും തുടങ്ങി. 'പരിസ്ഥിതിക്കാരായിരിക്കും?' ഒരു കാരണവര്‍ ലേശം ഭീഷണിയും ശകലം പുച്ഛവും ഇടകലര്‍ത്തി ഒരു സംശയം കാച്ചി. പരിസ്ഥിതിക്കാരന്‍ എന്നു പറഞ്ഞാല്‍ ഭീകരന്‍ എന്നാണര്‍ഥം എന്ന് മൂപ്പിന്നിന്റെ മുഖഭാവം വ്യക്തമാക്കി.

''അയ്യേ, ഞങ്ങള്‍ ആനക്കുളത്ത് ആനകളെ കാണാനിറങ്ങിയതാ'' എന്ന ഭാവാഭിനയത്തോടെയുള്ള മറുപടി കാരണവരെ തൃപ്തനാക്കിയോ എന്തോ. 'എന്തായാലും ഇതൊന്നും ഇവിടെ നടക്കുകേല' എന്നു പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടു. ചുരുക്കിപ്പറഞ്ഞാല്‍, ''ഗാഡ്ഗില്‍ എന്നുകേട്ടാലടിവീഴുമുടനടിയെ, കസ്തൂരിയെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍'' എന്ന അവസ്ഥയാണ് ഏതു മലയോരത്തിലുമെന്ന പോലെ മാങ്കുളത്തുമുള്ളത്.

ഇടുക്കിയിലെ മാങ്കുളം മുതല്‍ തൃശ്ശൂരിലെ മലക്കപ്പാറ വരെയുളള വനസഞ്ചാരത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഫിബ്രവരി ലക്കം യാത്ര കാണുക


For Subscription:


Contact : 0495 2362 595, 9895742010
Email : circulation@mpp.co.in, shinukumar@mpp.co.in

Online Subscription