മഞ്ഞിന്റെ മായികവലയങ്ങളില്‍ നിന്നടര്‍ന്നു വീണപോലുള്ള ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍, വിജനപാതകള്‍... പുറംലോകവുമായി ഒരു നോട്ടത്തിലൊതുക്കുന്ന പരിചയം മാത്രം സൂക്ഷിക്കുന്ന ആദിവാസികള്‍, കാടിനുള്ളിലെ കോവിലുകള്‍...ഗ്രാമീണപാതകളിലൂടെയുള്ള ട്രക്കിങ് യാത്രകളിലെ വ്യത്യസ്തതയും പുതുമയുമാണ്ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പാണ് ടോപ്‌സ്റ്റേഷനിലെ മനോഹരനെ ആദ്യമായി കാണുന്നത്. മൂന്നാറില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള ട്രക്കിങ്ങിലെ വഴികാട്ടി. കറുത്ത് ദൃഢമായ ശരീരം. യാതൊരു പ്രത്യേകതയുമില്ലാത്ത മുഖം. പക്ഷേ സംസാരിക്കുംതോറും അടുപ്പം കൂടുതല്‍ തോന്നിക്കുന്ന പ്രകൃതം. അന്ന് വഴി നീളെ മനോഹരന്‍ സംസാരിച്ചു, എപ്പോഴത്തെയും പോലെ. രണ്ടാം ക്ലാസ്സ് വരെ പഠിച്ചവന്റെ തമിഴും മുറി ഇംഗ്ലീഷും കലര്‍ന്ന ഭാഷ. കൂടെ നടക്കുന്നയാള്‍ മൂളിക്കൊണ്ടിരിക്കണം. അതാണ് പ്രോത്സാഹനം. അയാള്‍ സ്വയം വിശേഷിപ്പിക്കുക 'മനോ' എന്നാണ്. ഇപ്പോള്‍ വീണ്ടുമൊരു യാത്ര, മൂന്നാറിലെ ടോപ്‌സ്റ്റേഷനിലേക്ക്. മനോഹരനെ കാണണം, ചിലന്തിയാറിന്റെയും കൂടലാറിന്റെയും ഭൂമിശാസ്ത്രമറിയാന്‍.


നട്ടുച്ചയായതു കൊണ്ടാവണം മൂന്നാര്‍ ടൗണില്‍ പറയത്തക്ക തണുപ്പൊന്നുമില്ല. ബസ്സിലെ കണ്ടക്ടര്‍ സ്വെറ്ററും മങ്കിക്യാപ്പും ധരിച്ചിരിച്ചിട്ടുണ്ട്. തണുപ്പിന്റെ അസ്‌ക്യത കൂടുതലാവും! ടോപ്‌സ്റ്റേഷനിലേക്ക് വല്ലപ്പോഴും മാത്രമുള്ള ബസ്സില്‍ നിറയെ ആളാണ്. അതിനേക്കാളെറെ സഞ്ചികളും കെട്ടുകളും. യെല്ലപ്പെട്ടി കഴിഞ്ഞതോടെ കോടമഞ്ഞ് ബസ്സിനെ മൂടി. ചുറ്റുമുള്ള കാഴ്ച്ചകളൊക്കെ 'വെള്ളെഴുത്തു'കളായി. ഓരോ രോമകൂപവും തിരഞ്ഞ് പിടിച്ച് തണുപ്പ് അതിക്രമിച്ച് കയറാന്‍ തുടങ്ങി. ബലം പിടിച്ചിരുന്നു. ബാഗ് തുറന്നാല്‍ സ്വെറ്ററെടുക്കാം. വേണോ വേണ്ടയോ എന്ന മുനമ്പില്‍ നിന്ന് മനസ്സ് അനങ്ങിയില്ല. ഒടുവില്‍ ടോപ് സ്റ്റേഷനിലെത്തി. ബസ്സിറങ്ങുന്നതിന് മുന്നേ ചുറ്റും നോക്കി, മനോഹരന്‍ എവിടെയെങ്കിലുമുണ്ടോ?

കോടമഞ്ഞിന്റെ മറയ്ക്കുള്ളിലെ അരൂപിയില്‍ നിന്നും മനോഹരന്റെ രൂപമിറങ്ങിവന്നു. ആദ്യം കണ്ടത് ഒരു ചുവന്ന തലേക്കെട്ടായിരുന്നു. അതിനു താഴേക്ക് മനോഹരന്റെ കറുത്ത മുഖവും ചിരിയും. മുന്‍ നിരയിലെ രണ്ടു പല്ലുകളില്ല. അവയുടെ നീളം കൂടി വശത്തെ രണ്ടു പല്ലുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞതവണത്തേക്കാള്‍ പ്രസരിപ്പുണ്ട് മുഖത്ത്. കണ്ടയുടനെ കെട്ടിപ്പിടിച്ചു. പിന്നെ കുശലാന്വേഷണം. വീണ്ടും കാണാനൊത്തതിന്റെ സന്തോഷത്തില്‍ മനോഹരന്‍ പറഞ്ഞു, 'മനോ മൈന്‍ഡ് ഗുഡ്...''
പച്ചയും വെളുപ്പും ചായമടിച്ച മണ്‍ഭിത്തികളും വലിയ ജനലുമുള്ള മനോഹരന്റെ വീട്ടിലാണ് അന്തിയുറക്കം. ഒരു വര്‍ഷം മുന്‍പ് കിടന്ന അതേ മുറിയില്‍.

ബാഗെല്ലാം ഇറക്കിവെച്ച് വീടിനു പിന്നിലെ കാബേജ് തോട്ടത്തിലേക്കിറങ്ങി. ഒപ്പം മനോഹരന്റെ രണ്ടു വയസ്സുകാരി മകള്‍ കാറ്റാടിയും. ഇലക്കുടന്നകളില്‍ കാബേജുകള്‍ ഒളിച്ചിരിക്കുന്നു. ഇപ്പോള്‍ ഇവിടെ കാബേജ് കാലമാണ്. ഇതുകഴിഞ്ഞാല്‍ കാരറ്റ്, ഉരുളകിഴങ്ങ്... അങ്ങനെ കൃഷിയുടെ കാലാന്തരങ്ങള്‍ അനവധി.

കണ്ണുകള്‍ക്ക് മുന്നില്‍ മഞ്ഞ് തെളിക്കുന്ന വഴികളില്‍ അവ്യക്തമായ രൂപങ്ങള്‍ നീങ്ങുന്നത് കാണാം. വൈകുന്നേരം ടോപ് സ്റ്റേഷന്‍ വ്യൂ പോയന്റിലേക്ക് വെറുതേ നടന്നു. കോടമൂടിയവഴികളില്‍ സന്ദര്‍ശകരെ കാത്ത് പഴങ്ങള്‍ വില്‍ക്കാനിരിക്കുന്നവര്‍. എല്ലാവരും പരിചയക്കാരാണ്, ഒപ്പമുള്ള ഫോട്ടോഗ്രാഫര്‍ നസീറിന്. ചിലര്‍ തീ കാഞ്ഞിരുന്നാണ് പഴങ്ങള്‍ വില്‍ക്കുന്നത്. വ്യൂ പോയന്റാകെ കോടയാല്‍ മൂടിയിരിക്കുന്നു. നിരാശരായി മടങ്ങുന്ന സന്ദര്‍ശകര്‍. തിരികെ കയറും വഴി ഒന്നു കൂടി തിരിഞ്ഞു നോക്കി. കോടയുടെ ഭംഗി കാണാന്‍.

പൊടുന്നനെ തവിട്ടു നിറത്തിലുള്ള ഒരു രൂപം നിലംപറ്റെ മണ്‍വഴി മുറിച്ച് കടന്ന് കാടിനുള്ളിലേക്ക് മറഞ്ഞു. ഏതാനും നിമിഷങ്ങള്‍.. മനസ്സ് ഒരുപാട് താളുകള്‍ പിന്നോട്ട് മറിച്ചു. നസീറിന്റെ തന്നെ ഒരു ഫോട്ടോ മനസ്സില്‍ തെളിഞ്ഞു. 'നീലഗിരി മാര്‍െട്ടന്‍...'' അറിയാതെ തന്നെ വിളിച്ചു കൂവി. അതിനകം നസീര്‍ ഏറെ മുന്നിലെത്തി കഴിഞ്ഞിരുന്നു. വിളി കേട്ട് അതിവേഗത്തില്‍ തിരിച്ചെത്തി. അപ്പോഴേക്കും ഒരു മരത്തില്‍ നിന്നും തലകുത്തനെ തിരിച്ചിറങ്ങുന്ന ആ ജീവിയെ ഒരു മിന്നായം പോലെ കണ്ടു. നസീറും കാടിനുള്ളിലേക്ക് ചാടി. കുത്തനെയുള്ള ഇറക്കമായിരുന്നു. കുറെ തിരഞ്ഞ ശേഷം നിരാശയോടെ കാട്ടില്‍ നിന്നും മണ്‍പാതയിലേക്ക് തിരിച്ചു കയറി. 'അപൂര്‍വ്വമായ നീലഗിരി മാര്‍ട്ടെനെ കാണാന്‍ കിട്ടുക തന്നെ ഒരു ഭാഗ്യമാണ്...', നസീറിന്റെ വാക്കുകള്‍.

ആ രാത്രി ആദ്യം സ്വെറ്ററിനുള്ളിലേക്കും പിന്നെ സ്ലീപ്പിങ് ബാഗിലേക്കും കയറി. അതും പോരാഞ്ഞ് ആകെ കമ്പിളിപ്പുതപ്പു കൊണ്ട് മൂടി. എന്നിട്ടും തണുപ്പ് പിടിവിടാന്‍ തയ്യാറായില്ല. പക്ഷേ ആ കൂടാരത്തിനുള്ളില്‍ മനസ്സ് തയ്യാറെടുക്കുകയായിരുന്നു, ചിലന്തിയാറിലേക്കും അവിടെ നിന്ന് കൂടലാറിലേക്കുമുള്ള യാത്രയ്ക്കായി. അവിടെ ആദിവാസി ഗോത്രമായ മുതുവാന്‍മാരുടെ ഊരിലെത്തണം. കാടിനുള്ളില്‍ കാട്ടാന തൊടാത്ത ഗണപതിയെ കാണാന്‍...
++++++++++


അഗാധതയിലെ തേയിലത്തോട്ടങ്ങള്‍ ആരോ അഗ്നിക്കിരയാക്കിയ പോലെ കോടമഞ്ഞിന്റെ ധൂമങ്ങള്‍ ചെറുസംഘങ്ങളായി ഉയര്‍ന്നു പൊങ്ങി ഞങ്ങളുടെ വഴിയെ ഇടയ്ക്കിടെ മറച്ചു കൊണ്ടിരുന്നു. നസീര്‍ മുന്നേ നടക്കുന്നു. മനോഹരന്‍ ഏറ്റവും പിന്നില്‍. ചിലപ്പോള്‍ ഒപ്പം. തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ ദൂരെ കാണുന്ന പാറക്കൂട്ടത്തെ ചൂണ്ടി പറഞ്ഞു; 'അങ്കെ സായം കാലം ലെപ്പെഡ് വരുവേന്‍. അങ്കെ ഇരുന്ത് സൈറ്റിങ്. മാടുകള്‍ എതാവത് ഇരുപ്പാ എന്ന്'. പറയുന്നതിനൊപ്പം മനോയുടെ ആംഗ്യഭാഷയും, പുലി നോക്കുന്നത് പോലെ! പിന്നെ പുല്‍മേടുകളായി. തോട്ടം തൊഴിലാളികളുടെ വീടുകളും ക്വാര്‍ട്ടേഴ്‌സുകളും ഏകാന്ത തുരുത്തുകളായി നിശബ്ദം നില്‍ക്കുന്നു.

ഉച്ചയോടെ പഴത്തോട്ടമെത്തി. അവിടെ ചെറിയൊരു ചായക്കടയുണ്ട്. കട്ടന്‍ചായക്ക് പറഞ്ഞ്, മനോഹരന്റെ വീട്ടില്‍ നിന്നും പൊതിഞ്ഞെടുത്ത ചപ്പാത്തിയും കറിയുമെടുത്തു. ഫ്രീസറിലിരുന്നത് പോലെയായിരിക്കുന്നു ഭക്ഷണം. വെറേ മാര്‍ഗ്ഗമില്ലാത്തതിനാല്‍ അതു തന്നെ കഴിച്ചു. വീണ്ടും നടപ്പ്. തേയിലത്തോട്ടങ്ങളും പുല്‍മേടുകളും പാടെ അപ്രത്യക്ഷമായിരിക്കുന്നു. പൊടിമണ്ണു നിറഞ്ഞ വഴി. പഴത്തോട്ടം-ചിലന്തിയാര്‍ റോഡിന്റെ നിര്‍മ്മാണം നടക്കുന്നു. മണ്ണെടുത്ത് കുന്നിന്റെ വശങ്ങള്‍ സമമാക്കുന്നു. ഗ്രാന്‍ഡിസ് മരത്തടികള്‍ കയറ്റിയ ലോറികളും കാരിയര്‍ പിടിപ്പിച്ച ജീപ്പുകളും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി കയറ്റം കയറുന്നു. പേപ്പര്‍ നിര്‍മ്മാണത്തിന് പള്‍പ്പുണ്ടാക്കാനാണ് ഗ്രാന്‍ഡിസ് മരങ്ങള്‍. വാഹനം കടന്നു പോയാല്‍ കുറെ നേരത്തേക്ക് ഒന്നും കാണില്ല, ആകെ പൊടിപടലം. രാവിലെ കോട ചെയ്ത പണി ഇപ്പോള്‍ പൊടി ഏറ്റെടുത്തിരിക്കുന്നു!

വലതുവശത്ത് താഴ്‌വാരമാണ്. പച്ചപ്പുനിറഞ്ഞയിടങ്ങള്‍, വല്ലപ്പോഴും കാണുന്ന വീടുകള്‍. 'മനുഷ്യപ്പറ്റി'ല്ലാത്ത ഇടങ്ങളാണ്. ഒരാളെ കാണണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. കുറച്ചുകഴിഞ്ഞപ്പോള്‍ കടലലകള്‍ പിന്‍വാങ്ങിയ തിരപ്പാടുകളായി തട്ടുതട്ടായുള്ള കൃഷിയിടങ്ങള്‍. കോവിലൂര്‍, വട്ടവട, കൊട്ടാക്കമ്പൂര്‍ ഗ്രാമങ്ങളാണ്. കാരറ്റും ബീന്‍സുമെല്ലാമാണ് കൃഷി. അങ്ങിങ്ങ് വീടുകളും കാവല്‍പ്പുരകളും കാണാം. കൃഷ്ണമണികള്‍ തലങ്ങും വിലങ്ങും പാഞ്ഞു. കാഴ്ച്ചയാവോളം കണ്ണുകളില്‍ നിറയ്ക്കാന്‍.

പിന്നെയുള്ള വഴികള്‍ സ്‌കൂള്‍ കാലത്തിലേക്കുള്ളതായിരുന്നു. ഊട്ടിയുടെ തണുപ്പിലേക്കിറങ്ങിയ വിനോദയാത്രാ സംഘത്തിലെ കുട്ടികളിലൊരാളായി. അഞ്ചും പത്തും രൂപയക്ക് വഴിയോരത്ത് വിറ്റിരുന്ന എവര്‍ലാസ്റ്റിങ് പൂക്കള്‍ വാങ്ങാന്‍ തിക്കും തിരക്കും കൂട്ടി. ഗന്ധമില്ലാത്ത, മഞ്ഞനിറത്തിലുള്ള വാടാത്ത പൂക്കളുടെ ഓര്‍മ്മകള്‍... ചിലന്തിയാറിലേക്കടുക്കും തോറും മഞ്ഞയും വെള്ളയും വാടാത്തപൂക്കള്‍ എണ്ണത്തില്‍ ഏറിയും കുറഞ്ഞും വഴിയോരത്ത് നിരന്നു.

ചിലന്തിയാര്‍. വളരെ കുറച്ച് വീടുകള്‍ മാത്രമുള്ള കൊച്ചു ഗ്രാമം. വീടുകളെല്ലാം അടഞ്ഞു കിടക്കുന്നു. മണ്ടി നടക്കുന്ന പട്ടികള്‍, അപരിചിതരെ കണ്ടതും മുരളാന്‍ തുടങ്ങി. അവിടെ കണ്ടൊരു വീടിന്റെ തിണ്ണയിലേക്ക് ബാഗുകളിറക്കി. ആളനക്കമില്ലാത്തതിന്റെ കാരണം തേടി മനോഹരന്‍ കോടമഞ്ഞിലൂടെ താഴേക്ക് നടന്നു. അവിടെയൊരു കടയുണ്ടത്രേ. കുന്നിന്‍ ചെരുവിലെ വീടുകളിലൊന്ന് മനോഹരന്റെ ഭാര്യവീടാണ്. അല്‍പ്പനേരത്തിനകം മനോ തിരിച്ചെത്തി. ഗ്രാമവാസികളെല്ലാം 'നൂറു നാള്‍' പണിക്കു പോയിരിക്കുന്നു എന്ന അറിയിപ്പുമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണതെന്ന് മനസ്സിലാകാന്‍ വീട്ടുകാരെല്ലാം മടങ്ങി വരേണ്ടിവന്നു.

മാസങ്ങള്‍ മാത്രം പഴക്കമുള്ള ഒരു ഊരുവിലക്കിന്റെ കഥപറയാനുണ്ട് ഇടുക്കി ജില്ലയിലെ ഈ മഴനിഴല്‍ പ്രദേശത്തിന്. ഈ കൊച്ചു ഗ്രാമത്തിന് എന്തിനും ഏതിനും എട്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള കോവിലൂരിനെ ആശ്രയിക്കണം. കോവിലൂരുകാരനായ ഒരാള്‍ രണ്ട് മാസങ്ങള്‍ക്ക് മുന്നേ കൊല്ലപ്പെട്ടിരുന്നു. പ്രതികള്‍ ചിലന്തിയാറിലെത്തിയപ്പോള്‍ ഇവിടുത്തുകാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടെടുത്തെന്നാരോപിച്ചായിരുന്നു ഊരുവിലക്ക്. കോവിലൂരുകാര്‍ ഒരു സാധനവും ചിലന്തിയാറുകാര്‍ക്ക് നല്‍കിയില്ല. അവിടുത്തെ പണികള്‍ ചെയ്യാനും അനുവാദമുണ്ടായില്ല. രാത്രി ഏഴിനു ശേഷം കോവിലൂര് നില്‍ക്കാന്‍ ചിലന്തിയാറുകാര്‍ക്ക് അനുവാദം പോലുമുണ്ടായിരുന്നില്ല. ഊരുവിലക്ക് മാറാന്‍ ദിവസങ്ങളെടുത്തു.

ടോപ്‌സ്‌റ്റേഷനിലേക്കാള്‍ തണുപ്പാണിവിടെ. കോടമഞ്ഞിന്റെ തിരശ്ശീലമാറിയപ്പോള്‍ അങ്ങ് മലമുകളില്‍ തീപ്പെട്ടികൂടുകള്‍ പോലെ പച്ചപ്പിനിടിയല്‍ ഏതാനും വീടുകള്‍. കൂടലാറിലെ മുതുവാന്‍മാരുടെ കുടികള്‍. ആ വഴിയിലേക്കാണ് നാളെ പോകേണ്ടത്. മനോഹരന്റെ ഭാര്യാ സഹോദരന്‍ കറുപ്പയ്യന്റെ വീട്ടിലായിരുന്നു അന്തിയുറക്കം. അയാളും ഭാര്യ വനിതയും രണ്ടുവയസ്സുകാരി മകളുമാണ് അവിടെ താമസം. മണ്ണുപൊത്തിയുണ്ടാക്കിയ വീടിന് അടുക്കളയുള്‍പ്പെടെ മൂന്ന് മുറിയേ ഉള്ളു. ആതിഥേയര്‍ അന്ന് അടുക്കളയിലാണ് കിടന്നുറങ്ങിയത്.

ഇവിടെ ഒരു വിശിഷ്ടാതിഥിയുണ്ട്. മനോഹരന്റെ ഭാര്യാപിതാവ് 86-കാരനായ മാടസ്വാമി. കഴിഞ്ഞ അറുപത് വര്‍ഷമായി മാടസ്വാമി കൂടലാര്‍ ഗണപതിക്കോവിലിലെ പൂജാരിയാണ്. 'നൂറു നാള്‍ പണി'ക്കു പോകുന്ന പൂജാരി! തലേക്കെട്ടും വലിയ ഉരുണ്ട മൂക്കും അകത്തേക്ക് കുഴിഞ്ഞ കണ്ണുകളും രണ്ടായി പകുത്ത മുഴുനരത്താടിയും മുഷിഞ്ഞ് അലസമായി ചുറ്റിയ മുണ്ടും ഒപ്പം ഒരു കാലന്‍ കുടയുമായാല്‍ മാടസ്വാമിയായി. റോഡു പണി കഴിഞ്ഞു വന്നതിന്റെ ക്ഷീണമൊന്നും അയാള്‍ക്കില്ല. തേയിലത്തോട്ടങ്ങള്‍ക്ക് അതിര്‍ത്തി നിര്‍ണയിക്കുന്ന പണിയുമായി വന്ന് ഇവിടെ കൂടിയതാണ് മാടസ്വാമിയുടെ കുടുംബം. 'അന്തകാലത്ത് ഇങ്കെയെല്ലാം പുല്‍മേടുതാന്‍. യാന, പുലി, കാട്ടുമിറുഗങ്ങള്‍ നിറയെ...' ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടേ്രത കൂടലാറിലെ ഗണപതി വിഗ്രഹത്തിന്. എല്ലാ ഉത്സവനാളിലും അവിടെ വാഴവെയ്ക്കും. പക്ഷെ ആന വന്ന് പിഴുതുകളയും. എന്താണതിന്റെ പൊരുളെന്ന് അറിയില്ലെന്ന് മാടസ്വാമി.
++++++++++


രാവിലെ നായ്ക്കളുടെ കുരകേട്ടാണ് ഉണര്‍ന്നത്. ഗ്രാമം ചലിച്ചു തുടങ്ങിയിരിക്കുന്നു, മഞ്ഞില്‍ മൂടിയ രൂപങ്ങളായി. പുറത്തിറങ്ങിയപ്പോള്‍ നൂല്‍മഴ. മഞ്ഞു പെയ്യുന്നതാണ്. വരാന്തയിലിരുന്നു. മുഖം കഴുകാനായി അല്‍പ്പം വെള്ളമെടുത്തു, കയ്യ് മരവിച്ചു, മുഖം പൊള്ളി...
എതിര്‍വശത്തെ വീടിന്റെ ജനലിനടുത്ത് ആളുകള്‍ വന്നും പോയുമിരിക്കുന്നു. പച്ചനിറത്തിലുള്ള മരത്തിന്റെ ജനലുകളില്‍ ഒരു പാളിമാത്രം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ചുവന്നവളയിട്ട കൈകള്‍ മാത്രം കാണാം. അത് ചിലന്തിയാറിലെ കടയാണ്. അത്യാവശ്യം സാധനങ്ങള്‍ മാത്രം കിട്ടുന്ന കട. ഊരുവിലക്കിന്റെ സമയത്ത് വന്നതായിരിക്കും. തണുപ്പുകാരണം ഇവിടെ ആളുകള്‍ പൊതിയുടെ രൂപത്തിലാണ് കടയിലേക്കെത്തുന്നത്!

വനിത മകളെയും കൊണ്ട് റോഡു പണിക്ക് പോകാന്‍ തയ്യാറെടുക്കുന്നു, മാടസ്വാമിയും. യാത്ര ചോദിച്ചിറങ്ങി. കൂടലാറിലേക്ക്... വഴിയില്‍ ഒന്നു രണ്ടു വീടുകള്‍ മാത്രം. ഒരു ജീപ്പ് ഞങ്ങളെ കടന്നു പോയി. 'മുതുവാക്കുടിയിലെ ജീപ്പ്', മനോ പറഞ്ഞു. വഴിക്കിരുവശവും നീലക്കുറിഞ്ഞികള്‍. പൂക്കാലത്ത് ഇവിടങ്ങളില്‍ വലിയ കൂട്ടത്തോടെയാണ് നീലക്കുറിഞ്ഞികള്‍ കാണപ്പെടുക. കരിങ്കല്ലുകള്‍ പാകിയ റോഡാണ്. വഴിയരികില്‍ ചുള്ളിക്കമ്പുകള്‍ നിറഞ്ഞ വിറകുകെട്ടുകളില്‍ നിന്ന് മഞ്ഞുമഴയുടെ വിയര്‍പ്പുതിരുന്നു. മുതുവാന്‍മാര്‍ കാട്ടില്‍ നിന്ന് പെറുക്കി കെട്ടുകളാക്കി വെച്ചിരിക്കുകയാണ്. കുടിയിലേക്ക് കൊണ്ടു പോകാന്‍.

കുറച്ചുദൂരം ചെന്നപ്പോള്‍ നാലഞ്ച് ആടുകളെയും തെളിച്ചു കൊണ്ട് ഒരു സ്ത്രീ വന്നു. കുളി കഴിഞ്ഞ് തോര്‍ത്ത് തലയില്‍ കെട്ടുന്നത് പോലെ, മുടി ഒട്ടും കാണാത്ത രീതിയില്‍ കെട്ടിയിട്ടുണ്ട്. സാരിയാണ് വേഷം. ഇഷ്ടപ്പെടാത്ത ആെരയോ കണ്ടത് പോലെ ഞങ്ങളെ നോക്കി അവര്‍ കടന്നു പോയി. പിന്നീടുള്ള നടത്തത്തില്‍ ഇടയ്ക്കിടെ കണ്ടുമുട്ടിയ മുതുവാന്‍മാരുടെ ഭാവം ഏതാണ്ട് ഇതു തന്നെയായിരുന്നു. ആടുകളെ തെളിച്ച് പോകുന്ന അവരുടെ പിറകില്‍ ഒരു തുണിക്കെട്ടുണ്ട്്. മുതുവാന്‍മാരുടെ മുദ്ര! മുതുകില്‍ നിന്നാണത്രേ മുതുവാന്‍ എന്ന പദം ഉണ്ടായത്. തങ്ങളുടെ കുഞ്ഞുങ്ങളെ മുതുകില്‍ കെട്ടിക്കൊണ്ട് നടക്കുന്നത് കൊണ്ടാണ് ഇവര്‍ക്ക് ഈ പേര് വന്നത്. അതല്ല മധുരരാജാവിന്റെ ആശ്രിതരായിരുന്ന ഇവര്‍ ഇഷ്ടദേവതയായ മധുരമീനാക്ഷിയുടെ വിഗ്രഹം മുതുകിലേറ്റി കാടുകയറിയതു കൊണ്ടാണെന്ന് മറ്റൊരു കേള്‍വി. എന്തായാലും ഇവരുടെ പിറകിലെ കെട്ടില്‍ കുട്ടിയല്ല. പകരം ഉച്ചഭക്ഷണമായിരിക്കണം.

'പത്തു വര്‍ഷം മുന്നാടി ഇങ്കെ കഞ്ചാവു കൃഷി താന്‍. ഫോറസ്റ്റുകാരും പോലീസുകാരും വന്ത് എല്ലാ കഞ്ചാവും തീയിട്ടാച്ച്. അതുക്കപ്പുറമാ ഇങ്കെ പച്ചക്കറി കൃഷി'. വഴിക്കിരുവശവും ചൂണ്ടിയാണ് മനോയുടെ 'കഞ്ചാവ് വിശേഷം'. ആന കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ അതിരുകളില്‍ വ്യാപകമായി അക്വേഷ്യ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. എങ്കിലും ഇവരിപ്പോഴും പേടിക്കുന്ന ഒരു കൊമ്പനുണ്ട്, 'ഗണേശ'നെന്നായിരുന്നു പഴയ പേര്. പുതുതലമുറ പേരൊന്ന് പരിഷ്‌ക്കരിച്ചു, 'പടയപ്പ!''

വലതുവശത്തെ താഴ്‌വാരങ്ങള്‍ പോകെ പോകെ നീണ്ടു നിവര്‍ന്നു. ആദിവാസികളുടെ കൃഷിയിടങ്ങള്‍. പൊട്ടു പോലെ കാവല്‍മാടങ്ങള്‍ കാണാം. ഒരു വളവിനപ്പുറത്തു നിന്ന് കൂട്ടച്ചിരി കേള്‍ക്കുന്നു. ആടുകളുമായി ഒരു സംഘം സ്ത്രീകള്‍ ചിത്രത്തിലെന്ന പോലെ കോടയില്‍ നിന്നിറങ്ങി വന്നു. ഞങ്ങളെ കണ്ടതോടെ ചിരി നിന്നു. കൂട്ടത്തില്‍ നിറങ്ങളുടെ ധാരാളിത്തത്തില്‍ നനഞ്ഞു നിന്ന ഒരു മുഖം മനോഹരനെ സൂക്ഷിച്ചു നോക്കി. ഒരു നിമിഷം മുന്‍പ് ഉതിര്‍ന്നു പോയ ചിരി അവരുടെ മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ വീണ്ടും വിടര്‍ന്നു. 'അണ്ണാ എപ്പിടി, സൗഖ്യമാ?, തങ്കച്ചി എപ്പിടി?' പഴയ പരിചയക്കാരിയാണ,് 'രാസകുമാരി'. ചുവന്ന സാരിക്ക് മീതെ അതിലും ചുവന്ന സ്വെറ്റര്‍. അതിനുമീതെ കാവി മുണ്ട് പുതച്ചിരിക്കുന്നു. പിന്നില്‍ വിലങ്ങനെ ഒരു തുണിക്കെട്ടും. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി 'രാസകുമാരി'ക്ക് അലങ്കാരങ്ങള്‍ കൂടുതല്‍. സ്വര്‍ണ മൂക്കുത്തിയും ചുവന്ന ചരട്പിണച്ചതും അല്ലാത്തതുമായ രണ്ട് മാലകള്‍. ഇരുകയ്യിലും കുപ്പിവളകള്‍. മക്കള്‍ രണ്ടും തിരുവനന്തപുരത്ത് പഠിക്കുകയാണത്രേ. ഒരാള്‍ രണ്ടിലും മറ്റേയാള്‍ മൂന്നിലും. പഠിപ്പിക്കുന്ന സിസ്റ്റര്‍മാര്‍ വെക്കേഷനാകുമ്പോള്‍ ഇവിടെ കൊണ്ടുവിടും. 'ഇന്ത ഇടം വിട്ട് നാന്‍ എങ്കയും പോകമാട്ടേന്‍'. മുന്നേ നടന്നു പോയ കൂട്ടത്തിനൊപ്പം ചേരാന്‍ രാസകുമാരി ഓടി.

നടപ്പിന് ആക്കം കൂടി. ഇതിനിടയില്‍ ഒന്നു രണ്ടു ജീപ്പുകളും ബൈക്കും ഞങ്ങളെ കടന്ന് പോയി. എല്ലാം മുതുവാന്‍മാരുടെ കുടിയിലുള്ളതാണ്. ഇരുവശങ്ങളിലുമുള്ള കാടിന്റെ ഭാവം പതുക്കെ മാറുന്നു. പടുകൂറ്റനൊരു ആല്‍മരത്തിന് കീഴില്‍ ചെറിയൊരു കോവില്‍. മുതുവാന്‍മാരുടെ ആരാധനാ മൂര്‍ത്തിയായ ശിവന്റെ പ്രതിഷ്ഠയാണ്. അവിടെ നിന്നും അധികം പോയില്ല. കുത്തനെയുള്ള ഇറക്കത്തിനൊടുവില്‍ ചെറുഅരുവിക്കരയില്‍ ഗണപതിക്കോവില്‍ കാണാറായി. പഴയൊരു മരത്തടിയാണ് അരുവി മുറിച്ചു കടക്കാനുള്ള പാലം. തടിയുടെ വിടവുകളെ കല്ലുകള്‍ കൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്.

കല്ലില്‍ തീര്‍ത്ത പലവലിപ്പത്തിലുള്ള മൂന്ന് ഗണപതി രൂപങ്ങള്‍. ഒരുവശത്ത് സര്‍പ്പ പ്രതിഷ്ഠ. സോപാനപാലകരായി കൊമ്പനാന രൂപങ്ങള്‍. കാടും വാനവുമാണ് ശ്രീകോവിലിന്റെ അതിരുകള്‍. കുറച്ചുകാലം മുന്‍പ് വരെ പാറപ്പുറത്തായിരുന്നു പ്രതിഷ്ഠ. ഇപ്പോള്‍ സിമന്റൊക്കെ ഇട്ടിരിക്കുന്നു. ഇവിടുത്തെ അരുവിയില്‍ കുളിച്ചാല്‍ എല്ലാ അസുഖങ്ങളുമാറുമെന്നാണ് മുതുവാന്‍മാരുടെ വിശ്വാസം. ഉത്സവസമയത്ത് ഏഴ് ഊരുകളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെയെത്തും. ജീപ്പുകള്‍ വന്നും പോയുമിരിക്കും കോവിലിന് ചുറ്റും രുദ്രാക്ഷമരങ്ങളാണ്. കുറച്ചു നേരം അവിടെ വിശ്രമിച്ചു. ആ സമയം അതുവഴി ഒരാള്‍ കടന്നു പോയി. അയാളുടെ മുതുകിലെ കെട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കാലുകള്‍ പുറത്തേക്ക് തെറിച്ചു നില്‍ക്കുന്നു!

ഇവിടെ നിന്ന് മുന്നോട്ട് നടന്ന് മലകയറിയിറങ്ങിയാല്‍ കാന്തല്ലൂരെത്താം. അതിന് പക്ഷെ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഈ സ്ഥലം ആനമുടി നാഷണല്‍ പാര്‍ക്കില്‍ ഉള്‍പ്പെട്ടതാണ്. തിരികെ ചിലന്തിയാറിലേക്ക് നടന്നു. പാതിവഴിയെത്തിയപ്പോള്‍ പിന്നില്‍ നിന്നും ഒരു ജീപ്പ് വന്നു. മുതുവാക്കുടയില്‍ നിന്നും ഉരുളക്കിഴങ്ങ് കോവിലൂരേക്ക് കൊണ്ടുപോകുന്ന വണ്ടിയാണ്. ബാഗുകള്‍ ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്ക് മീതെ ഇട്ട് ജീപ്പില്‍ കയറി, കോവിലൂരിലേക്ക്്....രാത്രിക്ക് മുന്‍പ് ടോപ് സ്റ്റേഷനിലെത്തണം, മനോഹരന് ഇന്ന് ഗസ്റ്റുണ്ട്, ഫ്രാന്‍സില്‍ നിന്ന്.Travel Info:

Chilanthiyar


Village trekking has evolved as a new concept in the field of tourism. This enables one to adore the serenity of countryside and to experience the spotless charm of nature. Suburbs of Munnar hold a group of such beautiful hamlets where people live a rustic life without even a touch of modernity. There are several trekking routes from Munnar and Top Station. One of the scenic routes is Topstation-Chilanthiyar-Kudalar (36km). Top Station is located in the Kerala-Tamilnadu border. It is the highest point (1700m) on Munnar and Kodaikanal. On the way to Chilanthiyar one can see the tea plantations, lonely villages and the Terrace Fields of Farms. Kudalar is a Muthuva tribal settlement.

Location: Munnar, 60 km north to Idukki.
How to reach
By air:
Cochin International Airport (104km)
By rail: Kochi (132km)
By road: NH 49 connects Kochi to Munnar (roughly 132km). KSRTC and private operators run regular bus services to Munnar. From Munnar town move to Top Station via Mattupetty and Kundale dam (34 km, SH-44). Since regular buses from Munnar are rare (fare Rs.30), it is better to hire a jeep, which will cost you around Rs. 850

Contact (STD: 04865)
Guide J Manoharan, Mob 09447578134 (Contact Person)
E-mail:info@junglesafaris.in
DTPC Information Centre, Munnar,)231516
Wildlife Warden, Munnar )231587
KSRTC bus enquiry,)231516 Munnar Bus Station)230201
Distance Chart
Munnar-Topstation(34km)
Topstation-Pazhathottam (10km)
Pazhathottam-Chilanthiyar(6km)
Chilanthiyar-Kudalar(6km)
Kudalar-Koviloor(14km)
Boating
Hydel Tourism, Munnar)04865-231470 Timing: 9.30am to 5pm Charges @ Mattupetty: Speedboat( 5 seater), Rs.350/15mts Charges @ Kundale: Row Boat (4 seater), Rs.150/30mtsp Pedal Boat (2/3 seater), Rs.100/30mtspKashmiri Shikara (2 seater), Rs.200/30mts
Tips
It's not advisable to visit Top Station between June to October as the roads become slipperypCarry camera, binoculars, food, water and glucose, sweater, muffler, blanket, sleeping bags, torches, candles, matches, cap, sunscreen lotion, painkillers and first aid kitpThose who have high BP, heart diseases and muscles problems should not try trekking.
Stay @ Topstation
Mano's Homestay, Mob: 09447578134
Periyar Residency: 04865-214195
Trekking Programme
Itinerary: Day one: Reach Top Station by noon, lunch, walk to view point, camp fire, stay at manos homestay.
Day 2: Breakfast, Trek to Chilanthiyar, lunch, snacks. evening at Chilanthiyar campfire
Day3: BreakfastgTrek to Kudalar temple
Back to Top Station via Koviloor back to Top Station by bus.