മഴയില്‍ സഹ്യാദ്രി അടിമുടി തളിര്‍ത്ത് സുന്ദരിയാവും. ഏതൊരു പര്‍വതപ്രദേശവും മഴയില്‍ ദുഷ്‌കരമാവുകയാണ് പതിവ്. പക്ഷെ സഹ്യാദ്രയിലെ സ്ഥിതി നേരെ തിരിച്ചാണ്. ട്രക്കിങ്ങ് നടത്താന്‍ ഏറ്റവും പറ്റിയ സമയമാണ് സഹ്യാദ്രയില്‍ മഴ. ജൂണ്‍ ആദ്യ വാരമാവുമ്പോഴേക്കും സഹ്യാദ്രി മഴയെ വാരിപ്പുണരും. അസംഖ്യം വെള്ളച്ചാട്ടങ്ങള്‍ കുന്നിന്‍ ചെരിവുകളിലും മലകളുടെ മാറത്തും പ്രത്യക്ഷമാവും. നിരവധി അരുവികള്‍ ചിലങ്കയണിഞ്ഞെത്തും. സ്വച്ഛവും നിര്‍മ്മലവുമായ അന്തരീക്ഷത്തെ സാക്ഷി നിര്‍ത്തി എങ്ങും പച്ചനിറം വന്നു നിറയും. മറ്റൊരു കാലാവസ്ഥയും തരാത്ത അനുഭവമാണ് മഴയില്‍ സഹ്യാദ്രിയില്‍ നടത്തുന്ന ട്രക്കിങ്ങ് സമ്മാനിക്കുക.

നിത്യഹരിത നിബിഡ വനഭൂമിയായ കൊയ്‌ന വന്യജീവി സങ്കേതത്തിന്റെ തലപ്പൊക്കമായ വസോട്ട കോട്ടയുടെ സൗന്ദര്യം അനുപമമാണ്. വ്യാഘ്രഗഡ് എന്നും അറിയപ്പെടുന്ന ഈ കോട്ടയിലേക്ക് കൊടും കാട്ടിലൂടെ ട്രക്ക് ചെയ്ത് എത്തുക എന്നത് അവിസ്മരണീയമായ ഒരനുഭവമാണ്. മഹരാഷ്ട്രയിലെ മണ്‍സൂണ്‍ ട്രക്കിങ്ങില്‍ ഏറ്റവും ജനപ്രിയമായ ട്രക്കിങ്ങിലൊന്നാണ് വസോട്ട ജംഗിള്‍ ട്രക്കിങ്ങ്. കൊയ്‌ന നദിയുടെ തീരത്ത് തപസ്സനുഷ്ഠിക്കാന്‍ വന്ന വസിഷ്ഠ മഹര്‍ഷിയുടെ ശിഷ്യനായ അഗസ്തി മഹര്‍ഷി കോട്ട നില്‍ക്കുന്ന കുന്നിന് തന്റെ ഗുരുവിന്റെ പേരു നല്‍കിയെന്നാണ് ഐതിഹ്യം. മധ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട കോട്ട പിന്നീട് മറാത്തരുടെ കീഴിലായി. ദുര്‍ഗമമായ സ്ഥാനത്തായതിനാല്‍ കോട്ട പ്രധാനമായും ഒരു ആയുധശാലയും സൈന്യത്തിനുള്ള വിശ്രമസങ്കേതമായും വര്‍ത്തിച്ചു. ട്രക്കിങ്ങ് പാത കടന്നു പോകുന്ന കൊയ്‌ന വന്യജീവി സങ്കേതം വനസ്‌നേഹികള്‍ക്ക് പലപ്പോഴും അപൂര്‍വമായ അത്ഭുതങ്ങള്‍ കരുതി വെക്കാറുണ്ട്.Location


മഹാരാഷ്ട്രയിലെ സത്താറ ജില്ലയുടെ പടിഞ്ഞാറെ അതിരിലുള്ള വസോട്ടയിലേക്കുള്ള യാത്ര സഹ്യാദ്രിയിലെ ത്രില്ലിങ്ങ് ട്രക്കിങ്ങ് റൂട്ടുകളിലൊന്നാണ്. കൊയ്‌ന തടാകം കടന്ന് കനത്ത വനത്തെ ചുറ്റിയാണ് ട്രക്കിങ്ങ് പാത നീളുന്നത്. കിഴക്കു വശത്ത് ശിവസാഗര്‍ തടാകവും, പടിഞ്ഞാറ് കൊങ്കണ്‍ തീരഭൂമിയും കണ്ണിന് ഇമ്പമേകും. വനഗിരിയുടെ മുകളിലുള്ള അഗമ്യമായ വസോട്ട കോട്ടയുടെ ശേഷിപ്പുകളും നാഗേശ്വര്‍ ഗുഹാ ക്ഷേത്രവും ഫോട്ടോഗ്രാഫര്‍മാരുടേയും സാഹസികരുടേയും സ്വപ്‌നദൃശ്യങ്ങളത്രെ..

Distance Chart
Mumbai -300 km
Pune - 160 km
Satara - 40 km
Villages at Foothills: Kusapur, Met Indavali


Getting there


കൊയ്‌ന വനത്തിന്റെ ഉള്‍ക്കാമ്പിലുള്ള കുന്നിന്‍ മുകളിലാണ് വസോട്ട കോട്ടയുടെ ശിഷ്ടഭാഗങ്ങള്‍. വസോട്ടയുടെ അടിവാരത്ത് എത്തണമെങ്കില്‍ ടൊപോലയില്‍ (Tapola) നിന്നോ ബാംനോളിയില്‍ (Bamnoli) നിന്നോ ബോട്ടു മാര്‍ഗ്ഗം കൊയ്‌ന തടാകം താണ്ടി വരണം. വന്യവിജനമായ സ്ഥലമായതിനാല്‍ ആവശ്യമുള്ള എല്ലാം കയ്യില്‍ കരുതണം. പ്രൊജക്റ്റ് ടൈഗറില്‍ പെടുന്ന വന്യജീവി സങ്കേതമായതിനാല്‍ ട്രക്കിങ്ങിന് ഫോറസ്റ്റ് അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. സാധാരണരീതിയില്‍ ട്രക്കിങ്ങ് ബേസായ ബാംനോളിയില്‍ നിന്നു തന്നെ ഇതിനുള്ള അനുമതി വാങ്ങാവുന്നതാണ്.

പൂനയില്‍ നിന്ന് സത്താറ വഴി ബാംനോളി (നാലു മണിക്കൂര്‍ ദൂരം). സത്താറയില്‍ നിന്ന ബാംനോലിയിലേക്ക് ഏകദേശം 35 കിമീ ദൂരമുണ്ട്. ബാംനോളിയില്‍ നിന്ന് ബോട്ടു വഴി മെറ്റ് ഇന്താവലി, കൊയ്‌ന വന്യജീവി സങ്കേതത്തില്‍. (2 മണിക്കൂര്‍). മെറ്റ് ഇന്താവലി മുതല്‍ വസോട്ട വരെ കയറ്റം. (ചുരുങ്ങിയത് മൂന്നു മണിക്കൂര്‍).കരുതേണ്ട കാര്യങ്ങള്‍എല്ലാ സാധനങ്ങളും ഇടാന്‍ പറ്റുന്ന ഒരു ചുമല്‍ബാഗ് (ഹാവര്‍സാക്ക്).
2-3 ലിറ്റര്‍ വെളളം കരുതാന്‍ പറ്റുന്ന ഒരു വാട്ടര്‍ബോട്ടില്‍.
ഭക്ഷണപ്പൊതികള്‍, ബിസ്‌കറ്റുകള്‍, ഗ്ലൂക്കോസ്.
ക്യാമറ (താല്‍പ്പര്യമുള്ളവര്‍).
ടോര്‍ച്ച്, എക്‌സട്രാ ബാറ്ററികള്‍.
കഴിക്കുന്ന മരുന്നുകള്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ഡീഹൈഡ്രേഷനകറ്റാന്‍ ചെറുനാരങ്ങ, ഉപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയടങ്ങുന്ന കിറ്റ്
നിലവാരമുള്ള ട്രക്കിങ്ങ് ഷൂ, ക്യാപ്പ്, ഷാള്‍, റെയിന്‍ ജാക്കറ്റ്, പ്ലേറ്റ്, കപ്പ്, സ്പൂണ്‍ എന്നിവ.
അട്ടയെ അകറ്റാനുള്ള ഡെറ്റോള്‍,പുകയില മിശ്രിതം.
വിലപിടിപ്പുളള ആഭരണങ്ങള്‍ യാത്രയില്‍ ഒഴിവാക്കുക.


മറക്കാനാവാത്തത്നിബിഡ വനത്തെ അറിഞ്ഞുള്ള യാത്ര.
കൊയ്‌ന തടാകതീരത്തെ സന്ധ്യയും നീലാകാശത്തെ താരങ്ങളും.
ചുറ്റുമുള്ള പച്ചക്കുന്നുകള്‍
കോടയുടെ ആവരണത്തില്‍ സഞ്ചാരികളെ കാത്തുനില്‍ക്കുന്ന കൊയ്‌ന തടാകതീരത്തെ തോണികള്‍.Trek Summary


ട്രക്കിങ്ങ് ലക്ഷ്യം: വസോട്ട കോട്ട അഥവാ വ്യാഘ്രഗഡ്
ഗ്രേഡ്: മീഡിയം ലെവല്‍
ട്രക്കിങ്ങ് ദൈര്‍ഘ്യം: പൂനെയില്‍ നിന്ന് രണ്ടു പകല്‍, ഒരു രാത്രി.
ഉയരം: സമുദ്രനിരപ്പില്‍ നിന്ന് 3842 അടി മുകളില്‍.
പ്രദേശം: കൊയ്‌ന വന്യജീവി സങ്കേതം.
ജില്ല: സത്താറ, മഹാരാഷ്ട്ര.
ബേസ് വില്ലേജ്: ബാംനോളി.
സീസണ്‍: വര്‍ഷം മുഴുവന്‍. മഴക്കാലം പ്രത്യേകിച്ചും.
കാഴ്ച്ച: നാഗേശ്വര്‍ ക്ഷേത്രം, ബാബു കാഡ (ഇതൊരു കാഴ്ച്ച സ്ഥലമാണ്), കോട്ട.
ജലസ്രോതസ്സുകള്‍: കോട്ടക്കു മുകളിലുളള രണ്ടു തളങ്ങളിലേയും വെള്ളം കുടിക്കരുത്. നാഗേശ്വര്‍ ക്ഷേത്രപരിസരത്ത് കുടിവെള്ളം ലഭ്യമാണ്.
താമസസൗകര്യം: ബാംനോളിയിലെ ക്ഷേത്രത്തില്‍ 25- 40 വരെയുളള ഗ്രൂപ്പുകള്‍ക്കു തങ്ങാം.
പ്രധാന നഗരങ്ങളില്‍ നിന്നുള്ള ദൂരം: മുംബൈ 300 കി.മീ, പൂനെ 160 കിമീ, സത്താറ 40 കി.മീ.
ട്രക്കിങ്ങ് ചിലവ്: ഫോറസ്റ്റ് ഡിപ്പാര്‍മെന്റ ് ഫീസ്, ഗൈഡ് ഫീ, പൂനെയില്‍ നിന്നും ബാംനോളിയിലേക്കുള്ള ബസ് ചാര്‍ജ്ജ്, ബാംനോളി - മെറ്റ് ഇന്താവലി- ബാംനോളി ഫെറി കടത്തു കൂലി, ഭക്ഷണച്ചിലവ്.Special precaution


കനത്തകാട്ടിലൂടെയാണ് ട്രക്കിങ്ങ് എന്നുള്ളതു കൊണ്ടു തന്നെ മുന്‍കരുതലുകള്‍ ആവശ്യമാണ്. ഗ്രൂപ്പായി മാത്രമെ ട്രക്കിങ്ങിന് ഒരുങ്ങാവൂ. കൂട്ടത്തില്‍ നിന്ന വേറിട്ടു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വസോട്ടയില്‍ എത്താന്‍ ഒരിക്കലും ഉച്ച കഴിയരുത്. എത്ര നേരത്തെയാണോ അത്രയും നല്ലത്. വൈകീട്ട് അഞ്ചു മണിക്കു മുമ്പ് ബോട്ടില്‍ കടവു കടന്ന് താവളമായ ബാംനോളി ഗ്രാമത്തില്‍ എത്തണം, വസോട്ടയില്‍ രാത്രി താമസത്തിന് അനുമതി ലഭിക്കില്ല. പകല്‍ പന്ത്രണ്ടു മണിക്കൂര്‍ നേരമാണ് ട്രക്കിങ്ങിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയം.


The author is an Indian flashpacker, hobbitual travel photographer, certified mountaineer and adventure sports entrepreneur