Photo: Naveen Lal P

ചില കാടുകള്‍ നമ്മെ മാടിവിളിക്കും.....
മനസില്‍ യാത്രയുടെ റോഡുവെട്ടിയിട്ടിരിക്കുന്നവര്‍ക്ക്
ഒരിക്കലും ആവിളി കേള്‍ക്കാതിരിക്കാനാവില്ല.....
അത്തരമൊരുവിളിയായിരുന്നു നാഗര്‍ഹൊളെയുടേത്.....
ഒരുനാള്‍ മൈസൂര്‍ രാജാക്കന്മാര്‍ വേട്ടയാടി രസിച്ച വനഭൂമി.
ഇന്ന് വന്യമൃഗങ്ങളെയൊളിപ്പിച്ച്, ആ കാട് വിളിക്കുന്നു.വരൂ...
ഒന്നുവന്ന് കണ്ടുപോകൂ......ഒരുയാത്രക്കുവേണ്ടകാര്യങ്ങള്‍ 'യാത്ര' പറഞ്ഞുതന്നിരുന്നു, അതൊരുക്കി. ഡിക്കിയില്‍ വിവിധലെന്‍സുകളുള്ള ക്യാമറ ഇളകാതെ ഭദ്രമാക്കിവെച്ചു. ഇന്നൊവ ഫസ്റ്റ്ഗിയറിലിടുമ്പോള്‍, താമരശ്ശേരി ചുരം താണ്ടി മാനന്തവാടി വഴി നാഗര്‍ഹൊളെയിലേക്കുള്ള 150 കിലോമീറ്റര്‍ ദൂരമാണ് ഞങ്ങള്‍ നാലുപേരുടെ മനസിലും വണ്ടിയുടെ മീറ്ററിലും.

11 മണിക്കാണ് കോഴിക്കോട്ടുനിന്ന് യാത്ര തുടങ്ങിയത്.താമരശ്ശേരി ചുരംകയറി വൈത്തിരിവഴി ഇന്ത്യയിലെ ഏറ്റവും വലിയ 'മണ്ണണ'യായ ബാണാസുരസാഗര്‍ അണക്കെട്ടുള്ള പടിഞ്ഞാറത്തറയും പിന്നിട്ട് മാനന്തവാടിയിലെത്തി. സമയം മുന്നുമണി. കാട്ടിക്കുളം-കുട്ട വഴി മൈസൂര്‍ റോഡിലൂടെയാണിനിയാത്ര....തോല്‍പ്പെട്ടിവന്യജീവിസങ്കേതത്തിലൂടെയായതിനാല്‍ കാട്ടുമൃഗങ്ങളെ കണ്ടേക്കാം. അതിനായി ക്യാമറക്കണ്ണുകള്‍ ഞങ്ങള്‍ തുറന്നുവച്ചു.


Photo: K Navaneeth

ഘോരവനമാണ് ഇരുവശത്തും. ഏതുനിമിഷവും പ്രത്യക്ഷപ്പെടാവുന്ന ഒരു കാട്ടുമൃഗത്തെ കാത്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആദ്യം കനിഞ്ഞത് കാട്ടുകോഴികള്‍. റോഡില്‍ പൊഴിഞ്ഞുവീണ മുളയരി സാപ്പിടുകയാണ്. ഒരു പൂവനും പിടയും. കാറ് കണ്ടിട്ടും പേടിയില്ല. റോഡിന്റെ പാശ്ചാത്തലത്തില്‍ അവയുടെ ചിത്രങ്ങള്‍ പകര്‍ത്തി, യാത്ര തുടര്‍ന്നു. ഒരുപാട് പുള്ളിമാന്‍ കൂട്ടങ്ങള്‍ റോഡ് മുറിച്ച് കടന്നുപോയി. ക്യാമറക്ക് പോസ് ചെയ്യാന്‍ അവര്‍ക്കും വലിയ നാണമൊന്നും കണ്ടില്ല. മുള പൊട്ടിക്കുന്ന ശബ്ദവും ആനച്ചൂരും കാറ്റിനൊപ്പമെത്തി. പെെട്ടന്ന് പൊന്തക്കാടിന്റെ മറവില്‍ നിന്ന് ഒരു ഊക്കന്‍ കാട്ടുപോത്ത് റോഡിലേക്കിറങ്ങി. ആനയെ പകര്‍ത്താന്‍ കൊതിച്ച ക്യാമറകള്‍ ആര്‍ത്തിയോടെ പലതവണ ചിലച്ചു. വെള്ള സോക്‌സിട്ട കാലുകള്‍ സാവധാനം ചലിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ 'വന്യ കന്നുകാലി' (Wild cattle) ഞങ്ങളുടെ മുന്നിലൂടെ കാട് കയറിപ്പോയി....

രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്ക്, നാഗര്‍ഹോളെ എന്നെഴുതിയ ബോര്‍ഡില്‍ ഒരു കടുവയിരിക്കുന്നു ചെക്ക്‌പോസ്റ്റിലിരിക്കുന്ന ഗാര്‍ഡിനും ചിത്രത്തിലെ കടുവയ്ക്കും ഒരേ രൂപഭാവം. വണ്ടിനമ്പറും മറ്റും എഴുതിക്കൊടുത്തശേഷം അയാള്‍ വളരെ പ്രയാസപ്പെട്ട് ഗേറ്റ് തുറന്നു തന്നു. ഇനി വനത്തിലൂടെ അഞ്ച്് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കര്‍ണാടക വനം വകുപ്പിന്റെ ഓഫീസ് എത്തും.

സമയം 4.30. അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂര്‍ സമയമുണ്ട്. യാത്ര പരമാവധി പതുക്കെയായി. നാല് ജോഡി കണ്ണുകള്‍ കാറിനിരുവശത്തുമുള്ള വനം 'സ്‌കാന്‍' ചെയ്യുന്നുണ്ടായിരുന്നു. പക്ഷികളുടെ പറുദീസയായിരുന്നു അവിടം. വിവിധ തരം പക്ഷികള്‍ ഞങ്ങളുടെ ക്യാമറയില്‍ 'കൂടുകൂട്ടി'...

Photo: K Navaneeth
പെട്ടെന്ന് താഴ്ന്ന് പറന്ന ഒരു കാട്ടുപരുന്ത് (Serpent Eagle) അടിക്കാട്ടില്‍ നിന്ന് ഒരു ഓന്തിനെ വേട്ടയായി റോഡരികിലെ ഒരു മരക്കൊമ്പില്‍ ചെന്നിരുന്നു. വളരെ പതുക്കെ പോകുന്ന കാറില്‍ നിന്ന് ക്യാമറ പുറത്തേക്കിട്ട് ആ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ഒരു ജീപ്പ് പാഞ്ഞുവന്നു ബ്രേക്കിട്ടു. പരുന്ത് പറന്ന് പോയി. കര്‍ണാടക വനം വകുപ്പിന്റെ ജീപ്പാണ് വന്നത്. കാക്കിപാന്റും കള്ളിഷര്‍ട്ടും ധരിച്ച ഒരാള്‍ ജീപ്പില്‍ നിന്നിറങ്ങി. വനത്തില്‍ വണ്ടിനിര്‍ത്താന്‍ പാടില്ലെന്നറിയില്ലേ...ഫോട്ടോയെടുക്കാന്‍ അനുവാദം എടുത്തിട്ടുണ്ടോ.. എന്നും മറ്റും അയാള്‍ ഇംഗഌഷില്‍ വിരട്ടാന്‍ തുടങ്ങി. സഫാരിക്ക് വന്നതാണെന്നും കാട്ടില്‍ വണ്ടിനിര്‍ത്താതെ പതുക്കെ പോവുക മാത്രമാണ് ചെയ്തതെന്നും മറ്റും ഡ്രൈവിങ് സീറ്റിലിരിക്കുന്ന സുഹൃത്ത് വിശദീകരിച്ചു. അതും തമിഴില്‍. കന്നടക്കാരനോട് മുറിതമിഴില്‍ സംസാരിക്കുന്ന മലയാളിയുടെ നിസ്സഹായാവസ്ഥ കണ്ടിട്ടാവണം അയാള്‍ വന്ന ജീപ്പില്‍ കയറിപ്പോയി.

സഫാരിയുടെ ടിക്കറ്റ് കൗണ്ടറില്‍ തീരെ തിരക്കില്ല. തലയൊന്നിന് 300 രൂപ വെച്ച് 1200 രൂപ അടച്ച് ഞങ്ങള്‍ കാത്തിരുന്നു. അവസാനത്തെ സഫാരിയായതുകൊണ്ടാണെന്ന് തോന്നുന്നു വണ്ടിയില്‍ ഞങ്ങളെ കൂടാതെ മറ്റ് നാല് പേര്‍ മാത്രം. ചില്ല് ജാലകങ്ങളുള്ള ഒരു പച്ചവാന്‍ ആണ് സഫാരി വണ്ടി.

കൃത്യം അഞ്ച് മണിക്ക് തന്നെ ഞങ്ങള്‍ കാട്ടില്‍ കയറി. ഡ്രൈവര്‍ വഴിയരികിലെ മരത്തിലേക്ക് കൈചൂണ്ടി. ചുവന്നതലപ്പാവുള്ള ഒരു സുന്ദരന്‍ മരം കൊത്തി. (white bellied wood pecker) സൂം ലെന്‍സിന്റെ റേഞ്ചില്‍ തന്നെ. എല്ലാവരും അവസരം മുതലാക്കി. വണ്ടി എടുക്കേണ്ടിവന്നില്ല. അതിന് മുന്‍പ് ഡ്രൈവര്‍ വീണ്ടും കൈ ചൂണ്ടി. മുളങ്കൂട്ടത്തിനടുത്ത് കീരി ഉണ്ടത്രെ..നേരിട്ട് കണ്ടപ്പോള്‍ മനസിലായി വെറും കീരിയല്ല, 'ചെങ്കീരി' ചുവന്ന രോമവും കറുത്ത വാലറ്റവുമുള്ള നല്ല അസ്സല്‍ കാട്ടുവാസി. വനയാത്രയില്‍ ചെങ്കീരിയെ കാണുന്നത് നല്ല ലക്ഷണമാണെന്ന് തിരുനെല്ലിയിലെ ഫോറസ്റ്റ് ഗാര്‍ഡ് പ്രശാന്ത് പറയാറുള്ളത് ഓര്‍മ വന്നു. ചെങ്കീരിയെ കണികണ്ടാല്‍ അന്ന് ഇഷ്ടംപോലെ കാട്ടുമൃഗങ്ങളെ കാണാന്‍ കിട്ടുമത്രെ.

ആ കാട്ടുവിശ്വാസം ഞങ്ങളെ സബന്ധിച്ചിടത്തോളം സത്യമായി. പിന്നീടുള്ള യാത്രയില്‍ പുള്ളിമാനുകളുടെ വലിയ പറ്റങ്ങള്‍ മേഞ്ഞ് നടന്നു. പുല്‍മേട്ടില്‍ സാമ്പാര്‍ മാനുകളെയും കുറ്റിക്കാട്ടില്‍ കേഴമാനുകളയെും കണ്ടു. ദൂരെ ചതുപ്പില്‍ കാട്ടുപോത്തുകള്‍ മേയുന്നു. ഹനുമാന്‍ കുരങ്ങുകള്‍ ഇഷ്ടംപോലെ, കൂട്ടത്തില്‍ ഒരു കരിങ്കുരങ്ങും. മനസ്സും ക്യാമറയുടെ മെമ്മറികാര്‍ഡും നിറഞ്ഞ് തുടങ്ങി.

Photo: Jolly K V
പൊടിമണ്ണ് പറത്തി മണ്‍പാതിയിലൂടെ വണ്ടി കുതിക്കുമ്പോള്‍, മങ്ങിയ വെളിച്ചത്തിലും പൊന്തക്കാട്ടില്‍ ഒരു നിഴലാട്ടം ഞങ്ങള്‍ കണ്ടു. ഒരു കരടിയായിരുന്നു അത്്. കുറഞ്ഞ വെളിച്ചത്തിനനുസരിച്ച് ക്യാമറ അഡ്ജസ്റ്റ് ചെയ്തുവന്നപ്പോഴേക്കും അവന്‍ തല മരത്തിന്റെ മറവില്‍ ഒളിപ്പിച്ചു. അരിശം അടക്കിപ്പിടിച്ച് ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ അവനനങ്ങിയില്ല. ഫോട്ടോയ്ക്ക് പോസ് തരില്ല എന്ന് ഒരു വാശിയുള്ളത് പോലെ. ഇരുട്ടു പരക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ വണ്ടി തിരിച്ചു. ബുക്കിങ് കൗണ്ടറിന്റെ മുന്നില്‍ തന്നെ സഫാരി അവസാനിച്ചു.

വീണ്ടും കാര്‍യാത്ര.. തിരിച്ച് യാത്ര ചെയ്ത് തിരുനെല്ലിയിലെ ഇന്‍സ്‌പെക്ഷന്‍ ബംഗഌവില്‍ എത്തണം. അവിടെയാണ് താമസം ഏര്‍പ്പാടാക്കിയത്. രാത്രിയായതിനാല്‍ എല്ലാവരും ക്യാമറകള്‍ പൂട്ടിക്കെട്ടി ഡിക്കിയില്‍ വെച്ചു. അത് ബുദ്ധിമോശമായിപ്പോയി എന്ന് പിന്നീട് മനസ്സിലായി. ചെങ്കീരിയുടെ പ്രഭാവം ഞങ്ങളെ പിന്‍തുടരുന്നുണ്ടായിരുന്നു.
++++++++++
Photo: Jolly K Vതോല്‍പ്പെട്ടി- കാട്ടികുളം പാതയില്‍ നിന്ന് തിരുനെല്ലി റോഡ് വഴിപിരിഞ്ഞ് പോകുന്നത് കുട്ടേട്ടന്റെ പ്രസിദ്ധമായ ഉണ്ണിയപ്പകടയുടെ മുന്നില്‍നിന്നാണ്. അതിലെ കടന്ന് പോകുമ്പോള്‍ 7മണി കഴിഞ്ഞിരുന്നു. കുട്ടേട്ടന്‍ കട പൂട്ടി വീട്ടില്‍ പോയി. അനേകം ആനത്താരകളുള്ള റോഡാണ്. തിരുനെല്ലിയിലെ കാട്ടാനകളാണെങ്കില്‍ കുറുമ്പിന് പ്രസിദ്ധരുമാണ്. ഒരു വളവ് തിരിഞ്ഞതും മുന്നില്‍ ഒരു ജീവി. നായയാണെന്നാണ് ആദ്യം തോന്നിയത്. കൊടുങ്കാട്ടില്‍ ആ സമയത്ത് നായയുണ്ടാവില്ല എന്ന ലോജിക്ക് തലച്ചോറില്‍ ഉരുത്തിരിയുന്നതിന് മുമ്പേ ഹെഡ്‌ലൈറ്റിന്റെ വെളിച്ചതില്‍ ഞങ്ങള്‍ അതിനെ കണ്ടു. തടിച്ചുകൊഴുത്ത ഒരു പുലിക്കുട്ടി. വണ്ടിയെ നോക്കി അത് ഒന്നു മുരുണ്ടു. പിന്നെ സാവധാനം റോഡുവക്കിലെ അടിക്കാട്ടിലേക്ക് കയറിപ്പോയി. കാറില്‍ എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ക്യാമറ ഡിക്കിയില്‍ വെക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ച് ഡ്രൈവര്‍ സുഹൃത്ത് കാര്‍ റോഡ് വക്കില്‍ പാര്‍ക്ക് ചെയ്തു. ഹെഡ് ലൈറ്റ് ഫുള്‍ ബീമില്‍ ഓണ്‍ ചെയ്ത് വെച്ചു. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു. ഉദ്ദേശിച്ചത് തന്നെ നടന്നു. മിനുറ്റുകള്‍ക്കകം വലത് വശത്തെ മണ്‍കൂനയില്‍ നിന്ന് ഒത്ത ഒരു പെണ്‍പുലി റോഡിലേക്ക് ചാടിയിറങ്ങി. ഒറ്റക്കുതിപ്പിന് റോഡിന് ഇടതുവശത്തേക്ക് അടിക്കാട്ടില്‍ പതുങ്ങി അത് കുറച്ച് നേരം ഞങ്ങളെ നോക്കി നിന്നു. പിന്നെ ഇരുട്ടില്‍ മറഞ്ഞു. തീര്‍ത്തും അത്യപൂര്‍വ്വമായ ഒരു ദര്‍ശനം ക്യാമറയില്‍ പതിപ്പിക്കാന്‍ പറ്റാത്തതിന്റെ ഇച്ഛാഭംഗം അന്തരീക്ഷത്തില്‍ കനത്തു നിന്നു. വീണ്ടും ക്യാമറകള്‍ സജ്ജമായി. ഇനി അബദ്ധം പറ്റരുതല്ലോ. ഇന്‍സ്‌പെക്ഷന്‍ ബംഗഌവിലേക്ക് ഇനിയുമുണ്ട് 4-5 കിലോമീറ്റര്‍. വീണ്ടും യാത്ര വളരെ പതുക്കെ തന്നെ. ഏവരും കൂടുതല്‍ ശ്രദ്ധാലുക്കളായി. അധികം പോകേണ്ടി വന്നില്ല. ഡ്രൈവര്‍ സുഹൃത്ത് വണ്ടി പെട്ടെന്ന് ഒതുക്കി നിര്‍ത്തി റോഡ് വക്കില്‍ രണ്ട് കണ്ണുകള്‍ തിളങ്ങുന്നു. പരസ്പരം ഹൃദയമിടിപ്പുകള്‍ കേള്‍ക്കാം. ഇനിയെന്താണാവോ കാട് ഞങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.

Photo: Vijesh Vallikkunnu
ഇത്തവണ റോഡിലേക്കിറങ്ങിയത് ഒരു കാട്ടുപൂച്ചയായിരുന്നു. കടും ചാരനിറം കാറിന്റെ വെളിച്ചത്തില്‍ തിളങ്ങി. ക്യാമറകള്‍ സജീവമായി ഫ്ലാഷുകള്‍ പല തവണ മിന്നി. കൃത്യ ലക്ഷ്യത്തിലേക്ക് ടോര്‍ച്ച് അടിച്ച് കൊടുക്കുക എന്ന കര്‍ത്തവ്യമാണ് എനിക്ക്. അത് കൃത്യമായി ചെയ്യുന്നതിനിടയില്‍ തീര്‍ത്തും അസാധാരണമായ ഒരു കാര്യം ശ്രദ്ധിച്ചു. കാട്ടില്‍ കയറാനുള്ള ഭാവമൊന്നും കാണിക്കാതെ പൂച്ച റോഡില്‍ തന്നെ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയാണ്. നമ്മുടെ ഫോട്ടോഗ്രാഫര്‍മാരാണെങ്കില്‍ മറിഞ്ഞും തിരിഞ്ഞും കിടന്നും ഒക്കെ ചിത്രം പകര്‍ത്തുന്നു. എന്റെ സംശയം ഞാന്‍ നിഷ്‌കളങ്കമായി പ്രകടിപ്പിച്ചു. 'കാട്ടുപൂച്ച ഇത്രക്ക് ചെറുതാകുമോ?' , 'അത് കാട്ടുപൂച്ചക്കുട്ടിയാണ്' ഒരുവന്‍ നീരസത്തോടെ പറഞ്ഞു. ഞാന്‍ വായടച്ചു. പൂച്ച റോഡില്‍ നേരെ നടക്കാന്‍ തുടങ്ങി. കാറില്‍ ഞങ്ങള്‍ പിറകെയും. പിന്നെയത് കുറേ ഓടി. പുറകെ ഞങ്ങളും. ഒടുവില്‍ ഞങ്ങളുടെ കാട്ടുപൂച്ച, റോഡരികില്‍ പൂട്ടിക്കിടക്കുന്ന ഒരു ചായക്കടയുടെ (അതിന്റെ വീട്) വിടവിലേക്ക് ഓടിക്കയറി. അമര്‍ത്തിപ്പിടിച്ച ചിരിയോടെ ഞാന്‍ എന്റെ സഹയാത്രികരെ നോക്കി. ആരും മുഖം തരുന്നില്ല. ഒരുത്തന്‍ കാട്ടുപൂച്ച ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന തിരക്കിലാണ്. 'കാട്ടുപൂച്ച' എന്ന ്‌വിളിച്ചതിന് അത് കേസ് കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു' ഒരാളുടെ കമന്റ് കാറില്‍ കൂട്ടച്ചിരി പടര്‍ത്തി.

ജാള്യത മറക്കാന്‍ തിരുനെല്ലി ഐ.ബി.യിലെ രുചികരമായ ഭക്ഷണം സഹായിച്ചു. കപ്പയും ചോറും കോഴിക്കറിയും ഐ.ബി.യിലെ അശോകേട്ടന്‍ തയ്യാറാക്കിവെച്ചിരുന്നു. നല്ല എരിവുള്ള കോഴിക്കറിക്ക് അസ്സല്‍ വനചാരുത. ഭക്ഷണം കഴിച്ച് കമ്പിളിപ്പുതപ്പിന്റെ ചെറുചൂടില്‍ ഞങ്ങള്‍ സുഖമായുറങ്ങി.

Photo: Vijesh Vallikkunnu
പുലര്‍ച്ചെതന്നെ പക്ഷികളെ തേടിയിറങ്ങി. ഐ.ബി. പരിസരം തന്നെ അപൂര്‍വ്വപക്ഷികളുടെ സങ്കേതമാണ്. മരതക പ്രാവും ചങ്ങാലിപ്പക്ഷിയും അപൂര്‍വ്വയിനം മരംകൊത്തികളും തത്തകളും എല്ലാം ഞങ്ങളുടെ ക്യാമറയില്‍ പതിഞ്ഞു. നടന്ന് നടന്ന് റോഡിലെത്തിയതും യാത്രയില്‍ ആനയെകണ്ടില്ല എന്ന പരാതിയും തീര്‍ന്നു. ഒത്ത ഒരു കൊമ്പന്‍ കാടു നിറഞ്ഞു നില്‍ക്കുന്നു. ഞങ്ങളെ കണ്ടതും ഫോട്ടോ എടുത്തോ എന്ന മട്ടില്‍ അവന്‍ പൊടിമണ്ണ് വാരി സ്വന്തം പുറത്തേക്കെറിഞ്ഞു. പൊടിമണ്ണില്‍ കുളിക്കുന്ന കരിവീരന്റെ ചിത്രങ്ങളുമായി ഞങ്ങള്‍ ഐ.ബി.യിലേക്ക് തിരിച്ചു നടന്നു.

പ്രാതല്‍ കഴിച്ച് പത്ത് മണിയോടെ തിരിച്ചുള്ള യാത്ര തുടങ്ങി. കാട്ടിലൂടെ തന്നെ. ഇനിയേതായാലും കാട് കഴിയുന്നവരെ ക്യാമറ കയ്യില്‍നിന്ന് മാറ്റുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ തീരുമാനിച്ചു. കാട് ഞങ്ങള്‍ക്കായി ഒരുക്കിയ കാഴ്ചവിരുന്നിന്റെ ഒടുക്കം ഒരു ക്ലൈമാക്‌സ് ഉണ്ടായേക്കാം...

വെയില്‍ ചൂടില്‍ ഉണങ്ങി നില്‍ക്കുന്ന കാട്ടില്‍ ഒരു പക്ഷിയെ പോലും കാണാനില്ല. എല്ലാം ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞത് പോലെ. തോല്‍പ്പെട്ടി- കാട്ടിക്കുളം റോഡില്‍ കടന്നതോടെ കാറിന് വേഗം കൂടി. ഇനി എത്രയും പെട്ടെന്ന് കോഴിക്കോട്ടെത്തണം എന്ന ചിന്തയായി എല്ലാവര്‍ക്കും. എന്നാല്‍ കാട്ടുനിയമത്തിന്റെ രക്താഭമായ ഒരു പരിഛേദം കൂടി കാട് ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു.

Photo: Naveen Lal P
തോല്‍പ്പെട്ടി- ബേഗൂര്‍ റോഡ് വക്കില്‍ ഒരു കാട്ടരുവിയുണ്ട്. കാര്‍ അതിലെ കടന്നുപോയപ്പോള്‍ പിറകിലിരുന്ന സുഹൃത്ത് പറഞ്ഞു. 'വെള്ളത്തില്‍ എന്തോ ഉണ്ട്... വണ്ടി തിരിക്കൂ..' വണ്ടി തിരിച്ച് കാട്ടരുവിയുടെ വശത്തായി റോഡില്‍ പാര്‍ക്ക് ചെയ്തൂ.

ചെമ്മണ്ണിന്റെ നിറമുള്ള കാട്ടുനായയെയാണ് ആദ്യം കണ്ടത്. പിന്നെ അരുവിക്കരയിലെ പാറക്കല്ലില്‍ കൊന്നിട്ട മാനിനേയും കണ്ടു. അരുവിയില്‍ നിന്ന് മതിയാവോളം വെള്ളം കുടിച്ച് കാട്ടുനായ തന്റെ അമൃതേത്ത് തുടങ്ങി. ഒരു പുല്‍ക്കൊടിയുടെ മറവ് പോലും ഇല്ലാതെ വേട്ടമൃഗത്തെ ഭക്ഷിക്കുന്ന കാട്ടുനായയെ ക്യാമറകള്‍ ഒപ്പിയെടുത്തു. ആസുരതയുടെ വിവിധ ഭാവങ്ങള്‍ നായ ഞങ്ങള്‍ക്കായി തകര്‍ത്താടി. ക്യാമറയില്‍ നിന്ന് മാഞ്ഞാലും മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത ചിത്രങ്ങള്‍.
സമൃദ്ധമായ ഒരു വനയാത്രയുടെ നിറവില്‍ ചുരമിറങ്ങുമ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ഈ ഇറക്കം ഇനിയും പലതവണ കയറാന്‍ വേണ്ടി മാത്രമാണ്..