വാഗമണിലൂടെയുള്ള യാത്രക്കിടയില്‍ ഒരാള്‍ തീര്‍ച്ചയായും പറഞ്ഞുപോകുന്ന ഒരു വരി ഉണ്ട്. സവാരി ഗിരി ഗിരി ഗിരി ഗിരി... സത്യം! എങ്ങും ഗിരി നിരകളാണ്. ഇടയില്‍ കുറേ പുല്‍മേടുകള്‍, തലയുയര്‍ത്തി നില്‍ക്കുന്ന swis മാതൃകയിലുള്ള കോട്ടേജുകള്‍, പുരനിറഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടിയെപോലെ നിരാശ പൂണ്ടിരിക്കുന്ന... കാഴ്ചകള്‍ ഇങ്ങനെ നീളുന്നു. ഒടുവില്‍ 'ഉലകം ചുറ്റും വാലിബനായ' ഞാന്‍ വാഗമണിലെ എത്തി(തെറ്റിദ്ധരിക്കല്ലേ..).

G spot.. കേട്ടപ്പോള്‍ ആദ്യം ഒരു കൗതുകം തോന്നി.. പിന്നീടൊരാവേശമായി മാറി. Paragliding നടത്തുവാനുള്ള ആവേശം. അതെ പാരാഗ്ലൈഡിങ് നടത്തുന്ന സുഹൃത്തുക്കളാണ് Gliding spot എന്ന അര്‍ഥത്തില്‍ ഈ spotന് 'G' spot എന്ന പേര് നല്‍കിയിരിക്കുന്നത്.

ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒരു പാരാഗ്ലൈഡിന്റെ വില. ഈയൊരു ഗ്ലൈഡറില്‍ പറന്നുയരാന്‍ പക്ഷെ കാശുണ്ടായാല്‍ മാത്രം പോര... കാറ്റും കൂടെ കനിയണം.

കേരളത്തില്‍ വാഗമണിലെ മലനിരകളാണ് ഗ്ലൈഡിങ്ങിന് ഏറ്റവും ഉത്തമം. കാരണം പറന്നുയര്‍ന്ന് ഒരു പക്ഷെ ക്രാഷ് ലാന്റ് ചെയ്താലും വന്ന് പതിക്കുന്നത് പുല്‍മേടുകളിലാണ്. സ്വഭാവികമായും അപകടം കുറയും. കേട്ടത് പോലെ സരളമല്ല പാരാഗ്ലൈഡിങ്. ഗ്ലൈഡിങ് തുടങ്ങിയതോടെ. അതെനിക്കും മനസ്സിലായി.പറക്കലിന് അനുയോജ്യമായ വേഗതയില്‍ കാറ്റ് വീശാന്‍ ഞാന്‍ കാത്തിരിപ്പ് തുടങ്ങി.

മലയുടെ മുനമ്പില്‍ സുസജ്ജമായ പാരാഗ്ലൈഡിങിന്റെ ബെല്‍റ്റ് ദേഹത്ത് വരിഞ്ഞ് കെട്ടുംവരെ പേടിയാവാം. പക്ഷെ പറക്കാന്‍ തീരുമാനിച്ചുറച്ച് ബെല്‍റ്റ് മുറുക്കി കഴിഞ്ഞാല്‍ തെല്ലും പേടിയരുത്. പിന്നവിടെ കാറ്റാണ് താരം. വ്യതിയാനങ്ങളില്ലാത്ത മിതമായ വേഗതയില്‍ വീശുന്ന കാറ്റ് വന്ന് വിളിക്കും വരെ നമ്മളങ്ങനെ മലമുകളില്‍ മാനം നോക്കിയിരിക്കണം.

മൊട്ടക്കുന്നുകളില്‍ പാരാഗൈ്‌ള്‌ളഡറുകള്‍ അരികില്‍ വച്ച് കാറ്റിനെയും കാത്തിരിക്കുമ്പോള്‍ വാഗമണ്‍ കാണാന്‍ വരുന്ന സഞ്ചാരികളില്‍ പലരും പറയുന്നുണ്ടായിരുന്നു ''ഹൊ! പിള്ളേര്‍ക്ക് പറക്കാനൊന്നും അറിയത്തില്ലെന്നേ..! ചുമ്മാ കളിപ്പീര്.. ഒക്കത്തിനും പേടിയാന്നേ...!'' ഇങ്ങനെയുള്ള ഒരു ആവറേജ് മലയാളിയുടെ സ്വതസിദ്ധമായ പുച്ഛത്തില്‍ ചാലിച്ച കമന്റ് സഹിക്കാന്‍ വയ്യാതായപ്പോഴാണ് കൂടെയുണ്ടായിരുന്ന പൈലറ്റ് ജോണ്‍ ഏത് വിധേനയും പറക്കാന്‍ ഒരുങ്ങിയത്. കാറ്റിന്റെ വേഗത 15 കി.മീ./മണിക്കൂര്‍. വലിയ വ്യതിയാനങ്ങളൊന്നുമില്ലാതെ വീശുന്നുമുണ്ട്. ജോണ്‍ ഒരു പെര്‍ഫക്ട് ടേക്ക് ഓഫിന് റെഡി...

നമ്മള്‍ക്ക് നേരെ വീശുന്ന കാറ്റിനൊപ്പമല്ല കാറ്റിനെതിരെയാണ് നമ്മള്‍ ഗ്ലൈഡിങ് നടത്തേണ്ടത്. അങ്ങനെ ജോണ്‍ പറന്നു. ഒരു ചുവന്ന ഗ്ലൈഡറില്‍. ജോണിന്റെ നീല ജാക്കറ്റ് ഒരു കളര്‍ഫുള്‍ പക്ഷിയെപ്പോലെ വാഗമണിലെ പുല്‍മേടുകള്‍ക്ക് മുകളിലൂടെ അതാ പറന്നുയരുകയാണ്. കണ്ടു നില്‍ക്കുന്ന ടണ്‍ കണക്കിന് പെണ്‍കുട്ടികള്‍ക്കിടയില്‍ ജോണ്‍ അങ്ങനെ ജോണ്‍ എബ്രഹാമിനെക്കാള്‍ വലിയ താരമായി. പക്ഷെ എന്റെ പറക്കല്‍ കാണുവാന്‍ ഉണ്ടായാത് ഒരു ജര്‍മന്‍ കുടുംബം മാത്രം.

ജോണിനോടും സലീമിനോടും ആരാധികമാരുടെ കാര്യം പറഞ്ഞപ്പോഴാണ് അവര്‍ പറഞ്ഞത് 'ഇന്ന് ആണ്‍കുട്ടികളേക്കാള്‍ Adventure സ്‌പോര്‍ട്‌സില്‍ താല്പര്യം പെണ്‍കുട്ടികള്‍ക്കാണത്രേ'.

പാരാഗ്ലൈഡിങ് നടത്താന്‍ ഒരിക്കല്‍ തന്നെ സമീപിച്ച ദമ്പതിമാരില്‍ ഭാര്യ ഗ്ലൈഡിങിന് ഒരുങ്ങിയിട്ടും BP യാണെന്ന് പറഞ്ഞൊഴിഞ്ഞ ഭര്‍ത്താവിന്റെ കഥ. സലിം പറഞ്ഞപ്പോള്‍ എനിക്കത് വ്യക്തമായി. ഭര്‍ത്താക്കന്മാര്‍ക്ക് BPയുണ്ട്.. ഇത് Blood Pressure ആണോ?. ഭാര്യയെ പേടിയാണോ... ഉം.. ഭാര്യയുമായുള്ള ജീവിതം ഒരു സാഹസികയാത്രയാണല്ലോ! ഇത്തിരി പേടി ആര്‍ക്കും കാണാം..

അങ്ങനെ പാരാഗ്ലൈഡറില്‍ പറന്ന് പറന്ന് ഒടുവിലെത്തിയത് ആത്മഹത്യാമുനമ്പില്‍...Suicide Pointല്‍. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടം വരെ നടന്നുപോകുന്നവര്‍ അവിടെയെത്തിയാല്‍ ആത്മഹത്യ ചെയ്യുവാനുള്ള പ്ലാന്‍ ഉപേക്ഷിക്കും. ഈയൊരു മുനമ്പിലെത്തിയാല്‍ ആര്‍ക്കും ഒന്ന് പറന്നിറങ്ങാന്‍ തോന്നും, എന്നാല്‍ ഇവിടെ നിന്ന് പാരാഗ്ലൈഡറില്‍ പറക്കണമെങ്കില്‍ അവനൊരു പുലി പൈലറ്റ് തന്നെയായിരിക്കും. ഒറ്റയ്ക്ക് പാരാഗ്ലൈഡിങ് നടത്താന്‍ ഭയമുള്ളവര്‍ നിരാശരാകേണ്ടതില്ല. ട്രെയിനിങ് നേടിയ TandomPilot നൊപ്പം നമ്മള്‍ക്ക് ഒരു പാസഞ്ചര്‍ ആയി കൂടെയിരുന്ന് പറക്കാം... നിലവില്‍ ഇങ്ങനെ ഒരു യാത്രക്കാരെ കൂട്ടി പറക്കാന്‍ കഴിവുള്ള Tandom Pilotകേരളത്തില്‍ വിരളമാണ്. അതായിരുന്നു Aasta Flying Club ലെ വിനില്‍ തോമസിന്റെ വാദം. ഒടുവില്‍ വാഗമണിലെ മൊട്ടക്കുന്നുകളില്‍ നിന്നും കാറ്റിന്റെ കൈകളില്‍ പറന്നിറങ്ങാനുള്ള ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ശ്രമം വിജയംകണ്ടു. പറന്നിറങ്ങുമ്പോള്‍ ഉള്ള ഒരു അനുഭവം എന്താണെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരുത്തരമേ ഉള്ളൂ... 'തൊട്ടിലില്‍ കിടക്കുംപോലെ തോന്നും.'

വാഗമണില്‍ ഒരു ദിവസത്തിന്റെ അവസാനം എന്നത് വളരെ എനര്‍ജറ്റിക് ആയ ഒന്നാണ്. രാത്രിയുടെ നിശബ്ദത ബ്രേക്ക് ചെയ്തുകൊണ്ട് കാതിലെത്തുന്നത് ചീവിടിന്റെ ശബ്ദമല്ല.. പൈന്‍ മരങ്ങളില്‍ തഴുകി Amplified ആയിട്ടുള്ള നല്ല Digital- Dolby- Surround കാറ്റിന്റെ ശബ്ദമാണ്. കാറ്റിന്റെ മടിയില്‍ കിടന്നുറങ്ങി അടുത്ത ദിവസം ഉണരാന്‍ മടിയുണ്ടായിരുന്നു. എന്നാല്‍ വാഗമണ്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള adventure activites എന്നിലെ അലസത മാറ്റി. പാരാഗ്ലൈഡിങിന് പുറമെ പാരാസെയ്‌ലിങ്, ഹോട്ട് എയര്‍ ബലൂണ്‍, സോര്‍ബിങ്, എല്ലാം ഒന്നിനൊന്ന് മെച്ചം. നമ്മളെ ഒരു പന്തിനകത്ത് കയറ്റിയിരുത്തി ഉരുട്ടുന്ന സോര്‍ബിങ് എന്ന വിനോദം കണ്ടാല്‍ സിംപിള്‍ ആണെന്ന് തോന്നും. പക്ഷെ നമ്മളെ അകത്താക്കി പന്തുരുണ്ടു തുടങ്ങുമ്പോള്‍ നമ്മള്‍ വിളിക്കാത്ത ദൈവങ്ങള്‍ കാണില്ല. എനിക്ക് കാറ്റിനോട് വീണ്ടും ബഹുമാനം തോന്നിയ നിമിഷം ആയിരുന്നു അത്. ഒരു പന്തിനകത്ത് നിമിഷനേരത്തേക്ക് അകപ്പെട്ട് ഒന്നുരുളുമ്പോള്‍ നമ്മളിത്രയും അനുഭവിച്ചു. എങ്കില്‍ ഒരു ഫുട്‌ബോളിനകത്തു കിടന്നു വീര്‍പ്പുമുട്ടുന്ന കാറ്റിന്റെ ഒരവസ്ഥ! കാറ്റേ.. ഒരു കാലവും നിന്റെ കാറ്റ് പോകാതിരിക്കട്ടെ...

വാഗമണിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു കാര്യം മറക്കരുത്. ഏലപ്പാറയാണ് വാഗമണ്‍കാരുടെ nearest town. അതും 16കി.മീ. അകലെ. അതുകൊണ്ട് അത്യാവശ്യം വാങ്ങേണ്ടതൊക്കെ പോകുന്ന വഴിയില്‍ വാങ്ങുന്നതാവും ഉത്തമം. ഈയൊരു കാര്യം മറന്നത് കാരണം എനിക്ക് ഏലപ്പാറയിലേക്ക് രണ്ട് തവണ ഡ്രൈവ് ചെയ്യേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മടക്കയാത്രയില്‍ ഏലപ്പാറ എന്നെ നോക്കിയൊന്നു ചിരിച്ചു. ആ ചിരിക്ക് മറുപടി നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല കാരണം മനസ്സില്‍ നിറയെ വാഗമണ്‍ ആയിരുന്നു.
സന്ധ്യയോടെ, താമസസ്ഥലത്ത് നിന്നും പടിയിറങ്ങുമ്പോള്‍ എന്തേലും മറന്ന് വയ്ക്കുവാന്‍ മനസ്സ് കൊതിച്ചു. വാഗമണിലേക്ക് തിരിച്ചു വരാനുള്ള കൊതിയാകും അതിന് പിന്നില്‍. ഇറങ്ങാന്‍ നേരം മുന്നില്‍ ഒരു തൂവെള്ളക്കാര്‍ വന്നു നിന്നു. അതില്‍ നിന്നും രണ്ട് യുവമിഥുനങ്ങള്‍ ഇറങ്ങി. കൈയോട് കൈചേര്‍ത്ത് റിസോര്‍ട്ടിന് പുറകെയുള്ള പൈന്‍ മരങ്ങള്‍ക്കിടയിലേക്ക് അവര്‍ മാഞ്ഞതോടെ, ആ കാഴ്ചയ്ക്ക് എന്റെ കണ്‍പോളകള്‍ തിരശ്ശിലയിട്ടു. കാര്‍ സ്റ്റീരിയോയില്‍ നിന്നും വരുന്ന ക്ലോസ് കൂട്ടുകാരന്റെ സ്വീറ്റ് പാട്ടുകള്‍ മുഴങ്ങി തുടങ്ങി...

മനസ്സില്‍ ഞാനുറപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ പൈന്‍ മരത്തണലിക്കേ് ഞാനും ഒരു വെളുത്ത കാറില്‍ വന്നിറങ്ങും. കൈയെത്തും ദൂരത്ത് ഒരാള്‍ കൂടെ കാണും. അവളുമൊത്ത് പറക്കും വാഗമണിലെ പ്രണയം വിരിച്ച പുല്‍മേടുകളിലേക്ക്....

ഇതായിരുന്നു മടക്കയാത്രയില്‍ കാറില്‍ നിന്നും കണ്ട സ്വപ്നം. സത്യമാണ്.... സ്വപ്നമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
സ്വപ്നതുല്യമായ യാത്രകളില്‍ നിന്നാണ് മധുര സ്വപ്നങ്ങള്‍ ഉടലെടുക്കുന്നത്.