ഗോകര്‍ണ്ണത്തുനിന്നും ദേശീയപാത 17ലൂടെ തെക്കോട്ട് വന്ന് ഹോന്നാവറില്‍ എത്തി 57 കിലോമീറ്റര്‍ കിഴക്കോട്ട് തിരിഞ്ഞ് യാത്ര ചെയ്താല്‍ ജോഗ് കാണാം. 40 കിലോമീറ്ററോളം കൊടുംകാട്ടിലൂടെയാവും  യാത്ര. പൊട്ടിയൊഴുകിവരുന്ന  നീരുറവകള്‍ കണ്ടും സഹ്യന്‍ നീട്ടുന്ന ചിത്രഭംഗികള്‍ ആസ്വദിച്ചും സമയമെടുത്തു വേണം യാത്ര ചെയ്യാന്‍. ഇടയ്ക്കിടെ മയിലുകളും മാനുകളും സിംഹവാലന്‍ കുരങ്ങുകളും മുന്നിലെത്തി അത്ഭുതപ്പെടുത്തും. വഴിയില്‍ ചിലയിടങ്ങളില്‍ 'വ്യൂ പോയിന്റുകള്‍'. കോടമഞ്ഞ് അലൗകീകഭാവം പകരുന്ന കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ച്ച. പ്രകൃതിയെ അറിഞ്ഞാണ് യാത്രയെങ്കില്‍ മൂന്നര മണിക്കൂര്‍ കഴിഞ്ഞാല്‍  ജോഗ് വെളളച്ചാട്ടത്തിനടുത്തെത്താം.

കാട്ടുപാത അവസാനിക്കുമ്പോള്‍ കര്‍ണ്ണാടക ടൂറസം വകുപ്പ് വൃത്തിയായി കെട്ടി ഒരുക്കിയ കാഴ്ച്ചയിടങ്ങള്‍. അന്തരീക്ഷത്തിന്റെ ഭാവത്തിന് യോജിക്കുന്ന കെട്ടിടങ്ങളും താമസ നിലയങ്ങളും. ജോഗ് വെളളച്ചാട്ടത്തെ പല കോണില്‍ നിന്നും മുഖത്തോട്മുഖം വീക്ഷിക്കാന്‍ പല തട്ടുകളായി കമ്പി കെട്ടി തയ്യാറാക്കിയ ഒരു കുന്നിന്‍ പുറം. ജോഗഡഗുഡി, ഗെര്‍സൊപാ ചാട്ടം എന്നൊക്കെ കന്നഡിഗര്‍ വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നു.

Jog Falls 2


നാലു ജലപാതകള്‍ ചേര്‍ന്നതാണ് ജോഗ്. രാജ, റാണി, റോക്കറ്റ്, റോറര്‍. പ്രഭാവശാലിയായ വെളളച്ചാട്ടത്തെ രാജ എന്നു വിശേഷിപ്പിക്കുന്നു. ചെറിയ കരിങ്കല്‍ ചാലുകളില്‍ കുടുങ്ങി ഗര്‍ജ്ജിച്ചു വരുന്നത് റോറര്‍. വിക്ഷേപിക്കപ്പെട്ട റോക്കറ്റിന്റെ ധൂമ വളയങ്ങളെ അനുസ്മരിപ്പിക്കുന്ന റോക്കറ്റ്. ശാലീനയായി പെയ്തിറങ്ങുന്ന റാണി. 

മഴ തിമിര്‍ക്കുമ്പോള്‍ പതന ദൃശ്യം ആകര്‍ഷകസമൃദ്ധമാവും. മഴയും കോടയും ഇടയ്ക്കിടെ ഓടിയെത്തുന്ന വെയിലും കാഴ്ച്ചയ്ക്ക് പുതിയ മാനങ്ങളുണ്ടാക്കുന്നു. രാജയ്ക്കും റാണിയ്ക്കും ഇടയില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുണ്ടെന്ന് മുരുകേശന്‍ പറഞ്ഞു. സേലത്ത് ജനിച്ച്, തലപ്പാടിയില്‍ വളര്‍ന്ന്, ജോഗില്‍ ജീവിക്കുന്ന മുരുകേശന് പല ഭാഷകള്‍ വഴങ്ങും. മലയാളം പച്ച വെളളം പോലെ. 'പറ്റിക്കില്ല സാര്‍, പേടിക്കുകയും വേണ്ട,  ഇവിടെ നിന്നു കാണുന്നതല്ല കാഴ്ച്ച. അത് വീഴുന്നിടത്ത് പോകണം'. മുരുകേശന്‍ പറഞ്ഞു. 

 

Jog Falls 3


ഗൈഡുകളുടെയും കച്ചവടക്കാരുടെയും തിരക്കില്‍ നിന്ന വ്യത്യസ്തമാണ് പതനസ്ഥാനം. രണ്ടു കിലോമീറ്റര്‍ ചുറ്റി പോകണം. വാഹനങ്ങള്‍ക്ക് അവിടെ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യമുണ്ട്. പഴയൊരു ബ്രിട്ടീഷ്  ബംഗ്ലാവും, പണി പൂര്‍ത്തിയാവാത്ത മറ്റൊരു വാസസ്ഥലവും വന്യതയെ വെല്ലുവിളിച്ച് നില്‍ക്കുന്നു. പതന സ്ഥലത്തേക്കുളള യാത്ര അപകടം പിടിച്ചതാണ്. വഴുവഴുത്ത പാറക്കെട്ടുകള്‍ താണ്ടിയാല്‍ ശരാവതി പതിക്കുന്ന കാഴ്ച്ച. രാജ താഴേക്ക് ചാടുന്നത് ഒരു പാറക്കെട്ടിന് തൊട്ട് താഴെയാണ്. അല്‍പ്പം നിന്നാല്‍ തലചുറ്റിപ്പോകും. കുറച്ചിടെ മാറി ക്രോധത്തോടെ താഴെയ്ക്ക് കുതിക്കുന്ന റോറര്‍. മറ്റു രണ്ട് വെളളച്ചാട്ടങ്ങള്‍ ചിതറിത്തെറിക്കുന്നിടത്ത് ഏഴു നിറങ്ങള്‍ പടരുന്നു. അപ്പുറത്ത്  കുന്നുകള്‍ ഇറങ്ങി വരുന്ന ശരാവതിയുടെ ഭയാനകമായ ശബ്ദസൗന്ദര്യം. മഴ ശക്തമായപ്പോള്‍ മുരുകേശന്‍ സൗന്ദര്യാസ്വാദനത്തെ വിലക്കി. ശരാവതിയുടെ കുറുകെ. 

'ലിംഗനമക്കി' അണകെട്ടിയതോടെ മഴയില്ലത്തപ്പോള്‍ വെളളച്ചാട്ടത്തിന്റെ മാറ്റു കുറയും. 128 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലൊഴുകുന്ന ശരാവതിയില്‍ അഞ്ചോളം വൈദ്യുതോല്‍പ്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. ലിംഗനമക്കി അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ശരാവതിയുടെ വൃഷ്ടി പ്രദേശങ്ങള്‍ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. ചുറ്റിലും ശരാവതി, സാഗര്‍ വന്യജീവി സങ്കേതങ്ങള്‍. കരിമ്പുലിയും രാജവെമ്പാലയും അവിടങ്ങളില്‍ വിഹരിക്കുന്നുണ്ടെന്ന് മുരുകേശന്‍ പറഞ്ഞു. ഹൊന്നാവാറിലാണ് നദി സമുദ്രത്തില്‍ ലയിക്കുന്നത്. 

ജോഗിന്റെ പതന സ്ഥാനത്തേക്ക് കുന്നിറങ്ങിപ്പോകാം. കുത്തനെയുള്ള ഇറക്കം. സാധാരണഗതിയില്‍ ഒരു ദിനം പകുതിയെടുക്കും. മഴയില്‍ ഒരുമ്പെടല്‍ അസാധ്യമാണ്. ജോഗിന് കാതങ്ങള്‍ ദൂരെ, മഴക്കാലത്ത് മാത്രം പ്രത്യക്ഷമാവുന്ന ഗൗരീശങ്കരമെന്ന വെളളച്ചാട്ടം. കുപ്പിമൂടിയുടെ വലിപ്പമുളള ഗ്ലാസ്സില്‍ കിട്ടുന്ന ചായ കുടിച്ച് (അതാണ് ചായ) ജോഗിന്റെ മുഴക്കം ആവാഹിച്ച് ഞങ്ങള്‍ വനയാത്ര തുടര്‍ന്നു. 

 

Jog Falls 4