മഴയില്‍ കുതിര്‍ന്ന ദൂധ് സാഗറിലേക്ക് ഒരു റെയില്‍ ട്രാക്ക് ട്രക്കിങ്ങ് 

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാല്‍ അത് മഴക്കാലത്ത് പാല്‍ക്കടലാവുന്ന ദൂധ്‌സാഗര്‍ ആണെന്നു ഞാന്‍ പറയും. കൊങ്കണിന്റെ അത്ഭുതം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജലപാതം.  തെക്കന്‍ ഗോവയില്‍ കര്‍ണ്ണാടക അതിര്‍ത്തിയോടു ചേര്‍ന്ന് ഭഗ്‌വന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ദൂധ്‌സാഗര്‍ വെള്ളച്ചാട്ടം. മാണ്ഡോവി നദി വലിയൊരു പാറക്കെട്ടില്‍ നിന്നും താഴേക്കു വീഴുമ്പോള്‍ ദൂധ്‌സാഗര്‍ പിറക്കുന്നു. 

 

Dudh Sagar

 

രാജ്യത്തെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ദൂദ്‌സാഗര്‍. നാലുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂര്‍ണ്ണ ഭംഗി പ്രാപിക്കുക മഴക്കാലത്താണ്.  ബാംഗ്ലൂര്‍-ഗോവ വഴിയുളള തീവണ്ടിയാത്രയില്‍ വെള്ളച്ചാട്ടം കാണാം. കര്‍ണ്ണാടക അതിര്‍ത്തി തീരുമ്പോള്‍ വണ്ടി ഒരു പാലത്തിലേക്കു പ്രവേശിക്കും. മഴക്കാലമാണെങ്കില്‍  ആകാശത്തുനിന്നും ഇരമ്പി വീഴുന്ന പാല്‍ക്കടല്‍ പോലെ  വെള്ളച്ചാട്ടം വീണൊഴുകുന്ന കാഴ്ച്ച തീവണ്ടിയില്‍ നിന്നും ഒരു നോക്കു കാണാം. 

മഴക്കാല ട്രക്കിങ്ങിനൊരുങ്ങുന്നവര്‍ക്ക്  ദൂദ്‌സാഗറിലേക്കുള്ള  റെയില്‍ ട്രാക്ക് ട്രക്കിങ്ങ് അവിസ്മരണീയമായ ഒരനുഭവമായിരിക്കും. മഴ നുകര്‍ന്ന,് ടണലുകള്‍ കടന്ന്,  കാടും കുന്നുകളും കണ്ട്, അരുവികളുടെ കളകളം കേട്ട് അവിസ്മരണീയമായ ഒരു യാത്ര. മഴക്കാലത്ത് കുലേമില്‍ നിന്ന് ദൂദ്‌സാഗറിലേക്കുള്ള റോഡ് അടയ്ക്കും. വെള്ളച്ചാട്ടത്തിനടുത്തേക്കെത്താനുള്ള ഏക വഴി പിന്നെ റയില്‍ ലൈന്‍ പിന്‍പറ്റിയുള്ള ട്രക്കിങ്ങാണ്. ഗോവ ഭാഗത്തു നിന്ന് കുലേമില്‍ നിന്നും, കര്‍ണ്ണാടക ഭാഗത്തു നിന്ന് കാസില്‍ റോക്ക് വഴിയും റെയില്‍ ലൈനിലൂടെ ട്രക്ക് ചെയ്ത് എത്താം. രണ്ടു വഴിയിലൂടെയും ഏകദേശം 15 കിമീ ദൂരം ട്രക്ക് ചെയ്യണം. 

 

Dudh Sagar

 

ഏറ്റവും റൊമാന്റിക്കായ ട്രക്കിങ്ങ് റൂട്ട് പക്ഷെ റോക്ക് കാസില്‍ - ദൂധ്‌സാഗര്‍ വഴിതന്നെ. കുന്നുകള്‍ തുരന്നും പിളര്‍ന്നും തുരങ്കങ്ങളും, സ്റ്റേഷനുകളും  നിര്‍മ്മിച്ച ആ എഞ്ചിനിയറിങ്ങ് വൈദഗ്ധ്യത്തിനു മുന്നില്‍ നാം അമ്പരന്നു പോവും. ദൂദ്‌സാഗറില്‍ ഒരു റെയില്‍വെ സ്‌റ്റേഷനുണ്ടെങ്കിലും വണ്ടികള്‍ക്ക് മിക്കതിനും ഇവിടെ സ്‌റ്റോപ്പില്ല. സ്റ്റേഷനടുത്തു തന്നെയാണ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനും റെയില്‍വെ ട്രാക്കിനുമടുത്ത് ഒരു ചെറിയ റൂം കാണാം. ട്രക്കര്‍മാര്‍ക്ക് ഇവിടെ ക്യാമ്പു ചെയ്യാം. മഴക്കാലത്ത് ടെന്റുകള്‍ കരുതണം. കര്‍ണ്ണാടക ഭാഗത്തു നിന്നു വരുന്നവര്‍ക്ക് അടുത്ത ദിവസം ഗോവയിലെ കുലേമിലേക്ക് ട്രക്കു ചെയ്യാം.

 

Dudh Sagar