ലോസ് ഏഞ്ചല്‍സിലെ ഗ്രിഫിത്ത് പാര്‍ക്ക് തന്റെ മക്കളായ ഡിയാനെ, ഷാരോണ്‍ എന്നിവര്‍ക്ക് ഒപ്പം സന്ദര്‍ശിക്കുകയായിരുന്നു വാള്‍ട്ട് ഡിസ്നി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന പാര്‍ക്ക് വാള്‍ട്ട് ഡിസ്നിയുടെ മനം ആകര്‍ഷിച്ചു. എന്ത് കൊണ്ട് തനിക്ക് ഇതു പോലൊരു പാര്‍ക്ക് ഉണ്ടാക്കികൂടാ എന്ന് അദ്ദേഹത്തിന് തോന്നി. ഈ തോന്നലിന്റെ സാക്ഷാത്കാരമാണ് ഡിസ്നിലാന്‍ഡ് പാര്‍ക്ക്. 

കാലിഫോര്‍ണിയയിലുള്ള ഡിസ്നിലാന്‍ഡ് പാര്‍ക്ക് ഡിസ്നിലാന്‍ഡ് എന്നാണ് ശരിക്കും അറിയപ്പെടുന്നത്. കാലിഫോര്‍ണിയയിലെ അനാഹേമിലെ ഡിസ്നിലാന്‍ഡ് റിസോര്‍ട്ടില്‍ പണിക്കഴിപ്പിച്ച ആദ്യത്തെ രണ്ട് തീം പാര്‍ക്കുകളില്‍ ഒന്നാണ് ഡിസ്നിലാന്‍ഡ്. 1955 ജൂലൈ 17-നാണ് തീം പാര്‍ക്ക് തുറന്നത്. വാള്‍ട്ട് ഡിസ്നിയുടെ നേത്യത്വത്തില്‍ നേരിട്ട് പണിക്കഴിപ്പിച്ച ഒരേ ഒരു പാര്‍ക്കാണിത്.

ലോകത്തില്‍ ഏറ്റവും കൂടൂതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന പാര്‍ക്ക് കൂടിയാണിത്. 2018 വരെയുള്ള കണക്ക് അനുസരിച്ച് 726 മില്ല്യണ്‍ ആളുകളാണ് പാര്‍ക്ക് ഇതുവരെ സന്ദര്‍ശിച്ചത്. 1981-ല്‍ 10.75 ഡോളറായിരുന്നു പ്രവേശന നിരക്ക്. 2019-ല്‍ ഇത് 149 ഡോളറായി ഉയര്‍ന്നു.  ഡിസ്നി കഥാപാത്രങ്ങളെയെല്ലാം പാര്‍ക്കില്‍ കാണാം. കഥാപാത്രങ്ങള്‍ കുട്ടികള്‍ക്ക് ഒപ്പവും മറ്റ് സന്ദര്‍ശകര്‍ക്ക് ഒപ്പവും ഇടപഴകും. കുട്ടികള്‍ക്ക് അവരുടെ പ്രിയകഥാപാത്രങ്ങള്‍ക്ക് ഒപ്പം ഫോട്ടോയുമെടുക്കാം.

Content Highlights: we can take photos with mickey in  disneyland park