പാലോട്: മഴത്തുള്ളിയുടെ സൗന്ദര്യമാസ്വദിച്ച് നിബിഡവനത്തിലൂടെ ഒരു യാത്ര ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്. ആരും കൊതിച്ചുപോകുന്നൊരു യാത്രയാണ് മുമ്പില്‍ തെളിയുന്നത്. പേരുപോലെതന്നെ വെള്ളിച്ചില്ലു വിതറുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വെള്ളിമല.

പാലോട്-കുളത്തൂപ്പുഴ വനാതിര്‍ത്തികള്‍ പങ്കിടുന്ന ശംഖിലി വനനിരകളില്‍, കുളത്തൂപ്പുഴ വനംപരിധിക്കടുത്തായിട്ടാണ് വെള്ളിമല വെള്ളച്ചാട്ടം. പ്രധാന പാതയില്‍നിന്ന് 12 കിലോമീറ്ററിലധികം സഞ്ചരിച്ചാലേ വെള്ളച്ചാട്ടത്തിലെത്താനാകൂ.

യാത്രയില്‍ ആദ്യമെത്തേണ്ടത് വേങ്കൊല്ല ചെക്പോസ്റ്റിലാണ്. അവിടെനിന്ന് വനംസംരക്ഷണസമിതി പ്രവര്‍ത്തകരോടൊപ്പമാണ് പോകേണ്ടത്. സിമന്റ് പാതകള്‍ കടന്ന് വനപര്‍വത്തിലെ വള്ളിക്കുടിലുകളും ശംഖിലിയാറിലെ ഉരുളന്‍കല്ലുകളും പേരറിയാത്ത അനേകം ചിത്രശലഭങ്ങളെയുംകണ്ട് എത്തുന്നത് വെള്ളിമല വെള്ളച്ചാട്ടത്തിനരികെയാണ്.

ചെറിയ നീരുറവയായി തുടങ്ങി പടുകൂറ്റന്‍ പാറക്കെട്ടുകളിലൂടൊഴുകി മുപ്പതടിയിലേറെ ഉയരമുള്ള വലിയപാറയുടെ മുകളില്‍നിന്നു വിശാലമായി തെറിച്ചുവീഴുന്നു ഈ വെള്ളച്ചാട്ടം.

അധികമാരും ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ഇവിടേക്ക് ഇപ്പോള്‍ പറഞ്ഞുകേട്ട് സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരും ധാരാളമായി എത്തുന്നു.

മുപ്പതടി ഉയരത്തില്‍നിന്നു വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച കാണുന്നതിനും വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനും വനംവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

Content Highlights: vellimala is full of beautiful natural beauty