കാരവാൻ ടൂറിസം, ഫുഡ് ടൂറിസം, ലിറ്റററി സർക്യൂട്ട്, ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ട്, ഫാം ടൂറിസം നെറ്റ്‌വർക്ക്‌ തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്‌കരിച്ച് കേരള ടൂറിസത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ടൂറിസം വകുപ്പ്. പുതിയ മേഖലകളിലേക്ക് വിനോദസഞ്ചാരം വളർത്താനും കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ‘മാതൃഭൂമി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം മേഖലയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന്‌ കരകയറ്റാൻ സഹായിക്കുന്നതാണ് പുതിയ പദ്ധതികൾ. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു വരികയാണ്. തദ്ദേശസ്ഥാപന തലത്തിൽ കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ഒരുക്കുകയാണെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറെ സ്വാധീനമുള്ള മേഖലയാണ് ടൂറിസം. പക്ഷേ, പ്രളയം, കോവിഡ് മഹാമാരി എന്നിവ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖലയുടെ തിരിച്ചുവരവിനായി എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കുക?

* അതിജീവിക്കും എന്ന ആത്മവിശ്വാസം ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കുക എന്നതാണ് പ്രധാനം. അതിന്, നമ്മുടെ നാട് സുരക്ഷിത കേന്ദ്രമായി സഞ്ചാരികൾക്ക് അനുഭവപ്പെടണം. ‘സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം’ എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ആദ്യം രൂപംനൽകിയത്. ‘100 ശതമാനം വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ’ എന്ന ലക്ഷ്യത്തോടെ പ്രത്യേക പദ്ധതിതന്നെ നടപ്പാക്കി. വയനാട്ടിലെ വൈത്തിരിയിലാണ് ആദ്യം തുടങ്ങിയത്. വയനാട് ജില്ലയാകെ പൂർത്തീകരിച്ച് അത് മറ്റു ഡെസ്റ്റിനേഷനുകളിലേക്കും വ്യാപിപ്പിച്ചു. മറ്റിടങ്ങളിലും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. വയനാട്ടിൽ ഈ കാമ്പയിൻ തീർത്ത ആത്മവിശ്വാസം ചെറുതല്ല. ‘100 ശതമാനം വാക്സിനേറ്റഡ്’ ആയ ആദ്യ ടൂറിസം ഡെസ്റ്റിനേഷനായി വൈത്തിരി മാറിയപ്പോൾ, രാജ്യം തന്നെ അത് ശ്രദ്ധിച്ചു. ടൂറിസം മേഖല തുറന്നപ്പോൾ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ വരവിലുണ്ടായ വർധന ശുഭസൂചകമാണ്. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി ചേർന്നുനിൽക്കുന്ന വയനാടിനെ ‘വർക്കേഷൻ’ (വെക്കേഷനോടൊപ്പം ജോലി ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കുന്ന പുതിയ ആശയം) എന്ന ട്രെൻഡിലേക്ക് ചേർത്തുനിർത്താനാകും. വിവിധയിടങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ‘കാരവാൻ ടൂറിസം’ പോലുള്ള നൂതന രീതികൾ പ്രാവർത്തികമാക്കുക വഴി പുതിയ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്താനും കഴിയും. സഞ്ചാരികൾക്കായി സമഗ്ര മൊബൈൽ ആപ്പും സജ്ജമാക്കിക്കഴിഞ്ഞു.

പ്രതിസന്ധിയിലായ ടൂറിസം സംരംഭങ്ങളുടെ പുനരുദ്ധാരണത്തിന് എന്തൊക്കെയാണ് ചെയ്യുക?

* കോവിഡിന്റെ ആദ്യഘട്ടത്തിൽ ചില പദ്ധതികൾ നടപ്പാക്കിയിരുന്നു. പുതിയ സർക്കാരും ഒരു പാക്കേജ് പ്രഖ്യാപിച്ചു. അത് നടപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സംരംഭകരേയും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നവരേയും ഒരുപോലെ സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തിന്റെ പ്രകൃതിരമണീയത പോലെ പ്രസിദ്ധമാണ് രുചിക്കൂട്ടുകൾ... കേരളത്തിന്റെ ഭക്ഷണപ്പെരുമ പ്രയോജനപ്പെടുത്തി പുതിയ ടൂറിസം പാക്കേജുകളോ പദ്ധതികളോ അവതരിപ്പിക്കാൻ പദ്ധതിയുണ്ടോ?

* യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഓരോ സ്ഥലത്ത്‌ പോകുമ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിൽ അവിടത്തെ തനത് രുചിയുള്ള ഭക്ഷണം കിട്ടുന്ന സ്ഥലത്തെക്കുറിച്ചാണ് ചോദിക്കുക. ഓരോ ഇടത്തും ഓരോ രുചി. ഇത് ടൂറിസവുമായി ബന്ധിപ്പിക്കാവുന്നതാണല്ലോ എന്ന ചിന്ത നേരത്തെതന്നെ മനസ്സിലുണ്ട്.

‘ഫുഡ് ടൂറിസ’ത്തിനുള്ള പദ്ധതി സംബന്ധിച്ച ചർച്ച തുടങ്ങിക്കഴിഞ്ഞു. നഗരങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ, യാത്രയ്ക്കിടയിൽ ഇഷ്ടഭക്ഷണം കഴിക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ തുടങ്ങിയ പദ്ധതികൾ ചർച്ചയിലുണ്ട്. ഫ്ളോട്ടിങ് റസ്റ്റോറന്റ്, സ്കൈ ഡൈനിങ്, ബീച്ചുകളിൽ സാൻഡ് ഡൈനിങ് തുടങ്ങിയ പദ്ധതികളും ഫുഡ് ടൂറിസത്തിന്റെ ഭാഗമായി ആലോചിക്കുന്നുണ്ട്. നമ്മുടെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പാചകം, ഭക്ഷണം ഇതെല്ലാം അനുഭവിക്കാനുള്ള അവസരമൊരുക്കാനും കഴിയും. ട്രൈബൽ മേഖലയിലുള്ളവർക്കടക്കം ഇതിൽ പ്രധാന പങ്കുവഹിക്കാനുണ്ട്. വേഗത്തിൽ തന്നെ ഫുഡ് ടൂറിസത്തിൽ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നത്.

അതിസമ്പന്നരായ യാത്രികരുടെ ലക്ഷ്യസ്ഥാനമാക്കി കേരളത്തെ വളർത്തിയാൽ ടൂറിസം വരുമാനം പതിന്മടങ്ങ് വർധിപ്പിക്കാനാകും. അങ്ങനെ എന്തെങ്കിലും ചിന്ത?

* കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ടൂറിസം വലിയ സംഭാവന നൽകുന്നുണ്ട്. അത് വർധിപ്പിക്കുക എന്നതുതന്നെയാണ് ലക്ഷ്യം. അതിനായി പുതിയ മേഖലകൾ കണ്ടെത്തണം. കൂടുതൽ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സഞ്ചാരികൾ എത്തും. അത് ഒരുക്കാൻ സർക്കാർ തയ്യാറാണ്. കണക്ടിവിറ്റി വർധിപ്പിക്കേണ്ടത് അത്യാവശ്യമായി കാണുന്നുണ്ട്. ഇത് മറികടക്കാൻ എയർസ്ട്രിപ്പ് നിർമാണം പോലുള്ള പദ്ധതികൾ പരിഗണനയിലുണ്ട്.

ഏറെ സാധ്യതയുണ്ടായിട്ടും കാര്യമായി പ്രയോജനപ്പെടുത്താത്തതാണ് മലബാറിലെയും ഉത്തര മലബാറിലെയും വിനോദസഞ്ചാരം...?

* ടൂറിസത്തിന്റെ അക്ഷയ ഖനിയാണ് മലബാർ. ഡെസ്റ്റിനേഷനുകൾ, വൈവിധ്യമാർന്ന കല, ഭക്ഷണം... ഇങ്ങനെ ചേരുവകളെല്ലാം ഒത്തുചേരുന്ന സ്ഥലങ്ങൾ. മലബാറിനെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ നമുക്ക് നേരത്തെതന്നെ കഴിയേണ്ടതായിരുന്നു. അത് മുന്നിൽക്കണ്ടാണ് മലബാറിലെ ടൂറിസം വികസനം പ്രത്യേകമായി പ്രകടനപത്രികയിൽ വാഗ്ദാനമായി ഇടംപിടിച്ചത്. അത് സാധ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

മലബാറിലെ ടൂറിസം വികസനത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. ഊന്നൽ നൽകേണ്ട മേഖല ഏതാണെന്ന് നിശ്ചയിക്കും. അതിനനുസരിച്ച് പദ്ധതികൾ തയ്യാറാക്കും. മലബാറിലെ മാത്രമല്ല, ‘അൺ എക്സ്‌പ്ലോർഡ് ഡെസ്റ്റിനേഷനു’കളിലെല്ലാം സഞ്ചാരികളെ എത്തിക്കാനാണ് ശ്രമം.

കാരവാൻ ടൂറിസം എന്ന ആശയം കേരളത്തിൽ അവതരിപ്പിക്കുകയാണല്ലോ? അതിന്റെ സാധ്യതകൾ?

* ‘കാരവാൻ ടൂറിസം’ കേരളത്തിലെ ടൂറിസത്തെ പുതിയ തലങ്ങളിൽ എത്തിക്കും. ‘അൺ എക്സ്‌പ്ലോർഡ് ഡെസ്റ്റിനേഷനു’കളിലേക്കുള്ള യാത്രയാണ് അതിൽ ഒന്ന്. അത്തരം കേന്ദ്രങ്ങളിൽ വലിയ ഹോട്ടലുകൾ നിർമിച്ച് അടിസ്ഥാനസൗകര്യം ഉണ്ടാക്കാൻ സമയമെടുക്കും. എന്നാൽ, താരതമ്യേന ചെലവ് കുറഞ്ഞ ‘കാരവാൻ പാർക്ക്’ ഉണ്ടാക്കിയാൽ അവിടെ സഞ്ചാരികൾക്ക് എത്താനാകും.

യാത്രയിലെ സുരക്ഷിതത്വമാണ് മറ്റൊന്ന്. കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയ കൂട്ടങ്ങളായി ടൂറിസ്റ്റുകൾ എത്തുന്നത് കുറയും. എന്നാൽ, ഒരു ചെറിയ കുടുംബം എന്ന നിലയിൽ യാത്ര ആഗ്രഹിക്കുന്നവർ ഉണ്ടാകും. അവർക്ക് സുരക്ഷിതമായ യാത്രാനുഭവം നൽകുന്നതാകും കാരവാൻ ടൂറിസം.

പ്രാദേശികമായ തൊഴിൽ സാധ്യതയും ‘കാരവാൻ ടൂറിസം’ വർധിപ്പിക്കുന്നുണ്ട്. സഞ്ചാരികൾക്ക് പ്രാദേശികമായി ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കാം. പ്രാദേശിക കലാരൂപങ്ങളെ പരിചയപ്പെടുത്താം. സുരക്ഷ ഒരുക്കാൻ പ്രത്യേക പരിശീലനം നൽകി യുവജനങ്ങളെ സജ്ജമാക്കാം. അങ്ങനെ ഒരു സ്ഥിരം ഡെസ്റ്റിനേഷനായി ആ മേഖല വളരും.

എല്ലാ മേഖലകളിലും ഉണർവ് ഉണ്ടാക്കാൻ കാരവാൻ ടൂറിസത്തിന് കഴിയും. ചിലർക്ക് കടലോര മേഖലയാകും ഇഷ്ടം. ചിലർക്ക് കായലോ പുഴയോ വയലോരങ്ങളോ ആകാം. വനത്തിനോട് ചേർന്ന പ്രദേശങ്ങളെ ഇഷ്ടപ്പെടുന്നവരും ഉണ്ടാകാം.

വനം, ജലവൈദ്യുത നിലയങ്ങൾ (ഡാം) എന്നിവയെ ബന്ധിപ്പിച്ച്‌ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുമോ?

* ഫോറസ്റ്റ് ടൂറിസത്തിന്റെ സാധ്യതകളെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ സഞ്ചാരികളെ ഉൾക്കൊള്ളാനാകുമെന്നാണ് ലോകത്തിന്റെ അനുഭവം. അതിനുള്ള ചർച്ചകൾ വനംമന്ത്രിയുമായി ഒന്നിലേറെ തവണ നടത്തിയിട്ടുണ്ട്.

‘ഹൈഡൽ ടൂറിസം’ പദ്ധതികളും പൂർണമായും പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജലവിഭവ മന്ത്രിയോടും വൈദ്യുത മന്ത്രിയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇതിനായി വിശദമായ രൂപരേഖ തയ്യാറാക്കാനാണ് ആലോചിക്കുന്നത്.