ജോലിത്തിരക്കു കാരണമാണ് പലരുടെയും യാത്രകള്‍ മുടങ്ങുന്നതെങ്കില്‍ നേരെ വിപരീതമാണ് ഷിബിയുടെ കഥ. ജോലി കാരണം സഞ്ചാരിയായ ഒരാളാണ് ഷിബി. യാത്രകള്‍ സമ്മാനമായിവാങ്ങുന്ന സഞ്ചാരിയാണ് മാനന്തവാടി കമ്മന നെല്ലിച്ചുവട്ടില്‍ ഷിബി.

ചെറുപ്പത്തിലേ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന ഷിബിക്ക് പക്ഷേ, വിദേശരാജ്യങ്ങളിലൊക്കെ യാത്ര പോകാനാവുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. മാനന്തവാടിയില്‍ ഇലക്ട്രോണിക്‌സ് സ്ഥാപനങ്ങളുടെ വിതരണത്തിനായി തുടങ്ങിയ കടയില്‍നിന്നാണ് ഷിബിയുടെ യാത്രകള്‍ക്ക് ചിറകുമുളച്ചുതുടങ്ങിയത്.

2010-ല്‍ തുടങ്ങിയ യാത്രകള്‍ ഇപ്പോള്‍ 21 രാജ്യങ്ങള്‍ പിന്നിട്ടു. ചില രാജ്യങ്ങളില്‍ ഒന്നിലധികം തവണ പോയി. ഭാരിച്ച ചെലവുകളില്ലാത്ത, അര്‍പ്പണബോധവും അധ്വാനവും മാത്രം കൈമുതലാക്കിയുള്ള യാത്രകള്‍. സ്വകാര്യ കമ്പനിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിതരണമാണ് ഷിബിയുടെ ജോലി. 2010-ല്‍ കമ്പനി ഏല്‍പ്പിച്ച ടാര്‍ജറ്റ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ ഷിബിയുടെ വിദേശയാത്രകളും ചിറകടിച്ചു തുടങ്ങി. 

ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയതിന് സമ്മാനമായി ഷിബിക്ക് തായ്‌ലാന്‍ഡിലേക്ക് പറക്കാനുള്ള അവസരമൊരുങ്ങി. അന്നു മുതല്‍ ഇന്നുവരെയും കമ്പനിയുടെ ടാര്‍ജറ്റുകള്‍ ഷിബിയുടെ യാത്രകള്‍ക്കുള്ള അവസരമാണ്. ഏല്‍പ്പിക്കുന്ന ചുമതലകളെല്ലാം ആത്മാര്‍ഥമായി ചെയ്യും. പ്രോത്സാഹനമായി പല വിധ സമ്മാനങ്ങള്‍ കമ്പനി നല്‍കിയാലും ഷിബി അതൊന്നും സ്വീകരിക്കില്ല. ചെറുതാണെങ്കിലും വലുതാണെങ്കിലും യാത്ര പോകാനുള്ള അവസരം സമ്മാനമായി സ്വീകരിക്കും. 

''പണമുള്‍പ്പെടെയുള്ളവ പിന്നെയുമുണ്ടാക്കാം. യാത്രകള്‍ അവസരം കിട്ടുമ്പോള്‍ മാത്രമാണ് നടക്കുക'' - ഷിബി പറഞ്ഞു. നോര്‍വേ, ബ്രസീല്‍, നേപ്പാള്‍, അര്‍ജന്റീന, സ്വീഡന്‍, ഡെന്മാര്‍ക്ക്, മലേഷ്യ, ഇന്‍ഡഡൊനീഷ്യ, ഭൂട്ടാന്‍, ബംഗ്‌ളാദേശ്, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ്, പെറു, റഷ്യ, കെനിയ, വിയറ്റ്‌നാം... അങ്ങനെ നീളുകയാണ് യാത്രകള്‍. തായ്‌ലാന്‍ഡ്, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നാലു തവണയും മലേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ മൂന്നു തവണയും സഞ്ചരിച്ചു.

ഇന്ത്യ മുഴുവനായി കാണണം

ബുള്ളറ്റില്‍ ഇന്ത്യ മുഴുവന്‍ കറങ്ങുകയാണ് 44-കാരനായ ഷിബിയുടെ അടുത്ത ലക്ഷ്യം. ഈ വര്‍ഷം ഓഗസ്റ്റില്‍ ലഡാക്കിലേക്കുള്ള ബുള്ളറ്റ് യാത്രയില്‍നിന്നാണ് ഇങ്ങനെയൊരു ആഗ്രഹമുണ്ടായതെന്നും ഷിബി പറഞ്ഞു. 2019-ലാണ് അവസാന വിദേശയാത്ര പോയത്. ബ്രസീലിലേക്കായിരുന്നു യാത്ര.

''2020-ല്‍ അമേരിക്ക, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ പോകാന്‍ അവസരം ലഭിച്ചെങ്കിലും കോവിഡ് വ്യാപനം കാരണം കഴിഞ്ഞില്ല. അതും അടുത്ത വര്‍ഷം നടത്തണം''- ഷിബി പറഞ്ഞു. നെല്ലിച്ചുവട്ടില്‍ പൈലിയുടെയും ലീലയുടെയും മകനാണ് ഷിബി. ഭാര്യ: സോഫി. അബിയ, അനറ്റ് അന്ന എന്നിവര്‍ മക്കളാണ്. ചില യാത്രകളില്‍ കുടുംബത്തെയും ഒപ്പം കൂട്ടാറുണ്ട്. വയനാട് ബുള്ളറ്റ് ക്ലബ്ബിന്റെ പ്രസിഡന്റു കൂടിയാണ് ഷിബി.

Content Highlights: shibi gets travel as gifts in job