അടൂര്‍: അടൂര്‍ താലൂക്കിലെ ഉയര്‍ന്നമലകളില്‍ ഒന്നാണ് മണക്കാല പാണ്ഡവന്‍കുന്ന് എന്നറിയപ്പെടുന്ന നെടുംകുന്നുമല. അറബിക്കടലും ശാസ്താംകോട്ട കായലും ചവറ ടൈറ്റാനിയവും നെടുംകുന്ന് മലയുടെ മുകളില്‍നിന്നാല്‍ മുന്‍പ് വ്യക്തമായി കാണാമായിരുന്നു. ചുറ്റിനും റബ്ബര്‍മരങ്ങളും മറ്റു മരങ്ങളും വളര്‍ന്നതോടെ മുകളില്‍നിന്നുള്ള ഈ കാഴ്ചകള്‍ അസാധ്യമായി.

പ്രകൃതിമനോഹരമായ നെടുംകുന്നുമലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ടൂറിസം പദ്ധതി ഇന്നും ബാലികേറാമലയായി തുടരുകയാണ്. നെടുംകുന്നുമലയില്‍ പദ്ധതി നടപ്പാക്കുന്നതിന് 2017-ല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് മൂന്നു കോടി 19 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

പക്ഷേ ഇന്നും അനുവദിച്ച പണം നടക്കാത്ത പദ്ധതിയുടെ പേരില്‍ കൗണ്‍സിലിന്റെ കൈവശം തന്നെയുണ്ട് എന്നാണ് അറിവ്. ടൂറിസം വകുപ്പുമായി റവന്യൂ വകുപ്പ് ഇടഞ്ഞുനില്‍ക്കുന്നതാണ് പദ്ധതി നടക്കാതിരിക്കാന്‍ കാരണം.

അളവ് കഴിഞ്ഞിട്ട് എന്തായി?

നിലവില്‍ റവന്യൂവിന്റെ അധീനതയിലുണ്ടായിരുന്ന ഒരേക്കര്‍ 64 സെന്റ് സ്ഥലം 2018-ല്‍ ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് വില നിര്‍ണയ രേഖകള്‍ തയ്യാറാക്കിയിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും നാളിതുവരെയായിട്ടും പദ്ധതി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. നെടുംകുന്നുമലയുടെ സ്ഥലം ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് പാട്ടത്തിന് നല്‍കുന്നതിന് സ്ഥലത്തിന്റെ ന്യായവില കണക്കാക്കാന്‍ ഭൂപരിഷ്‌കരണം ഡെപ്യൂട്ടി കളക്ടര്‍ അടൂര്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിലും നടപടി ആയില്ല.

മാറി മറിയുന്ന നിയമം

വര്‍ഷങ്ങള്‍ക്കു മുന്‍പ് നെടുംകുന്നുമല ടൂറിസം പദ്ധതിക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ പഞ്ചായത്തിന്റെ അനുമതിമാത്രം മതിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടെ നെടുംകുന്നുമല ടൂറിസവും പെരുവഴിയിലായതായി നെടുംകുന്നുമല സംരക്ഷണ സമിതിയംഗങ്ങള്‍ പറയുന്നു.

നടപ്പാക്കാന്‍ ഉദ്ദേശിച്ചത്

മലയുടെ താഴ്ഭാഗത്തുനിന്ന് ആരംഭിക്കുന്ന വഴിയുടെ ഇരുഭാഗത്തും പൂന്തോട്ടം. താഴെനിന്ന് പടവുകള്‍, മുകള്‍ഭാഗത്ത് കുട്ടികള്‍ക്കായി വിനോദവിജ്ഞാന കേന്ദ്രം, 40 മീറ്റര്‍ ഉയരത്തില്‍ നിരീക്ഷണടവര്‍, കമ്യൂണിറ്റിഹാള്‍, കളിസ്ഥലം, ഭക്ഷണശാല എന്നിവയായിരുന്നു ആദ്യഘട്ട പദ്ധതിയിലുണ്ടായിരുന്നത്.

Content Highlights: nedumkunnumala tourism plan reaches nowhere